Followers

Monday 20 June 2011

ഞങ്ങള്‍ കണ്ട ബാങ്കോക്ക്‌


ഒരു പാട് ദിവസത്തെ അല്ല മാസങ്ങളുടെ ഇടവേളയ്ക്കു ശേഷം വീണ്ടും ഒരു പോസ്റ്റ്‌.  എന്നാലത് ഒരു യാത്ര വിവരണം ആകട്ടെ എന്ന് വിചാരിച്ചു.  ബാച്ചികളുടെ  ലോകം എന്ന് പുകള്‍പെറ്റ തായ്‌ലാന്‍ഡിലെയും ശ്രീലങ്കയിലെയും സന്ദര്‍ശനവിശേഷങ്ങള്‍ പങ്കുവെയ്ക്കാം. മുന്‍പൊരിക്കല്‍ സന്ദര്‍ശിച്ചിട്ടുള്ളൊരു സ്ഥലമായിരുന്നു തായ്ലാന്‍ഡിന്റെ തലസ്ഥാനമായ ബാങ്കോക്ക്.  അന്നത് ഒരു കപ്പല്‍ യാത്രയിലൂടെയായിരുന്നു.  ഇതുവരെയും  കപ്പല്‍  യാത്രയില്‍ ആയിരുന്നു അധികവും സ്ഥലങ്ങളും  സന്ദര്‍ശിച്ചിരുന്നത്.   ടൂര്‍  പ്രോഗ്രാം അറെഞ്ച് ചെയ്തു പോയ  ആദ്യ യാത്രയായിരുന്നു  ഇത്തവണ.  ടൂര്‍ പാക്കേജ് വഴി ഉള്ള  യാത്രാനുഭവം ആദ്യം എന്നിരിക്കേ  വ്യത്യസ്തവും ഉല്ലാസഭരിതവുമായിരുന്നു. 



കൊച്ചിയില്‍  നിന്നും ശ്രീലങ്ക വഴിയാണ് തായ്‌ ലാന്‍ഡ്‌ലേക്ക്  യാത്രതിരിച്ചത്.  ശ്രീലങ്കയില്‍ കിട്ടിയ ഒരു ദിവസം അവിടുള്ള  കുറച്ചു സ്ഥലങ്ങള്‍ കാണാമെന്നു വിചാരിച്ചു. അങ്ങിനെ  ബുദ്ധന്റെ ഒരു അമ്പലവും, ബീച്ചും പിന്നെ കുറച്ച് ഷോപ്പിംങ്ങും നടത്തി.   യാത്രയിലെനിക്ക് ഒഴിവാക്കാനാകാത്തൊരു കാര്യമാണ്  ..ഷോപ്പിങ്ങ് !! എവിടെയൊക്കെ പോയാലും അവിടെയൊക്കെ ലഭിക്കാവുന്ന ആകര്‍ഷകമായ ഐറ്റെംസ് വാങ്ങിക്കൂട്ടി കാശു പാഴാക്കിക്കളയുമ്പോഴാണു മനസ്സിനൊരു ഉന്മേഷവും  യാത്രക്കൊരു സുഖവും കിട്ടാറുള്ളത്..!
ശ്രീലങ്കയില്‍  കണ്ട ബുദ്ധന്റെ  അമ്പലം വളരെ ഏറെ പഴക്കം ചെന്നത് ആയിരുന്നു.  ഉറങ്ങുന്ന ഒരു ഭീമാകാരനായ ബുദ്ധന്‍ ആയിരുന്നു  അവിടത്തെ  പ്രധാന  ആകര്‍ഷണം.





ബുദ്ധന്റെ അമ്പലത്തിനോട്  ചേര്‍ന്ന് തന്നെയുള്ള ഒരു ആശ്രമത്തില്‍  കുറച്ചു  അകൊസേട്ടന്മാരെ  കണ്ടു.  നമ്മുടെ യോദ്ധ സിനിമയിലെ ഉണ്ണികുട്ടനേ പോലുള്ള കുട്ടികളെ അവിടെ ഇവിടെയായി കാണാമായിരുന്നു. അമ്പലം മുഴുവന്‍ ചുറ്റി നടന്ന് കണ്ട ശേഷം തൊട്ടടുത്തുള്ള ബീച്ചില്‍  പോയി.  ഒരുപാടു  സന്ദര്‍ശകരും നാട്ടുകാരും അവിടെ  ഉണ്ടായിരുന്നു.  കുളിയും കളിയും ആയി അവരങ്ങിനെ അടിച്ചുപൊളിച്ചിരുന്നു  എന്ന് തന്നെ പറയാം.   കുറച്ചു നേരം എല്ലാവരെയും വായ നോക്കി നിന്ന് പതുക്കെ അടുത്തുള്ള  ചെറിയൊരു പാര്‍ക്കിലേക്ക് നടന്നു. ഏറെക്കുറെ നമ്മുടെ നാട്ടുകാരെപ്പോലെ തന്നെ ആണല്ലോ ശ്രീലങ്കന്‍സ്.  പാര്‍ക്കില്‍ കുട്ടികള്‍  കളിക്കുന്നതും നോക്കി ആസ്വദിച്ചിരുന്നു ഇരുന്നു കുറെനേരം. അപ്പോഴേക്കും  വാനം നിറഞ്ഞ് മഴക്കാര്‍  കയറി വന്നുതുടങ്ങിയിരുന്നു. ആയതിനാല്‍ ഒരുപാട് സമയം അവിടെ ചിലവഴിക്കതെ തിരിച്ച് റിസോര്‍ട്ടിലെക്ക് നടന്നു. റിസോര്‍ട്ടിലേക്ക് തിരിച്ചു പോകുന്ന വഴി  തമിഴ്നാട്‌  സ്റ്റൈലില്‍  ഒരു ശവയാത്ര കണ്ടു കൊട്ടും പാട്ടുമൊക്കെയായി. അധികവും  പാവാടയും ബ്ലൌസും ആണ് അവിടുള്ളവര്‍ സ്ത്രീകള്‍ ധരിച്ചിരുന്നത്.  അമ്മമാരും അമ്മൂമ്മമാരും ഒക്കെ  മുട്ടിനു താഴെ ഇറക്കം ഉള്ള  പാവാട അണിഞ്ഞു  നടക്കുന്നത് കണ്ടപ്പോള്‍; ഒരു നിമിഷം ഞാന്‍, നമ്മുടെ നാട്ടിലെ സ്ഥിതി ആലോചിച്ചു.  മുഴുവന്‍ മൂടിയിട്ടു പോലും ഇപ്പോള്‍ നില്‍ക്കക്കള്ളിയില്ലാത്ത അവസ്ഥയണു നാട്ടില്..!!



ശ്രീലങ്കയില്‍ നിന്നും  രാത്രിയില്‍ ആയിരുന്നു തായ്ലാന്‍ഡിലേക്കുള്ള ഫ്ലൈറ്റ്.  വലിയൊരു  എയര്‍പോര്‍ട്ട് ആയിരുന്നു ബാങ്കോക്കിലേത്.  അവിടം മുഴുവന്‍ അവരുടെ  ടൂറിസം പ്രൊമോഷന്‍  ചിത്രങ്ങള്‍ കൊണ്ട്  നിറഞ്ഞിരുന്നു.  എങ്കിലും; ആദ്യമായി ടൂര്‍ പോഗ്രാം അറെഞ്ച് ചെയ്തു വരുന്നവര്‍ക്ക്  നിറയേ സംശയങ്ങള്‍ ആയിരുന്നു. ഷിപ്പില്‍ പോകുമ്പോള്‍; എയര്‍പോര്‍ട്ടില്‍ ഏജെന്റ്  വരും. അവരാണു വിസയൊക്കെ അറെഞ്ച് ചെയ്തു തന്നിരുന്നത്. ആയതിനാല്‍  ഈ വക ബുദ്ധിമുട്ട് ഒന്നും അറിഞ്ഞിരുന്നില്ല. കുറെ നേരം വരിയില്‍ കാത്ത് നിന്ന് എമിഗ്രേഷന്‍ കൌണ്ടറിന്റെ അടുത്ത് എത്തിയപ്പോള്‍  അവിടെയുള്ള ഉദ്യോഗസ്ഥന്റെ വകയായി  ‘ഈ വരി അല്ല.. അകത്ത് വേറെ വരി ഉണ്ട്..  അവിടെ പോയി ക്യൂ നിന്ന് വിസെടുക്കണം‘  എന്ന്..! ഉദ്യോഗസ്ഥന്‍ പറഞ്ഞ വരിയിലേക്ക് മാറി അവിടെ ക്യൂ നിന്ന്; അതിന്റെ കൌണ്ടറില്‍ എത്തിയപ്പോള്‍  അവിടെയുള്ള അങ്ങേര്‍ക്കു ഞങ്ങളുടെ  ഫോട്ടോയ്ക്ക് ഗ്ലാമര്‍ പോര എന്ന് വിഷമം..!  വീണ്ടും പുതിയ ഫോട്ടോ എടുക്കുവാനുള്ള ഓട്ടപ്പാച്ചില്‍..!  അങ്ങിനെ ഒരുവിധം വിസ അടിച്ചു കിട്ടി.  ഇങ്ങനെ ഇട്ട് വട്ടം ചുറ്റിയ സമയത്ത്  തിരിച്ചു നാട്ടിലേക്കു വണ്ടി കയറിയാലോ എന്നു പോലും തോന്നി. ഏതായാലും എല്ലാ നൂലാമാലകളെയും തരണം ചെയ്ത് ഞങ്ങള്‍ വെളിയില്‍ എത്തി. അവിടെനിന്ന് വേറെയും കുറെ ആളുകളെയും  കൂട്ടി  വലിയൊരു ബസില്‍  പട്ടയ എന്ന സ്ഥലത്തേക്ക് പുറപ്പെട്ടു. കുറെ നേരം ഉണ്ട് ആ യാത്ര.  എല്ലാവരും മയക്കത്തിലായി.  അങ്ങിനെ താമസിക്കേണ്ട നിര്‍ദ്ദിഷ്ട ഹോട്ടലില്‍ എത്തിച്ചേര്‍ന്നു.  റൂമില്‍ എത്തിയപ്പോഴാണു ശ്വാസം ഒന്നു നേരെ വീണത്..!



അന്നേ ദിവസം  എല്ലാവര്‍ക്കും  വിശ്രമദിവസമാണെന്ന്  ഗൈഡ് പറഞ്ഞതിനാല്‍  ഞങ്ങള്‍  പട്ടയ  ടൌണ്‍ ചുറ്റി കാണാന്‍  പുറപ്പെട്ടു.  പട്ടായ ബീച്ചിലൂടെ മെല്ലേ നടന്നു.  കാഴ്ചകള്‍ അതി മനോഹരം.  കണ്ണിനും മനസ്സിനും..  എന്താ പറയുക..  സന്തോഷം തരുന്ന കാഴ്ചകള്‍.. ബാച്ചികളുടെ ലോകം എന്ന് പറയുന്നതിന്റെ അര്‍ത്ഥം ശരിവയ്ക്കുന്നവിധമായിരുന്നു  ചുറ്റുപാടും ഉള്ള കാഴ്ചകളൊക്കെ..!  വസ്ത്രങ്ങളുടെ ഭാരം ലഘൂകരിച്ച്  അവയില്‍ ലാളിത്യം പുലര്‍ത്തിയ  കുറെ പേര്‍..!  വഴിയരികില്‍  നിറയെ ചെറിയ കടകള്‍ ഉണ്ട്. വസ്ത്രങ്ങള്‍ അധികവും കടും നിറവും പൂക്കളും നിറഞ്ഞതായിരുന്നു.  ബോംബെയിലെ പോലെ  കൊച്ചു കടകള്‍.  വിലപേശി വാങ്ങണം എന്നുമാത്രം.  വിലയൊക്കെ പേശി അന്തസ്സായി ഷോപ്പിംഗ്‌ നടത്തി.  അല്ലെങ്കിലും നമ്മുടെ നാട് വിട്ടാല്‍ എന്തോന്ന്..!!  പട്ടയ  ബീച്ച്നു  അടുത്ത് തന്നെ  വലിയൊരു  ഷോപ്പിംഗ്‌ മാള്‍  ഉണ്ട്.  അതിനു മുകളില്‍  ഒരു വാക്സ് മ്യൂസിയവും സ്ഥിതിചെയ്യുന്നു.   മഹാത്മഗാന്ധി മുതല്‍ ജാക്കിച്ചാന്‍ വരെയുണ്ടവിടെ.  കുറച്ചു നേരം അവിടെയൊക്കെ ഫോട്ടോ എടുത്തു  നടന്നു.  ഇവരെയൊന്നും നേരെകണ്ട് ഒപ്പമിരുന്ന് ഫോട്ടോ എടുക്കല്‍ എന്തായാലും  നടക്കില്ല.  അപ്പോള്‍  പിന്നെ കിട്ടുന്ന അവസരം എന്തിനു കളയണം.  വാക്സ് പ്രതിമയെങ്കില്‍  വാക്സ്.  ഓരോപ്രതിമകളെയും പ്രതിനിധാനം ചെയ്യുന്ന പ്രശസ്തരുടെ കൂടെ നിന്ന് ഫോട്ടോ എടുത്തു.  ചില പ്രതിമകള്‍ അത്രക്കും  പെര്‍ഫെക്റ്റ്‌  ആയി തോന്നിയില്ല. 








 എങ്കിലും ചുരുങ്ങിയകാലം കൊണ്ട്  ടൂറിസം എങ്ങിനെ  ഒരു രാജ്യത്തിന്റെ  വളര്‍ച്ചക്ക്  കാരണം ആകാം എന്നതിന്റെ  നല്ലൊരു ഉദാഹരണം  തന്നെയാണ് തായ്‌ലാന്‍ഡ്‌.  ബാച്ചികള്‍ക്ക്  മാത്രം  എന്നൊരു തെറ്റായ  പ്രചാരം ഉണ്ട് അവിടെ.  എന്നാല്‍ അവിടെ എനിക്ക് എഴുപതുവയസ്സായ  അപ്പൂപ്പന്മാര്‍ തൊട്ടു  കൊച്ചു കുട്ടികളുടെ  സംഘത്തെ വരെ കാണുവാന്‍  സാധിച്ചു.  നമുക്ക്  തിരിച്ചു  വാക്സ് മ്യൂസിയത്തില്‍ തന്നെ എത്താം. മ്യൂസിയം  കണ്ടശേഷം ഞങ്ങള്‍ അതിനടുത്തുള്ള ഗ്ലാസ്‌ റൂമിലേക്ക്‌  കടന്നു.   പറയാതെ വയ്യ..!  ഇത്രയും മനോഹരമായ കാഴ്ച..!  ശരിക്കും വ്യത്യസ്തമായൊരു അനുഭവം ആയിരുന്നു അത്.  ഗ്ലാസ്‌ റൂമില്‍  പോകുമ്പോള്‍ വൈറ്റ് ഷൂസും  കയ്യില്‍ വൈറ്റ് ഗ്ലൌസും ധരിക്കണംറൂമിന് അകത്തെത്തുമ്പോള്‍  ഇരുട്ട് കം  പസ്സില്‍ കളി പോലെ നമ്മള്‍ പരതി നടന്നു ഒരു മുറിയില്‍ നിന്നും അടുത്ത  മുറിയില്‍  പോകാന്‍ ഉള്ള വഴി കണ്ടെത്തണം. വൈറ്റ് നിറം കാരണം ഇരുട്ടില്‍ കൈകാലുകള്‍ തിരിച്ചറിയാന്‍ സാധിച്ചിരുന്നു.  ഒരു മുറിയില്‍ നിന്നും അടുത്ത്  മുറി എന്ന മട്ടില്‍   ചില ഗ്ലാസ്സ്മുറികളില്‍  ചെല്ലുമ്പോള്‍  പെട്ടന്ന്  ലൈറ്റുകള്‍ തെളിയും.  അത് തികച്ചും മനോഹരമായിരുന്നു..!
ഗ്ലാസ്സുകളില്‍  മനോഹരമായി  വെളിച്ചം  പലനിറത്തില്‍ പ്രതിഫലിച്ചു  കാണുമ്പോള്‍   അതൊരു  മായക്കാഴ്ച  പോലെ തോന്നി.  കയ്യിലിരുന്ന ക്യാമറയെടുത്ത് ഫോട്ടോ എടുക്കണം എന്നുണ്ടായിരുന്നെങ്കിലും കാഴ്ച കാണുന്ന സമയം നഷ്ടപ്പെടുത്തുവാന്‍ തോന്നിയില്ല.   കുറെ നീണ്ട ഇടനാഴികളും  ഇരുട്ടുമുറികളും.  ചിലയിടത്ത് സംഗീതം  ഉണ്ടായിരുന്നു.  സംഗീതത്തിനൊപ്പം ഡിസ്കോ ലൈറ്റ്. അറിയാതെ കൈകാലുകള്‍  നൃത്തം വെച്ചു.  ഗ്ലാസ്സ് റൂമിനെ ഉപേക്ഷിച്ച് പുറത്തേക്ക് വന്നപ്പോള്‍  വീണ്ടും ഉള്ളിലേക്ക് തന്നെ പോയാലോ  എന്നൊരു ആഗ്രഹമായിരുന്നു.  പിന്നീട് ഞങ്ങള്‍  സയന്‍സ്  മ്യൂസിയം കാണുവാന്‍ കയറി.  വളരെ വ്യത്യസ്തമാര്‍ന്ന കാഴ്ചകളായിരുന്നു അവിടെയും ഞങ്ങളെ കാത്തിരുന്നത്.   കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരുപോലെ  അറിവ് നല്‍കുന്ന കാര്യങ്ങളും പിന്നെ ഇടക്കിടക്ക് ചില തമാശകളും അടങ്ങിയതായിരുന്നു മ്യൂസിയം കാഴ്ചകള്‍. 







അവയില്‍ ഒന്ന്; ഒരു ചിത്രം നാക്ക്‌ വളച്ച്‌  മൂക്ക് തൊടുന്നത് ആയിരുന്നു.  അവിടെ ഒരു  കണ്ണാടി ഒപ്പം ഒരു ബോര്‍ഡ്‌.  ഇതുപോലെ ചെയ്യാന്‍ അങ്ങിനെ ആര്‍ക്കും പറ്റില്ല.   ചെയ്താല്‍ ചിലപ്പോള്‍ മുഖം  വികൃതമാകും  എന്നൊക്കെ. ഞാനും പോയി കുറച്ചു നേരം കണ്ണാടിക്കു മുന്പില്‍ നിന്നുകൊണ്ട് നാക്ക്‌ മൂക്കില്‍ തൊടുവിക്കാന്‍ നോക്കി.  വലിയ നാവാണവള്‍ക്ക്, എന്ന് അമ്മ പറഞ്ഞത് കേട്ട് നോക്കിയതാ.  എവിടുന്നു എത്താന്‍..  പറ്റിയല്ല.  അങ്ങിനെ  അവിടെ നിന്നും നടന്ന് അടുത്ത ഇടനഴിയില്‍ എത്തി. അവിടെ ചെന്നപ്പോള്‍  കണ്ട കാഴ്ച  കണ്ട് ചിരിയടക്കാനായില്ല.  ഒരു ചൈനാക്കാരി അവരുടെ നാവ് മൂക്കില് തൊടാനുള്ള  ഗുസ്തി ആയിരുന്നു. അതുകണ്ട് മതിമറന്ന് ചിരിച്ചപ്പോള്‍ ആണ് എനിക്ക് ബോധോധയം വന്നത്; കുറച്ചു  മുന്പ്  ഞാന്‍ കാണിച്ച  കോമാളിത്തരം ഏതു നാട്ടുകാരാണവോ കാണേണ്ടിവന്നത്. എന്തായാലും  ഒത്തിരി ചിരിക്കാന്‍ സാധിച്ച  സന്തോഷത്തില്‍ അവിടെ നിന്നും പുറത്തു കടന്നു. പെട്ടന്നൊരു നിലവിളി ശബ്ദം കേട്ട് അടുത്ത മുറികളിലും ചുറ്റുപാടും നിന്നിരുന്നവര്‍ പേടിച്ചരണ്ട് നിന്നിരുന്ന എന്റടുത്തേക്ക് ഓടി വന്നു.  ഞാന്‍ നിന്നിരുന്ന അടുത്ത മുറിയില്‍ നിറയെ പേടിപ്പെടുത്തുന്ന കാഴ്ചകളായിരുന്നു. എന്തായാലും പേടിക്കാന്‍ പോകേണ്ട എന്ന് തന്നെ വിചാരിച്ച്  അടുത്തുള്ള കടകളിലേക്ക് പതിയെ നടന്നു. അപ്പോഴേക്കും കുട്ടികള്‍ വാശിയും തുടങ്ങിയിരുന്നു.  തൊട്ടടുടുത്തുള്ള  ബര്‍ഗര്‍ ഷോപ്പിലേക്ക്  നടന്നു.  ബീച്ചിനു അഭിമുഖമായിരുന്നു  ആ കട.  ബീച്ചിലെ മണല്‍പ്പുറത്ത് വിദേശികളും  സ്വദേശികളും നീണ്ട് മലര്‍ന്നു കിടക്കുന്നുണ്ടായിരുന്നു.  അടുത്തുള്ള ബസ്സ്സ്റ്റോപ്പില്‍ ചെറിയ ഉടുപ്പും നീണ്ട സ്ടോക്ക്കിങ്ങ്സും ഇട്ടു  കുറച്ച് സുന്ദരികള്‍ നില്‍ക്കുന്നുണ്ടായിരുന്നു.  ഉദ്ദേശം പകല്‍പോലെ വ്യക്തം. ജീവിക്കാന്‍ വേണ്ടി വ്യഭിചാരത്തിലേര്‍പ്പെടുന്നവരുടെ കൂട്ടം. എയിഡ്സ്  ബോധാവല്‍ക്കരണം  നടത്തിയിട്ടുള്ളതിനാല്‍  ഇപ്പോള്‍ അവിടുള്ള സ്ത്രീകള്‍  വളരെ സൂക്ഷിച്ചാണ് പെരുമാറുന്നത്.  ആണുങ്ങള്‍  അധികവും വീട്ടിലും സ്ത്രീകള്‍ അധികം ജോലിക്കായി പുറത്തുമാണ്. ഇതാണ് അവിടത്തെ  രീതി.  ഒരുപാടു  ബിയര്‍ ഷോപ്പുകള്‍ ഉണ്ടവിടെ. വൈവിധ്യമേറിയ കടല്‍ വിഭവങ്ങളാല്‍ സമൃദ്ധമാണിവിടം.  ചെറിയ ഡാന്‍സ്  ക്ലബ്ബുകള്‍, മസ്സാജ്  പാര്‍ലരുകള്‍, സോനാ ബാത്ത് തുടങ്ങിയയൊക്കെ  ഇവിടത്തെ   പ്രത്യേകതകളാണു.  മസ്സാജ് പര്‍ലൌരുകള്‍  എല്ലാം  ഗ്ലാസ്‌ ഡോര്‍സിനാല്‍ സുതാര്യമാണ്. പുറമേ നടന്നു പോകുന്നവര്‍ക്ക് കാണാം,  അകത്ത്  മസ്സാജിങ്ങ് നടക്കുന്നതൊക്കെ.  ചില പ്രത്യേക ഭാഗങ്ങള്‍ ചെയ്യുമ്പോല്‍ മാത്രമവര്‍ കര്‍ട്ടനിട്ട് മറച്ചിടും. 
എന്നിരുന്നാലും പട്ടായ ചെറിയ സ്ഥലമാണെങ്കിലും കുറച്ച്കുടി ഗ്രാമഭംഗിയാല്‍ അനുഗ്രഹിച്ചിരുന്നു. കാഴ്ചകള്‍ക്കവസാനം പതുക്കെ  ഹോട്ടലിലേക്ക്  തിരിച്ചു .  പിറ്റേന്ന്  കാലത്ത് കോറല്‍ ഐ ലാന്‍ഡ്‌ കാണാന്‍  പോകേണ്ടതാണ്. കാലത്തേ പുറപ്പെടണമെന്ന് ഗൈഡ് നിഷ്കര്‍ഷിച്ചിരുന്നു.



കാലത്തേ  റെഡി ആയി വേഗം ഹോട്ടല്‍ ലോബിയില്‍ എത്തി. അവിടെ ഇന്ത്യക്കാരുടെ  ഒരു മഹാ സമ്മേളനം  നടക്കുണ്ട് . ഇതിന്ത്യക്ക് പുറത്തോ അകത്തോ ! ചെറിയ മോന്റെ സംശയങ്ങള്‍. ഇതെന്തു ഭാഷാ? ഇവരൊക്കെ സംസരിക്കുന്നത് ഹിന്ദി ആണോ? ചൈനീസ് ആണോ ? അവന്റെ ചോദ്യങ്ങള്‍ക്ക്  മറുപടി പറയല്‍ തന്നെ ഒരു ശ്രമകരമായ  അദ്ധ്വാനമാണ്.  ബ്രേക്ക്‌ ഫാസ്റ്റ്  ഹോട്ടലില്‍ നിന്നും കഴിച്ചു.  അതിനുമുണ്ട്  തൃശൂര്‍ പൂരത്തിന്റെ തിരക്ക്. വിഭവങ്ങള്‍ക്ക് വലിയ ബാഹുല്യമുണ്ടായിരുന്നു. ഒരു വിധം ആഹാരം കഴിച്ചിറങ്ങി. ലോബിയില്‍ ഓരോരോ സെക്ഷനായി ആളുകളെ  തരം തിരിച്ചു  കൊണ്ടുപോകുന്നുണ്ട്‌.  അവരുടെ കൂടെ ഓരോ ഗൈഡും.  ഞങ്ങളുടെ  ഗൈഡിനെ നോക്കി നില്‍ക്കുമ്പോള്‍ ആണ്  ഒരു ചെറിയ ലഹള കേട്ടത്. പ്രായം ചെന്നൊരു സ്ത്രീയായിരുന്നു ആയിരുന്നു അത്, അവരുടെ കുളിമുറിയില്‍ കപ്പ്‌ ഇല്ല പോലും!  അതുകൊണ്ട് തുണി കഴുകാന്‍ ഒന്നും പറ്റുന്നില്ല എന്ന് പരാതിപ്പെടുകയാണ്.  വിദേശ യാത്രയില്‍  ഇന്ത്യക്കാര്‍ക്ക് പ്രത്യേകിച്ച് സൌത്ത് ഇന്ത്യന്‍സിനു  ബുദ്ധിമുട്ട് അനുഭവപ്പെടുക  ഈ കാര്യത്തിലാണ്.  അതായത്  കുളിയും  തുണി അലക്കലും  വേണമല്ലോ.  കുളിമുറിയില്‍ കപ്പ്‌  ഉണ്ടാകില്ല  ,എന്നൊക്കെ  എജെന്റ്     പറഞ്ഞു മനസ്സിലാക്കി കൊടുക്കാന്‍  ശ്രമിച്ചിരുന്നു  എങ്കിലും  അവര്‍ക്ക്  അതൊന്നും സമ്മതം  ആയില്ല  എന്ന്  അവരുടെ  തുടര്‍  സംഭാഷണങ്ങളില്‍      നിന്നും  മന്സ്സ്സിലക്കാന്‍  സാധിച്ചിരുന്നു ഇതെല്ലാം കേട്ട് നില്‍ക്കുമ്പോള്‍ ഞങ്ങള്‍ക്ക് പോകാനുള്ള കൊച്ചു  വണ്ടി   എത്തിച്ചേര്‍ന്നു. ഞങ്ങളുടെ കൂടെ ഒരു ബോംബെ മറാത്തി  ഫാമിലി ഉണ്ടായിരുന്നു.  അങ്ങിനെ  ഹോട്ടല്‍ നിന്നും ആദ്യം  പട്ടയ  ബീച്ചിനടുത്തെത്തി  വണ്ടിയില്‍ നിന്നും  ഇറങ്ങുമ്പോഴേക്കും,   വഴിയോര കച്ചവടക്കാര്‍  അടുത്ത് എത്തി.  അവരുടെ കൈവശം  തൊപ്പികള്‍, സ്ലിപ്പെര്‍ ചെരുപ്പുകള്‍,  ബര്‍മുഡകള്‍ എന്നിവയൊക്കെ ഉണ്ടായിരുന്നു.  കോറല്‍  ദീപിലേക്ക് അടുത്തു  ബോട്ട്  എത്തില്ല. അപ്പോള്‍  വെള്ളത്തിലിറങ്ങി  നടക്കേണ്ടി വരും.  അപ്പോള്‍ നനയാതിരിക്കുന്നതിനാണു ബര്‍മുഡയും മറ്റും.  മണലില്‍  സുഗമമായി  നടക്കുവാനാണു  സ്ലിപ്പെര്‍ ചെരുപ്പുകള്‍. വെയിലിനെ പ്രതിരോധിക്കുവാന്‍  തൊപ്പികള്‍, സണ്‍ ഗ്ലാസ്സ് ഒക്കെ.  ഒപ്പം ഉണ്ടായിരുന്ന ഫാമിലിയിലെ  ആന്റിമാര്‍ ബെര്‍ന്മുഡകളൊക്കെ വാങ്ങി. ഞങ്ങള്‍ ചെരുപ്പുകളും,തൊപ്പിയും ഗ്ലാസ്സും! 




  അങ്ങിനെ  വെള്ളത്തിലേക്ക്‌  ഇറങ്ങി  നടന്നു തുടങ്ങി.  വേലിയേറ്റ  പ്രശ്നങ്ങള്‍ കാരണം കരക്കടുത്തേക്ക്  ബോട്ട് അടുപ്പിക്കില്ല.  ആയതിനാല്‍ കടല്‍ ജലത്തിലൂടെ ഞങ്ങള്‍ നടന്ന് ബോട്ടിനരുകിലെത്തി.   ഹാഫ് സ്ലിപ്പേര്‍ ഇട്ടു  കേറുക ഇത്തിരി  കടുപ്പം ആയിരുന്നു .  അങ്ങിനെ ബോട്ട് യാത്ര തുടങ്ങി . നല്ല വെയില്‍  ഉണ്ടായിരുന്നു.  സണ്‍ ഗ്ലാസ്സ്  ഒക്കെ എടുത്തു വച്ചു   സ്റ്റൈല്‍  ആയി ഇരുന്നു.  





 ഇടയ്ക്കു അവര്  ഒരു പ്ലാറ്റ് ഫോമിനു അടുത്തു  ബോട്ട് നിര്‍ത്തി. (വെളത്തില്‍  ഇടയ്ക്കു  ഉയരത്തില്‍  മരം കൊണ്ട്  കെട്ടി ഉണ്ടാക്കിയത് )  അവിടെയാണ്  "പാര സൈയിലിംഗ്“.  ആകാശയാത്ര.  അവിടെ   കുട്ടികള്‍  മുതല്‍ മുതിര്‍ന്ന ആളുകള്‍  വരെ ഉണ്ട് .  എന്നോട്  അതില്‍ കയറിക്കൊള്ളാന്‍  ഏട്ടന്‍  പറഞ്ഞു .  പക്ഷേ ധൈര്യം  പോര.   ജീവിതം ഒന്നല്ലെ ഉള്ളു..  ഒന്ന്  കയറി നോക്കാം  എന്നവസാനം  വിചാരിച്ച്  അവിടെ  വരിയില്‍ പോയി  നിന്നു .  (ടിക്കറ്റ്‌ എടുക്കണം  കേട്ടോ )  നേരത്തേ കൂടെ ഉണ്ടായിരുന്ന  ആന്റി  ബര്‍മുഡ  ഒക്കെ ഇട്ടു സ്റ്റൈല്‍ ആയി എന്റെ  മുന്പില്‍  ഉണ്ടായിരുന്നു.  ആതോടെ ഞാനും പേടി മറച്ചു നിന്നു . എനിക്ക്  മുന്പ്  അപ്പു (മോന്‍ ) പോയി.  ഏട്ടനും  ചെറിയ മോനും  അവിടെ തന്നെ നിന്നു.  മന:പ്പൂര്‍വം  എന്നെ കേറ്റി  വിട്ടതാണോ  എന്തോ?  മനസ്സില്‍ സംശയത്തിന്റെ മുളകള്‍ പൊട്ടി!  അങ്ങേരെ നോക്കി.  പേടിക്കേണ്ട എന്നൊക്കെ അങ്ങേരു അവിടെ നിന്നുംകൊണ്ട് ആംഗ്യം കാണിക്കുന്നുണ്ട്.   (ഒവ്വ!   എന്റെ പേടി എനിക്കല്ലേ  അറിയൂ ) അങ്ങിനെ എന്റെ ഊഴം എത്തി.  അവിടത്തെ സ്റ്റാഫ് ലൈഫ്  ജാക്കറ്റ്  ഇടുവിച്ചു തന്നു.  അതും ഒരു സംഭവം തന്നെ!   അതിന്റെ ലോക്കുകള്‍  ഇരുമ്പിന്റെ..   ഇട്ടപ്പോള്‍ നല്ല ഭാരം തോന്നി.. ഉള്ളിലൊരു പേടി പിന്നേം .. ഈ കൊളുത്ത്  എങ്ങാനും  വിട്ടു പോയാലോ ???!!!  അവരന്നെ  മുന്പില്‍ നിര്‍ത്തി  മുകളില്‍നിന്നു വരുന്ന  പാരചൂട്ടില്‍ എന്റെ ലൈഫ് ജാക്കെറ്റ്‌ കൊളുത്തുകള്‍  ഇടുവിച്ചു.  വളരെ ഫാസ്റ്റ് ആയിയാണതവര്‍ ചെയ്യുന്നത്.   എന്നോടവര്‍ ഓടാന്‍  പറഞ്ഞു.  ഓടിയോടി  പ്ലാറ്റ് ഫോമ്മിനു അവസനം എത്തി..  ഇനി കടലാണ്.. പൊങ്ങിയില്ലെങ്കില്‍..   അപ്പോഴേക്കും  ബോട്ട് സ്പീഡ് കൂട്ടി..   ഞാനും  പതുക്കെ പൊങ്ങി.. എന്റെ ഭാരം ഞാന്‍ അറിയുന്ന  നിമിഷം  കണ്ണുകള്‍ ആദ്യം ഇറുക്കെ  അടച്ചു..  പിന്നെ മെല്ലേ തുറന്നപ്പോള്‍  ഞാന്‍ ആകാശത്ത്..








 താഴെ മനോഹരമായ   കടല്‍..
മുകളില്‍ പഞ്ഞികെട്ടുകള്‍  പോലെ  മേഘങ്ങള്‍ ..  താഴെ  ചെറിയ ബോട്ടുകള്‍.. കുറച്ചുനേരം ചുറ്റിയ ശേഷം താഴേക്ക്.. തിരിച്ചിറങ്ങുമ്പോള്‍  നല്ലപോലെ ശ്രദ്ധിക്കണം...  കാല് മടങ്ങാതെ  നോക്കണം.. താഴെ വന്നു കാലുകുത്തുമ്പോള്‍   തന്നെ നമ്മളെ പിടിച്ചു നിര്‍ത്താന്‍ മൂന്നു നാലു പേരുണ്ടാകും.. അത്രക്കും  ഫോഴ്സിലാണു ഇതിന്റെ ലാന്‍ഡിങ്ങ്!  അങ്ങിനെ ഒരുവിധം താഴെ ലാന്‍ഡ്‌ ചെയ്തു.



അവിടെനിന്നും വീണ്ടും ബോട്ടില്‍  കോറല്‍ ഐലന്‍ഡ്‌  കാണാന്‍ തിരിച്ചു .  ബോട്ട് കുറച്ചു ദൂരം കൊണ്ട് പോയി വേറെ ഒരു നിര്‍ത്തിയിട്ട ബോട്ടിന് അടുത്ത്  നിര്‍ത്തി .  അവിടേക്ക് ഞങ്ങളെ മാറ്റി.  അവിടെയാണ്  കടലിനടിയിലൂടെ നടക്കലും,  പവിഴപുറ്റു കാണലുമൊക്കെ. ഞാനില്ല എന്നു മുന്പേ ജാമ്യമെടുത്തു.  ഏട്ടനും അപ്പുവും  കൂടി  പോകാന്‍ റെഡി ആയി .  അതിന്റെ ഹെല്‍മെറ്റ്‌ പോലുള്ള മാസ്ക് ഒക്കെ  ഇടുമ്പോള്‍ തന്നെ ചിലര് ഇല്ല എന്നു നിരസിച്ച് തിരിച്ചു കയറി.  അവരങ്ങിനെ കടലിനു  അടിയിലോട്ട്  യാത്രയായി, പുറ്റുകളുടെ ഭംഗി നുകരാന്‍.  ഞാനും ചെറിയ മോനും ബോട്ടില്‍ തന്നെ ഇരുന്നു.  ബോട്ടില്‍ തന്നെ ചെറിയ ഒരു കടയുണ്ട്.  പേരക്ക  നല്ലപോലെ മുറിച്ചു മുളക് പൊടി ഒക്കെ ഇട്ടു  തന്നു.  അതും  കഴിച്ചു ഇരുന്നു ഞങ്ങള്‍ രണ്ടും.  കടല് വളരെ  ക്ലിയര്‍ ആയിരുന്നു.  അടിത്തട്ടു നമ്മുക്ക് ബോട്ടില്‍ ഇരുന്നും കാണാമായിരുന്നു.   കുറെ മീനുകള്‍ അപ്പോള്‍ കൂട്ടം കൂടി എത്തി.






  അവയുടെ കളികളും നോക്കി ആസ്വദിച്ചിരുന്നു.  ഇരുന്നു .  അതിനിടയില്‍ കടലില്‍ നടക്കാന്‍ പോകുന്ന കുറച്ചു പേരെ കണ്ടു.  അധികവും വിദേശികള്‍ ആണ്






.  വലിയ നീളന്‍ കാലുകള്‍ സഞ്ചരിക്കാന്‍ എളുപ്പത്തിനാകും.   അവര് അങ്ങിനെ നടക്കുന്നു..  ചിലര് മീന്‍ പിടിക്കുവാന്‍ക്കാന്‍ ശ്രമിക്കുന്നു.  എല്ലാം വീക്ഷിച്ചിരിക്കെ  അടിയില്‍ പവിഴപുറ്റു കാണുവാന്‍ പോയവര്‍ തിരിച്ചെത്തിത്തുടങ്ങി. പിന്നീട് ഞങ്ങള്‍  സ്പീഡ് ബോട്ടില്‍ കയറി  കോറല്‍ ബീച്ചിനു  അടുത്തേക്ക്,  അവിടെ  കരക്ക്‌ ദൂരെ ബോട്ട് നിര്‍ത്തി.  മനോഹരമായ കാഴ്ച. 





 നിറയെ  പച്ചപ്പും.  കൊച്ചു കുടകള്‍..  അവയ്ക്ക് അടിയില്‍  മലര്‍ന്നു കിടക്കുന്ന  സൌന്ദര്യധാമങ്ങള്‍..  കറുപ്പും വെളുപ്പുമായി..!  പേരിനു മാത്രം തുണി ഉടുത്ത് കുറപേര്‍ വെയില് കൊള്ളാന്‍ കിടക്കുന്നുണ്ടായിരുന്നു അവിടെ.   സ്പീഡ് ബോട്ടില്‍ കേറി  ഒരു യാത്ര നടത്തി.





  പിന്നെ അടുത്തുള്ള ബീച്ചില്‍  കുളിക്കാനിറങ്ങി.  കുട്ടികള്‍ കളിച്ചു തിമിര്‍ക്കുകയായിരുന്നു .   വെള്ളത്തില്‍ മുഴുവനായും മുങ്ങാന്‍ മനസ്സ് അനുവദിച്ചില്ല.  ഉപ്പു വെള്ളമായതിനാല്‍  വേണ്ടാ എന്ന്  വച്ചു.  പിന്നിട്  അവിടെ തന്നെയുള്ള   ഇന്ത്യന്‍ ഹോട്ടലില്‍ നിന്നും  ഭക്ഷണം.  അതു കഴിഞ്ഞു വീണ്ടും ബോട്ടില്‍ തിരിച്ചു  പട്ടയയിലെക്ക്.  ബോട്ട്  നല്ല സ്പീഡില്‍  ആയിരുന്നു.  തിരിച്ചു വരുമ്പോള്‍ എന്തോ ഒരു വിഷമം.  കടല്‍ അങ്ങിനെയാണ്  നമ്മളെ വല്ലാതെ മോഹിപ്പിക്കും.  അങ്ങിനെ ബോട്ടില്‍നിന്നും ഇറങ്ങി കരക്ക്‌ നടന്നു.  ഇടക്ക് ഒപ്പമുണ്ടായിരുന്ന കുട്ടികള്‍ക്ക് മീന്‍ പിടിക്കാന്‍ പറ്റി. (അതിനെ തിരിച്ചു വിട്ടു കേട്ടോ)  ഞങ്ങള്‍ കരക്ക്‌ എത്തിയ നേരം  അവിടെ  പാര സൈലിംഗ് നടത്തിയ  ഫോട്ടോ, ബോട്ടില്‍ കയറുമ്പോള്‍ എടുത്ത ഫോട്ടൊ
 ഒക്കെ ഒരു പ്ലാസ്റ്റിക്‌ പ്ലേറ്റില്‍ ലാമിനേറ്റ്  ചെയ്തു തന്നിരുന്നു .  അതെല്ലാം വാങ്ങി തിരിച്ചു ഹോട്ടെലിലേക്ക്.  അന്ന് രാത്രിയില്‍ ഞങ്ങള്‍ അവിടെ അടുത്തുള്ള റോഡുകളില്‍ നടക്കാന്‍ പോയി.  തെരുവില്‍ നിറയെ മാമ്പഴക്കച്ചവടക്കാര്‍ ഉണ്ടായിരുന്നു.. എന്തു ഭംഗിയിലാണെന്നോ അവരു മുറിച്ചു തരിക..  പിന്നെ പാക്കിങ്ങും വളരെ മനോഹരമായി..  എനിക്കത് വളരെ ഇഷ്ടമായി.  അവിടെയും നിറയെ മസ്സാജ് പാര്‍ലറുകള്‍  ഉണ്ടായിരുന്നു . സന്ദര്‍ശിച്ചാലോ എന്നു നിനച്ചെങ്കിലും കുട്ടികളെ എന്ത് ചെയ്യും എന്നായി.  എന്തായാലും തായ്ലന്‍ഡില്‍ നിന്നും പോരും മുന്‍പ്   മസ്സാജ് ചെയ്യണമെന്ന് മനസ്സിലുറപ്പിച്ച് ഹോട്ടെലിലേക്ക് തിരിച്ചു നടന്നു.  നാളെ രാവിലെ ബാങ്കോക്ക്‌  പോകുയാണ്.  അവിടെ വേറെ ഹോട്ടല്‍..



പിറ്റേന്ന് രാവിലെ ഞങ്ങള്‍  ബാങ്കോക്കിലേക്ക് യാത്ര തിരിച്ചു.  അവിടെ  എന്റെ മസ്സാജ് മോഹം  ഒരു സംഭവം ആക്കി തീര്‍ത്തു..!!  അത് ഇനി അടുത്ത പോസ്റ്റില്‍ 

Saturday 11 June 2011

നിശബ്ദത..


നിശബ്ദത..
എത്ര നേരമായി ഒന്ന്  മിണ്ടാതിരിക്കാന്‍ പറയുന്നു  ഈ പിള്ളാരോട്.  പറഞ്ഞാല്‍ ആരു കേള്‍ക്കാന്‍. സമാധാനമായി ഒന്ന് ഒരിടത്തിരിക്കാന്‍  പോലും സമ്മതിക്കുന്നില്ല. ടി വീ ഓണാക്കിയാലോ  അതില് മൊത്തം  കരച്ചിലും ലഹളയും  മാത്രം!  ഇന്‍റര്‍നെറ്റില്‍ വന്നിരുന്നാല്‍, ഫേസ് ബുക്ക്‌ മൊത്തം പൊളിറ്റിക്സ് ലഹളകള്‍. സമരങ്ങളും അവയേക്കുറിച്ചുള്ള അഭിപ്രായങ്ങളും ..പിന്നെ  തൊട്ടതും പിടിച്ചതിനും  ഒക്കെ  ഗ്രൂപ്പ്‌ ഉണ്ടാക്കലും .മാത്രം. അങ്ങിനെ അവിടെയും ഒരു സമാധാനം തരില്ല. എന്നാല്‍   കുറച്ച് നടന്നേക്കാം എന്നും നിനച്ച് റോഡില്‍ ഇറങ്ങി. അപ്പോ  നെഞ്ഞത്തോട്ടു  കയറാന്‍  പാഞ്ഞു വരുന്ന ടിപ്പരുകള്‍.  എവിടയും ഇല്ല നിശബ്ദത. വീട് തന്നെ ഭേദം എന്നും നിനച്ച് വീട്ടിലോട്ട് തിരിച്ചു നടന്നു. വീട്ടില്‍ എത്തി ഉമ്മറത്ത്‌ ചാരു പടിയില്‍  ചാരി കിടന്നു.  എത്ര നാളായി  സമാധാനമായി  ഒരു സ്വപ്നം കണ്ടിട്ട്.  പതിയെ മയക്കത്തിലേക്ക് പതിക്കുമ്പോള്‍ . ക്രിണിം..ക്രിണിം..  ഫോണ്‍ ബെല്ലടിച്ചു.  ഹലോ.. മാലിനിയുടെ അമ്മയാണ് ..! അങ്ങേപ്പുറത്തു നിന്നും കേട്ട വാക്കുകള്‍ മനസ്സിനെ ഒരു നിമിഷം സ്തബ്ധമാക്കി. കാര്‍ പോര്‍ച്ചില്‍  കിടക്കുന്ന കാറിന്റെ ഡ്രൈവിങ്ങ് സീറ്റില്‍ യാന്ത്രികമായി നിരങ്ങിക്കയറി, വെളിയിലേക്ക് വേഗത്തില്‍ ഓടിച്ചു പോയി..


മാലിനിയുടെ വീട്ടില്‍ എത്തിയ  നേരം ആളുകളുടെ കൂട്ടം.. പെരുവിരലില്‍ നിന്നൊരു പിരുപിരുപ്പു ഉയര്‍ന്നു. അകത്തേക്ക് കയറിയ  നേരം, വെളള പുതപ്പി  ല്‍ പൊതിഞ്ഞ  ഒരു കൊച്ചു രൂപം. തലയ്ക്കല്‍ കത്തിച്ചു വെച്ചിരിക്കുന്ന നിലവിളക്ക്.  ഒന്നും മിണ്ടാനാകാതെ  നിശബ്ദമായി  നിന്നു.  മാലിനിയുടെ അലമുറയിട്ട കരച്ചില്‍  കാതില്‍  പ്രതിധ്വനിച്ചു. മോനുട്ടാ.. അമ്മയുടെ കുട്ടന്‍  ഒന്ന് മിണ്ടെടാ.. എത്ര നേരായിള്ള കിടപ്പാ.. ഓടി നടന്നു അമ്മയുടെ ചുറ്റും ലഹള ഉണ്ടാക്കുമ്പോള്‍  എത്ര തവണ അമ്മ വഴക്കു പറഞ്ഞു; ഒന്ന് പോയി തരാന്‍. മടുത്തു ;  ഒരു നേരം എങ്കിലും സമാധാനത്തോടെ  നിശബ്ദതയോടെ ഇരിക്കാന്‍ സാധിച്ചെങ്കില്‍ എന്നു കരുതിയിട്ട്.. ഇപ്പോള്‍..  എല്ലാം  നിശബ്ദമായി..  എനിക്ക് ചുറ്റും..  എല്ലാം..







മാലിനിയുടെ അലറികരച്ചില്‍  തന്നിലേക്കും നിശബ്ദതയുടെ  ആഴം പകര്‍ന്നു  നല്‍കിയ  പോലെ..  കണ്ണുകള്‍ ഇറുക്കി അടച്ചു.. ഉള്ളില്‍  അതുവരെ  ചോദിച്ചിരുന്ന എല്ലാ ചോദ്യത്തിനും  ഉത്തരം  കിട്ടിയവള്‍ക്ക്  ആ നിമിഷം..