Followers

Saturday, 18 February 2012

അപ്പച്ചെടിയുടെ ഇലകള്‍



ഇടവഴിയും  പടികെട്ടുകളും  വീണ്ടും കുറെ കാലത്തിനുശേഷം കണ്ടപ്പോള്‍   ഓര്‍മ്മകള്‍   വീണ്ടും പിറകിലോട്ടു വലിച്ചു കൊണ്ട് പോകുന്ന പോലെ.വിജനമായ  ഈ ഇടവഴിയും  അപ്പചെടികളും  എല്ലാം   മറന്നിരിക്കുക്കയായിരുന്നു. പടികെട്ടു  മെല്ലേ ഇറങ്ങി   വെറുതേ  ഒന്ന് തിരിഞ്ഞു നോക്കിയപ്പോള്‍    വീണ്ടും കേറാന്‍  ഒരു തോന്നല്‍ ..പ്രായം നോക്കാതെ  വീണ്ടും ആ പടികെട്ടുകള്‍  ചവുട്ടി മുകളിലോട്ടു  വീണ്ടും താഴോട്ട് .. രണ്ടു വട്ടം ആയപ്പോഴേക്കും  കിതയ്ക്കാന്‍ തുടങ്ങി .മനസ്സിന്റെ ചെറുപ്പം  ശരീരം സമ്മതിച്ചു  തരുന്നില്ല  .. അവളുടെ ചുണ്ടുകളില്‍ ചെറിയൊരു പുഞ്ചിരി വിടര്‍ന്നു  .പടിക്കെട്ടില്‍  നടുക്ക് ഉള്ള പടിയില്‍  അവള്‍ മെല്ലേ ഇരുന്നു .  അടുത്തുള്ള  അപ്പച്ചെടിയുടെ  ഇല എടുത്തു  കയ്യില്‍  വച്ചു മെല്ലേ  പൊട്ടിക്കാന്‍ നോക്കിയപ്പോള്‍   ആണ്  ആ ശബ്ദം കാത്തു ........അങ്ങിനല്ല  ,ഇല കമിഴ്ത്തി  വെയ്ക്ക് ...കാത്തു   ആ ശബ്ദം കേട്ട്  തിരിഞ്ഞു നോക്കി കേള്‍ക്കാന്‍ കൊതിച്ച ശബ്ദം ,ആരെയാണോ തേടി  ഈ  ഇടവഴിയില്‍ വന്നത്.. ആ ശബ്ദം തേടി ഇതാ വന്നിരിക്കുന്നു . ഉണ്ണി ഏട്ടന്‍   ! അവള്‍ക്കരികില്‍  അവന്‍ വന്നിരുന്നു ..
 അവളുടെ കൈത്തലം  പിടിച്ചു  അവന്‍ അപ്പ ഇല കമിഴ്ത്തി വച്ചു  പൊട്ടിച്ചു ...കാത്തു അവനെ തന്നെ നോക്കി ഇരുന്നു കറുപ്പ് ഷര്‍ട്ടും , മുണ്ടും അവളുടെ ഇഷ്ട വേഷത്തില്‍ ആയിരുന്നു അവന്‍ ...അവന്‍  വീണ്ടും ഇലകള്‍ പൊട്ടിച്ചു  അവളുടെ  കൈകളില്‍ വച്ചു പൊട്ടിക്കുന്നത്  നോക്കി  അവള്‍ ഇരുന്നു ..
.
 " എന്താ, ഒന്നും  മിണ്ടാത്തത് ? ഉണ്ണി എട്ടന് എന്നോട്  ദേഷ്യം ആണോ ?അന്ന് ഏട്ടന്‍ ചോദിച്ച ചോദ്യം  ഇന്നും എന്റെ ഓര്‍മയില്‍ ഉണ്ട്  ...ആ  ചോദ്യവും  ആയി കഴിഞ്ഞ മുപ്പതു  വര്‍ഷങ്ങള്‍  ഞാന്‍ അലയുകായിരുന്നു .ഉത്തരം കിട്ടാന്‍  ഇത്രക്കും വൈകി എങ്കിലും  .. കല്‍ക്കട്ടയില്‍  നിന്നും ഇനി ഇങ്ങട് ഒരു വരവുണ്ടാകണം  എന്നു നീരിച്ചതല്ല ........പക്ഷേ , ഈ ഒരു ഉത്തരം കിട്ടിയപ്പോള്‍ ഉണ്ണി ഏട്ടനെ കാണണം  എന്നായി മനസ്സില്‍ .പണ്ടും അത് എട്ടനു അറിയാല്ലോ  ഒരു കാര്യം വിചാരിച്ചാല്‍  കാത്തുനു  പിന്നെ അത് നടക്കും വരെ  ഉറക്കം ഉണ്ടാകില്ല എന്നു ..... അത് കൊണ്ട് തന്നെ  ആരുടെയും ലീവ് ഒന്നും നോക്കാതെ പേരകുട്ടി  ചിന്തുനെ  കൊണ്ട് വന്നതാ ..ഉണ്ണി ഒന്നും മിണ്ടാതെ  അവളെ നോക്കി .. കാത്തുനു മനസ്സിലായി ആ  നോട്ടത്തിന്റെ  അര്‍ത്ഥം .. ഇനിയും നിന്റെ ചലപില വര്‍ത്തമാനം  നിര്‍ത്താറായില്ലേ ?? .കാത്തു ചിരിച്ചു  കൊണ്ട് പറഞ്ഞു  എന്റെ ഉണ്ണി ഏട്ടാ ,കാത്തു  കാത്തു  ആയി  നില്ക്കാന്‍ പറ്റണതു  ഉണ്ണി ഏട്ടന്റെ മുന്പില്‍ നില്‍കുമ്പോള്‍  മാത്രമാണ് ..അത് കൊണ്ട് പ്ലീസ്‌. ഇവിടെങ്കിലും  പട്ടണത്തിന്റെ  മുഖം മൂടി അഴിച്ചു വെച്ചൊന്നു  ഞാന്‍ ഒന്ന് ഇരുന്നോട്ടെ ....അവള്‍  പറയുന്നത്  കേട്ട്   അവനു  ചിരി വന്നു . 

  ഹാവു,  ഒന്ന് ചിരിച്ചല്ലോ എന്റെ കൃഷ്ണാ ....... അവള്‍  അവനു നേര്‍ക്ക്‌ മെല്ലേ തിരിഞ്ഞു  ഇരുന്നു ... അവള്‍ ..മെല്ലേ പറഞ്ഞു  ഉണ്ണി ഏട്ടന്‍  അന്ന്  എന്നോടെ ചോദിച്ച  ആ  ചോദ്യം .കഴിഞ്ഞ മുപ്പതു വര്‍ഷമായി , ഞാന്‍ സ്വയം ചോദിക്കുന്ന ചോദ്യം ആണ് ...... ... ഉണ്ണി ഏട്ടന്റെ അടുത്ത്  ആണ് എന്റെ മനസ്സ്  എന്നു അറിയാന്‍  ഒരുപാടു വൈകി പോയി  എന്നു അറിയാം,, എന്നാലും  പറയേണ്ടത്  എപ്പോഴ്യാലും  പറയണം    ഉണ്ണി ഏട്ടന്റെ  ഈ  വാക്കുകള്‍ ആണ്   എന്നെ ഇങ്ങോട്ട് എത്തിച്ചത് .

.കാത്തു ന്റെകണ്ണുകള്‍ നിറഞ്ഞു ഒഴുകി ...ഉണ്ണിയുടെ  ചുണ്ടില്‍   നേരത്തേ വിരിഞ്ഞ പുഞ്ചിരി ഒന്നുകൂടി തെളിഞ്ഞു.  അവന്‍ മെല്ലേ  പറഞ്ഞു  ,  എനിക്ക്  നിശ്ചയം ഉണ്ടായിരുന്നു ..എന്റെ കാത്തു എന്നെ തേടി വരും എന്നു ...എന്റെ മനസ്സ് നിന്നെ  കാണാന്‍ വേണ്ടി  കൊതിച്ചപ്പോള്‍  മുതല്‍  നിശ്ചയമുണ്ടായിരുന്നു    നീ ഇങ്ങട് എത്തുമെന്ന് ... കാത്തുന്റെ കൈ എടുത്തു അവന്‍ മുറുകെ പിടിച്ചു ... ..വീശിയടുത്ത   കാറ്റു പോലും ഒരു നിമിഷം നിന്ന പോലെ ...,,തൊട്ടു അടുത്ത്  തന്നെയാണ്  ഉണ്ണിയുടെ വീട്  അങ്ങോട്ട്‌  ഉള്ള വഴിയില്‍ ആണ്  കാത്തു  അവനെ കണ്ടത് .
.

കാത്തു  ഉണ്ണിയുടെ  കൈത്തലം എടുത്തു  മെല്ലേ  അവളുടെ  അധരങ്ങള്‍ അമര്‍ത്തി   ......


   അയ്യോ   .... എന്റെ മോന്‍ .........ആ നിലവിളി  അവിടം മൊത്തം മുഴങ്ങി ... കാത്തു ഞെട്ടി,,  ഇത് ഉണ്ണി ഏട്ടന്റെ അമ്മയുടെ അല്ലെ സരോജിനി ഓപ്പോള്‍ ടെ ശബ്ദം അല്ലെ?
 
..എന്താണ് സംഭവിക്കുന്നത്‌  ഒന്നും  മനസ്സിലായില്ല  ...അവള്‍ ഉണ്ണിയെ  നോക്കി പറഞ്ഞു ഏട്ടാ  ഓപ്പ  അല്ലെ  കരയുന്നത് അങ്ങട്   പോകാം നമ്മുക്ക് ...പക്ഷേ ഉണ്ണി അവിടെ തന്നെ ഇരുന്നു  ആ  ചുണ്ടില്‍  അപ്പോഴും  പുഞ്ചിരി ഉണ്ടായിരുന്നു ...ഉണ്ണി ഏട്ടാ വരണണ്ടോ ??? തമാശ  കളിക്കാതെ ......അവന്‍ അനങ്ങിയില്ല .... കാത്തുനു ദേഷ്യം വന്നു ഇവിടിരിക്ക്  ദിവസ്വപ്നനവും  കണ്ടു   .ഞാന്‍ പോവ്വാ ,
കാത്തു   വേഗം   ഓടി  ഉണ്ണിയുടെ വീട്ടിലേക്കു  അവിടെ  ചെന്ന് കേറിയാ നിമിഷം ,അകത്തെ കട്ടിലിലേക്ക്  നോക്കിയാ  ഒരു നിമിഷം മിണ്ടാന്‍ ആകാതെ അവള്‍  ചുമര് ചാരി അവള്‍ നിന്നു ..ഉണ്ണി ഏട്ടന്‍ !!!!!!!!


   ഓപ്പോള്‍ ടെ     എണ്ണിപെറുക്കിയുള്ള     നിലവിളി അവളെ   ഉണര്‍ത്തി  ...കഴിഞ്ഞ കുറച്ചു ദിവസങ്ങള്‍ ആയി ഉണ്ണി എട്ടന്‍ സുഖം ഇല്ലാതെ  കിടക്കുകയാണ്  എന്നു ...ഇന്ന് പറഞ്ഞുത്രേ,  ഒപ്പോയോട്  
കാത്തു വരും എന്നു .... അപ്പോള്‍!!!    അപ്പോള്‍ !!!....ഉണ്ണി ഏട്ടന്‍ എന്നെ  കാത്താണ്  ആ ഇട വഴിയില്‍ നിന്നത് ...എന്റെ മറുപടി കേള്‍ക്കാന്‍  അല്ലേ ....... കാത്തു  വേഗം അവിടെ  നിന്നും  ഇറങ്ങി   തിരിഞ്ഞു  ഓടി ഇടവഴിയില്‍  ,  അപ്പോള്‍  ആ   പടികെട്ടില്‍   ആരും  ഉണ്ടായിരുന്നില്ല   .....എന്താണ് നടന്നത്  എന്ന് അവളോട്  പറയാന്‍ വേണ്ടിയെന്ന മട്ടില്‍   അവിടെ  ആ ....പടികെട്ടില്‍ നിറയെ അപ്പച്ചെടിയുടെ  ഇലകള്‍ ഉണ്ടായിരുന്നു .....

Tuesday, 10 January 2012

പേജ് 2 (ജീവിതത്തില്‍ നിന്നും)

 
ഒരു പാടു പ്രതീക്ഷകള്‍ നെയ്ത് കയറിയിറങ്ങിയൊരു കാലഘട്ടം.  ചെയ്യുന്നതൊക്കെ ശരി എന്നു കരുതി നടന്നിരുന്നൊരു  കാലം. പൂക്കളിലും കിളികളിലും എന്നു വേണ്ട പ്രകൃതിയിലെ സർവ്വ ചരാചരങ്ങളിലും സൌന്ദര്യം നിറഞ്ഞു തുളുമ്പി നില്‍ക്കുകയാണ്‌ എന്ന തോന്നൽ ശക്തമായതീ കാലഘട്ടത്തിലാണ്.  വിദ്യാലയത്തിൽ നിന്നും കലാലയ മൂഡിലേക്കായി  മാറി.  വിശാലമായ മുറ്റവും മരങ്ങളും ഒരുപാടു കുട്ടികളും ഒക്കെയുള്ള  കോളേജ്. പ്രീഡിഗ്രി എന്ന സംഭവം  നിർത്തലാക്കുന്നതിനു മുൻപേ ആ സൌഭാഗ്യം അനുഭവിക്കുവാൻ കഴിഞ്ഞു.  പെണ്‍കുട്ടികള്‍ മാത്രം ഉള്ള ലോകത്തു നിന്നും  മിക്സെഡ്  അന്തരീക്ഷത്തിലേക്കുള്ളൊരു പറിച്ചു നടൽ. ആ വലിയ കോളേജില്‍  എവിടെയൊക്കെയോ ചെറിയ ഓര്‍മകള്‍ മാത്രം നല്‍കി ഞാന്‍ അലിഞ്ഞു പോയി. എന്നിലെ ഞാന്‍ എന്ന റോള്‍ ഒന്നും മിണ്ടാന്‍ ആകാതെ  സ്വയം  മറന്നു  ഇരുന്നു പലയിടത്തും.  ഒരുപാടു പേര് ഉണ്ടെങ്കിലും ആരും ഇല്ലാത്ത അവസ്ഥ.  പഠിച്ചിരുന്ന സ്കൂള്‍ തന്നെ നല്ലത് എന്നു പലപ്പോഴും തോന്നി പോയ നിമിഷങ്ങള്‍. ഇടയ്ക്കു എപ്പോഴോ തഴുകി വരുന്ന ഇളം കാറ്റില്‍  ഓര്‍ത്തു വെച്ച കൊച്ചു നിമിഷങ്ങള്‍.  ഇന്നും ആരെന്നോ എന്തെന്നോ അറിയാത്ത  നിമിഷങ്ങളിൽ കഥയ്ക്ക്‌ രൂപം മെനയാന്‍ നോക്കിയെങ്കിലും  കഥാപാത്രം  ഏപ്പോഴും ചാറ്റ് റൂമിലെ " ഇന്‍ വിസിബിള്‍   മോഡ് " പോലെ ഇരുന്നതിനാല്‍, കഥക്ക് സസ്പെന്‍സും ത്രില്ലും  ഉണ്ടായില്ല. അവിടുന്ന്  മൂന്ന് വര്‍ഷത്തേ പഠനത്തിനായി  കോളേജ് മാറിയപ്പോള്‍  ആദ്യം ഒക്കെ സങ്കടം ആയിരുന്നു.  അറുപതു കുട്ടികള്‍ ഉള്ള മാന്തോപ്പിനു സമീപത്തായി സ്ഥിതി ചെയ്തിരുന്ന ക്ലാസ്സ് റും.  ഇടയ്ക്കിടയ്ക്ക്  അപ്പൂപ്പൻ താടികളെ പേറി വന്നിരുന്നൊരു കൂട്ടുകാരി..  ഉച്ചക്ക്  അറുബോറന്‍ ക്ലാസ്സില്‍  ഉറക്കം വന്നു തുങ്ങുമ്പോള്‍  ബെഞ്ചിനു അടിയില്‍  പോയി ഇരുന്നത്.. പേപ്പര്‍ കൊണ്ട്  പൂമാലകെട്ടി മുൻപിലെ  ബെഞ്ചിലെ കൂട്ടുകാരിയുടെ തലമുടിയില്‍ ചൂടിച്ചു സായുജ്യം ആവാതെ  സാരീ ഉടുത്തു വന്നിരുന്ന  അവളെ ഇക്കിളി കൂട്ടിയത്..അങ്ങിനെ ഓര്‍ക്കാന്‍ എന്റേത് മാത്രം ആയ ചില നിമിഷങ്ങള്‍ . ഒരു പാട് പ്രതീക്ഷകള്‍..  ഇഷ്ടമില്ലാത്ത വിഷയം പതിക്കാനിരുന്ന ക്ലാസ്സിൽ ഞാനൊരു ഇഷ്ടക്കേടായി മാറി.. എന്നിലെ എന്നെ ഒരിക്കലും കണ്ടെത്താന്‍ ആര്‍ക്കും സാധിച്ചില്ല.  കഥയും ,കവിതയും ,നാടകവും എനിക്ക് മുന്പില്‍ പലപ്പോഴും വേഷവും രൂപവും ഇല്ലാതെ ആടി തിമിർത്തപ്പോള്‍ മനസ്സു പലപ്പോഴും  തേങ്ങിയത്  ഒരു സുഹൃത്ത്‌ പോലും അറിഞ്ഞില്ല.. മൂന്നു വര്‍ഷം പഠിച്ചിട്ടും ഒരിക്കലും പരസ്പരം മിണ്ടാത്ത സഹപാഠികൾ.. നമ്മുടെ ഉറ്റ സുഹൃത്തുക്കൾ ന്നു കരുതിയവര്‍ ഒക്കെ പിന്നിട്  അണിഞ്ഞത്  മുഖം മുടി കെട്ടിയ  വേഷം ആയിരുന്നു.  ഇടയ്ക്കു  കിട്ടിയ സൌഹൃദങ്ങള്‍, ഒരുപാടു ചേര്‍ത്തു കൊണ്ടുവെച്ച  പ്രിയ കൂട്ടുകാര്‍..  അവര്‍ക്ക് മുന്പില്‍  ഒരുപാടു സംസാരിച്ചു..  എന്നിട്ടും ഒരിക്കലും എനിക്ക് മതിയായിരുന്നില്ല .  അല്ലെങ്കിലും ഞാന്‍ എന്നും അങ്ങിനെ ആയിരുന്നല്ലോ. എന്നിലെ എന്നെ അറിയണം  എങ്കില്‍ അത്രയ്ക്ക് ഞാനുമായി സംസാരിക്കണം. 
 

ഒരുപാടു സ്വപ്നം കണ്ട ആ കാലഘട്ടം  ഒരിക്കലും  എന്നിലെ എന്നെ തൃപ്തിപ്പെടുത്തിയില്ല.  അടുത്ത് ഇരുന്നവര്‍ ശത്രുവോ ,മിത്രമോ എന്നു അറിയാതെ എല്ലാവരെയും ഒരുപോലെ സ്നേഹിച്ചു. അവസാനം  കൈ നിവര്‍ത്തി നോക്കിയപ്പോള്‍  പഴി മിച്ചം.. അകം കാലി.  എന്നിരുന്നാലും  ആണ്‍കുട്ടികളോട്  പേടി  കൂടാതെ സംസാരിക്കാന്‍  സാധിച്ചത് ഈ പേജില്‍  തന്നെയാണ്..!  ക്ലാസ്സിലെ തന്നെ ചേരിതിരിവുകള്‍.  പലപ്പോഴും  ഞാന്‍ വഴി തെറ്റി വന്നു കേറിയതാണോ  ഇവിടം എന്നൊരു തോന്നല്‍  മനസ്സിനെ വല്ലാതേ  അലട്ടി .  ചെറുപ്പത്തിലെ  ശുദ്ധം ആയ പാലില്‍  മുക്കിയെടുതിട്ടും  ഉള്ളിന്റെ ഉള്ളില്‍  കാര മുള്ള് പോലെ ആഞ്ഞു തറച്ച ചില വാക്കുകള്‍  എന്നും വേട്ടയാടി കൊണ്ടിരുന്നു. എന്ത് പറഞ്ഞാലും.. എങ്ങിനെ പറഞ്ഞാലും  മനസ്സു തൃപ്തി ആകാതെ..  മിണ്ടാത്തവരും  മിണ്ടിയവരും  തമ്മില്‍  വലിയ മാറ്റം അന്ന് തോന്നിയില്ല എങ്കിലും പിന്നിട് എന്റെ ജീവിതത്തില്‍ ഒരുപാടു മാറ്റം അന്ന് മിണ്ടാത്തവര്‍ മൂലം  ഉണ്ടായി. .പലപ്പോഴും മൂന്നാം പേജില്‍ വന്ന സുഹൃത്തുക്കള്‍ അധികവും എന്നോട് ഒരിക്കലും മിണ്ടാത്തവ്ര്‍ തന്നെ ആയിരുന്നു .എന്തൊക്കെ പറഞ്ഞാലും  എങ്ങിനെയൊക്കെ  മറന്നു എന്ന് പറഞ്ഞു ചിരിച്ചാലും  ചിലര്‍  വരച്ചിട്ട  വരകള്‍ കാന്‍വാസില്‍  ആഴത്തില്‍ ആയിരുന്നു .വെളുത്ത പ്രതലം ഒരുതരം ഭ്രാന്തമായ  അവസ്ഥയില്‍  നിന്നും  മാറിയതില്‍  നിന്നും ഒരുപാടു കാര്യങ്ങള്‍ പഠിച്ചു . പലപ്പോഴും സൌഹൃദങ്ങള്‍  എന്നിലെ ഈഗോയെ മരുഭൂമിയിലെ  കള്ളിച്ചെടി  വളരുന്ന പോലെയെന്ന വണ്ണം  തഴച്ചു വളര്‍ത്തി. ഒന്നിനും  സാധിക്കാത്ത  ഒരു മന്ദബുദ്ധി പോലെ   മിഴിച്ചിരുന്നു പലപ്പോഴും .
അവസാനം കോളേജ് ജീവിതം തീരുമ്പോഴേക്കും  വിരലില്‍ എണ്ണിയ  മുന്ന് സുഹൃത്തുക്കള്‍ എന്നില്‍ അവശേഷിച്ചു.  പിന്നിട്ടു  അവരിലും അകലം കൂടിയ പോലെ.  ഇടയ്ക്കു ഭൂമി  അച്ചു തണ്ടിന് അടുത്ത് വരുന്ന പോലെ അടുത്ത് വന്നും പോയും അവര് ഇന്നും ഇരിക്കുന്നു.  എന്നാലും മനസ്സുകൊണ്ട് ഞങ്ങള്‍ ഇന്നും സുഹൃത്തുക്കള്‍ എന്നു കരുതുന്നു. പലപ്പോഴും  പുറത്തു നിന്നുകൊണ്ട് തന്നെ എനിക്ക് തണലായി നിന്നിരുന്നത് എന്നും  എന്റെ ഒന്നാം പേജ് ലെ സൌഹൃദങ്ങള്‍  ആയിരുന്നു.  എന്നിലെ മജ്ജയും മാംസവും ഇത്രയ്ക്കു  വികൃതം ആണ്  എന്നു തോന്നിയ നിമിഷങ്ങള്‍ പലപ്പോഴും ഉണ്ടായി.  അറിയാതെ കേട്ട പലതും നോവിച്ചെടുത്ത എന്റെ നൊമ്പരം.. പിന്നീട് അതിലും ഉപരി ആയി എന്നില്‍  തിരിഞ്ഞു എത്തി.  വൈകി അറിഞ്ഞ പല സത്യങ്ങളും എന്റെ  ജീവിതം മാറ്റി കളഞ്ഞു.  പേജ് ഒന്നില്‍ തിളങ്ങി നിന്ന എന്നിലെ കലയെ  മണ്ണില്‍ കുഴിഇട്ടു മൂടി  വലിയൊരു പാറക്കല്ല് കൊണ്ട് ഞാന്‍ അടിച്ചു നിരത്തി. എന്നിട്ടും മതി വരാതെ ഞാന്‍ കുറെ ചാമുണ്ടി  നൃത്തം ചവുട്ടി.   ജീവിതം ,സ്വപനങ്ങള്‍  ഇവ എല്ലാം ഇതു തരത്തില്‍ നമ്മളെ പിന്തുടരും എന്നു അറിഞ്ഞ പേജ് ആയിരുന്നു രണ്ടാം പേജ് .  കേള്‍ക്കേണ്ട  കാര്യങ്ങള്‍ അപ്പോള്‍ അപ്പോള്‍ കേള്‍ക്കാതെ  പിന്നിട് കേട്ടിട്ട് എന്ത് കാര്യം ? കാതുകള്‍  പലപ്പോഴും കാത്തു കിടന്നിരുന്ന  വാക്കുകള്‍    എന്നെ  തേടി എത്തിയില  .മൂന്നു  വര്ഷം പലപ്പോഴും കോളേജില്‍ എന്താണ് നടക്കുന്നത് അല്ല എന്തൊക്കെ നടന്നു എന്ന് പോലും അറിയില്ല .അലെങ്കില്‍ തന്നെ അവിടെ  സ്വന്തം സ്വന്തം 
ഗാങ്ങ്  ഉണ്ടാക്കാന്‍  ,അവര്‍ക്ക്  ഇടയില്‍  ഹീറോയിസം   കാട്ടാന്‍  നടക്കുന്ന കുറെ പേര്‍ .
 സ്വന്തം ക്ലാസ്സിലെ കുട്ടികളെ അറിയില്ല  അപ്പുറത്തെ ക്ലാസ്സിലെ പലരെയും  അറിയാം അതാണ് അവസ്ഥ . നിയന്ത്രണം  നിറഞ്ഞ  പേജില്‍  സ്വന്തം ഇഷ്ടത്തിന് അനുസരിച്ച്  ജീവിക്കാന്‍   പലര്‍ക്കും ആഗ്രഹം ഉണ്ടെങ്കിലും     കാലുകളില്‍  കെട്ടിയിട്ട  ചരടുകള്‍  വീടുകളില്‍  നിന്നും    വലിക്കുന്നത്  കൊണ്ട്  ,എനിക്ക് കിട്ടിയത്  നിനക്ക് കിട്ടിയല്ലോ  എന്നൊരു അസൂയ ഒരിക്കലും ദൈവ സഹായം  കൊണ്ട്  ആരോടും  ഉണ്ടായില്ല .ചേരി തിരിവ് മാത്രം  മനസ്സുകൊണ്ട്  എന്നും എതിര്‍ത്തിരുന്നു . ഗോവണി കേറി വരുമ്പോള്‍ തല  "പട്ടരും ,അമ്മിയാരും  തലയാട്ടുന്ന പോലെ  "..അങ്ങിനെ ചില രൂപങ്ങള്‍ ... അവസാനം ഒരു  കോളേജ് ടൂര്‍ .എന്റെ പ്രിയ കൂടുകാരി അന്ന്  പറഞ്ഞൊരു വാചകം  ഇന്നും എന്റെ ഓര്‍മയില്‍ ഉണ്ട്  ..ടൂര്‍   പോകുന്ന സമയം  ഉണ്ടായിരുന്ന  സൌഹൃദങ്ങള്‍ എല്ലാം അത് കഴിഞ്ഞപ്പോള്‍ പൊടിപോലുമില്ല കണ്ടുപിടിക്കാന്‍ എന്നാ മട്ടില്‍ ആയല്ലോ എന്നത്.അങ്ങിനെ  കൊച്ചു  കൊച്ചു ഓര്‍മ്മകള്‍ .ഒന്ന് രണ്ടു  കൂട്ടുകാരികളുടെ  കല്യാണം  നടന്നതും  പോയതും എല്ലാം  രസകരം ആയിരുന്നു . ഫൈനല്‍ ഇയര്‍  ഓടോഗ്രഫ്നു  വേണ്ടി   ചിലരോടൊക്കെ .സംസാരിച്ചതും അങ്ങിനെ  ചില ഓര്‍മ്മകള്‍ .ഒരുപാടു  നല്ല  വര്‍ണങ്ങള്‍ ഒന്നും  ഇല്ലാത്ത ഒരു പേജ് ..അങ്ങിനെയാണ് ഓര്‍മയില്‍ എത്തുന്നത് ..പക്ഷേ  നമ്മള്‍ കൊടുത്ത  സൌഹൃദം സത്യം എങ്കില്‍ അത് എങ്ങിനെ ഒക്കെ ആരൊക്കെ  മാറ്റി നിര്‍ത്തിയാലും  നമ്മളെ തന്നെ തേടി എത്തും എന്നതും സത്യം തന്നെ .പെണ്‍കുട്ടികള്‍ എങ്കിലും അവരും  ശരിക്കും  രണ്ടു തരം മൂന്ന് തരാം എന്നിങ്ങിനെ ആയിരുന്നു . എല്ലാവരും  അവനവന്റെ ലോകം   ഒന്നോ രണ്ടോ    ആളുകളിളുടെ  കെട്ടി ഉറപ്പിച്ചു  നിര്‍ത്തി . എന്തൊക്കെയോ ആരൊക്കെയോ എവിടെയൊക്കെയോ  കണ്ടു മറന്നപോലെ ...എന്ന്നിട്ടും എല്ലാവരും ക്ലാസ്സമേറ്റ്സ്  എന്നൊരു വിശേഷണത്തിന്  യോഗ്യരും ... എന്നിലെ ഏറ്റവും വലിയാഗ്രഹമായ  ജോലിക്കു  പോലും  കാത്തു നിക്കാതെ.. ജീവിതത്തിന്റെ  ബാധ്യതകള്‍  വേഗം തീര്‍ക്കണം  ന്നൊരു വിചാരം ആണോ  അതോ.. ഐശ്വര്യറായ് പോലെ സൌന്ദര്യം ഇല്ലാത്തതിനാല്‍  കെട്ടാ ചരക്കായി ഞാന്‍ നില്‍ക്കും എന്നൊരുപേടി  കൊണ്ടോ..  എനിക്കെന്നും  ജീവിതത്തിന്റെ ഇന്റര്‍വ്യൂ  കോളേജ്  വിട്ടു വരുമ്പോള്‍ ഉണ്ടാകാറുണ്ടായിരുന്നു ആ കാലഘട്ടങ്ങളില്‍.   .അപ്പുറത്തെ  വീടുകളില്‍   ആണ് നമ്മുടെ ഒക്കെ  ചരടുകള്‍  നാട്ടുക്കാര്‍ക്ക്  ആണ് വേവലാതി ...ഓരോ കുടുംബത്തിലെയും  പെണ്മക്കള്‍     കെട്ടാ ചരക്കു  ആയി  മാറാതെ ഇരിക്കാന്‍     ഏതു    വീടുകളിലും  അന്ന്  ബ്രോക്കര്‍മാര്‍  സുലഭം (.ഇടിവെട്ടിയപ്പോള്‍   കൂണ് പോന്തിയപോലെ )...   അവസാനം ഫൈനല്‍ ഇയര്‍ പരീക്ഷക്ക് മുന്പ് ഒരു നാള്‍  എന്റെ ജീവിതത്തിലെ അടുത്ത പേജ് മറിക്കാന്‍ സമയം ആയി എന്നൊരു  സൂചന ലഭിച്ചു ..സ്വപനം കാണും മുന്പ് ജീവിതം  ഗൌരവം ആര്ന്നൊരു  രൂപത്തില്‍  ഒരുപാടു  ഉത്തരവാദിത്തങ്ങള്‍  ...വായും പിളര്‍ന്നു  ഇരിക്കുന്ന  കൊമ്പന്‍ സ്രാവ് പോലെ..എന്താകും എന്ന് അറിയില്ല പക്ഷേ  വരുന്നത് വരട്ടെ എന്നൊരു മനോഭാവം മാത്രം ഉണ്ടായിരുന്നു .. പേജ് മൂന്നിലെക്കുള്ള മാറ്റം  പേജ് രണ്ടിന്റെ അവസാന ഭാഗം തന്നെ നടന്നു ..ശരിക്കും   ഞാന്‍ എന്നാ രൂപം തന്നെ മാറുകയായിരുന്നു ..എന്നെയും കാത്തു  നില്പുണ്ടായിരുന്നു  പലനിറങ്ങളും.

Thursday, 24 November 2011

ജീവിതത്തില്‍ നിന്നും ഒരു പേജ്

ജീവിതത്തില്‍  നിന്നും ഒരു പേജ് 
നീണ്ട ഇടവേളയ്ക്കു ശേഷം ഒരു എഴുത്ത് എഴുതണം എന്നു വിചാരിച്ചപ്പോള്‍  മനസ്സില്‍ ഓടിയെത്തിയ കുറെ കാര്യങ്ങള്‍ ഉണ്ട്.  ആദ്യം ഓരോന്നും തരം തിരിച്ചു  ഓരോ അദ്ധ്യായം തിരിച്ചു എഴുതാം. അല്ല.. ഇനി എഴുത്തിനു ശേലില്ല  എന്നൊക്കെ പറഞ്ഞു കളിയാക്കെണ്ടാ കെട്ടോ.. ജീവിതത്തിന്റെ ഓരോ ഏടുകളും മറിക്കുമ്പോള്‍ ചുവന്ന വരയിട്ട വരികള്‍  ഉണ്ടോ എന്നു  നോക്കാനുള്ള ഒരു ശ്രമമാണ്. പക്ഷേ  കൂടുതല്‍ ആഴത്തില്‍  മറിച്ചു നോക്കിയപ്പോള്‍  ചുവന്ന വരികള്‍ക്ക് എന്ത് സ്ഥാനം..!  "എന്റെ ജീവിതം" എന്നൊരു പൊരുള്  എന്നില്‍ തേടി എത്തിയപ്പോള്‍ ശരി തെറ്റ് തിരുത്തല്‍ എങ്ങിനെ..? നിന്റെ ശരി എന്റ തെറ്റ് ആകുമ്പോള്‍, എന്റെ തെറ്റ്   നിന്റെ ശരി ആകുമല്ലോ.. ഓരോ മനസ്സും മോചനം  തേടി പറക്കുമ്പോള്‍ അത് പറ്റാത്തവര്‍  അവരെ പറ്റി അപവാദം പറഞ്ഞു അതില്‍ സുഖം മെനയുന്നു.  ഒരുമാതിരി  വിഡ്ഢികളുടെ ലോകം. കുറിപ്പിലെ പേജുകളില്‍ പലപ്പോഴും  പല കഥാപാത്രങ്ങളും പരിചിതം എന്നു പലര്‍ക്കും തോന്നുന്നു എങ്കില്‍ പേടിക്കേണ്ട കെട്ടോ..! ഇതില്‍ കാതുകളില്‍, കണ്ണുകളില്‍ കടന്നു വന്ന പലതും  ഭാരം ഒഴിവാക്കി വെയ്ക്കാന്‍ ആയി    ശ്രമിച്ചിടുകയാണു..


പേജ് ഒന്ന്:-

ഈ  പേജ്  കാണാന്‍ അത്രയ്ക്ക് പോര, കാരണം ഇതില്‍ ഏറെ ഭൂതകാലം ആണല്ലോ. ഹേ അങ്ങിനെ അങ്ങട്  മുഴുവന്‍ തീരുമാനിക്കാന്‍ വരട്ടെ.  ഈ  പേജിലും ചില വരികളില്‍  ചിത്രപ്പണികള്‍  ഉണ്ട് കേട്ടോ. തുന്നിച്ചേര്‍ത്ത ബാല്യത്തിന്റെ നിറകുപ്പായം പോലെ. മഴവില്ലിന്‍ വര്‍ണ്ണങ്ങൾ. അടുക്കുതോറും അഴിക്കാന്‍ പറ്റാത്ത അത്രയും അലിഞ്ഞു ചേർന്ന മജ്ജയും മാംസവും കൂടിയൊരു പരുവം. ഇടക്കിടെ കോറിയിട്ട പോലെ.  നീ അങ്ങിനെ എങ്കില്‍ അവള് അങ്ങിനെ. അവളുടെ കവിളിണ ഇങ്ങിനെ...എങ്കില്‍ നിന്റെ ചുണ്ടുകള്‍  ഇങ്ങിനെയല്ല, അങ്ങിനെയായിരുന്നു വേണ്ടിയിരുന്നത്..! ഇങ്ങിനെ മൊത്തം ഗുണിക്കലും  കൂട്ടികിഴിക്കലുമായി..  അവസാനം  ചേരുംപടി ചേര്‍ക്കാന്‍  ശുദ്ധമായ  പാലില്‍  പനീര്‍ദളങ്ങള്‍ ചേര്‍ത്തു  ഒരു നീരാട്ടു  നടത്തിച്ച് അങ്ങട്  മുന്പില്‍ നിര്‍ത്തി  ഒരു ഹരണം നടത്തിയതിന്റെ  ഫലം പോലെ..! എന്നിലെ ഞാന്‍ ആരാണ് എന്നൊരു ചോദ്യവുമായി  ഞാന്‍ മുന്നോട്ടു നടന്നു.  നീണ്ട കാലുകളും.. മുടിയും ഏറി തോളില്‍  മാറാപ്പും ഏറ്റി വിദ്യാലയത്തിന്റെ പടിക്കല്‍ ചെന്ന് നിന്ന നേരം .ചാക്യാര്‍കൂത്തിന്റെ  പ്രയോഗം പോലെ കുറുമ്പ്  ഏറിയ  നാളുകള്‍.. അമ്പഴങ്ങ, അരിനെല്ലിക്ക ഉപ്പിലിട്ടത്‌ ഒക്കെ അഞ്ചു പൈസക്ക് കിട്ടിയ കാലം.. നീല നാടക്കുരുക്കില്‍  മുടിയെ പിന്നികെട്ടി നമ്മള് എന്തോ സംഭവം എന്ന മട്ടില്‍ നെല്ലിക്കക്കുരു വായിലിട്ടു കഷ്ടപ്പെട്ടു  കടിച്ചു  തുപ്പി നടന്ന നിമിഷം....



കിണറിന്‍ വക്കത്തു  ,ജിമ്മുക്കി ജിമ്മുക്കി ജാനകി  വെള്ളം കോരുമ്പോള്‍  ചോറ്റു പാത്രങ്ങള്‍ താഴെ കലപില കൂട്ടുമ്പോള്‍ ഉയരത്തില്‍ കൈകള്‍ ഉയര്‍ത്തി വെള്ളം താഴേക്ക്‌ ഒഴിക്കും. കിട്ടുന്നത് പാതി, കിട്ടാത്തതും പാതി എന്നമട്ടില്‍ പാത്രങ്ങള്‍ക്കു സായുജ്യം. മതിലിനു അപ്പുറത്ത് റോഡിനു അരികിലെ  പാരലല്‍  കോളേജില്‍ നിന്നും  വക്കു പൊട്ടാതെ ചൂടോടെ എത്തുന്ന നോട്ടങ്ങള്‍ ഇങ്ങ് കിണറിന്‍ വക്കത്തെ ചില ഹൃദയങ്ങള്‍ തേടി എത്തുമ്പോള്‍, ഞാനും എന്റെ തട്ടം ഇട്ട കൂട്ടുകാരിയും ചേര്‍ന്ന് കാവ്യാ ഭാവനകള്‍  ചേര്‍ത്തു   കൂടാരം ഉണ്ടാക്കും..!  ബസിലെ കിളിയും, കിളിയുടെ ഏട്ടനും  അമ്മാമനും ഒക്കെ ഹീറോ പരിവേഷം കെട്ടുന്ന കാലം ആണത്.  ചില്ലറക്കുളില്‍ ആണ് ലോ മമ ഹൃദയം. ഈ മാതിരി  കാര്യങ്ങള്‍ കണ്ടുപിടിക്കാന്‍  സീ ഐ ഡി  പണി നടത്തുക ആയിരുന്നു  ജോലി. ഓരോ അവളുമാര്  ഇതിങ്ങിനെ നട്ടു  വളര്‍ത്തി വളവും  വെള്ളവും ഒഴിച്ച് പടരാന്‍ പാകത്തില്‍  നില്‍കുമ്പോള്‍  അവർകിട്ടു പാര പണിയാന്‍ എന്റെ അമ്മയാണേ ശ്  ശ് അസൂയ ആണേ. നീല പാവാട മുഴു നീളം ആകുമ്പോഴേക്കും  പ്രേമലേഖനം  കൈ പറ്റിയ മഹതികളോട് അസൂയ  ഇല്ലാതില്ല  പൊടിപ്പും, തൊങ്ങലും വച്ചു കേള്‍ക്കുന്ന കഥകള്‍ അതെല്ലാം അന്നത്തെ  സന്തോഷങ്ങള്‍. പ്രിയ മിത്രം ഒരുനാളൊരു പരീക്ഷ ദിവസം ഓടി വന്നു എന്നെ ബദാം മരത്തിന്റെ  ചുവട്ടില്‍  നിർത്തി വിറയ്ക്കുന്ന കൈകളോടെ തനിക്ക് കിട്ടിയ പ്രണയ ലേഖനം എനിക്ക് കാണിച്ചു തന്നപ്പോള്‍  ദേഷ്യം കൊണ്ട്  ഞാന്‍ വിറച്ചത്, സത്യത്തില്‍ എനിക്ക് ആരും തന്നില്ലലോ, എന്ന അസൂയ ആണോ? അതോ നിനക്ക് എന്തെങ്കിലും സംഭവിക്കും എന്ന പേടിയോ. അതെന്തുകൊണ്ടായിരുന്നുവെന്ന് ഇന്ന്നും ഉത്തരം കിട്ടാതെ ഇരിക്കുകയാണ്.  പ്രേമം പൂത്തു വിടര്‍ന്ന കുട്ടികളെ  ഒരുമിച്ചു ചെന്ന് ആരാ? എന്തിനാ വെറുതേ? പഠിച്ചുടെ നിനക്ക്.. ടീച്ചെറോട് പറഞ്ഞു കൊടുക്കും എന്നൊക്കെ ഭീക്ഷണിപ്പെടുത്തി  ഒരുമാതിരി കിരാത വേഷം കെട്ടി ആടി നമ്മള്‍ നില്‍ക്കുമ്പോള്‍ സ്വപ്നത്തിൽ  പോലും എന്റെ പ്രിയ മിത്രം  തന്നെ അവിടെത്തും എന്നു കരുതിയില്ല. നീല പാവാട ഇട്ടു നടക്കുന്ന നേരത്ത് കേട്ട ചില തവള കഥകള്‍ - ഇന്നിപ്പോൾ  ഇത്രയും വലുതായപ്പോഴാണാ  അർത്ഥം പോലും പിടികിട്ടയത് - അപ്പോഴേ എല്ലാറ്റിലും ഉസ്താദും സകലകല വിജ്ഞാനകോശവും ആയ കൂട്ടുകാരികളേ നിങ്ങളോട് ഒക്കെ ഒടുക്കത്തു ആരാധനയായിരുന്നു ഇന്നും  എനിക്ക്!!



കഥയുടെ  കഥാപാത്രങ്ങള്‍ ജീവന്‍ വച്ചു എന്നു പറയുന്ന പോലെ; ഉള്ളില്‍ അണഞ്ഞു കിടന്നിരുന്ന ,തെയ്യവും, നാടകവും എല്ലാം പുറത്തു തല വെട്ടം കാണിച്ചത്‌  ഈ പേജില്‍  ആണ്.  നീല പാവാടയും ഏന്തി  സദസ്സിനു മുന്പില്‍ നിറഞ്ഞ കൈ അടികള്‍ ഏറ്റു വാങ്ങി  പുറത്തു വന്ന നിമിഷങ്ങളില്‍  പലപ്പോഴും കണ്ണുകൾ ഈറന്‍ അണിഞ്ഞിരുന്നു. കലയും  കലയുടെ ജീവനും എന്നില്‍ ഉറപ്പിക്കാന്‍.. ചൂളക്ക് അകത്തു  കടത്തി  ഊതി മിനുക്കി പുറത്തു എടുത്തു  തിളങ്ങുന്ന ഓട്ടുപാത്രം പോലെ.. എന്നിലെ ഞാന്‍ എന്നാ കഥാപാത്രം  ആദ്യമായി  തിരിച്ചറിഞ്ഞ നിമിഷങ്ങള്‍..  എല്ലാം ആ നീല പാവാട ഏകി..



മാങ്ങാ ഇഞ്ചി കൊണ്ടൊരു കറി, ഒപ്പം ബൈബിളിലെ  കുറേ വാക്യങ്ങളും കുറെ ഉപദേശങ്ങളുമായി  ഒരു കൂട്ടം..  നോട്ടുബൂക്കിലെ പേജ് കീറി തുന്നി കെട്ടിയ  ലേഖനങ്ങൾ.. വാവയ്ക്ക് എന്നൊരു സംബോധനയുമായി.. ആ തുടുത്ത കവിളുള്ള റോസാപ്പൂ നിറമുള്ള എന്നിലെ  എന്നെ  "സൌഹൃദം  തിരിച്ചൊന്നും പ്രതീക്ഷിക്കാതെ നല്‍കണം' എന്നു പഠിപ്പിച്ച  നീല പാവാടക്കാരി  ഓര്‍ക്കുന്നു..  ഞാന്‍  ഇന്നും.. എവിടെ നീ എന്നെനിക്കറിയില്ല എങ്കിലും  മനസ്സിന്റെ  നീല കുപ്പായം ഓടിയെത്തുമ്പോൾ നീ എന്നും എന്നില്‍ ഉണ്ട്..

ഇംഗ്ലീഷ് ക്ലാസ്സ്നു ശേഷം കടലമിട്ടായി എന്ന് വിളിച്ചു കൂവിയിരുന്ന പ്രിയപ്പെട്ട  സിസ്റെര്നെ  ഓര്‍കുകയാണ്.അതുപോലെ  ഭക്ഷണം കഴിക്കും മുന്ബുള്ള  പ്രാര്‍ത്ഥന  പലപ്പോഴും  ചോറ്റു പാത്രത്തില്‍  ഉള്ള കറികളുടെ ലോകത്ത് ആയിരിക്കും ,ടീച്ചറുടെ സാരീ എണ്ണം പിടിക്കവേ ,ടീച്ചറുടെ നോട്ടപുള്ളിയാതും  ഓര്‍ക്കാന്‍ രസം തന്നെ ,പലപ്പോഴും  സിനിമ കഥ കേട്ട്  കൂട്ടം കുടി ഇരിക്കുന്ന ക്ലാസ്സ്നെ മൊത്തം പിടിച്ചു പുറത്താക്കിയ  നിമിഷം  അതും സന്തോഷപൂരവം ആഘോഷമാക്കിയ  നിമിഷങ്ങള്‍ .... 


നീളന്‍ പാവാട അണിയും മുന്പ്  പറന്നു അകന്ന  ഒരു പ്രിയ കൂട്ടുകാരി നിന്നെയും മറന്നിട്ടില്ല. കള്ളപ്പവും, മാങ്ങയും തരുമ്പോള്‍  അടുത്ത തവന്ന എന്നേക്കാൾ മാര്‍ക്ക്‌ നിനക്ക്  വാങ്ങണം എന്നു  മനസ്സില്‍ പറഞ്ഞു നടന്ന  നിന്നെ എനിക്കറിയാമായിരുന്നുഅവസാനം  മുട്ടോളം  എത്തുന്ന  പാവാട  മുഴുനീളം  ആകും മുന്പ്  നീ ഞങ്ങളെ  വിട്ടു പിരിഞ്ഞപ്പോള്‍ .....നിന്റെ വീട്ടില്‍  ഞാന്‍ എത്തിയ നിമിഷം  നിന്റെ അമ്മ പറഞ്ഞ വാക്കുകള്‍ ഇന്നും എന്റെ ഉള്ളില്‍  അലയടികുകയാണ് .." മോളെ  കണ്ണ് തുറകെട.... നിന്റെ കൂട്ടുകാരി  വന്നിരിക്കുന്നു  നീ അല്ലെ അവളെ നിന്റെ വീട്ടില്‍ വിളിക്കണം  എന്ന്  പറയാറുള്ളത്  ..അവള് വന്നപ്പോള്‍  നീ  എന്താ മിണ്ടാതെ  കിടക്കുന്നത്   ..കണ്ണ് തുറകെട .അമ്മടെ  മോള് കണ്ണ് തുറകെട ....ഇന്നും  ഓരോ  ഡിസംബര്‍  മാസം   വരുമ്പോളും  എന്റെ ഓര്‍മയില്‍  നീ നിറഞ്ഞു നില്‍കുകയാണ്‌ .

.വാക്ക് ചാതുര്യം  എന്നും കുറവായിരുന്നു. കലപിലകൂടുമ്പോള്‍ കുറെ ഏറെ പറയും  എന്നാല്‍ ഒപ്പം അകമ്പടിക്കായി  കണ്ണുനീര്‍ ധാരയും  ഉണ്ടാകും.  ഹൃദയം നിങ്ങള്‍ക്കില്ലേ  എന്നാ ചോദ്യത്തിനു  അത് എന്താ ചെമ്പരത്തിപ്പൂ ആണോ; എന്നൊക്കെ ചോദിച്ചു കളിയാക്കി എന്നിലെ സെന്റിമെന്റല്‍  റോള്‍ വളരെ മോശം എന്നു മനസ്സിലാക്കി തന്നതും  ഈ നീല പാവാടയുടെ കാലഘട്ടം തന്നെ..!സൌഹൃദം  ആഴത്തില്‍ പതിഞ്ഞ കുറെ നിമിഷങ്ങള്‍ ..അവസാനം  ഈ പേജ്  മറികേണ്ട സമയം ആകാറായപ്പോള്‍  ആണ്  ഈ പേജ്  ഞാന്‍ എത്ര മാത്രം അലിഞ്ഞു ചേര്‍ന്നിരുന്നു എന്ന് അറിഞ്ഞത്. .ബാല്യത്തിന്റെ   കുസൃതികള്‍ ഏറെ നിറഞ്ഞ  ഈ പേജില്‍ ആത്മാര്‍ത്ഥത  ഏറെ ഉണ്ടായിരുന്നു ..ഒപ്പനയും ,നാടകവും  താളത്തില്‍ എനിക്ക് ചുറ്റും കറങ്ങി  നടന്നപ്പോള്‍ 
  ഞാന്‍  അറിഞ്ഞിരുന്നില്ല എന്റെ കലയുടെ ഭാവി അടുത്ത പേജുകളില്‍  എന്താകും എന്ന് ..അവസാനം വര്‍ഷത്തേ
സെന്‍റ് ഓഫ്‌  ദിവസം  ..തന്ന ഐസ്ക്രീം ആര്‍ക്കും  കഴിക്കാന്‍ ആകാതെ  അലിഞ്ഞു പോയപ്പോള്‍ ...അതിന്റെ കൂടെ
പലതും  അലിഞ്ഞു പോകുകയായിരുന്നു ..ഈ  പേജില്‍  ആണ് അധികവും  ഞാന്‍ എന്നാ വ്യക്തിയുടെ  കഴിവുകള്‍  പുറത്തു വന്നത് .
 ഈ പേജ്  ഇനി അങ്ങോട്ട്‌ മറിക്കാം  അല്ലെ


Tuesday, 27 September 2011

തറവാട്


ഒരു വാക്ക് പോലും പറയാന്‍ ആകാതെ എന്തിനോ ആര്‍ക്കോ എന്നോ അറിയാതെ നിശബ്ദതയുടെ ആഴം തേടി  പതുക്കെ നീന്തുമ്പോള്‍ നെഞ്ചിനകത്ത്  വല്ലാത്തൊരു വിങ്ങല്‍ മുഴങ്ങുന്നുണ്ടായിരുന്നു.  പാടത്തിനരികിലെ കുളത്തിന്റെ ഓരത്ത് കൂടെ  നടന്നു വരുമ്പോള്‍  പതിവില്ലാതെ  ഓളങ്ങള്‍ തമ്മില്‍ ഇമ വെട്ടാതെ  എന്നെ തന്നെ നോക്കി നില്‍ക്കുന്ന പോലെ. വല്ലാത്തൊരു   വശ്യത  ഉണ്ടെന്നൊരു തോന്നല്‍. കറുകപുല്ലുകള്‍ നീണ്ടു വളര്‍ന്നു കുളത്തിന്റെ  കരയാകെ പച്ചപട്ടു വിരിച്ചപോലെ കിടക്കുന്നതു കാണുമ്പോള്‍ തന്നെ മനസ്സില്‍ സൌന്ദര്യം നിറഞ്ഞു  തുളുമ്പുന്നു. പ്രാണന്‍ പിടയുന്ന സങ്കടം വാക്കുകള്‍  ആയി  പ്രവഹികുമ്പോള്‍ വിശിഷ്ടമായ  കവിതകളോ സൃഷ്ടികള്‍ ഒക്കെ ആയി മാറുന്നു  എന്ന് പറഞ്ഞു കേട്ടത്  സത്യം തന്നെ. അല്ലെങ്കിലും അന്യന്റെ  പ്രാണവേദന  ക്യാമറക്ക് അകത്തു പകര്‍ത്താന്‍  ഉത്സാഹം  കാണിക്കുന്ന ഈ കാലത്ത് ഇതിലേറെ എന്ത് പ്രതീക്ഷിക്കാന്‍! കുളത്തിന്റെ  കടവുകളില്‍ മെല്ലേ പോയി ഇരുന്നു ഓളങ്ങളെ നോക്കി സംസാരിക്കാന്‍ വെറുതേ ഒരു ശ്രമം നടത്തി. പാടത്തു  ആരുമില്ല, കാറ്റു മാത്രം ഇടയ്ക്കിടക്ക്  ശബ്ദം ഉണ്ടാക്കാന്‍ ശ്രമിച്ചു നടക്കുന്നുണ്ട്.




വെറുതേ തിരിഞ്ഞൊന്ന്  ജീവിതത്തിലേക്ക്  നോക്കുമ്പോള്‍ എന്തുവാ പറയുക, ഒരുമാതിരി  മറ്റുള്ളവര്‍ക്ക് വേണ്ടി  ഷോ  നടത്തുന്ന പോലെ. സര്‍ക്കസ്സു കളിക്കുന്ന കളിക്കാര്‍ ഇതിലും ഭേദം  എന്ന് പലപ്പോഴും തോന്നി.  കോമാളികളുടെ ജീവിതം മറ്റുള്ള ആളുകള്‍ക്ക് സന്തോഷം പകരാന്‍ സാധിക്കും, എങ്കില്‍ ഇവിടെ നാടകമല്ലാത്ത യഥാര്‍ത്ഥ ജീവിതത്തില്‍ ആട്ടങ്ങള്‍ പലപ്പോഴും കഥ അറിയാതെ ആകുമ്പോള്‍  കാണിക്കള്‍ക്ക് ഹരം കൂടും.. ആര്‍പ്പും വിളിയും.. മസാലയും കൂടും.. എന്തിനും ഏതിനും  കുറവ് ഇല്ലാതെ, ഒരു സാള്‍ട്ട് ആന്‍ഡ്‌  പെപ്പെര്‍ പടംകണ്ടിരിക്കുന്നതു   പോലെ! അന്യന്റെ ജീവിതം കണ്ടു രസിക്കാന്‍ ആളുകള്‍ ഏറെയുള്ള  കാലം.  അടുത്ത് കണ്ട ചെറിയ ഒരു  കല്ല്‌ എടുത്തു  കുളത്തിലേക്ക്‌ എറിഞ്ഞു. ശബ്ദം അത്ര വന്നില്ല എങ്കിലും ഓളം ഉണ്ടാക്കാന്‍ സാധിച്ചു. ശരിക്കും ജീവിതം പോലെ തന്നെ.  നിസ്സാരം എന്ന്  കരുതുന്ന  കാര്യങ്ങള്‍  പോലും കുളത്തില്‍ ചെറിയ കല്ല്‌ കൊണ്ട് ഉണ്ടാക്കിയ  ഓളങ്ങള്‍  പോലെ പര്‍വ്വതീകരിക്കപ്പെടുന്നു.  ഗീതു നെടുവീര്‍പിട്ടു. ശ്വാസത്തിനു പോലും  ഒരു ഏറ്റകുറച്ചില്‍. ഓര്‍മ്മകള്‍  പതിയെ പിന്നോട്ട്  നീങ്ങിയപ്പോള്‍  പാടത്തിന്‍ വരമ്പത്ത്  വന്നു നിന്നു. പാടത്ത്  പണ്ട് കതിര്  കിളികള്‍ തിന്നാതെ ഇരിക്കാന്‍ എത്ര തവണ  പാട്ടയും കൊട്ടി  കുളത്തിനു അടുത്ത് വന്നു നിന്നിരിക്കുന്നു. അമ്മൂമ്മയുടെ  കൈയും പിടിച്ചു  കുളത്തിനു അടുത്തെ  പാടത്തിന്റെ വരമ്പത്ത്  വന്നു നില്‍ക്കും. കൊട്ടി കൊട്ടി  കൈ കടയുമ്പോള്‍  കതിര് വരും മുന്‍പുള്ള  പൊട്ടല്  പൊട്ടിച്ചു കടിക്കും. നല്ല മധുരംആണ് അതിനു. അതോര്‍ത്തപ്പോള്‍ തന്നെ ചുണ്ടില്‍ ചെറിയൊരു പുഞ്ചിരി വിരിഞ്ഞു. എത്രനാളായി  ഇതുപോലൊരു  പുഞ്ചിരി മുഖം നിറയ്ക്കാന്‍ വന്നിട്ട്. ഒരു മാതിരി തൃശ്ശൂ ഭാഷയില്‍  പറയുകയാണെങ്കില്‍  ഈ ഒറിജിനല്‍  ഘടി(പുഞ്ചിരി)  നമ്മുടെ അടുത്ത് റോള്‍ കാട്ടാന്‍ തുടങ്ങിയിട്ട്  നാളുകള്‍ ഏറെയായിരിക്കുന്നു. പാടത്ത്   വരമ്പിന്‍  പൊത്തില്‍ നിന്നും  പുറത്തേക്കു വരുന്ന ഞണ്ടിന്‍കുട്ടികള്‍  മുന്നോട്ടാണോ പിറകോട്ടാണോ നടക്കുന്നത്  എന്ന് നോക്കി ഇരിക്കുന്ന നേരത്ത്, അമ്മൂമ്മ അടുത്തുള്ള വീടുകളില്‍ അനേഷണം ആയി  പോയിരിക്കും.  ഞാന്‍ അപ്പോഴെല്ലാം ഈ കിളികളും കുളവും കതിരുകളും ഒക്കെയായി  സംസാരിച്ചിരിക്കും. ഇന്നിപ്പോള്‍  വീണ്ടും  ഈ  കുളംകടവില്‍. കുളം  ആകെ പൊട്ടി നാശമായി തുടങ്ങിയെങ്കിലും  അതിലെ വെള്ളവും  ഓളവും എന്നെ കണ്ടതും തിരിച്ചു അറിഞ്ഞു.  ഭാഗ്യം!  ഗീതു മനസ്സില്‍ പറഞ്ഞു. ഒക്കെ മുഖം മുടി അണിഞ്ഞ  ഈ കാലത്ത്  ഇവരെങ്കിലും  അറിഞ്ഞ ഭാവം  കാണിച്ചല്ലോ. പാടം ഒക്കെ നികത്തി വീടുകള്‍ ഉണ്ടാക്കി കൊണ്ടിരിക്കുന്നു. ദൂരെ നിന്നാല്‍ കാണുന്ന തോടും അമ്പലവും എല്ലാം കോണ്‍ക്രീറ്റ്  വീടുകളുടെ  നിറപ്പൊലിമയില്‍  മറഞ്ഞു ഇരിക്കുന്നു. എന്താണ്ട് എല്ലാറ്റിനും ഒരു  വശപ്പിശക്‌ പോലെ അതോ എന്റെ ഈ നോട്ടത്തിനു ആണോ പ്രശ്നം..! ഗീതു  ഒന്നുകൂടി  തിരിഞ്ഞു നോക്കി. എല്ലാം മാറിയിരിക്കുന്നു.  ഇനി അങ്ങട് പഴയ കാലത്തേക്ക്  ഒരു  മാറ്റം  പ്രതീക്ഷിക്കാന്‍  പറ്റുമൊ? ഇല്ല, അതാണ് സത്യം. മെല്ലേ  തിരിഞ്ഞു നടക്കാന്‍ ശ്രമിച്ചു. ഈ നിമിഷങ്ങള്‍ ഇന്നിപ്പോള്‍  കിട്ടിയത്  ഇനി അടുത്ത തവണ വരുമ്പോഴേക്കും  മുഴുവന്‍  മറഞ്ഞിരിക്കും.  അപ്പചെടികള്‍ നിറഞ്ഞ ഇടവഴികള്‍  ഒക്കെ കൊച്ചു കൊച്ചു ടാര്‍ ഇട്ട  റോഡുകള്‍ ആയിരിക്കുന്നു. തറവാടിന്റെ  പിറകിലെ  വഴിയിലുടെ ഉള്ള യാത്ര മതിയാക്കി  തറവാടിന്റെ വളപ്പിലേക്ക് കയറി. വളപ്പ് മുഴുവന്‍  തൊട്ടാവാടികള്‍ കൊണ്ട് നിറഞ്ഞിരിക്കുന്നു.  സ്വത്തിന്റെ  ഭാഗം പ്രശ്നം കാരണം ആരുമില്ല  വളപ്പ്  നേരെയാക്കാന്‍. കൂട്ടുകൂടിയിരുന്ന് ഒരുമിച്ചു കളിച്ചു വളര്‍ന്ന സഹോദരങ്ങള്‍ പോലും  അങ്ങോട്ട്‌ ഇങ്ങോട്ടും തിരിഞ്ഞാല്‍ കുറ്റം പറയുന്ന അവസ്ഥയാണ്. പണ്ട്  തറവാട്ടു  വീട്ടിലേക്കുള്ള  ഇടവഴി വഴി വളപ്പില്‍ കേറുമ്പോള്‍,  ചെറിയമ്മമാര്‍   കൂക്ക് വിളികള്‍ കൊണ്ട് ശ്രദ്ധയെ ആകര്‍ഷിച്ച് എന്നാ വന്നേ, എങ്ങോട്ടാ എന്നൊക്കെ ഉറക്കെ വിളിച്ചു ചോദിക്കുമായിരുന്നു. തറവാട്ടില്‍  വിരുന്നുക്കാര്‍ വന്നാല്‍  അപ്പുറത്തും  ഇപ്പുറത്തും  ഉള്ള  ചെറിയമ്മമാര്‍  കറികള്‍ കൊണ്ട് ഓടിയെത്തിയിരുന്നു. ഇന്നിപ്പോള്‍ അവരുടെ വീടുകളിലും  മക്കള്‍  പലരും പലയിടത്തായി. അമ്മൂമ്മ മകന്റെ കൂടെ വളപ്പിന്റെ അങ്ങേ തലക്കല്‍  പുതുതായി  പണിത വീട്ടിലും. തറവാട്ടുവീട്  ഒരു അനാഥ പ്രേതം പോലെ, തലയുയര്‍ത്തിപ്പിടിച്ചു നില്‍ക്കുന്നു! മുത്തച്ഛന്റെ  ആത്മാവ് അവിടെ എവിടെയൊക്കെയോ കിടന്നു വിതുമ്പുന്നതു പോലെ. മക്കള്‍ ഒക്കെ  തരംകിട്ടിയാല്‍  അടുത്ത ആളെ ഇടിച്ചു  താഴ്ത്തി കാണിക്കാന്‍ ശ്രമിക്കുമ്പോള്‍  ആ ആത്മാവ് എങ്ങിനെ അത് സഹിക്കും?! നീതിക്കും യുക്തിക്കും അനുയോജ്യമായി മാത്രമേ കാര്യങ്ങള്‍ ചെയ്യാവൂ എന്ന്  മക്കള്‍ക്കെല്ലാവര്‍ക്കും മുത്തച്ഛന്‍  പറഞ്ഞു  കൊടുത്തിരുന്നത് ആണല്ലോ. എന്നിട്ടും..  ഉള്ളില്‍ നിന്ന് ഒരു വട്ടം കൂടി ദീര്‍ഘമായൊരു നെടുവീര്‍പ്പുയര്‍ന്നു. അമ്മൂമ്മ തറവാട്ടു വീട് പൂട്ടി പോയപ്പോള്‍ ആര്‍ക്കാര്‍ക്കും ഇല്ലാതെ അത് അടഞ്ഞു കിടന്നപ്പോള്‍, ഒരിറ്റു വെള്ളം പോലും കിട്ടാതെ  മച്ചിനകത്തെ  ദൈവങ്ങള്‍  നിലവിളി കൂട്ടുക ആയിരുന്നിരിക്കണം..!

കുട്ടികളും പേരമക്കളും ആയി ഓടി നടന്ന  തറവാടിന്റെ മുറ്റത്തു  കാല്മുട്ടോളം  വലുപ്പത്തില്‍  പുല്ലു വളര്‍ന്നിരിക്കുന്നു. അപ്പുറത്തെ വീട്ടില്‍ അമ്മൂമ്മയും  ഇപ്പുറത്ത്   ചെറിയമ്മ വലിയമ്മമാരും  ഒക്കെയുണ്ട്. എല്ലാവരുംമുണ്ട് എന്നാല്‍ ആരുമില്ല എന്ന അവസ്ഥ. തറവാട്ടു വീട് മാത്രം ആരോടും പരാതി ഇല്ലാതെ  തലയുയര്‍ത്തി തന്നെ നില്‍ക്കുന്നു. കിഴക്ക് ഭാഗത്ത്  കൊട്ടിലില്‍  മണല്‍  കൂട്ടിയിടുമ്പോള്‍  കുഴിയാനയെ  പിടിക്കാന്‍ എത്രയോ  നടന്നിരിക്കുന്നു. അതെല്ലാം തകര്‍ന്നു  കിടക്കുന്നു. ഉത്തരവും കഴുക്കോലും എല്ലാം. പരസ്പരം ഉത്തരം  ഇല്ലാത്ത ചോദ്യങ്ങള്‍ക്ക്  മുന്പില്‍ പല്ല് ഇളിച്ചു  കിടക്കുന്നു അവയെല്ലാം. കൊയ്തു കഴിഞ്ഞു  വൈക്കോല്‍ കൂനകള്‍ നിരത്തി  വെയ്ക്കുന്നത്  കാണാന്‍ തന്നെ നല്ല ചന്തം ആയിരുന്നു. ഓര്‍മ്മകള്‍ കാടു കേറിത്തുടങ്ങി..



അപ്പോഴേക്കും  മോന്‍ ഓടി വന്നു.   അമ്മേ.. അമ്മേ എന്താ മൊബൈല്‍  എടുക്കാത്തത്?  എത്ര നേരം ആയി  അച്ഛന്‍ വിളിക്കുന്നു. അവന്റെ  ആ വിളി  ഓര്‍മകളില്‍ നിന്നും ഉണര്‍ത്തി. മോന്‍ അവിടെ നില്‍ക്ക്,  ഇവിടെ നിറയെ കാടുപിടിച്ച് കിടക്കുകയാ. അമ്മേ ഇതെന്താ ഇവിടെ  ഈ പിങ്ക് പൂക്കള്‍ ഉള്ള ചെടി,  ഇല തൊടുമ്പോള്‍  വാടി പോകുന്നു!! അവനു ആകെയൊരു  സന്തോഷം.  അത് തൊട്ടാവാടിയാ മോനെ. അങ്ങിനെ  പറഞ്ഞാല്‍ ??
ടച്ച്‌ മി നോട്ട്..
ഓഹോഹോ  മനസ്സിലായി. അവന്‍ തലകുലുക്കി താല്പര്യത്തോടെ നോക്കിക്കൊണ്ടിരുന്നു. അവന്റെ കൈയുംപിടിച്ചു  മുന്‍പോട്ടു നടന്നു. മുന്‍പൊക്കെ ഈ വളപ്പില്‍ കേറുമ്പോള്‍ അത്യാവശ്യം   ഭക്ഷണം ഒക്കെ കിട്ടുമായിരുന്നു.  അരിനെല്ലിക്ക, ചാമ്പക്ക, കണ്ണി മാങ്ങാ.. അങ്ങിനെ അങ്ങിനെ ... മാതളച്ചെടിയുടെ  പൂവും, കാപ്പിച്ചെടിയുടെ പൂവും ഏറെ ഇഷ്ടമായിരുന്നല്ലോ. വീടിന്റെ പിറകു വശത്തെ അലക്ക് കല്ലിനടുത്ത്  നിറയെ കാപ്പി പൂക്കള്‍  ഉണ്ടായിരുന്നതോര്‍ത്തു.. വെള്ളനിറത്തില്‍.. എന്തൊരു മണമായിരിക്കുമെന്നോ. മോനെ അത് കാണിക്കാം എന്ന്  കരുതി   പതുക്കെ വീടിനു പിന്നിലേക്ക്‌ നടന്നു.  അവിടെ പക്ഷേ  എല്ലാം കരിഞ്ഞു ഉണങ്ങി നില്‍കുന്നത് കണ്ടപ്പോള്‍ ആകെ സങ്കടമായി. എന്താ അമ്മേ.. ഇവിടെ? ഒന്നുമില്ലെടാ  കുട്ടാ.. മനസ്സില്‍ ചെറിയ നൊമ്പരം പൊട്ടിത്തുടങ്ങിയിരുന്നു. അപ്പോഴേക്കും അവന്റെ അടുത്ത  ചോദ്യം;  ഇതെന്താ അമ്മേ ഈ വീട് പൂട്ടി ഇട്ടിരിക്കുന്നത് ? ഇതിന്റെ താക്കോല് കളഞ്ഞു പോയോ? ഹ്മം.. പോയി മോനെ; ഈ വീടിന്റെ സന്തോഷവും, സ്നേഹവും എല്ലാം നിറഞ്ഞ താക്കോല് പോയി.. ഒക്കെ തുരുമ്പ് എടുത്തു  പോയി.. ഇത്തിരി വിതുമ്പിയോ..
ഈ അമ്മക്ക് എന്താ!!  എന്ന മട്ടില്‍ എന്നെ നോക്കുന്നത്  കണ്ടില്ല എന്നു വച്ചു.  ഈ വീട്ടില്‍ ഒരിക്കല്‍ക്കൂടി വിളക്ക്  ഒന്ന് കത്തിച്ചു  വെച്ച്   ദീപം പറഞ്ഞു  ഉമ്മറത്ത്‌ വരാന്‍ പറ്റിയെങ്കില്‍..! പുറകിലെ അമ്മിക്കല്ലില്‍  മാങ്ങായും മുളകും ഉപ്പും കൂട്ടി ചതച്ചു എന്റെ  ചെറിയമ്മമാര്‍  വീണ്ടും എനിക്കും തന്നിരുന്നുവെങ്കില്‍..! അമ്മൂമ്മയുടെ  അടുത്ത് കിടത്തി  ഒരു കഥ കൂടി പറഞ്ഞു തന്നിരുന്നുവെങ്കില്‍... ഇന്നിപ്പോള്‍ ഏതു  ചെറിയമ്മ ഏതു വലിയമ്മ. അമ്മൂമയുടെ അടുത്ത് പോയാലും കുറെ  സങ്കടക്കഥകള്‍ മാത്രം.. അതുകൊണ്ട് തന്നെ അടുത്ത  തവണ  ഓണത്തിനു  ആരുടെയും വീട്ടിലും പോകുന്നില്ല. നാട്ടിലും വരുന്നില്ല. ഉള്ള പാടവും കുളവും കൂടി എന്നെ അങ്ങട്  മറക്കും മുന്‍പ് ഒന്ന് കാണാനെങ്കിലും പറ്റിയല്ലോ. ഇടിഞ്ഞു പൊളിയും മുന്പ് ഈ തറവാട്ടില്‍ പരിസരത്ത് മോനെ കൊണ്ട് വന്നു കാണിക്കുവാന്‍ പറ്റിയല്ലോ. അതുമതി!!  നിറഞ്ഞു വന്ന കണ്ണുകള്‍ കൈയ്യിലിരുന്ന കൈലേസുകള്‍ക്കൊണ്ടൊപ്പി ഗീതു കാറിനുള്ളില്‍ കയറി ഇരുന്നു. ഉള്ളില്‍ ഒരു തീരുമാനം  അപ്പൊഴേക്കും എടുത്തിരുന്നു.  എന്തിനാ ഒരുപാടു പാടവും ,ഭൂമിയും ഒക്കെ? ഭാഗവും പ്രശ്നങ്ങളും ആയി  ഉള്ള മനസമാധാനം  കളയണോ?  മക്കള്‍ രണ്ടു പേരുള്ളത്  കലഹിച്ചു  നില്‍ക്കുന്നത്  കാണാന്‍ വയ്യേവയ്യ ... ഞാന്‍ ഇല്ല ഒരു പക്ഷ ഭേദവും കാണിക്കാന്‍.. ഏട്ടന്റെ തോളില്‍  പതിയെ ചാരി ഇരുന്നു.. അപ്പോഴും ചെറിയ മോന്‍ എന്തൊക്കെയോ  ചോദിക്കുന്നുണ്ടായിരുന്നു..

Saturday, 27 August 2011

ചില ഭ്രാന്തന്‍ ചിന്തകള്‍


നീട്ടിവരച്ച  വരയുടെ അറ്റം തേടിഒരു യാത്ര . അതിര്‍ വരബുക്കള്‍ക്ക് ഇടയില്‍  ഞാണിന്‍മേല്‍ കളി പോലെ .ഒന്ന് കൈ വിട്ടാല്‍ തകരുന്ന ജീവിതം .പക്ഷേ  തകരാതെ  നീര്ജീവമായി കിടക്കേണ്ടി  വന്നാല്‍ ???
ഞാന്‍ അവളോട്‌  പറഞ്ഞിടുണ്ട്  ആ നിമിഷം എന്നെ അതില്‍ നിന്നു മോചിതയക്കാന്‍ ..

മെല്ലെ എന്നില്‍ അണഞ്ഞ നിശ്വാസത്തിന്‍  പൊരുളുകള്‍, ചുരുളുകളായി അഴിയുമ്പോള്‍ ..കരിന്തിരി കത്താതെ  ഇരിക്കാന്‍ നീട്ടിയ കൈകളുടെ  തുമ്പത്ത്  തന്നുപ്പു ...ഒരുതരം നീര്ജീവമായ  തണുപ്പ് ...മരണത്തിന്റെ  ഭീതി എന്നില്‍ നിറയുന്നുണ്ടോ ??പകലിന്റെ രോദനം  കേട്ടപാതി കേള്‍ക്കാത്ത പാതി സത്യവും മിഥ്യയും തേടി  ഒരു യാത്ര ...കറുത്ത നീണ്ട പുതപ്പിന്റെ  ആലിംഗനം  എന്നെ ഒട്ടും ശ്വാസം  മുട്ടിച്ചില്ല ...കുളിര് കോരിയിട്ട പോലെ  രോമകൂപങ്ങളില്‍    മധുരമായ അനൂഭൂതി..വല്ലാത്തൊരു സുഗന്ധം ...ചന്ദനത്തിരിയുടെ  മണം ,കര്‍പ്പൂരം എന്നിലേക്ക്‌ നിറയുന്നപോലെ.വെട്ടിയിട്ട തേങ്ങ മൂത്ത കാരണം വെന്ത വെളിച്ചെണ്ണയുടെ  മണം മൂക്കിന്റെ അകത്തു  നിറഞ്ഞു ഇരിക്കുന്നു ..പുതിയ മുണ്ടിന്റെ ശീലയില്‍ ചുവന്നപ്ട്ടും ചുറ്റി നെറ്റി നിറയെ സിന്ദൂരം അണിയിച്ചു,
വിളക്കു കത്തുന്നതിന്റെ വെളിച്ചം  മുഖംത്തു  പതിയുമ്പോള്‍  വല്ലാത്തൊരു  വശ്യ സൌന്ദര്യം ..ഇത്ര ഏറെ സൌന്ദര്യം എന്നില്‍ ഞാന്‍ ഇതുവരെ കണ്ടിട്ടില്ല ..കണ്ണാടിക്കു മുന്പില്‍ ചെരിഞ്ഞും താണും എത്ര നോക്കി യിരിക്കുന്നു  .,ഇടയ്ക്കു ഒന്ന് കുസൃതി കാട്ടിയ കാറ്റില്‍  ചുര്ണ്ട മുടി കണ്ണില്‍ ഉമ്മ വച്ചു ചുണ്ടുകളില്‍ സ്പര്‍ശിച്ച നേരം ..ഇക്കിളി പൂണ്ടു കിടന്നു ഞാന്‍ .. ഇതുവരെ കിട്ടാത്ത ഒരു ശാന്തത  എല്ലാം സൌന്ദര്യത്തിന്‍  നിറകുട്മായി  നിറഞ്ഞു ഇരിക്കുന്നു .ഒട്ടും ഭാരം തോന്നാതെ ..ആരോടും പരാതികള്‍ ഇല്ലാതെ ..പറന്നു  ആ മുറിക്കു  മുന്പില്‍ ....കാതുകളില്‍  അരുടെയോക്കീയോ  കരച്ചില്‍ പോലെ...പക്ഷേ എനിക്ക് ചിരിക്കാന തോന്നിയത് ..ഞാന്‍ ഇത്ര സുഖം ആയിപറക്കുമ്പോള്‍ എന്തിനാ ഇത്രക്കും സങ്കടം .പതുക്കെ എന്നെ ആരോ വലിച്ചു കൊണ്ട് പോകുന്നപോലെ ..ഞാന്‍  പോകുകയാണ് ..ഇനിയില്ല  ഒരു മടക്കം .....ഭൂമിതന്‍ മാറില്‍  പുണര്‍ന്നു കിടക്കാന്‍ എന്നെ കൊണ്ടുപോകുകയണോ ?

ചിലമുഖങ്ങള്‍  അന്നേരം തെളിഞ്ഞപ്പോള്‍ ... മിഴികള്‍ മെല്ലേ ഞാന്‍ തുറന്നു ...എന്താ ഇപ്പൊ ഉണ്ടായേ ??കണ്ണുകള്‍ അമര്‍ത്തി തിരുമ്മി ... ,,ഇപ്പൊ ഒരു മണവുമില്ല ....തലയ്ക്കു അകത്തു   ഭാരം നിറയുന്നു ,ശാന്തമായ  മനസ്സ്  കലുഷിതമായിരിക്കുന്നു ..അപ്പോള്‍   ഇവിടെ  ഇനിയും ഉണ്ടല്ലേ  എന്റെ ദിവസങ്ങള്‍ ....

യാന്ത്രികമായ കളിപാവപ്പോലെ  മുന്നോട്ട് നീങ്ങുന്നു .കൈവിട്ട കാറ്റിന്റെ കുസൃതി  പോലെ കളിവഞ്ചി ആടിയാടി ഉലഞ്ഞു പോകുമ്പോള്‍ തീരം കിട്ടിയാലോ എന്നൊരു പ്രതീക്ഷ മാത്രം ..അതാണ് മുന്നോട്ടുള്ള  ഒഴുക്കിന്റെ ഏക ആശ്രയം .തീരത്ത് അണഞ്ഞ  കടലാസ്സു തോണി ഏറെകുറെ നനഞ്ഞു  ഇരിക്കുന്നു .എന്നിട്ടും അതിനെ എടുത്തു പള്‍പ്പ്ന്റെ  മായാവിലാസം എന്നപോലെ പുതിയ രൂപങ്ങള്‍ മെനഞ്ഞു   എടുക്കുന്നു .അറിയാം  വെള്ളം ഇനിയും അതിനെ തേടി എത്തും ,വീണ്ടും അന്നേരം അത് തകരും എന്നും ,.വീണ്ടും പുനര്‍ജന്മം അതിനെകും .എന്നും,.ഇങ്ങിനെ വീണ്ടും  കുറെ ജനമ്ങ്ങള്‍   കാത്തിരിക്കുന്നു  ഇനിയും ...

Monday, 18 July 2011

പരാതിക്കാരി


അന്നും അവള്‍ക്കു പരാതികള്‍ ആയിരുന്നു. ഈ പരാതികള്‍ക്കിടയില്‍  എപ്പോഴോ ഞാനവളെ  സ്നേഹിച്ചിരുന്നു.   അതെപ്പോഴാണെന്ന്  എനിക്കോര്‍മ്മ കിട്ടുന്നില്ല. പരാധീനതകള്‍ക്ക് ഇടയിലെ പരാതിക്കാരിയെന്നൊരിക്കലുമന്ന് തോന്നിയിട്ടില്ല. നീണ്ട ആ മിഴികള്‍ മിന്നുന്നത് നോക്കിയിരിക്കുമ്പോള്‍  എല്ലാം മറന്നു പോകുമായിരുന്നു.  കസവുമുണ്ടും നേരിയതും  ഉടുത്തവള്‍  മുന്നിലെത്തുമ്പോള്‍ ഏറെ പണിപ്പെട്ടു നിര്‍ത്തിയെന്നെത്തന്നെ.  ഇങ്ങിനെയൊക്കെയിരിക്കേ  എപ്പോഴാണ്  ഞാനുമവളും തമ്മില്‍ ഇത്രയ്ക്കകന്നത്. നേര്‍ത്ത മൂടുപടം പോലെ ഓര്‍മ്മകളില്‍ മങ്ങലേറ്റിരിക്കുന്നു..

എത്ര  നാള്‍ കാത്തിരുന്നു അവള്‍ക്കായി.  ഇനിയൊരു തിരിച്ചു വരവ് പ്രതീക്ഷിക്കാമെന്ന് തോന്നുന്നില്ല.  നിമിഷങ്ങള്‍ ആഴത്തില്‍ പതിയുന്ന നേരം കാലൊച്ച  മാത്രം കേട്ടില്ല.  ഇടവഴിയുടെ അരികുകളില്‍ നിന്നിരുന്ന അപ്പച്ചെടിയുടെ ഇല പൊട്ടിച്ചു അവളുടെ കൈയ്ക്ക് മുകളില്‍ വച്ചു പോട്ടിക്കുമ്പോള്‍;  അവളെനിക്കു മാത്രം സ്വന്തമാകണം എന്നൊരു  മോഹം ആയിരുന്നു. ഇന്നിപ്പോള്‍ കൈ പിടിച്ചൊന്നു എഴുന്നേല്‍ക്കാന്‍ പോലും വയ്യ.  പക്ഷേ; എന്തേ ഇന്നിത്ര  ഓര്‍മ്മ.. അവളുടെ പരാതികള്‍ തന്റെ ജീവന്‍ ആയിരുന്നു. എല്ലാം മനസ്സിലാക്കാന്‍ വൈകിയോ? വിളിക്കണം അവളെ എത്രയും വേഗം.. വയ്യ ഇനിയും..  നമ്പര്‍ തപ്പി എടുത്തു  ഡയല്‍  ചെയ്യുമ്പോള്‍ മനസ്സിനു എന്തെന്നില്ലാത്ത  ഉത്സാഹം.  ‘നിങ്ങള്‍ വിളിച്ച നമ്പര്‍ ശരിയല്ല.. ദയവായി  പരിശോധികുക‘  വീണ്ടും എണ്ണി നോക്കി..  യ്യോ!  ഒരു അക്കം ഇല്ലല്ലോ..  എങ്ങിനെ  അറിയും.. അലമാരയിലിരുന്ന മുഴുവന്‍ പേപ്പെറുകളും ധൃതിയില്‍ വലിച്ചിട്ടു പരതാന്‍ തുടങ്ങി. അല്ലെങ്കിലും അത് അങ്ങിനെയാ....ഒരു കാര്യം ചെയണം എന്നു മനസ്സില്‍  തോന്നിയാല്‍ അത് മാറ്റി വെയ്ക്ക  പിന്നത്തേക്ക് എന്നൊരു ശീലം  മുന്പും ഇല്ലാലോ . അന്ന് ആദ്യമായി വിരഹവേദനയാല്‍ നെഞ്ചില്‍ കൈ വച്ചു  ഓര്‍ത്തവളെ.  പെട്ടന്ന്  ഉമ്മറത്തെ മണി ആരോ അടിച്ച് മുഴങ്ങിയ ശബ്ദം..  ആരാണെന്ന് നോക്കുവാന്‍ പുറത്തേക്ക് വന്ന നേരം.. കണ്ടവളെ  തന്റെ  പരാതിക്കാരിയെ.. ..ഒരു കൂട്ടം  പരാതികളുമായി  പറയാന്‍ വെമ്പി നില്‍കുന്ന അവളെ  അപ്രതീക്ഷിതമായ ആ കൂടിക്കാഴ്ചയില്‍ സാകൂതം ഞാനവളെ നോക്കിനിന്നു.. കയറി ഇരിക്കുവാന്‍ പോലും ക്ഷണിക്കാതെ.. ആ നീല മിഴികള്‍ അപ്പോഴും മിന്നിത്തിളങ്ങിയിരുന്നു.അപ്പോഴും  ആമിഴികളില്‍  പരാതികള്‍ ഉണ്ടായിരുന്നു.
അത് അങ്ങിനെയാവും അല്ലേ..  ആത്മാര്‍ത്ഥമായി ആഗ്രഹിച്ചാല്‍  സ്വപ്നകരമായ മുഹൂര്‍ത്തങ്ങള്‍ നടന്നേക്കും അല്ലേ..

Monday, 20 June 2011

ഞങ്ങള്‍ കണ്ട ബാങ്കോക്ക്‌


ഒരു പാട് ദിവസത്തെ അല്ല മാസങ്ങളുടെ ഇടവേളയ്ക്കു ശേഷം വീണ്ടും ഒരു പോസ്റ്റ്‌.  എന്നാലത് ഒരു യാത്ര വിവരണം ആകട്ടെ എന്ന് വിചാരിച്ചു.  ബാച്ചികളുടെ  ലോകം എന്ന് പുകള്‍പെറ്റ തായ്‌ലാന്‍ഡിലെയും ശ്രീലങ്കയിലെയും സന്ദര്‍ശനവിശേഷങ്ങള്‍ പങ്കുവെയ്ക്കാം. മുന്‍പൊരിക്കല്‍ സന്ദര്‍ശിച്ചിട്ടുള്ളൊരു സ്ഥലമായിരുന്നു തായ്ലാന്‍ഡിന്റെ തലസ്ഥാനമായ ബാങ്കോക്ക്.  അന്നത് ഒരു കപ്പല്‍ യാത്രയിലൂടെയായിരുന്നു.  ഇതുവരെയും  കപ്പല്‍  യാത്രയില്‍ ആയിരുന്നു അധികവും സ്ഥലങ്ങളും  സന്ദര്‍ശിച്ചിരുന്നത്.   ടൂര്‍  പ്രോഗ്രാം അറെഞ്ച് ചെയ്തു പോയ  ആദ്യ യാത്രയായിരുന്നു  ഇത്തവണ.  ടൂര്‍ പാക്കേജ് വഴി ഉള്ള  യാത്രാനുഭവം ആദ്യം എന്നിരിക്കേ  വ്യത്യസ്തവും ഉല്ലാസഭരിതവുമായിരുന്നു. 



കൊച്ചിയില്‍  നിന്നും ശ്രീലങ്ക വഴിയാണ് തായ്‌ ലാന്‍ഡ്‌ലേക്ക്  യാത്രതിരിച്ചത്.  ശ്രീലങ്കയില്‍ കിട്ടിയ ഒരു ദിവസം അവിടുള്ള  കുറച്ചു സ്ഥലങ്ങള്‍ കാണാമെന്നു വിചാരിച്ചു. അങ്ങിനെ  ബുദ്ധന്റെ ഒരു അമ്പലവും, ബീച്ചും പിന്നെ കുറച്ച് ഷോപ്പിംങ്ങും നടത്തി.   യാത്രയിലെനിക്ക് ഒഴിവാക്കാനാകാത്തൊരു കാര്യമാണ്  ..ഷോപ്പിങ്ങ് !! എവിടെയൊക്കെ പോയാലും അവിടെയൊക്കെ ലഭിക്കാവുന്ന ആകര്‍ഷകമായ ഐറ്റെംസ് വാങ്ങിക്കൂട്ടി കാശു പാഴാക്കിക്കളയുമ്പോഴാണു മനസ്സിനൊരു ഉന്മേഷവും  യാത്രക്കൊരു സുഖവും കിട്ടാറുള്ളത്..!
ശ്രീലങ്കയില്‍  കണ്ട ബുദ്ധന്റെ  അമ്പലം വളരെ ഏറെ പഴക്കം ചെന്നത് ആയിരുന്നു.  ഉറങ്ങുന്ന ഒരു ഭീമാകാരനായ ബുദ്ധന്‍ ആയിരുന്നു  അവിടത്തെ  പ്രധാന  ആകര്‍ഷണം.





ബുദ്ധന്റെ അമ്പലത്തിനോട്  ചേര്‍ന്ന് തന്നെയുള്ള ഒരു ആശ്രമത്തില്‍  കുറച്ചു  അകൊസേട്ടന്മാരെ  കണ്ടു.  നമ്മുടെ യോദ്ധ സിനിമയിലെ ഉണ്ണികുട്ടനേ പോലുള്ള കുട്ടികളെ അവിടെ ഇവിടെയായി കാണാമായിരുന്നു. അമ്പലം മുഴുവന്‍ ചുറ്റി നടന്ന് കണ്ട ശേഷം തൊട്ടടുത്തുള്ള ബീച്ചില്‍  പോയി.  ഒരുപാടു  സന്ദര്‍ശകരും നാട്ടുകാരും അവിടെ  ഉണ്ടായിരുന്നു.  കുളിയും കളിയും ആയി അവരങ്ങിനെ അടിച്ചുപൊളിച്ചിരുന്നു  എന്ന് തന്നെ പറയാം.   കുറച്ചു നേരം എല്ലാവരെയും വായ നോക്കി നിന്ന് പതുക്കെ അടുത്തുള്ള  ചെറിയൊരു പാര്‍ക്കിലേക്ക് നടന്നു. ഏറെക്കുറെ നമ്മുടെ നാട്ടുകാരെപ്പോലെ തന്നെ ആണല്ലോ ശ്രീലങ്കന്‍സ്.  പാര്‍ക്കില്‍ കുട്ടികള്‍  കളിക്കുന്നതും നോക്കി ആസ്വദിച്ചിരുന്നു ഇരുന്നു കുറെനേരം. അപ്പോഴേക്കും  വാനം നിറഞ്ഞ് മഴക്കാര്‍  കയറി വന്നുതുടങ്ങിയിരുന്നു. ആയതിനാല്‍ ഒരുപാട് സമയം അവിടെ ചിലവഴിക്കതെ തിരിച്ച് റിസോര്‍ട്ടിലെക്ക് നടന്നു. റിസോര്‍ട്ടിലേക്ക് തിരിച്ചു പോകുന്ന വഴി  തമിഴ്നാട്‌  സ്റ്റൈലില്‍  ഒരു ശവയാത്ര കണ്ടു കൊട്ടും പാട്ടുമൊക്കെയായി. അധികവും  പാവാടയും ബ്ലൌസും ആണ് അവിടുള്ളവര്‍ സ്ത്രീകള്‍ ധരിച്ചിരുന്നത്.  അമ്മമാരും അമ്മൂമ്മമാരും ഒക്കെ  മുട്ടിനു താഴെ ഇറക്കം ഉള്ള  പാവാട അണിഞ്ഞു  നടക്കുന്നത് കണ്ടപ്പോള്‍; ഒരു നിമിഷം ഞാന്‍, നമ്മുടെ നാട്ടിലെ സ്ഥിതി ആലോചിച്ചു.  മുഴുവന്‍ മൂടിയിട്ടു പോലും ഇപ്പോള്‍ നില്‍ക്കക്കള്ളിയില്ലാത്ത അവസ്ഥയണു നാട്ടില്..!!



ശ്രീലങ്കയില്‍ നിന്നും  രാത്രിയില്‍ ആയിരുന്നു തായ്ലാന്‍ഡിലേക്കുള്ള ഫ്ലൈറ്റ്.  വലിയൊരു  എയര്‍പോര്‍ട്ട് ആയിരുന്നു ബാങ്കോക്കിലേത്.  അവിടം മുഴുവന്‍ അവരുടെ  ടൂറിസം പ്രൊമോഷന്‍  ചിത്രങ്ങള്‍ കൊണ്ട്  നിറഞ്ഞിരുന്നു.  എങ്കിലും; ആദ്യമായി ടൂര്‍ പോഗ്രാം അറെഞ്ച് ചെയ്തു വരുന്നവര്‍ക്ക്  നിറയേ സംശയങ്ങള്‍ ആയിരുന്നു. ഷിപ്പില്‍ പോകുമ്പോള്‍; എയര്‍പോര്‍ട്ടില്‍ ഏജെന്റ്  വരും. അവരാണു വിസയൊക്കെ അറെഞ്ച് ചെയ്തു തന്നിരുന്നത്. ആയതിനാല്‍  ഈ വക ബുദ്ധിമുട്ട് ഒന്നും അറിഞ്ഞിരുന്നില്ല. കുറെ നേരം വരിയില്‍ കാത്ത് നിന്ന് എമിഗ്രേഷന്‍ കൌണ്ടറിന്റെ അടുത്ത് എത്തിയപ്പോള്‍  അവിടെയുള്ള ഉദ്യോഗസ്ഥന്റെ വകയായി  ‘ഈ വരി അല്ല.. അകത്ത് വേറെ വരി ഉണ്ട്..  അവിടെ പോയി ക്യൂ നിന്ന് വിസെടുക്കണം‘  എന്ന്..! ഉദ്യോഗസ്ഥന്‍ പറഞ്ഞ വരിയിലേക്ക് മാറി അവിടെ ക്യൂ നിന്ന്; അതിന്റെ കൌണ്ടറില്‍ എത്തിയപ്പോള്‍  അവിടെയുള്ള അങ്ങേര്‍ക്കു ഞങ്ങളുടെ  ഫോട്ടോയ്ക്ക് ഗ്ലാമര്‍ പോര എന്ന് വിഷമം..!  വീണ്ടും പുതിയ ഫോട്ടോ എടുക്കുവാനുള്ള ഓട്ടപ്പാച്ചില്‍..!  അങ്ങിനെ ഒരുവിധം വിസ അടിച്ചു കിട്ടി.  ഇങ്ങനെ ഇട്ട് വട്ടം ചുറ്റിയ സമയത്ത്  തിരിച്ചു നാട്ടിലേക്കു വണ്ടി കയറിയാലോ എന്നു പോലും തോന്നി. ഏതായാലും എല്ലാ നൂലാമാലകളെയും തരണം ചെയ്ത് ഞങ്ങള്‍ വെളിയില്‍ എത്തി. അവിടെനിന്ന് വേറെയും കുറെ ആളുകളെയും  കൂട്ടി  വലിയൊരു ബസില്‍  പട്ടയ എന്ന സ്ഥലത്തേക്ക് പുറപ്പെട്ടു. കുറെ നേരം ഉണ്ട് ആ യാത്ര.  എല്ലാവരും മയക്കത്തിലായി.  അങ്ങിനെ താമസിക്കേണ്ട നിര്‍ദ്ദിഷ്ട ഹോട്ടലില്‍ എത്തിച്ചേര്‍ന്നു.  റൂമില്‍ എത്തിയപ്പോഴാണു ശ്വാസം ഒന്നു നേരെ വീണത്..!



അന്നേ ദിവസം  എല്ലാവര്‍ക്കും  വിശ്രമദിവസമാണെന്ന്  ഗൈഡ് പറഞ്ഞതിനാല്‍  ഞങ്ങള്‍  പട്ടയ  ടൌണ്‍ ചുറ്റി കാണാന്‍  പുറപ്പെട്ടു.  പട്ടായ ബീച്ചിലൂടെ മെല്ലേ നടന്നു.  കാഴ്ചകള്‍ അതി മനോഹരം.  കണ്ണിനും മനസ്സിനും..  എന്താ പറയുക..  സന്തോഷം തരുന്ന കാഴ്ചകള്‍.. ബാച്ചികളുടെ ലോകം എന്ന് പറയുന്നതിന്റെ അര്‍ത്ഥം ശരിവയ്ക്കുന്നവിധമായിരുന്നു  ചുറ്റുപാടും ഉള്ള കാഴ്ചകളൊക്കെ..!  വസ്ത്രങ്ങളുടെ ഭാരം ലഘൂകരിച്ച്  അവയില്‍ ലാളിത്യം പുലര്‍ത്തിയ  കുറെ പേര്‍..!  വഴിയരികില്‍  നിറയെ ചെറിയ കടകള്‍ ഉണ്ട്. വസ്ത്രങ്ങള്‍ അധികവും കടും നിറവും പൂക്കളും നിറഞ്ഞതായിരുന്നു.  ബോംബെയിലെ പോലെ  കൊച്ചു കടകള്‍.  വിലപേശി വാങ്ങണം എന്നുമാത്രം.  വിലയൊക്കെ പേശി അന്തസ്സായി ഷോപ്പിംഗ്‌ നടത്തി.  അല്ലെങ്കിലും നമ്മുടെ നാട് വിട്ടാല്‍ എന്തോന്ന്..!!  പട്ടയ  ബീച്ച്നു  അടുത്ത് തന്നെ  വലിയൊരു  ഷോപ്പിംഗ്‌ മാള്‍  ഉണ്ട്.  അതിനു മുകളില്‍  ഒരു വാക്സ് മ്യൂസിയവും സ്ഥിതിചെയ്യുന്നു.   മഹാത്മഗാന്ധി മുതല്‍ ജാക്കിച്ചാന്‍ വരെയുണ്ടവിടെ.  കുറച്ചു നേരം അവിടെയൊക്കെ ഫോട്ടോ എടുത്തു  നടന്നു.  ഇവരെയൊന്നും നേരെകണ്ട് ഒപ്പമിരുന്ന് ഫോട്ടോ എടുക്കല്‍ എന്തായാലും  നടക്കില്ല.  അപ്പോള്‍  പിന്നെ കിട്ടുന്ന അവസരം എന്തിനു കളയണം.  വാക്സ് പ്രതിമയെങ്കില്‍  വാക്സ്.  ഓരോപ്രതിമകളെയും പ്രതിനിധാനം ചെയ്യുന്ന പ്രശസ്തരുടെ കൂടെ നിന്ന് ഫോട്ടോ എടുത്തു.  ചില പ്രതിമകള്‍ അത്രക്കും  പെര്‍ഫെക്റ്റ്‌  ആയി തോന്നിയില്ല. 








 എങ്കിലും ചുരുങ്ങിയകാലം കൊണ്ട്  ടൂറിസം എങ്ങിനെ  ഒരു രാജ്യത്തിന്റെ  വളര്‍ച്ചക്ക്  കാരണം ആകാം എന്നതിന്റെ  നല്ലൊരു ഉദാഹരണം  തന്നെയാണ് തായ്‌ലാന്‍ഡ്‌.  ബാച്ചികള്‍ക്ക്  മാത്രം  എന്നൊരു തെറ്റായ  പ്രചാരം ഉണ്ട് അവിടെ.  എന്നാല്‍ അവിടെ എനിക്ക് എഴുപതുവയസ്സായ  അപ്പൂപ്പന്മാര്‍ തൊട്ടു  കൊച്ചു കുട്ടികളുടെ  സംഘത്തെ വരെ കാണുവാന്‍  സാധിച്ചു.  നമുക്ക്  തിരിച്ചു  വാക്സ് മ്യൂസിയത്തില്‍ തന്നെ എത്താം. മ്യൂസിയം  കണ്ടശേഷം ഞങ്ങള്‍ അതിനടുത്തുള്ള ഗ്ലാസ്‌ റൂമിലേക്ക്‌  കടന്നു.   പറയാതെ വയ്യ..!  ഇത്രയും മനോഹരമായ കാഴ്ച..!  ശരിക്കും വ്യത്യസ്തമായൊരു അനുഭവം ആയിരുന്നു അത്.  ഗ്ലാസ്‌ റൂമില്‍  പോകുമ്പോള്‍ വൈറ്റ് ഷൂസും  കയ്യില്‍ വൈറ്റ് ഗ്ലൌസും ധരിക്കണംറൂമിന് അകത്തെത്തുമ്പോള്‍  ഇരുട്ട് കം  പസ്സില്‍ കളി പോലെ നമ്മള്‍ പരതി നടന്നു ഒരു മുറിയില്‍ നിന്നും അടുത്ത  മുറിയില്‍  പോകാന്‍ ഉള്ള വഴി കണ്ടെത്തണം. വൈറ്റ് നിറം കാരണം ഇരുട്ടില്‍ കൈകാലുകള്‍ തിരിച്ചറിയാന്‍ സാധിച്ചിരുന്നു.  ഒരു മുറിയില്‍ നിന്നും അടുത്ത്  മുറി എന്ന മട്ടില്‍   ചില ഗ്ലാസ്സ്മുറികളില്‍  ചെല്ലുമ്പോള്‍  പെട്ടന്ന്  ലൈറ്റുകള്‍ തെളിയും.  അത് തികച്ചും മനോഹരമായിരുന്നു..!
ഗ്ലാസ്സുകളില്‍  മനോഹരമായി  വെളിച്ചം  പലനിറത്തില്‍ പ്രതിഫലിച്ചു  കാണുമ്പോള്‍   അതൊരു  മായക്കാഴ്ച  പോലെ തോന്നി.  കയ്യിലിരുന്ന ക്യാമറയെടുത്ത് ഫോട്ടോ എടുക്കണം എന്നുണ്ടായിരുന്നെങ്കിലും കാഴ്ച കാണുന്ന സമയം നഷ്ടപ്പെടുത്തുവാന്‍ തോന്നിയില്ല.   കുറെ നീണ്ട ഇടനാഴികളും  ഇരുട്ടുമുറികളും.  ചിലയിടത്ത് സംഗീതം  ഉണ്ടായിരുന്നു.  സംഗീതത്തിനൊപ്പം ഡിസ്കോ ലൈറ്റ്. അറിയാതെ കൈകാലുകള്‍  നൃത്തം വെച്ചു.  ഗ്ലാസ്സ് റൂമിനെ ഉപേക്ഷിച്ച് പുറത്തേക്ക് വന്നപ്പോള്‍  വീണ്ടും ഉള്ളിലേക്ക് തന്നെ പോയാലോ  എന്നൊരു ആഗ്രഹമായിരുന്നു.  പിന്നീട് ഞങ്ങള്‍  സയന്‍സ്  മ്യൂസിയം കാണുവാന്‍ കയറി.  വളരെ വ്യത്യസ്തമാര്‍ന്ന കാഴ്ചകളായിരുന്നു അവിടെയും ഞങ്ങളെ കാത്തിരുന്നത്.   കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരുപോലെ  അറിവ് നല്‍കുന്ന കാര്യങ്ങളും പിന്നെ ഇടക്കിടക്ക് ചില തമാശകളും അടങ്ങിയതായിരുന്നു മ്യൂസിയം കാഴ്ചകള്‍. 







അവയില്‍ ഒന്ന്; ഒരു ചിത്രം നാക്ക്‌ വളച്ച്‌  മൂക്ക് തൊടുന്നത് ആയിരുന്നു.  അവിടെ ഒരു  കണ്ണാടി ഒപ്പം ഒരു ബോര്‍ഡ്‌.  ഇതുപോലെ ചെയ്യാന്‍ അങ്ങിനെ ആര്‍ക്കും പറ്റില്ല.   ചെയ്താല്‍ ചിലപ്പോള്‍ മുഖം  വികൃതമാകും  എന്നൊക്കെ. ഞാനും പോയി കുറച്ചു നേരം കണ്ണാടിക്കു മുന്പില്‍ നിന്നുകൊണ്ട് നാക്ക്‌ മൂക്കില്‍ തൊടുവിക്കാന്‍ നോക്കി.  വലിയ നാവാണവള്‍ക്ക്, എന്ന് അമ്മ പറഞ്ഞത് കേട്ട് നോക്കിയതാ.  എവിടുന്നു എത്താന്‍..  പറ്റിയല്ല.  അങ്ങിനെ  അവിടെ നിന്നും നടന്ന് അടുത്ത ഇടനഴിയില്‍ എത്തി. അവിടെ ചെന്നപ്പോള്‍  കണ്ട കാഴ്ച  കണ്ട് ചിരിയടക്കാനായില്ല.  ഒരു ചൈനാക്കാരി അവരുടെ നാവ് മൂക്കില് തൊടാനുള്ള  ഗുസ്തി ആയിരുന്നു. അതുകണ്ട് മതിമറന്ന് ചിരിച്ചപ്പോള്‍ ആണ് എനിക്ക് ബോധോധയം വന്നത്; കുറച്ചു  മുന്പ്  ഞാന്‍ കാണിച്ച  കോമാളിത്തരം ഏതു നാട്ടുകാരാണവോ കാണേണ്ടിവന്നത്. എന്തായാലും  ഒത്തിരി ചിരിക്കാന്‍ സാധിച്ച  സന്തോഷത്തില്‍ അവിടെ നിന്നും പുറത്തു കടന്നു. പെട്ടന്നൊരു നിലവിളി ശബ്ദം കേട്ട് അടുത്ത മുറികളിലും ചുറ്റുപാടും നിന്നിരുന്നവര്‍ പേടിച്ചരണ്ട് നിന്നിരുന്ന എന്റടുത്തേക്ക് ഓടി വന്നു.  ഞാന്‍ നിന്നിരുന്ന അടുത്ത മുറിയില്‍ നിറയെ പേടിപ്പെടുത്തുന്ന കാഴ്ചകളായിരുന്നു. എന്തായാലും പേടിക്കാന്‍ പോകേണ്ട എന്ന് തന്നെ വിചാരിച്ച്  അടുത്തുള്ള കടകളിലേക്ക് പതിയെ നടന്നു. അപ്പോഴേക്കും കുട്ടികള്‍ വാശിയും തുടങ്ങിയിരുന്നു.  തൊട്ടടുടുത്തുള്ള  ബര്‍ഗര്‍ ഷോപ്പിലേക്ക്  നടന്നു.  ബീച്ചിനു അഭിമുഖമായിരുന്നു  ആ കട.  ബീച്ചിലെ മണല്‍പ്പുറത്ത് വിദേശികളും  സ്വദേശികളും നീണ്ട് മലര്‍ന്നു കിടക്കുന്നുണ്ടായിരുന്നു.  അടുത്തുള്ള ബസ്സ്സ്റ്റോപ്പില്‍ ചെറിയ ഉടുപ്പും നീണ്ട സ്ടോക്ക്കിങ്ങ്സും ഇട്ടു  കുറച്ച് സുന്ദരികള്‍ നില്‍ക്കുന്നുണ്ടായിരുന്നു.  ഉദ്ദേശം പകല്‍പോലെ വ്യക്തം. ജീവിക്കാന്‍ വേണ്ടി വ്യഭിചാരത്തിലേര്‍പ്പെടുന്നവരുടെ കൂട്ടം. എയിഡ്സ്  ബോധാവല്‍ക്കരണം  നടത്തിയിട്ടുള്ളതിനാല്‍  ഇപ്പോള്‍ അവിടുള്ള സ്ത്രീകള്‍  വളരെ സൂക്ഷിച്ചാണ് പെരുമാറുന്നത്.  ആണുങ്ങള്‍  അധികവും വീട്ടിലും സ്ത്രീകള്‍ അധികം ജോലിക്കായി പുറത്തുമാണ്. ഇതാണ് അവിടത്തെ  രീതി.  ഒരുപാടു  ബിയര്‍ ഷോപ്പുകള്‍ ഉണ്ടവിടെ. വൈവിധ്യമേറിയ കടല്‍ വിഭവങ്ങളാല്‍ സമൃദ്ധമാണിവിടം.  ചെറിയ ഡാന്‍സ്  ക്ലബ്ബുകള്‍, മസ്സാജ്  പാര്‍ലരുകള്‍, സോനാ ബാത്ത് തുടങ്ങിയയൊക്കെ  ഇവിടത്തെ   പ്രത്യേകതകളാണു.  മസ്സാജ് പര്‍ലൌരുകള്‍  എല്ലാം  ഗ്ലാസ്‌ ഡോര്‍സിനാല്‍ സുതാര്യമാണ്. പുറമേ നടന്നു പോകുന്നവര്‍ക്ക് കാണാം,  അകത്ത്  മസ്സാജിങ്ങ് നടക്കുന്നതൊക്കെ.  ചില പ്രത്യേക ഭാഗങ്ങള്‍ ചെയ്യുമ്പോല്‍ മാത്രമവര്‍ കര്‍ട്ടനിട്ട് മറച്ചിടും. 
എന്നിരുന്നാലും പട്ടായ ചെറിയ സ്ഥലമാണെങ്കിലും കുറച്ച്കുടി ഗ്രാമഭംഗിയാല്‍ അനുഗ്രഹിച്ചിരുന്നു. കാഴ്ചകള്‍ക്കവസാനം പതുക്കെ  ഹോട്ടലിലേക്ക്  തിരിച്ചു .  പിറ്റേന്ന്  കാലത്ത് കോറല്‍ ഐ ലാന്‍ഡ്‌ കാണാന്‍  പോകേണ്ടതാണ്. കാലത്തേ പുറപ്പെടണമെന്ന് ഗൈഡ് നിഷ്കര്‍ഷിച്ചിരുന്നു.



കാലത്തേ  റെഡി ആയി വേഗം ഹോട്ടല്‍ ലോബിയില്‍ എത്തി. അവിടെ ഇന്ത്യക്കാരുടെ  ഒരു മഹാ സമ്മേളനം  നടക്കുണ്ട് . ഇതിന്ത്യക്ക് പുറത്തോ അകത്തോ ! ചെറിയ മോന്റെ സംശയങ്ങള്‍. ഇതെന്തു ഭാഷാ? ഇവരൊക്കെ സംസരിക്കുന്നത് ഹിന്ദി ആണോ? ചൈനീസ് ആണോ ? അവന്റെ ചോദ്യങ്ങള്‍ക്ക്  മറുപടി പറയല്‍ തന്നെ ഒരു ശ്രമകരമായ  അദ്ധ്വാനമാണ്.  ബ്രേക്ക്‌ ഫാസ്റ്റ്  ഹോട്ടലില്‍ നിന്നും കഴിച്ചു.  അതിനുമുണ്ട്  തൃശൂര്‍ പൂരത്തിന്റെ തിരക്ക്. വിഭവങ്ങള്‍ക്ക് വലിയ ബാഹുല്യമുണ്ടായിരുന്നു. ഒരു വിധം ആഹാരം കഴിച്ചിറങ്ങി. ലോബിയില്‍ ഓരോരോ സെക്ഷനായി ആളുകളെ  തരം തിരിച്ചു  കൊണ്ടുപോകുന്നുണ്ട്‌.  അവരുടെ കൂടെ ഓരോ ഗൈഡും.  ഞങ്ങളുടെ  ഗൈഡിനെ നോക്കി നില്‍ക്കുമ്പോള്‍ ആണ്  ഒരു ചെറിയ ലഹള കേട്ടത്. പ്രായം ചെന്നൊരു സ്ത്രീയായിരുന്നു ആയിരുന്നു അത്, അവരുടെ കുളിമുറിയില്‍ കപ്പ്‌ ഇല്ല പോലും!  അതുകൊണ്ട് തുണി കഴുകാന്‍ ഒന്നും പറ്റുന്നില്ല എന്ന് പരാതിപ്പെടുകയാണ്.  വിദേശ യാത്രയില്‍  ഇന്ത്യക്കാര്‍ക്ക് പ്രത്യേകിച്ച് സൌത്ത് ഇന്ത്യന്‍സിനു  ബുദ്ധിമുട്ട് അനുഭവപ്പെടുക  ഈ കാര്യത്തിലാണ്.  അതായത്  കുളിയും  തുണി അലക്കലും  വേണമല്ലോ.  കുളിമുറിയില്‍ കപ്പ്‌  ഉണ്ടാകില്ല  ,എന്നൊക്കെ  എജെന്റ്     പറഞ്ഞു മനസ്സിലാക്കി കൊടുക്കാന്‍  ശ്രമിച്ചിരുന്നു  എങ്കിലും  അവര്‍ക്ക്  അതൊന്നും സമ്മതം  ആയില്ല  എന്ന്  അവരുടെ  തുടര്‍  സംഭാഷണങ്ങളില്‍      നിന്നും  മന്സ്സ്സിലക്കാന്‍  സാധിച്ചിരുന്നു ഇതെല്ലാം കേട്ട് നില്‍ക്കുമ്പോള്‍ ഞങ്ങള്‍ക്ക് പോകാനുള്ള കൊച്ചു  വണ്ടി   എത്തിച്ചേര്‍ന്നു. ഞങ്ങളുടെ കൂടെ ഒരു ബോംബെ മറാത്തി  ഫാമിലി ഉണ്ടായിരുന്നു.  അങ്ങിനെ  ഹോട്ടല്‍ നിന്നും ആദ്യം  പട്ടയ  ബീച്ചിനടുത്തെത്തി  വണ്ടിയില്‍ നിന്നും  ഇറങ്ങുമ്പോഴേക്കും,   വഴിയോര കച്ചവടക്കാര്‍  അടുത്ത് എത്തി.  അവരുടെ കൈവശം  തൊപ്പികള്‍, സ്ലിപ്പെര്‍ ചെരുപ്പുകള്‍,  ബര്‍മുഡകള്‍ എന്നിവയൊക്കെ ഉണ്ടായിരുന്നു.  കോറല്‍  ദീപിലേക്ക് അടുത്തു  ബോട്ട്  എത്തില്ല. അപ്പോള്‍  വെള്ളത്തിലിറങ്ങി  നടക്കേണ്ടി വരും.  അപ്പോള്‍ നനയാതിരിക്കുന്നതിനാണു ബര്‍മുഡയും മറ്റും.  മണലില്‍  സുഗമമായി  നടക്കുവാനാണു  സ്ലിപ്പെര്‍ ചെരുപ്പുകള്‍. വെയിലിനെ പ്രതിരോധിക്കുവാന്‍  തൊപ്പികള്‍, സണ്‍ ഗ്ലാസ്സ് ഒക്കെ.  ഒപ്പം ഉണ്ടായിരുന്ന ഫാമിലിയിലെ  ആന്റിമാര്‍ ബെര്‍ന്മുഡകളൊക്കെ വാങ്ങി. ഞങ്ങള്‍ ചെരുപ്പുകളും,തൊപ്പിയും ഗ്ലാസ്സും! 




  അങ്ങിനെ  വെള്ളത്തിലേക്ക്‌  ഇറങ്ങി  നടന്നു തുടങ്ങി.  വേലിയേറ്റ  പ്രശ്നങ്ങള്‍ കാരണം കരക്കടുത്തേക്ക്  ബോട്ട് അടുപ്പിക്കില്ല.  ആയതിനാല്‍ കടല്‍ ജലത്തിലൂടെ ഞങ്ങള്‍ നടന്ന് ബോട്ടിനരുകിലെത്തി.   ഹാഫ് സ്ലിപ്പേര്‍ ഇട്ടു  കേറുക ഇത്തിരി  കടുപ്പം ആയിരുന്നു .  അങ്ങിനെ ബോട്ട് യാത്ര തുടങ്ങി . നല്ല വെയില്‍  ഉണ്ടായിരുന്നു.  സണ്‍ ഗ്ലാസ്സ്  ഒക്കെ എടുത്തു വച്ചു   സ്റ്റൈല്‍  ആയി ഇരുന്നു.  





 ഇടയ്ക്കു അവര്  ഒരു പ്ലാറ്റ് ഫോമിനു അടുത്തു  ബോട്ട് നിര്‍ത്തി. (വെളത്തില്‍  ഇടയ്ക്കു  ഉയരത്തില്‍  മരം കൊണ്ട്  കെട്ടി ഉണ്ടാക്കിയത് )  അവിടെയാണ്  "പാര സൈയിലിംഗ്“.  ആകാശയാത്ര.  അവിടെ   കുട്ടികള്‍  മുതല്‍ മുതിര്‍ന്ന ആളുകള്‍  വരെ ഉണ്ട് .  എന്നോട്  അതില്‍ കയറിക്കൊള്ളാന്‍  ഏട്ടന്‍  പറഞ്ഞു .  പക്ഷേ ധൈര്യം  പോര.   ജീവിതം ഒന്നല്ലെ ഉള്ളു..  ഒന്ന്  കയറി നോക്കാം  എന്നവസാനം  വിചാരിച്ച്  അവിടെ  വരിയില്‍ പോയി  നിന്നു .  (ടിക്കറ്റ്‌ എടുക്കണം  കേട്ടോ )  നേരത്തേ കൂടെ ഉണ്ടായിരുന്ന  ആന്റി  ബര്‍മുഡ  ഒക്കെ ഇട്ടു സ്റ്റൈല്‍ ആയി എന്റെ  മുന്പില്‍  ഉണ്ടായിരുന്നു.  ആതോടെ ഞാനും പേടി മറച്ചു നിന്നു . എനിക്ക്  മുന്പ്  അപ്പു (മോന്‍ ) പോയി.  ഏട്ടനും  ചെറിയ മോനും  അവിടെ തന്നെ നിന്നു.  മന:പ്പൂര്‍വം  എന്നെ കേറ്റി  വിട്ടതാണോ  എന്തോ?  മനസ്സില്‍ സംശയത്തിന്റെ മുളകള്‍ പൊട്ടി!  അങ്ങേരെ നോക്കി.  പേടിക്കേണ്ട എന്നൊക്കെ അങ്ങേരു അവിടെ നിന്നുംകൊണ്ട് ആംഗ്യം കാണിക്കുന്നുണ്ട്.   (ഒവ്വ!   എന്റെ പേടി എനിക്കല്ലേ  അറിയൂ ) അങ്ങിനെ എന്റെ ഊഴം എത്തി.  അവിടത്തെ സ്റ്റാഫ് ലൈഫ്  ജാക്കറ്റ്  ഇടുവിച്ചു തന്നു.  അതും ഒരു സംഭവം തന്നെ!   അതിന്റെ ലോക്കുകള്‍  ഇരുമ്പിന്റെ..   ഇട്ടപ്പോള്‍ നല്ല ഭാരം തോന്നി.. ഉള്ളിലൊരു പേടി പിന്നേം .. ഈ കൊളുത്ത്  എങ്ങാനും  വിട്ടു പോയാലോ ???!!!  അവരന്നെ  മുന്പില്‍ നിര്‍ത്തി  മുകളില്‍നിന്നു വരുന്ന  പാരചൂട്ടില്‍ എന്റെ ലൈഫ് ജാക്കെറ്റ്‌ കൊളുത്തുകള്‍  ഇടുവിച്ചു.  വളരെ ഫാസ്റ്റ് ആയിയാണതവര്‍ ചെയ്യുന്നത്.   എന്നോടവര്‍ ഓടാന്‍  പറഞ്ഞു.  ഓടിയോടി  പ്ലാറ്റ് ഫോമ്മിനു അവസനം എത്തി..  ഇനി കടലാണ്.. പൊങ്ങിയില്ലെങ്കില്‍..   അപ്പോഴേക്കും  ബോട്ട് സ്പീഡ് കൂട്ടി..   ഞാനും  പതുക്കെ പൊങ്ങി.. എന്റെ ഭാരം ഞാന്‍ അറിയുന്ന  നിമിഷം  കണ്ണുകള്‍ ആദ്യം ഇറുക്കെ  അടച്ചു..  പിന്നെ മെല്ലേ തുറന്നപ്പോള്‍  ഞാന്‍ ആകാശത്ത്..








 താഴെ മനോഹരമായ   കടല്‍..
മുകളില്‍ പഞ്ഞികെട്ടുകള്‍  പോലെ  മേഘങ്ങള്‍ ..  താഴെ  ചെറിയ ബോട്ടുകള്‍.. കുറച്ചുനേരം ചുറ്റിയ ശേഷം താഴേക്ക്.. തിരിച്ചിറങ്ങുമ്പോള്‍  നല്ലപോലെ ശ്രദ്ധിക്കണം...  കാല് മടങ്ങാതെ  നോക്കണം.. താഴെ വന്നു കാലുകുത്തുമ്പോള്‍   തന്നെ നമ്മളെ പിടിച്ചു നിര്‍ത്താന്‍ മൂന്നു നാലു പേരുണ്ടാകും.. അത്രക്കും  ഫോഴ്സിലാണു ഇതിന്റെ ലാന്‍ഡിങ്ങ്!  അങ്ങിനെ ഒരുവിധം താഴെ ലാന്‍ഡ്‌ ചെയ്തു.



അവിടെനിന്നും വീണ്ടും ബോട്ടില്‍  കോറല്‍ ഐലന്‍ഡ്‌  കാണാന്‍ തിരിച്ചു .  ബോട്ട് കുറച്ചു ദൂരം കൊണ്ട് പോയി വേറെ ഒരു നിര്‍ത്തിയിട്ട ബോട്ടിന് അടുത്ത്  നിര്‍ത്തി .  അവിടേക്ക് ഞങ്ങളെ മാറ്റി.  അവിടെയാണ്  കടലിനടിയിലൂടെ നടക്കലും,  പവിഴപുറ്റു കാണലുമൊക്കെ. ഞാനില്ല എന്നു മുന്പേ ജാമ്യമെടുത്തു.  ഏട്ടനും അപ്പുവും  കൂടി  പോകാന്‍ റെഡി ആയി .  അതിന്റെ ഹെല്‍മെറ്റ്‌ പോലുള്ള മാസ്ക് ഒക്കെ  ഇടുമ്പോള്‍ തന്നെ ചിലര് ഇല്ല എന്നു നിരസിച്ച് തിരിച്ചു കയറി.  അവരങ്ങിനെ കടലിനു  അടിയിലോട്ട്  യാത്രയായി, പുറ്റുകളുടെ ഭംഗി നുകരാന്‍.  ഞാനും ചെറിയ മോനും ബോട്ടില്‍ തന്നെ ഇരുന്നു.  ബോട്ടില്‍ തന്നെ ചെറിയ ഒരു കടയുണ്ട്.  പേരക്ക  നല്ലപോലെ മുറിച്ചു മുളക് പൊടി ഒക്കെ ഇട്ടു  തന്നു.  അതും  കഴിച്ചു ഇരുന്നു ഞങ്ങള്‍ രണ്ടും.  കടല് വളരെ  ക്ലിയര്‍ ആയിരുന്നു.  അടിത്തട്ടു നമ്മുക്ക് ബോട്ടില്‍ ഇരുന്നും കാണാമായിരുന്നു.   കുറെ മീനുകള്‍ അപ്പോള്‍ കൂട്ടം കൂടി എത്തി.






  അവയുടെ കളികളും നോക്കി ആസ്വദിച്ചിരുന്നു.  ഇരുന്നു .  അതിനിടയില്‍ കടലില്‍ നടക്കാന്‍ പോകുന്ന കുറച്ചു പേരെ കണ്ടു.  അധികവും വിദേശികള്‍ ആണ്






.  വലിയ നീളന്‍ കാലുകള്‍ സഞ്ചരിക്കാന്‍ എളുപ്പത്തിനാകും.   അവര് അങ്ങിനെ നടക്കുന്നു..  ചിലര് മീന്‍ പിടിക്കുവാന്‍ക്കാന്‍ ശ്രമിക്കുന്നു.  എല്ലാം വീക്ഷിച്ചിരിക്കെ  അടിയില്‍ പവിഴപുറ്റു കാണുവാന്‍ പോയവര്‍ തിരിച്ചെത്തിത്തുടങ്ങി. പിന്നീട് ഞങ്ങള്‍  സ്പീഡ് ബോട്ടില്‍ കയറി  കോറല്‍ ബീച്ചിനു  അടുത്തേക്ക്,  അവിടെ  കരക്ക്‌ ദൂരെ ബോട്ട് നിര്‍ത്തി.  മനോഹരമായ കാഴ്ച. 





 നിറയെ  പച്ചപ്പും.  കൊച്ചു കുടകള്‍..  അവയ്ക്ക് അടിയില്‍  മലര്‍ന്നു കിടക്കുന്ന  സൌന്ദര്യധാമങ്ങള്‍..  കറുപ്പും വെളുപ്പുമായി..!  പേരിനു മാത്രം തുണി ഉടുത്ത് കുറപേര്‍ വെയില് കൊള്ളാന്‍ കിടക്കുന്നുണ്ടായിരുന്നു അവിടെ.   സ്പീഡ് ബോട്ടില്‍ കേറി  ഒരു യാത്ര നടത്തി.





  പിന്നെ അടുത്തുള്ള ബീച്ചില്‍  കുളിക്കാനിറങ്ങി.  കുട്ടികള്‍ കളിച്ചു തിമിര്‍ക്കുകയായിരുന്നു .   വെള്ളത്തില്‍ മുഴുവനായും മുങ്ങാന്‍ മനസ്സ് അനുവദിച്ചില്ല.  ഉപ്പു വെള്ളമായതിനാല്‍  വേണ്ടാ എന്ന്  വച്ചു.  പിന്നിട്  അവിടെ തന്നെയുള്ള   ഇന്ത്യന്‍ ഹോട്ടലില്‍ നിന്നും  ഭക്ഷണം.  അതു കഴിഞ്ഞു വീണ്ടും ബോട്ടില്‍ തിരിച്ചു  പട്ടയയിലെക്ക്.  ബോട്ട്  നല്ല സ്പീഡില്‍  ആയിരുന്നു.  തിരിച്ചു വരുമ്പോള്‍ എന്തോ ഒരു വിഷമം.  കടല്‍ അങ്ങിനെയാണ്  നമ്മളെ വല്ലാതെ മോഹിപ്പിക്കും.  അങ്ങിനെ ബോട്ടില്‍നിന്നും ഇറങ്ങി കരക്ക്‌ നടന്നു.  ഇടക്ക് ഒപ്പമുണ്ടായിരുന്ന കുട്ടികള്‍ക്ക് മീന്‍ പിടിക്കാന്‍ പറ്റി. (അതിനെ തിരിച്ചു വിട്ടു കേട്ടോ)  ഞങ്ങള്‍ കരക്ക്‌ എത്തിയ നേരം  അവിടെ  പാര സൈലിംഗ് നടത്തിയ  ഫോട്ടോ, ബോട്ടില്‍ കയറുമ്പോള്‍ എടുത്ത ഫോട്ടൊ
 ഒക്കെ ഒരു പ്ലാസ്റ്റിക്‌ പ്ലേറ്റില്‍ ലാമിനേറ്റ്  ചെയ്തു തന്നിരുന്നു .  അതെല്ലാം വാങ്ങി തിരിച്ചു ഹോട്ടെലിലേക്ക്.  അന്ന് രാത്രിയില്‍ ഞങ്ങള്‍ അവിടെ അടുത്തുള്ള റോഡുകളില്‍ നടക്കാന്‍ പോയി.  തെരുവില്‍ നിറയെ മാമ്പഴക്കച്ചവടക്കാര്‍ ഉണ്ടായിരുന്നു.. എന്തു ഭംഗിയിലാണെന്നോ അവരു മുറിച്ചു തരിക..  പിന്നെ പാക്കിങ്ങും വളരെ മനോഹരമായി..  എനിക്കത് വളരെ ഇഷ്ടമായി.  അവിടെയും നിറയെ മസ്സാജ് പാര്‍ലറുകള്‍  ഉണ്ടായിരുന്നു . സന്ദര്‍ശിച്ചാലോ എന്നു നിനച്ചെങ്കിലും കുട്ടികളെ എന്ത് ചെയ്യും എന്നായി.  എന്തായാലും തായ്ലന്‍ഡില്‍ നിന്നും പോരും മുന്‍പ്   മസ്സാജ് ചെയ്യണമെന്ന് മനസ്സിലുറപ്പിച്ച് ഹോട്ടെലിലേക്ക് തിരിച്ചു നടന്നു.  നാളെ രാവിലെ ബാങ്കോക്ക്‌  പോകുയാണ്.  അവിടെ വേറെ ഹോട്ടല്‍..



പിറ്റേന്ന് രാവിലെ ഞങ്ങള്‍  ബാങ്കോക്കിലേക്ക് യാത്ര തിരിച്ചു.  അവിടെ  എന്റെ മസ്സാജ് മോഹം  ഒരു സംഭവം ആക്കി തീര്‍ത്തു..!!  അത് ഇനി അടുത്ത പോസ്റ്റില്‍