Followers

Tuesday, 30 November 2010

ചൂണ്ടയില്‍ കുടുങ്ങിയ ഇര
ജപ്പാന്ക്കാര്‍  കഠിനാദ്ധ്വാനം  ചെയുന്നവരാണ്.അതുപോലെ തന്നെ അവര്‍  മീന്‍ പിടിത്തം  ഇഷ്ടപെടുന്നവരാണ്. അവരുടെ നാട്ടില്‍ എനിക്കുണ്ടായ ഒരു അനുഭവമാണീ  പോസ്റ്റ്‌. ഒരിക്കലൊരു കപ്പല്‍ യാത്രയിലൂടെ  എത്തി ചേര്‍ന്നതാണ്  ജപ്പാനിലും.  യാത്രാവിവരണം പോലെ ഒരുപാടു എഴുതാന്‍ എന്തായാലും സാധിക്കില്ല. വേറെ ഒന്നുമല്ല; കപ്പല്‍ യാത്രക്കിടയില്‍ ചുറ്റിക്കറങ്ങാൻ കിട്ടുന്നത് ഒന്നോ രണ്ടോ ദിവസമോ മറ്റോ ആകും. അവിയൽ പരുവത്തിൽ മനസ്സിൽ നിറയുന്ന കാഴ്ചകളിൽ നിന്നും ഒന്നൊന്നായി പെറുക്കിയെടുക്കുക എന്നത് ശ്രമകരമായ ദൌത്യം തന്നെ.   മൊബൈല്‍ ഫോണ്‍ അവിടെ, കൊച്ചു കുട്ടിയുടെ കൈകളില്‍ പോലും ഉണ്ട്.  കുറച്ചു വര്‍ഷങ്ങള്‍ക്കു മുന്‍പ് ആണ്  ജപ്പാനില്‍ പോയിരുന്നത്.  ഇന്നിപ്പോള്‍ വിസയൊക്കെ വേണം എന്നുണ്ട്. ആ സമയത്ത്  പേജറുകള്‍  ആയിരുന്നു അധികവും എല്ലാവരുടെയും  കൈകളില്‍.  ജപ്പാനിലെ  ആളുകളൂടേ ജീവിതവും പുരോഗതിയും എല്ലാം വളരെ വേഗതയിലാണ്. 1998 ലാണ്  ഞാന്‍  ജപ്പാനില്‍ പോയത്. വളരെ മനോഹരമായ  പൂന്തോട്ടങ്ങള്‍  പോർട്ടിനു അടുത്ത് തന്നെ  ഉണ്ടായിരുന്നു.  ഇവക്കിടയിലുടെ നടന്നു വേണം മെയിന്‍ റോഡിലേക്ക് കയറുവാന്‍. എന്റെ ആദ്യ കപ്പല്‍ യാത്രയായ ഈ യാത്രയിൽ  ചാര്ട്ടിംഗ് യൂറോപ്പു സൈഡ് ആയിരുന്നുവെങ്കിലും  ഇടയ്ക്ക്  ചാര്‍ട്ടര്‍  ഷിപ്പ്   റൂട്ട്   മാറ്റി  ജപ്പാന്‍, കൊറിയ പിന്നെ ജോര്‍ദാന്‍, സൌദി ഒക്കെ ആയി പോർട്ടുകള്‍.  അങ്ങിനെ അദ്യത്തേ യാത്രയില്‍ തന്നെ ഒരുപാടു നാടുകൾ കാണുവാനും ആസ്വദിക്കുവാനും ഭാഗ്യം ലഭിച്ചു.ജപ്പാനില്‍ ഞങ്ങളുടെ  ഷിപ്പ് നിര്‍ത്തിയതിന്റെ അടുത്താണ് മെയിന്‍ റോഡ്‌. അവിടേയ്ക്ക് എത്തുന്നതിനു മുൻപുള്ള വഴിയില്‍;  മിക്കവാറും മീന്‍പിടിക്കാന്‍ നല്ല അടിപൊളി ചൂണ്ടയുമായി (മെഷീന്‍ ഒക്കെ ഉള്ളത് ) ആളുകള്‍ ഉണ്ടാകാറുണ്ട്. തണുപ്പുള്ള  സമയത്താണ് ഞങ്ങള്‍ എത്തിയത്.  നാലു ദിവസം ഷിപ്പിനവിടെ  നങ്കൂരമിടേണ്ടതുണ്ടായിരുന്നു. ഓരോ ദിവസവും കറങ്ങാന്‍ ഓരോ സ്ഥലം. പലപ്പോഴും എട്ടന് എന്റെ ഒപ്പം കൂടെ വരാന്‍ സാധിച്ചിരുന്നില്ല. എന്തായാലും ടോക്കിയോ നഗരത്തിൽ  ചുറ്റിക്കറങ്ങുവാനും അവിടത്തെ ഡിസ്നി ലാന്‍ഡ്‌ സന്ദർശിക്കുവാനും കാണാനും സാധിച്ചത് ജീവിതത്തിലെ വല്യ ഒരു ഭാഗ്യമായി തന്നെ കരുതുന്നു. അവിടെ പോകുമ്പോള്‍  റേഡിയോ ഓഫീസര്‍, അദ്ദേഹത്തിന്റെ ഭാര്യ , മോൾ പിന്നെ  ചീഫ് എഞ്ചിനീയറും കുടുംബവും, തേർഡ് എൻഞ്ചിനീയർ ഒക്കെ ആയിരുന്നു കൂടെ ഉണ്ടായിരുന്നത്. എട്ടന് കൂടെ വരാന്‍  പറ്റിയിരുന്നില്ല. അവിടെ സ്റ്റുഡന്റ് പാസ്‌ എന്നൊരു പരിപാടി  ഉണ്ടായിരുന്നു. ഞാനും തേര്‍ഡ്എഞ്ചിനീയര്‍, ചീഫ് എഞ്ചിനീയറുടെ മോനും സ്റ്റുഡെന്റ് പാസ്സിലാണ് കയറിയത്. ഹഹഹാ.. എന്തായാലും  ജപ്പാനില്‍ പോയി സ്റ്റുഡെന്റ് പാസ്സില്‍, ഹാഫ് ടിക്കറ്റില്‍  ഡിസ്നി ലാന്‍ഡ്‌ കാണുവാൻ സാധിച്ചു.  മനോഹരമായ ഒരു  സ്ഥലം. പിന്നെ  പാവമ്യൂസിയം

( റേഡിയോ ഓഫീസിര്ടെ ഭാര്യാ ,പിണെ ഞാനും അവരുടെ മോളും )
 

കാണാന്‍ പോയി. ആ ടൈമിൽ ഏട്ടനും ഒപ്പം ഉണ്ടായിരുന്നു. പാവകള്‍..!!  യ്യ്യോ;  എത്ര  എണ്ണം  ആണെന്ന്  അറിയാമ്മോ... (സോറി; ഞാന്‍ എണ്ണി നോക്കിയില്ല)  വൈകുന്നേരങ്ങളില്‍ തണുപ്പ് കൂടും.അപ്പോൾ; ചോക്കോ ബാര്‍  വാങ്ങി കഴിച്ചു  നടക്കും.  തണുപ്പത്ത് ഐസ്ക്രീം..!! ആഹാ.. നല്ല രസാണു കെട്ടോ..!!  അവിടെ ഇന്ത്യന്‍ റെസ്റ്റൊരന്റ്സ് ഉണ്ടെങ്കിലും ‘യെന്‍'  കൊടുത്തു മുടിയും എന്നുമാത്രം.  പിന്നെ അവിടെ അടുത്തുള്ള  അമ്യൂസ്മെന്റ് പാര്‍ക്ക്‌  കാണാന്‍  പോയി.  റോള്ളര്‍ കോസ്റ്റ് സൂപര്‍ ആണ് കെട്ടോ.  ലോകം മൊത്തം കറങ്ങി  തലെയ്ക്ക് വീണ ഒരു ഫീല്‍ ആയിരുന്നു..!! ഇന്ത്യക്കാരുടെ കണ്ണും മൂക്കും ജാപ്പാനീസുകാർ ഒരു അത്ഭുതവസ്തുവിനെ എന്ന വണ്ണമാണു നോക്കിക്കണ്ടിരുന്നത്. അവരുടെ കൊച്ചു കണ്ണുകളും മറ്റും  അത് പോലെതന്നെ നമുക്ക് കാണുമ്പോഴും ഒരു രസം.  പ്രത്യേകിച്ച്  കൊച്ചു കുഞ്ഞുങ്ങള്‍. ട്രെയിനില്‍  യാത്ര ചെയ്യുന്ന സാഹചര്യത്തിൽ ആ കുഞ്ഞുങ്ങൾ  ഞങ്ങളെ അത്ഭുതജീവിയെക്കാണും പോലെ നോക്കുന്നുണ്ടായിരുന്നു !!  അങ്ങിനെ ഒരു യാത്രയില്‍  ഒരു കൊച്ചു  മിടുക്കി    എന്റെ കൈയ്യില്‍  പിടിച്ചു  കൂടെ വന്നത് ഇന്നും ഓർക്കുന്നു.
  ഇതിങ്ങിനെ പോയാല്‍  ഞാന്‍ പറയാന്‍ വിചാരിച്ച  കാര്യം ഈ പോസ്റ്റില്‍   കണ്ടെത്താന്‍ ഓട്ടോ പിടിച്ചു വരേണ്ടി വരും അല്ലേ..  അപ്പോള്‍ കാര്യത്തിലേക്ക്  കടക്കാം അല്ലേ..
മുൻപ്  സൂചിപ്പിച്ചല്ലോ   മീന്‍ പിടിത്തക്കാരെ  കുറിച്ച്.  ഒരു  ദിവസം രാത്രിയില്‍  ഐസ്ക്രീം  വാങ്ങി തണുപ്പത് നടക്കാനായി പുറത്തേയ്ക്ക് ഇറങ്ങിയതായിരുന്നു . പതിവുപോലെ  മീന്‍ പിടിത്തകാരുണ്ട് വെളിയിൽ. അവരുടെ  കൈയ്യിലെ ചൂണ്ടയില്‍ ഉള്ള  ഹൂക്ക്  ഷിപ്ന്റെ ആങ്കര്‍     പോലെ ആയിരുന്നു.  തണുപ്പ് കാരണം ജാക്കെറ്റ്‌ ഒക്കെ ഇട്ടാണ് ഞാൻ നടന്നിരുന്നത്. ഇവരുടെ അടുത്ത് കൂടി പോയ നേരം പെട്ടന്ന് ഞാൻ  അലറി വിളിച്ചു..
അയ്യോ ....!!
ആരുമല്ല ഞാന്‍ തന്നെയാണ് അലറിയത്..
എന്റെ  ഡ്രെസ്സില്‍ എന്തോ കടിച്ചു  എന്നു പറഞ്ഞ് കരച്ചില്‍ തുടങ്ങി. എന്റെ കരച്ചിൽ കേട്ട്  മീൻപിടുത്തക്കാരും ഓടിയെത്തി.  അവരെല്ലാം എന്താണാവോ എന്നു  പേടിച്ചാണ് ഓടി വന്നിരിക്കുന്നത്. ഏട്ടനു ആദ്യം ഒന്നും മനസ്സിലായില്ല. ഞങ്ങള്‍  നിന്ന സ്ഥലത്ത്  വെളിച്ചം   കുറവായിരുന്നു. അതുകൊണ്ട് എന്താണു സംഭവിച്ചതെന്ന് ഒരു പിടുത്തവും കിട്ടിയില്ല. അപ്പോഴേക്കും മീൻപിടുത്തക്കാരില്‍ ഒരുവൻ  ഒരു കാര്യം പറഞ്ഞു.  അവന്റെ  ചൂണ്ട പോയി (നഷ്ടപ്പെട്ടു) എന്നു. അതോടെ  ഏട്ടന്‍ ടെന്ഷനിലായി.  ഞാനാണെങ്കില്‍  പേടിച്ചു  വിറച്ച് കരച്ചിലും.  വല്ലാത്തൊരു  ഭാരം തുങ്ങുന്ന ഒരു  ഫീലിംഗ് ആയിരുന്നു.  നിന്റെ കാലില്‍  കേറിയോ? എന്നൊക്കെ   ചോദിക്കുണ്ട് ഏട്ടന്‍. കാരണം ആ ചൂണ്ട  മാംസത്തില്‍  തറച്ചു   കേറുന്ന ഇനം ആണ്.  ഓരോ വാശി പറഞ്ഞു  പാവം ഏട്ടനെ കുടുക്കിയിയിരുന്ന ഞാൻ  അവസാനം കുടുങ്ങി  എന്നു മാത്രം. അതും  ചൂണ്ടയില്‍ !!  എന്തായാലും  ഭാഗ്യത്തിന് കോട്ടിനു  മുകളില്‍  തുങ്ങി നില്‍ക്കുകയായിരുന്നു  ചൂണ്ട !! അവര്   എറിഞ്ഞ  ചൂണ്ടയില്‍  കുടുങ്ങിയത് ഞാന്‍ ആയി എന്നുമാത്രം..!!  ഇപ്പോഴും അതന്ന് കാലില്‍  കുടുങ്ങിയിരുന്നെങ്കില്‍ എന്നോര്‍ക്കുമ്പോള്‍...

Monday, 22 November 2010

ഇരട്ട സന്തോഷം

അരികിലേക്ക് ചേര്‍ത്തു കിടത്തി ഓമനകുട്ടന്റെ  നെറുകയിലും കുഞ്ഞിളം കൈകളിലുമവള്‍ മാറി മാറി ഉമ്മ വെച്ചു.  എന്തൊരു  ചന്തമാ!  അല്ലെ; വാവയെ കാണാന്‍. ഏട്ടത്തീടെ മോള്‍ അമ്മുക്കുട്ടി മൊഴിഞ്ഞു.  അമ്മുക്കുട്ടി വാവയുടെ കൈകളിലും  പിടിച്ച് വാത്സല്യപൂർവ്വം നോക്കിയിരുപ്പാണ്.  ഇവന്‍ തനി അച്ഛന്റെ പോലെയാ; കണ്ടോ അവന്റെ മൂക്കും താടിയും ഒക്കെ   രാജീവിന്റെ    പോലെ തന്നെ.  അമ്മുമ്മ ഇടയ്ക്കു കേറി പറഞ്ഞു.  പക്ഷേ, രേണുമോള്‍ടെ കണ്ണുകള്‍ തന്നെയാണു കുട്ടിയ്ക്ക് കിട്ടിയിരിക്കുന്നത്; അപ്പുറത്തെ  സരസ്സുചേച്ചിയുടെ കണ്ടുപിടിത്തം. എത്രനാൾ കാത്തിരുന്നു നമ്മുടെ രേണുമോള്.  പാവം.. അവസാനം നല്ലൊരു തങ്കക്കുടത്തിനെ തന്നെ  കിട്ടി. എത്ര നോക്കിയിരുന്നിട്ടും മതിവരുന്നില്ല.  എല്ലാം കേട്ട് രേണു മന്ദഹസ്സിച്ചു എന്നു വരുത്തിയെങ്കിലും അവളുടെ കണ്ണുകള്‍ നിറഞ്ഞു ഒഴുകിയിരുന്നു.  ഈ ഒരു നിമിഷം എത്ര നാളായി കൊതിക്കുന്നു.  എത്ര ശാപവാക്കുകള്‍ കേട്ടിരിക്കുന്നു.  എല്ലാം സഹിച്ചത് ഇതുപോലൊരു നിമിഷത്തിനു വേണ്ടിയാണ്.  ഏട്ടന്റെ അമ്മ ഇനിയും വന്നിട്ടില്ല.   എവിടാണാവോ? എന്നു വിചാരിച്ചവൾ പതുക്കെ തലതിരിക്കാന്‍ നോക്കിയാ നിമിഷം..


“എടീ..“    എന്നുള്ള അലര്‍ച്ച കേട്ട് ഞെട്ടി. ഒരുമ്പെട്ടോളേ; രാവിലെ തന്നെ കിടപ്പാണല്ലേ. ഹോ.. ഒരു കെട്ടിലമ്മ; സ്വപ്നം കണ്ടു കിടക്കുകയാകും. എന്താടീ ഇത്ര ക്ഷീണം.  നിനക്കെന്താ വയറ്റില്‍ ഉണ്ടോടി??  അല്ലാ!! എവിടന്ന് അല്ലേ;  മച്ചി അല്ലെ മച്ചി..  നിന്റെ വയറൊരിക്കലും നിറയില്ലെടി.. വെറുതേ അവളുടെ ഒരു കിടപ്പ്..  എന്റെ മകന്റെ ജീവിതം തകര്‍ക്കാന്‍ വന്ന യക്ഷിയല്ലേ നീ.. വേഗമെണീറ്റുപോയി  അടുക്കളയിലെ കാര്യങ്ങള്‍  നോക്കെടീ.. രേണു കണ്ണുകള്‍ മെല്ലെ തുറന്നു.  ഈശ്വരാ!  ഇന്നും  സ്വപ്നമാണൊ കണ്ടത്.  നേരം ഒരുപാടായല്ലോ.  കുറച്ചു ദിവസങ്ങളായി  വല്ലാത്ത ക്ഷീണം പോലെ.  ഇന്നിനി അമ്മയ്ക്ക് ഇത് മതി ചീത്ത പറഞ്ഞ് കാതു പൊട്ടിയ്ക്കാൻ.  രേണു മെല്ലെ കിടക്കയില്‍  എഴുന്നേറ്റിരുന്നു. പതിയെ കാലുകള്‍ നിലത്തു വെച്ച് എഴുന്നേറ്റ നിമിഷം.. തല കറങ്ങുന്ന പോലെ..   അമ്മേ..; എന്നു ഉറക്കെ വിളിച്ചവള്‍ കിടക്കയിലേക്ക് തന്നെ വീണു.  ആ നിമിഷം; അവള്‍ അറിയുന്നുണ്ടായിരുന്നില്ല,
അവളുടെ വയറ്റില്‍ ഒന്നിന് പകരം രണ്ടു ജീവന്‍ നാമ്പെടുത്ത കാര്യം. 

Friday, 12 November 2010

ഓർമ്മകളും സ്വപ്നങ്ങളും

.

ഓർമ്മകളും സ്വപ്നങ്ങളും  ഒഴുകിയൊഴുകി നടക്കുകയാണ്.  ജീവന്റെയോരോ താളവും  ഓര്‍മകളിലുടക്കി കൊണ്ടാണ് പലപ്പോഴും മുന്നോട്ട് പോകുന്നത്.  പഴയ മോശം  കാര്യങ്ങളൊക്കെ മറക്കൂ; എന്നൊക്കെ പലരും പറയുന്നത് കേള്‍ക്കാറുണ്ട്.  എന്നാല്‍;  എത്രത്തോളം നീതിപുലർത്താനാവുന്നുണ്ട് അതിൽ ?  നാണയത്തിന്റെ ഒരു വശം പോലെ, ഒരു ഭാഗം മറക്കണം; എന്നാലതേ സമയം  മറു ഭാഗം ഓർക്കുകയും ചെയ്യണം എന്നു തന്നെയാണ് വ്യക്തിപരമായ അഭിപ്രായം. ഓരോ കഷ്ടപ്പാടുകളിലേയ്ക്കും പിന്നീട് പിന്തിരിഞ്ഞു നോക്കുമ്പോള്‍; അതെല്ലാം നമ്മള്‍ സ്വയമല്ലേ  നേരിട്ടത് എന്നൊരു ഓർമ്മ വരുമ്പോള്‍  മനസ്സിന്റെ ശക്തി കൂടും. എന്താകുമോ?? എന്തോ.. എന്നു  ഭയന്നു പേടിച്ച പലകാര്യങ്ങളും; ഇത്രക്കേ ഉള്ളു അല്ലെങ്കിൽ ഉണ്ടായിരുന്നുള്ളു എന്നു തോന്നാറില്ലേ.  വീണ്ടുമാ പഴയ ദുരിത കാലം ഓര്‍ക്കുമ്പോള്‍; അന്ന് അനുഭവിച്ച അത്രയും ടെന്‍ഷന്‍  നമ്മുക്ക് ഒരിക്കലും ഫീൽ ചെയ്യാറില്ല അല്ലെ!! എന്ത് കൊണ്ടാണിങ്ങനെ എന്നു ആരെങ്കിലും ചിന്തിച്ചിടുണ്ടോ?? നമ്മുക്ക് താങ്ങാവുന്നതേ  ദൈവം തരാറുള്ളൂ എന്നാണ് പറഞ്ഞു കേട്ടിട്ടുള്ളത്.  പലപ്പോഴും നമ്മളറിയുന്നില്ല;  നമ്മുടെ ജീവിതത്തിന്റെ നല്ലൊരു  ഭാഗം തന്നെ ടെന്‍ഷനടിച്ചു കളയുകയാണെന്നത്. അവരെന്ത് വിചാരിക്കും, ഇവരെന്ത്  പറയും എന്നുള്ള അനാവശ്യചിന്തകൾ കാരണം ജീവിക്കാന്‍ തന്നെ മറക്കുന്നു.പ്രശ്നങ്ങള്‍ ഇല്ലാത്തവര്‍ ആരും തന്നെയില്ല.  അതിനെ നമ്മളെങ്ങിനെ  അഭിമുഖീകരിക്കുന്നു എന്നുള്ളതാണ് മുഖ്യം. നിറഞ്ഞമിഴികള്‍  തുളുമ്പി വരവേ, ആരെങ്കിലും ഒന്ന് തലോടി  തുടച്ചു തന്നുവെങ്കില്‍ എന്ന് കൊതിക്കുന്ന നേരം; സ്വയം തുടച്ചു മാറ്റുവാന്‍ സാധിക്കണം.  അവിടുന്നാണ് ആദ്യ വിജയം. പറയാന്‍ എളുപ്പം എന്നു  പറയും; എല്ലാവരും.  പക്ഷേ തിരിഞ്ഞു നോക്കുമ്പോള്‍ നമ്മുടെ സങ്കടങ്ങള്‍, സത്യത്തില്‍  നമ്മുടെതു മാത്രം ആയിരുന്നു എന്നത് മനസ്സിലാക്കേണ്ടി വരും. വേദന പോലും ആര്‍ക്കും ആരോടും  പങ്കു വെയ്ക്കാനാകില്ല. നമ്മുടെ വേദനയുടെ ആഴം നമുക്ക് മാത്രമേ അറിയൂ.  പിന്നെയും എന്തിനു നമ്മള്‍  ആഗ്രഹിക്കുന്നു??  ഒരു വാക്ക് അല്ലെങ്കില്‍ ഒരു നോട്ടം, തലോടല്‍ എല്ലാം നമ്മുടെ സ്വന്തം കഴിവിനെ മറച്ചു മറ്റുള്ളവരെ  ആശ്രയിച്ചു  ജീവിക്കുന്ന  ഒരാളായി നമ്മെ മാറ്റും.  എന്നിട്ടോ അവരുടെ സഹായം കൊണ്ടാണ് നമ്മള്‍ ജീവിക്കുന്നത് എന്നൊരു പേരും കിട്ടും.  എന്തിനാ ഇങ്ങിനെ ഒരു ചീത്തപ്പേരു വാങ്ങിക്കൂട്ടുന്നത് അല്ലേ?  ഉണരുക..  മനസ്സിനെ സ്വയം നിയന്ത്രിക്കാന്‍ നമുക്ക് സാധിക്കണം.  ചായാന്‍ ചുമരുണ്ടെങ്കിലേ ചായൂ;  ഇല്ലെങ്കില്‍ അവിടെ തന്നെ നിലയുറപ്പിക്കും എന്നല്ലേ !!  ഓര്‍മ്മകള്‍ എന്നെ വളരെയധികം വേട്ടയാടുന്നു എന്നു പറയുന്നവരുണ്ട്.  ടീ വീ കാണുമ്പോള്‍  ഇഷ്ടമില്ലാത്ത ചാനെല്‍ നമുക്ക് മാറ്റി മാറ്റി കാണാമല്ലോ. അതുപോലെ ഓര്‍മ്മകള്‍; ഇഷ്ടമില്ലാത്തത് റിമോട്ട് എന്ന മനസ്സു കൊണ്ട് മാറ്റിയേ പറ്റു.  ഓർമ്മയുടെ ആഴങ്ങളില്‍ പലപ്പോഴും ബാല്യകാല സ്മരണകള്‍  ഉണരാരില്ലേ?? വീണ്ടും ആ കാലം കൈവന്നിരുന്നുവെങ്കിലെന്നു ചിലർ കരുതുമ്പോള്‍, ഓര്‍ക്കാന്‍ നല്ലൊരു ബാല്യം പോലുമില്ലാത്തവരുമുണ്ട്.  അവരുമായി നമ്മളെ താരതമ്യം ചെയ്താല്‍ തന്നെ എത്രയോ മന:സമാധാനം കിട്ടും.  എന്നാല്‍ ചിലപ്പോള്‍ മുകളിലേക്ക് ഉയരന്മെങ്കില്‍ മുകളിലുള്ളവരെ കണ്ടു തന്നെ പറക്കണം അല്ലെ.  അപ്പോള്‍ രണ്ടു വശവും വന്നില്ലേ.  ഒരാളുടെ തെറ്റും ശരിയും പലപ്പോഴും അവരുടെ കാഴ്ചപ്പാടിൽ കുടി കൊണ്ടിരിക്കുന്നു. .നിന്റെ തെറ്റ് എന്റെ ശരി, എന്റെ തെറ്റ്  നിന്റെ ശരി എന്നപോലെ.. ഓരോരുത്തരുടെയും കാഴ്ചപ്പാട് വ്യത്യസ്തമാണ് ഓര്‍മകളുടെ ആഴം പലപ്പോഴും വ്യത്യസ്തമാണ് അപ്പോള്‍ ഇനി നമ്മുക്ക് മോശം ഓര്‍മകളെയും അനുചിതമായ ഓര്‍മകളൂടെ കൂടെ നിർത്താം അല്ലെ.  നല്ലത്, ചീത്ത എന്നു വേർതിരിവില്ലാതെ  ഓര്‍മ്മകള്‍ ഇനി നമ്മുടെ വിജയത്തിലേക്കുള്ള  ചവിട്ടുപടികള്‍ ആയിത്തീരട്ടെ. ഓര്‍മ്മകള്‍ പേറി കൊണ്ട് വഞ്ചി മെല്ലെ സ്വപ്നങ്ങളുടെ തീരം തേടി  യാത്രയാവുകയാണ് .ജീവിതത്തിന്റെ  നിലനിൽ‌പ്പിനും, സന്തോഷത്തിനും  സ്വപ്നങ്ങള്‍ ഒരുപാടു സഹായിക്കുന്നു.  വർണ്ണങ്ങളൊഴിഞ്ഞ ആകാശത്തില്‍ പാറിപ്പറന്നു അനുസൂതം യാത്ര ചെയ്യാൻ സ്വപ്നങ്ങൾക്കേ കഴിയു. പൊങ്ങിയും താണും യാത്ര തിരിക്കുമ്പോള്‍ പലപ്പോഴും കരയ്ക്ക് എത്താറുണ്ട്.  മഴവില്ലിന്‍ കൂടാരം..!! സ്വപ്നങ്ങള്‍; അതെന്നും പ്രിയങ്കരം. വരാന്‍പോകുന്ന കാര്യങ്ങള്‍ പലപ്പോഴും സ്വപ്നങ്ങള്‍ കാണിച്ചു തരുമ്പോൾ; പലതും  അത്ഭുതത്തോടെ നോക്കി കണ്ടിടുണ്ട്. 'നോൺ ടാക്സബിൾ 'ആണല്ലോ;  ആയതിനാല്‍ എങ്ങിനെയും കാണാം. കാണുമ്പോളിനി എന്തിനാ കുറയ്കുന്നെ !!     നമുക്ക് അടിപൊളിയായി കാണാം എന്ന രീതിയാണ്‌ എതായാലും എന്റേത്.  സ്വപ്നങ്ങളുടെ എഴുവര്‍ണ്ണങ്ങളില്‍  മഴവില്ലിന്‍ ചാരുത വിടര്‍ത്തുമ്പോള്‍ പൊഴിയുന്ന ശ്രുതിസാന്ദ്രമായൊരു സംഗീതം പോൽ..!!  തംബുരു തന്ത്രികളില്‍ മീട്ടിയ മോഹന രാഗം പോലെ സ്വപ്നങ്ങൾ നിറഞ്ഞിടുന്നു. സ്വപ്നങ്ങള്‍  ചിലപ്പോള്‍ വരാന്‍ പോകുന്ന പ്രശ്നങ്ങളുടെ മുന്നോടിയായി വരുമ്പോള്‍.. അത് തന്നെ പിന്നീട് സംഭവിക്കുമ്പോൾ.. അതെല്ലാം  പറഞ്ഞു അറിയിക്കാന്‍ പറ്റാത്ത ഫീലിംഗ് ആണ് .   പകല്‍കിനാവു കാണുന്നതിന്റെ  ഉസ്താദാണ്!!  അങ്ങിനെ കണ്ട ഒരു പാട്  കാര്യങ്ങള്‍ നടന്നിട്ടുമുണ്ട്. എന്താഗ്രഹിച്ചാലും നടക്കുന്നതു സ്വപ്നത്തില്‍ മാത്രമല്ലെ?? യാതൊരു തടസ്സവുമില്ലാതെ,  കേടുപാടുകള്‍  സംഭവിക്കാതെ, അംഗഭംഗങ്ങൾ വരാതെ  നിയന്ത്രണം വിട്ട പട്ടം പോല്‍ പാറി നടക്കാന്‍ സ്വപ്നത്തിനാകും.  ‘സ്വപ്നങ്ങളെ നിങ്ങള്‍ സ്വര്‍ഗ്ഗകുമാരികള്‍ അല്ലോ..’ അതേ..  എന്നു തന്നെ എന്റെയും അഭിപ്രായം.  സ്വപ്നങ്ങളുടെ  ലോകത്ത് ജീവിക്കുമ്പോള്‍ ഒരു ടെന്‍ഷനുമില്ല. എന്ന് വിചാരിച്ചു യാഥാര്‍ത്ഥ്യങ്ങളുടെ നേരെ  മുഖം തിരിക്കുകയുമരുത് കെട്ടോ. ഭാവിയെക്കുറിച്ചു നല്ലപോലെ സ്വപ്നം കണ്ടാലെ അതിനനുസരിച്ച്  ഉന്നതികളിലെയ്ക്ക് ഉയരാന്‍ സാധിക്കൂ.  ഒരുപാടു കാണുമ്പോള്‍ കുറച്ചെങ്കിലും നടക്കും. നിരാശ ഇല്ലാതെ ആക്കുവാന്‍ ഒരുപരിധി വരെ സഹായകമാകാറുണ്ട്.  സ്വപ്നത്തില്‍ പലകാര്യങ്ങളും നടന്നു കാണുമ്പോള്‍ അത് ഇങ്ങിനെയെങ്കിലും നടന്നു കണ്ടുവല്ലോ എന്നുള്ളൊരു സന്തോഷം; കുറച്ചു നേരത്തെക്കെങ്കിലും മനസ്സിനു ഉന്മേഷവും ഉണർവ്വും തരാറില്ലെ. ഐശ്വര്യ തൊട്ടു  എല്‍സമ്മ വരെ ആയി സ്വയം മാറുന്നത്  സ്വപ്നത്തിൽ കാണാമല്ലോ. അപ്പോള്‍ എന്തിനു കുറക്കണം.  കാണുന്നവരുടെ മനോധര്‍മ്മം   അനുസരിച്ച്  കാണുക.  സ്വപ്നം തരംതിരിച്ചു നോക്കിയ ശേഷം നടത്താന്‍ സാധിക്കുന്നതും ,അസ്വദിക്കാൻ ഉള്ളതും  മനസ്സിലാക്കി പ്രവര്‍ത്തികുക.  വർണ്ണക്കൂട്ടുകൾ കൊണ്ട് അലക്ഷ്യമായി തൂവിയിട്ട ഒരു ചിത്രം പോലെ..  നേര്‍ത്ത സംഗീത്തിൽ അലിഞ്ഞു ചേര്‍ന്ന് സ്വപ്നം എന്നാ മാന്ത്രിക കൂടില്‍ വിഹരിച്ചു പറക്കാം..!!

Tuesday, 2 November 2010

ജീവിതം= സുഖം+ ദുഃഖം

ഒന്ന്

ഒന്നുമില്ലാത്തതില്‍ നിന്നും ഒന്ന്
ഒന്നില്‍  നിന്നും ഒന്നുമില്ലാത്തതില്ലേക്ക്    
ഒരു യാത്രയെങ്കില്‍ പറയാമോ?
ഇവിടെ ഒന്നിന്റെ മൂല്യം.


മിഴികള്‍

മിഴികള്‍  മന്ത്രിച്ച  നേരം; അധരം  വിതുമ്പിയോ ?
അധരം വിതുമ്പിയ നേരം; മിഴികള്‍ നനഞ്ഞുവോ  .


ശലഭം

ഏറെനാള്‍ കാത്തുവെച്ച  യൌവ്വനം
കവരാന്‍ വന്ന നേരം ,
ചിറകടിച്ചു  പറന്നുയര്‍ന്ന നേരം
അറ്റ് വീണെന്‍ ചിറകുകള്‍
'സുഖം' ഒരു അല്പായുസ്സു മാത്രം !


പുഞ്ചിരി

നിന്‍ മുഖം വിടരുന്നത് കാണാന്‍ കാത്തിരുന്ന് ,
വേണമോ, വേണ്ടയോ എന്നു നിനച്ചു
നീ പുഞ്ചിരിച്ച നേരം കവർന്നതെൻ ഹൃദയം


മിസ്സ്ഡ് കാള്‍
മിസ്സ്ഡ് ആയി വന്നു നീ ഒരുനാള്‍
നിന്‍ വിളി  കേള്‍ക്കാന്‍ പലവട്ടം കാതോര്‍ത്തു
ഒടുവില്‍ നീവരില്ല എന്നറിഞ്ഞ നേരം മിസ്സ്ഡ് ആയതെന്‍ ജീവന്‍


പുതപ്പ്
മഴതന്‍ മാറില്‍  മയങ്ങവേ
പുതപ്പെനെ ആലിംഗനം ചെയ്ത നേരം
ചുരുണ്ട് കൂടി ഞാന്‍
ചെറു ചൂട് നല്‍കിയെന്‍ മേനിയെ  പുണര്‍ന്ന
പുതപ്പിന്‍ സാമീപ്യം
എന്നില്‍  ഉണര്‍ത്തിയത്  ആലസ്യമോ


സന്തോഷം
ദോഷം മാറിടുകില്‍  ഒരു സന്തോഷം
സന്താപം അകന്നിടുകില്‍  മറ്റൊരു സന്തോഷം
    ജീവിതം= സുഖം+ ദുഃഖം