Followers

Sunday, 15 August 2010

ഭൂമദ്ധ്യരേഖ ക്രോസിംഗ് ആഘോഷം

ഭൂമദ്ധ്യരേഖ ക്രോസിംഗ് ആഘോഷം. ഇത്  എന്താണെന്ന് എത്ര പേര്‍ക്ക് അറിയും എന്നെനിക്കറിയില്ല.  പണ്ട് സ്കൂളില്‍ നമ്മള്‍ പഠിച്ചിട്ടുണ്ട് ഭൂമദ്ധ്യരേഖയെ കുറിച്ച് അല്ലെ ?  അപ്പോള്‍  അതിനെ കുറിച്ച്  പറഞ്ഞു സമയം  കളയുന്നില്ല.  നേരെ കാര്യത്തിലേക്ക്  കടക്കാം.

നെപ്റ്റ്യൂൺ   രാജാവിനെ  ആണ് കടലിന്റെ ദേവനായി കരുതുന്നത്.  രാജാവിന്റെ മകളായി മത്സ്യകന്യകയും.  കടലിന്റെ  ഓരോ താളവും ദേവന്റെ  ഇഷ്ടമനുസരിച്ചാണ്  എന്നാണ്  വിശ്വാസം.  കടലിലെ ജീവജാലങ്ങളെ സംരക്ഷിക്കേണ്ട  ചുമതല ദേവനില്‍  നിക്ഷിപ്തമായതിനാല്‍  ഭൂമദ്ധ്യരേഖ  മുറിച്ചു കടക്കുമ്പോള്‍  അദേഹത്തിന്റെ  അനുമതി വാങ്ങിയിരിക്കണം എന്നൊരു വിശ്വാസം സെയിലെർസിന്റെ ഇടയിലുണ്ട്.  ആദ്യമായി  ഭൂമദ്ധ്യരേഖ കടക്കുമ്പോള്‍  നെപ്റ്റ്യൂൺ ദേവന്റെ അനുവാദം ഇല്ലാതെ കടന്നാല്‍ തടവുകാരായി  പിടിച്ചു കൊണ്ട് പോകും. അവര്‍ക്കുള്ള ശിക്ഷ  രാജാവ്‌ തീരുമാനിക്കും.  ആയതിന്റെ പ്രതീകാത്മകമായി  കപ്പലില്‍  ഇതുപോലെ  ആഘോഷിക്കാറുണ്ട്.  ഇതുപോലെ ഞങ്ങളുടെ ഷിപ്പില്‍  ഉണ്ടായ 'ഭൂമദ്ധ്യരേഖ  മുറിച്ചു കടക്കല്‍  ആഘോഷം '   അതാണ് ഞാൻ നിങ്ങളുമായി  പങ്കുവെയ്ക്കുന്നത്.
(പഴയ കാലത്തേ ക്രോസിംഗ്  പിക്ചർ $ ഇപ്പോഴത്തേ ഒരു  പിക്ചര്‍)
കപ്പല്‍  സൌത്ത് ആഫ്രിക്ക, ഓസ്ട്രേലിയ  എന്നിവടങ്ങളില്‍ കൂടി പോകുമ്പോഴാണ്  ഭൂമദ്ധ്യരേഖ കടക്കാന്‍  സാധിക്കാറുള്ളത്.  ഇതുപോലുള്ള  ഒരു യാത്രയിലാണു   ഭൂമദ്ധ്യരേഖയുടെ  മുറിച്ചു കടക്കല്‍ ആഘോഷം  കാണുവാന്‍  സാധിച്ചത്.  1989 ശേഷം  ആഘോഷങ്ങള്‍  കുറച്ചു കൂടി സമാധാനമായി  എന്ന് പറയാം.  മുന്പ്  പലപ്പോഴും വളരെ  മോശമായിട്ടാണ് ഈ ആഘോഷം  നടന്നിരുന്നത്  എന്നാണ് അറിയാന്‍ സാധിച്ചത്.  മരണം വരെ  ഒരു തരം  റാഗിങ്ങ്  പോലെ  ഈ പരിപാടികള്‍   നടന്നിരുന്നു എന്നാണ് ആദ്യ കാല റിപ്പോര്‍ട്ട്‌.  എന്തായാലും  ഇപ്പൊ അങ്ങിനെയൊന്നും അല്ല കെട്ടോ.  കപ്പലിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ ആയിരിക്കും  രാജാവ്‌.  കൂടെ റാണിയെ പോലെ വേഷം കെട്ടി ഒരാളും ഉണ്ടാകും. ഭൂമദ്ധ്യരേഖ ഇതിനു മുന്‍പ് മുറിച്ചു കടന്നവര്‍ ആയിരിക്കും രാജാവും റാണിയും ആകുക  കേട്ടോ.  പുതിയ  ജോലിക്കാര്‍, ഇതുവരെ ഭൂമദ്ധ്യരേഖ മുറിച്ചു കടക്കാത്തവര്‍ ആയിരിക്കും  പ്രതികള്‍.  രാജാവ്‌   വലിയ  പഞ്ഞി താടിയും, കയ്യില്‍  ശൂലവുമൊക്കെ പിടിച്ചാണ് നില്‍ക്കുക.  റാണി; നല്ല ഒരു സുന്ദരിയെ പോലെ അണിഞ്ഞു  ഒരുങ്ങും.  ബാക്കി  ഉള്ളവരില്‍  ഭൂമദ്ധ്യരേഖ മുന്‍പ് മുറിച്ചു കിടന്ന  ആളുകള്‍; ഭടന്മാരെ  പോലെ പ്രതികളെ  പിടിച്ചു  കൊണ്ട്  വരും.  പിന്നെ  രാജാവിന്റെ തീരുമാനം പോലെ ശിക്ഷ വിധിക്കും.  ചെറിയ ശിക്ഷകള്‍ .  ഉള്ളത് പറഞ്ഞാല്‍   എല്ലാ ഷിപ്പുകളിലും (എല്ല്ലാ രാജ്യക്കാരുടെ) ഒരുപോലെയാണ് ശിക്ഷാവിധികള്‍ .  കയറു കൊണ്ട്  ചുറ്റി വരിയല്‍ , മുടി വടിക്കല്‍ അങ്ങിനെ അങ്ങിനെ.....


ഞങ്ങളുടെ കപ്പലില്‍  ചീഫ് എഞ്ചിനീയര്‍ ആയിരുന്നു  രാജാവ് ആയതു.  ഏട്ടന്‍ അപ്പോള്‍ ചീഫ് ഓഫീസര്‍ ആയിരുന്നു.  കപ്പിത്താന്‍ വേറെ ഒരു ആളായിരുന്നു. ആ കപ്പലില്‍   ഞങ്ങള്‍  മാത്രമേ  ഫാമിലിയായി  ഉണ്ടായിരുന്നുള്ളു .  ആദ്യമായി കടക്കുന്നവരായിരുന്നു  അപ്പുവും (മോന്‍)  ഞാനും.  ഞങ്ങളെ  പ്രതികള്‍ ആക്കും എന്നായി  അവര്‍.  ഞങ്ങള്‍  പേടിച്ചു  ലഹള തുടങ്ങി. അവസാനം മോനെ അവര്‍ ചേര്‍ത്തു.  ഞാന്‍  ബ്രിഡ്ജില് ‍(ഷിപ്പില്‍ വീല്‍ ഉള്ള ഭാഗം മുകളില്‍ ആണ് അതാണ് ബ്രിഡ്ജ്)  പോയി അവിടെ സൈഡില്‍  ഉള്ള വിങ്ങ്സില്‍ പോയി നിന്നു.  അപ്പോഴേയ്ക്കും ചീഫ് എഞ്ചിനീയര്‍ വലിയ പഞ്ഞിത്താടിയൊക്കെ വെച്ചു വന്നു.  ഒരു  എ.ബി (സീ മാന്‍)  റാണി ആയി. ഹാ !! നല്ലൊരു സുന്ദരിക്കുട്ടിയായി ഒരുങ്ങിയിരുന്നു അയാള്.  അപ്പോഴ്ക്കും  ഫോര്‍ത്ത് എഞ്ചിനീയറെ  ഒക്കെ അവര് പിടിച്ചു കെട്ടി കൊണ്ട് വന്നു.  കൈകള്‍ ബായ്ക്കില്‍ വെച്ചു കെട്ടി അവരെ കൊണ്ട് വന്നു; രാജാവിന്റെ മുന്പില്‍ മുട്ടുകുത്തിച്ചു നിര്‍ത്തി.  ഇനിയാണ് ശിക്ഷ വിധിക്കല്‍. കുറച്ചു പേരുണ്ടായിരുന്നു പ്രതികളായിട്ടു.  അവരെ ആദ്യം കയറു കൊണ്ട് ഉടലാകെ കെട്ടി, പിന്നെ ചിലരുടെ തലമുടി, മീശ ഒക്കെ  പകുതി വടിച്ചു.  അതിനു ശേഷം കരി ഓയില്‍ മുഖത്തു തേച്ചു.  പിന്നെ തലയില്‍ കോഴിമുട്ട ഉടച്ചു.  കഷ്ടം തോന്നി. നല്ല ഗ്ലാമര്‍ ഉള്ള ആളുകള്‍ ഒക്കെ ആകെ കരിപാത്രത്തില്‍ വീണു ഉരുണ്ട പോലെ !! ഇടയ്ക്കു ചിലര്‍ മുകളിലെ ഡെക്കില്‍ എന്നെ കണ്ടതോടുകൂടി ചമ്മുന്നത് കാണാമായിരുന്നു. പാവം മോന്‍ ;  അവര്‍ ചുമ്മാ കവിളില്‍ കരി കൊണ്ട് ഒന്നു വരയിടാന്‍ ചെന്നപ്പോള്‍  കരച്ചില്‍  തുടങ്ങി.  എന്തായാലും അവര്‍ അവനെ  ഒന്നും ചെയ്തില്ല. പ്രതികളുടെ ഒപ്പം നിര്‍ത്തി എന്ന് മാത്രം.  ഹെവിഓയില്‍   ‍, കരി ഓയില്‍  പിന്നെ വിസ്കി എല്ലാം കൂടി ചേര്‍ത്തൊരു  ഡ്രിങ്ക് അവരെ കൊണ്ട് കുടിപ്പിക്കും.  അതിനുശേഷം സര്‍ട്ടിഫിക്കറ്റ് കൊടുത്തിരുന്നു.  ഇനി എവിടെയും ഇതുപോലുള്ള ശിക്ഷ  കിട്ടാതെ  ഇരിക്കാന്‍.   മോനും കൊടുത്തു അവരൊരു സര്‍ട്ടിഫിക്കറ്റ് ഇതുപോലെ. അതിനുശേഷം   തുണിഊരി ഓടിക്കാറൊക്കെയുണ്ട്.  ഞാന്‍ ഉള്ള കാരണം അവരു രക്ഷപെട്ടു !!

ഇതിനോട് അനുബന്ധിച്ച് ചില ഷിപ്പുകളില്‍  ആണുങ്ങള്‍  പെണ്‍വേഷവും, പെണ്ണുങ്ങള്‍ ആണ്‍ വേഷവും കെട്ടി ഡെക്കില്‍ നൃത്തം വെയ്ക്കാറുണ്ട്.  ഹോർസ് പൈപ്പു കൊണ്ട് വെള്ളം ശക്തിയായി അവരുടെ മേല്‍  സ്പ്രേ ചെയ്യിക്കും. അതു പോലെ ഞങ്ങളൂടെ ഷിപ്പിലും പ്രതികളെ നനപ്പിച്ചിരുന്നു.  എന്തൊക്കെ പറഞ്ഞാലും കടലും കടലിന്റെ മക്കളും ഈ നെപ്റ്റ്യൂന്‍  രാജാവിനെ  വിശ്വസിക്കുന്നു.  ഭൂമദ്ധ്യരേഖ  മുറിച്ച് കടന്നവരെ രാജാവിന്റെ മക്കളായി കരുതുന്നു.  കടല്‍ യാത്രക്കിടയില്‍  ഇതുപോലുള്ള ആഘോഷങ്ങള്‍  ജോലിക്കാരുടെ മനസ്സില്‍ സന്തോഷവും , കുസൃതിയും ,അതിലുപരി  മാനസികോല്ലാസവും   നിറയ്ക്കുന്നു.  ദേശവും കുടുംബവും വിട്ടു കടലിന്റെ മക്കളായി  മാറുന്ന അവര്‍  കടലുമായി  ബന്ധപ്പെട്ട എല്ലാ ആചാരങ്ങളും ചെയ്യുവാന്‍ ഇഷ്ടമുള്ളവരാണ്. അന്ന്;   ആഘോഷങ്ങള്‍ക്ക്  ശേഷം  എല്ലാവരും ചേര്‍ന്നൊരു  പാര്‍ട്ടി.  അതോടെ ആഘോഷങ്ങള്‍ക്ക് തീരശീല വീഴുന്നു.