Followers

Tuesday 10 January 2012

പേജ് 2 (ജീവിതത്തില്‍ നിന്നും)

 
ഒരു പാടു പ്രതീക്ഷകള്‍ നെയ്ത് കയറിയിറങ്ങിയൊരു കാലഘട്ടം.  ചെയ്യുന്നതൊക്കെ ശരി എന്നു കരുതി നടന്നിരുന്നൊരു  കാലം. പൂക്കളിലും കിളികളിലും എന്നു വേണ്ട പ്രകൃതിയിലെ സർവ്വ ചരാചരങ്ങളിലും സൌന്ദര്യം നിറഞ്ഞു തുളുമ്പി നില്‍ക്കുകയാണ്‌ എന്ന തോന്നൽ ശക്തമായതീ കാലഘട്ടത്തിലാണ്.  വിദ്യാലയത്തിൽ നിന്നും കലാലയ മൂഡിലേക്കായി  മാറി.  വിശാലമായ മുറ്റവും മരങ്ങളും ഒരുപാടു കുട്ടികളും ഒക്കെയുള്ള  കോളേജ്. പ്രീഡിഗ്രി എന്ന സംഭവം  നിർത്തലാക്കുന്നതിനു മുൻപേ ആ സൌഭാഗ്യം അനുഭവിക്കുവാൻ കഴിഞ്ഞു.  പെണ്‍കുട്ടികള്‍ മാത്രം ഉള്ള ലോകത്തു നിന്നും  മിക്സെഡ്  അന്തരീക്ഷത്തിലേക്കുള്ളൊരു പറിച്ചു നടൽ. ആ വലിയ കോളേജില്‍  എവിടെയൊക്കെയോ ചെറിയ ഓര്‍മകള്‍ മാത്രം നല്‍കി ഞാന്‍ അലിഞ്ഞു പോയി. എന്നിലെ ഞാന്‍ എന്ന റോള്‍ ഒന്നും മിണ്ടാന്‍ ആകാതെ  സ്വയം  മറന്നു  ഇരുന്നു പലയിടത്തും.  ഒരുപാടു പേര് ഉണ്ടെങ്കിലും ആരും ഇല്ലാത്ത അവസ്ഥ.  പഠിച്ചിരുന്ന സ്കൂള്‍ തന്നെ നല്ലത് എന്നു പലപ്പോഴും തോന്നി പോയ നിമിഷങ്ങള്‍. ഇടയ്ക്കു എപ്പോഴോ തഴുകി വരുന്ന ഇളം കാറ്റില്‍  ഓര്‍ത്തു വെച്ച കൊച്ചു നിമിഷങ്ങള്‍.  ഇന്നും ആരെന്നോ എന്തെന്നോ അറിയാത്ത  നിമിഷങ്ങളിൽ കഥയ്ക്ക്‌ രൂപം മെനയാന്‍ നോക്കിയെങ്കിലും  കഥാപാത്രം  ഏപ്പോഴും ചാറ്റ് റൂമിലെ " ഇന്‍ വിസിബിള്‍   മോഡ് " പോലെ ഇരുന്നതിനാല്‍, കഥക്ക് സസ്പെന്‍സും ത്രില്ലും  ഉണ്ടായില്ല. അവിടുന്ന്  മൂന്ന് വര്‍ഷത്തേ പഠനത്തിനായി  കോളേജ് മാറിയപ്പോള്‍  ആദ്യം ഒക്കെ സങ്കടം ആയിരുന്നു.  അറുപതു കുട്ടികള്‍ ഉള്ള മാന്തോപ്പിനു സമീപത്തായി സ്ഥിതി ചെയ്തിരുന്ന ക്ലാസ്സ് റും.  ഇടയ്ക്കിടയ്ക്ക്  അപ്പൂപ്പൻ താടികളെ പേറി വന്നിരുന്നൊരു കൂട്ടുകാരി..  ഉച്ചക്ക്  അറുബോറന്‍ ക്ലാസ്സില്‍  ഉറക്കം വന്നു തുങ്ങുമ്പോള്‍  ബെഞ്ചിനു അടിയില്‍  പോയി ഇരുന്നത്.. പേപ്പര്‍ കൊണ്ട്  പൂമാലകെട്ടി മുൻപിലെ  ബെഞ്ചിലെ കൂട്ടുകാരിയുടെ തലമുടിയില്‍ ചൂടിച്ചു സായുജ്യം ആവാതെ  സാരീ ഉടുത്തു വന്നിരുന്ന  അവളെ ഇക്കിളി കൂട്ടിയത്..അങ്ങിനെ ഓര്‍ക്കാന്‍ എന്റേത് മാത്രം ആയ ചില നിമിഷങ്ങള്‍ . ഒരു പാട് പ്രതീക്ഷകള്‍..  ഇഷ്ടമില്ലാത്ത വിഷയം പതിക്കാനിരുന്ന ക്ലാസ്സിൽ ഞാനൊരു ഇഷ്ടക്കേടായി മാറി.. എന്നിലെ എന്നെ ഒരിക്കലും കണ്ടെത്താന്‍ ആര്‍ക്കും സാധിച്ചില്ല.  കഥയും ,കവിതയും ,നാടകവും എനിക്ക് മുന്പില്‍ പലപ്പോഴും വേഷവും രൂപവും ഇല്ലാതെ ആടി തിമിർത്തപ്പോള്‍ മനസ്സു പലപ്പോഴും  തേങ്ങിയത്  ഒരു സുഹൃത്ത്‌ പോലും അറിഞ്ഞില്ല.. മൂന്നു വര്‍ഷം പഠിച്ചിട്ടും ഒരിക്കലും പരസ്പരം മിണ്ടാത്ത സഹപാഠികൾ.. നമ്മുടെ ഉറ്റ സുഹൃത്തുക്കൾ ന്നു കരുതിയവര്‍ ഒക്കെ പിന്നിട്  അണിഞ്ഞത്  മുഖം മുടി കെട്ടിയ  വേഷം ആയിരുന്നു.  ഇടയ്ക്കു  കിട്ടിയ സൌഹൃദങ്ങള്‍, ഒരുപാടു ചേര്‍ത്തു കൊണ്ടുവെച്ച  പ്രിയ കൂട്ടുകാര്‍..  അവര്‍ക്ക് മുന്പില്‍  ഒരുപാടു സംസാരിച്ചു..  എന്നിട്ടും ഒരിക്കലും എനിക്ക് മതിയായിരുന്നില്ല .  അല്ലെങ്കിലും ഞാന്‍ എന്നും അങ്ങിനെ ആയിരുന്നല്ലോ. എന്നിലെ എന്നെ അറിയണം  എങ്കില്‍ അത്രയ്ക്ക് ഞാനുമായി സംസാരിക്കണം. 
 

ഒരുപാടു സ്വപ്നം കണ്ട ആ കാലഘട്ടം  ഒരിക്കലും  എന്നിലെ എന്നെ തൃപ്തിപ്പെടുത്തിയില്ല.  അടുത്ത് ഇരുന്നവര്‍ ശത്രുവോ ,മിത്രമോ എന്നു അറിയാതെ എല്ലാവരെയും ഒരുപോലെ സ്നേഹിച്ചു. അവസാനം  കൈ നിവര്‍ത്തി നോക്കിയപ്പോള്‍  പഴി മിച്ചം.. അകം കാലി.  എന്നിരുന്നാലും  ആണ്‍കുട്ടികളോട്  പേടി  കൂടാതെ സംസാരിക്കാന്‍  സാധിച്ചത് ഈ പേജില്‍  തന്നെയാണ്..!  ക്ലാസ്സിലെ തന്നെ ചേരിതിരിവുകള്‍.  പലപ്പോഴും  ഞാന്‍ വഴി തെറ്റി വന്നു കേറിയതാണോ  ഇവിടം എന്നൊരു തോന്നല്‍  മനസ്സിനെ വല്ലാതേ  അലട്ടി .  ചെറുപ്പത്തിലെ  ശുദ്ധം ആയ പാലില്‍  മുക്കിയെടുതിട്ടും  ഉള്ളിന്റെ ഉള്ളില്‍  കാര മുള്ള് പോലെ ആഞ്ഞു തറച്ച ചില വാക്കുകള്‍  എന്നും വേട്ടയാടി കൊണ്ടിരുന്നു. എന്ത് പറഞ്ഞാലും.. എങ്ങിനെ പറഞ്ഞാലും  മനസ്സു തൃപ്തി ആകാതെ..  മിണ്ടാത്തവരും  മിണ്ടിയവരും  തമ്മില്‍  വലിയ മാറ്റം അന്ന് തോന്നിയില്ല എങ്കിലും പിന്നിട് എന്റെ ജീവിതത്തില്‍ ഒരുപാടു മാറ്റം അന്ന് മിണ്ടാത്തവര്‍ മൂലം  ഉണ്ടായി. .പലപ്പോഴും മൂന്നാം പേജില്‍ വന്ന സുഹൃത്തുക്കള്‍ അധികവും എന്നോട് ഒരിക്കലും മിണ്ടാത്തവ്ര്‍ തന്നെ ആയിരുന്നു .എന്തൊക്കെ പറഞ്ഞാലും  എങ്ങിനെയൊക്കെ  മറന്നു എന്ന് പറഞ്ഞു ചിരിച്ചാലും  ചിലര്‍  വരച്ചിട്ട  വരകള്‍ കാന്‍വാസില്‍  ആഴത്തില്‍ ആയിരുന്നു .വെളുത്ത പ്രതലം ഒരുതരം ഭ്രാന്തമായ  അവസ്ഥയില്‍  നിന്നും  മാറിയതില്‍  നിന്നും ഒരുപാടു കാര്യങ്ങള്‍ പഠിച്ചു . പലപ്പോഴും സൌഹൃദങ്ങള്‍  എന്നിലെ ഈഗോയെ മരുഭൂമിയിലെ  കള്ളിച്ചെടി  വളരുന്ന പോലെയെന്ന വണ്ണം  തഴച്ചു വളര്‍ത്തി. ഒന്നിനും  സാധിക്കാത്ത  ഒരു മന്ദബുദ്ധി പോലെ   മിഴിച്ചിരുന്നു പലപ്പോഴും .
അവസാനം കോളേജ് ജീവിതം തീരുമ്പോഴേക്കും  വിരലില്‍ എണ്ണിയ  മുന്ന് സുഹൃത്തുക്കള്‍ എന്നില്‍ അവശേഷിച്ചു.  പിന്നിട്ടു  അവരിലും അകലം കൂടിയ പോലെ.  ഇടയ്ക്കു ഭൂമി  അച്ചു തണ്ടിന് അടുത്ത് വരുന്ന പോലെ അടുത്ത് വന്നും പോയും അവര് ഇന്നും ഇരിക്കുന്നു.  എന്നാലും മനസ്സുകൊണ്ട് ഞങ്ങള്‍ ഇന്നും സുഹൃത്തുക്കള്‍ എന്നു കരുതുന്നു. പലപ്പോഴും  പുറത്തു നിന്നുകൊണ്ട് തന്നെ എനിക്ക് തണലായി നിന്നിരുന്നത് എന്നും  എന്റെ ഒന്നാം പേജ് ലെ സൌഹൃദങ്ങള്‍  ആയിരുന്നു.  എന്നിലെ മജ്ജയും മാംസവും ഇത്രയ്ക്കു  വികൃതം ആണ്  എന്നു തോന്നിയ നിമിഷങ്ങള്‍ പലപ്പോഴും ഉണ്ടായി.  അറിയാതെ കേട്ട പലതും നോവിച്ചെടുത്ത എന്റെ നൊമ്പരം.. പിന്നീട് അതിലും ഉപരി ആയി എന്നില്‍  തിരിഞ്ഞു എത്തി.  വൈകി അറിഞ്ഞ പല സത്യങ്ങളും എന്റെ  ജീവിതം മാറ്റി കളഞ്ഞു.  പേജ് ഒന്നില്‍ തിളങ്ങി നിന്ന എന്നിലെ കലയെ  മണ്ണില്‍ കുഴിഇട്ടു മൂടി  വലിയൊരു പാറക്കല്ല് കൊണ്ട് ഞാന്‍ അടിച്ചു നിരത്തി. എന്നിട്ടും മതി വരാതെ ഞാന്‍ കുറെ ചാമുണ്ടി  നൃത്തം ചവുട്ടി.   ജീവിതം ,സ്വപനങ്ങള്‍  ഇവ എല്ലാം ഇതു തരത്തില്‍ നമ്മളെ പിന്തുടരും എന്നു അറിഞ്ഞ പേജ് ആയിരുന്നു രണ്ടാം പേജ് .  കേള്‍ക്കേണ്ട  കാര്യങ്ങള്‍ അപ്പോള്‍ അപ്പോള്‍ കേള്‍ക്കാതെ  പിന്നിട് കേട്ടിട്ട് എന്ത് കാര്യം ? കാതുകള്‍  പലപ്പോഴും കാത്തു കിടന്നിരുന്ന  വാക്കുകള്‍    എന്നെ  തേടി എത്തിയില  .മൂന്നു  വര്ഷം പലപ്പോഴും കോളേജില്‍ എന്താണ് നടക്കുന്നത് അല്ല എന്തൊക്കെ നടന്നു എന്ന് പോലും അറിയില്ല .അലെങ്കില്‍ തന്നെ അവിടെ  സ്വന്തം സ്വന്തം 
ഗാങ്ങ്  ഉണ്ടാക്കാന്‍  ,അവര്‍ക്ക്  ഇടയില്‍  ഹീറോയിസം   കാട്ടാന്‍  നടക്കുന്ന കുറെ പേര്‍ .
 സ്വന്തം ക്ലാസ്സിലെ കുട്ടികളെ അറിയില്ല  അപ്പുറത്തെ ക്ലാസ്സിലെ പലരെയും  അറിയാം അതാണ് അവസ്ഥ . നിയന്ത്രണം  നിറഞ്ഞ  പേജില്‍  സ്വന്തം ഇഷ്ടത്തിന് അനുസരിച്ച്  ജീവിക്കാന്‍   പലര്‍ക്കും ആഗ്രഹം ഉണ്ടെങ്കിലും     കാലുകളില്‍  കെട്ടിയിട്ട  ചരടുകള്‍  വീടുകളില്‍  നിന്നും    വലിക്കുന്നത്  കൊണ്ട്  ,എനിക്ക് കിട്ടിയത്  നിനക്ക് കിട്ടിയല്ലോ  എന്നൊരു അസൂയ ഒരിക്കലും ദൈവ സഹായം  കൊണ്ട്  ആരോടും  ഉണ്ടായില്ല .ചേരി തിരിവ് മാത്രം  മനസ്സുകൊണ്ട്  എന്നും എതിര്‍ത്തിരുന്നു . ഗോവണി കേറി വരുമ്പോള്‍ തല  "പട്ടരും ,അമ്മിയാരും  തലയാട്ടുന്ന പോലെ  "..അങ്ങിനെ ചില രൂപങ്ങള്‍ ... അവസാനം ഒരു  കോളേജ് ടൂര്‍ .എന്റെ പ്രിയ കൂടുകാരി അന്ന്  പറഞ്ഞൊരു വാചകം  ഇന്നും എന്റെ ഓര്‍മയില്‍ ഉണ്ട്  ..ടൂര്‍   പോകുന്ന സമയം  ഉണ്ടായിരുന്ന  സൌഹൃദങ്ങള്‍ എല്ലാം അത് കഴിഞ്ഞപ്പോള്‍ പൊടിപോലുമില്ല കണ്ടുപിടിക്കാന്‍ എന്നാ മട്ടില്‍ ആയല്ലോ എന്നത്.അങ്ങിനെ  കൊച്ചു  കൊച്ചു ഓര്‍മ്മകള്‍ .ഒന്ന് രണ്ടു  കൂട്ടുകാരികളുടെ  കല്യാണം  നടന്നതും  പോയതും എല്ലാം  രസകരം ആയിരുന്നു . ഫൈനല്‍ ഇയര്‍  ഓടോഗ്രഫ്നു  വേണ്ടി   ചിലരോടൊക്കെ .സംസാരിച്ചതും അങ്ങിനെ  ചില ഓര്‍മ്മകള്‍ .ഒരുപാടു  നല്ല  വര്‍ണങ്ങള്‍ ഒന്നും  ഇല്ലാത്ത ഒരു പേജ് ..അങ്ങിനെയാണ് ഓര്‍മയില്‍ എത്തുന്നത് ..പക്ഷേ  നമ്മള്‍ കൊടുത്ത  സൌഹൃദം സത്യം എങ്കില്‍ അത് എങ്ങിനെ ഒക്കെ ആരൊക്കെ  മാറ്റി നിര്‍ത്തിയാലും  നമ്മളെ തന്നെ തേടി എത്തും എന്നതും സത്യം തന്നെ .പെണ്‍കുട്ടികള്‍ എങ്കിലും അവരും  ശരിക്കും  രണ്ടു തരം മൂന്ന് തരാം എന്നിങ്ങിനെ ആയിരുന്നു . എല്ലാവരും  അവനവന്റെ ലോകം   ഒന്നോ രണ്ടോ    ആളുകളിളുടെ  കെട്ടി ഉറപ്പിച്ചു  നിര്‍ത്തി . എന്തൊക്കെയോ ആരൊക്കെയോ എവിടെയൊക്കെയോ  കണ്ടു മറന്നപോലെ ...എന്ന്നിട്ടും എല്ലാവരും ക്ലാസ്സമേറ്റ്സ്  എന്നൊരു വിശേഷണത്തിന്  യോഗ്യരും ... എന്നിലെ ഏറ്റവും വലിയാഗ്രഹമായ  ജോലിക്കു  പോലും  കാത്തു നിക്കാതെ.. ജീവിതത്തിന്റെ  ബാധ്യതകള്‍  വേഗം തീര്‍ക്കണം  ന്നൊരു വിചാരം ആണോ  അതോ.. ഐശ്വര്യറായ് പോലെ സൌന്ദര്യം ഇല്ലാത്തതിനാല്‍  കെട്ടാ ചരക്കായി ഞാന്‍ നില്‍ക്കും എന്നൊരുപേടി  കൊണ്ടോ..  എനിക്കെന്നും  ജീവിതത്തിന്റെ ഇന്റര്‍വ്യൂ  കോളേജ്  വിട്ടു വരുമ്പോള്‍ ഉണ്ടാകാറുണ്ടായിരുന്നു ആ കാലഘട്ടങ്ങളില്‍.   .അപ്പുറത്തെ  വീടുകളില്‍   ആണ് നമ്മുടെ ഒക്കെ  ചരടുകള്‍  നാട്ടുക്കാര്‍ക്ക്  ആണ് വേവലാതി ...ഓരോ കുടുംബത്തിലെയും  പെണ്മക്കള്‍     കെട്ടാ ചരക്കു  ആയി  മാറാതെ ഇരിക്കാന്‍     ഏതു    വീടുകളിലും  അന്ന്  ബ്രോക്കര്‍മാര്‍  സുലഭം (.ഇടിവെട്ടിയപ്പോള്‍   കൂണ് പോന്തിയപോലെ )...   അവസാനം ഫൈനല്‍ ഇയര്‍ പരീക്ഷക്ക് മുന്പ് ഒരു നാള്‍  എന്റെ ജീവിതത്തിലെ അടുത്ത പേജ് മറിക്കാന്‍ സമയം ആയി എന്നൊരു  സൂചന ലഭിച്ചു ..സ്വപനം കാണും മുന്പ് ജീവിതം  ഗൌരവം ആര്ന്നൊരു  രൂപത്തില്‍  ഒരുപാടു  ഉത്തരവാദിത്തങ്ങള്‍  ...വായും പിളര്‍ന്നു  ഇരിക്കുന്ന  കൊമ്പന്‍ സ്രാവ് പോലെ..എന്താകും എന്ന് അറിയില്ല പക്ഷേ  വരുന്നത് വരട്ടെ എന്നൊരു മനോഭാവം മാത്രം ഉണ്ടായിരുന്നു .. പേജ് മൂന്നിലെക്കുള്ള മാറ്റം  പേജ് രണ്ടിന്റെ അവസാന ഭാഗം തന്നെ നടന്നു ..ശരിക്കും   ഞാന്‍ എന്നാ രൂപം തന്നെ മാറുകയായിരുന്നു ..എന്നെയും കാത്തു  നില്പുണ്ടായിരുന്നു  പലനിറങ്ങളും.