Followers

Thursday 14 October 2010

ഇടവഴിയിൽ തനിച്ചായ ഓർമ്മകൾ

ഇരുവശങ്ങളും പൂമരങ്ങളാൽ തിങ്ങിനിറഞ്ഞു നിൽക്കുന്ന പാതയുടെ ഓരത്തൂടെ നടക്കുമ്പോള്‍; അവളുടെയുള്ളിലനുഭവപ്പെട്ടുകൊണ്ടിരുന്ന ഭാവമെന്താണെന്നു പറയാൻ സാധിക്കുമായിരുന്നില്ല. കാരണമാ മുഖം കാണാന്‍ പറ്റുന്നുണ്ടായിരുന്നില്ല.  അവളുടെ  പദസ്വനം കാത്തിരുന്നപോലെ  ഓരോ മണ്‍തരികളും  നെടുവീർപ്പിടുന്നുണ്ടായിരുന്നു !  പൂമരങ്ങളിലെ പൂക്കള്‍ വർണ്ണങ്ങൾ വാരി വിതറി ഒരുക്കിയ  പൂമെത്തയിലേയ്ക്ക്  നഗ്നപാദയായി  അവള്‍ നടന്നടുത്തു. കണങ്കാലുകളില്‍ മുട്ടിഉരുമ്മിയ നേരം പൂക്കളില്‍ അനുഭവപ്പെട്ട വികാരമെന്താകുമെന്നു  ഇളംചുവപ്പ് പടര്‍ന്ന പൂക്കളുടെ കവിളിണകള്‍ ദർശിച്ചപ്പോഴവൾക്കു  മനസ്സിലായി. നിശബ്ദമാർന്ന അവളൂടെ ചെംചുണ്ടുകളിലൊരു പുഞ്ചിരി വിരിഞ്ഞുവോ!! പൂക്കളവളെ പുല്‍കാന്‍  മത്സരിച്ചെന്നവണ്ണം  ഉതിര്‍ന്നു വീഴുന്നുണ്ടായിരുന്നു. ഓര്‍മ്മകള്‍  വീണ്ടുമാ  പഴയ കാമ്പസ്സ് ജീവിതത്തിലേക്ക്  ചിറകു വിരിച്ചു പറക്കുന്ന പോലെ.  പ്രീ-ഡീഗ്രീ കാലത്തെ കോളേജ്  കാമ്പസ്സിന്റെ പടിവാതിലില്‍ ചെന്നാണാ ഓര്‍മകള്‍  നിലത്തിയിറങ്ങിയത്. പേടിച്ചു വിറച്ച് മന്ദം മന്ദം നടന്നു വന്നിരുന്ന ആ പഴയ പെണ്‍കുട്ടി; അതിവളല്ലേ..!!  ആ പൂമരച്ചോട്ടില്‍  കണ്ട സുന്ദരി. അതന്നെ.. നോക്കാമെന്താണു നടക്കുന്നതെന്ന്. വേണെങ്കിൽ നിങ്ങളുമെന്റൊപ്പം പോന്നോള്ളൂ . ചിറകു വിരിച്ചു  മുന്പേ ഞാന്‍ പറക്കാം; പിറകെ നിങ്ങളും. പക്ഷേ ഒരു കാര്യം ഉണ്ട് കേട്ടോ. ശ്..ശ്.. ആരും ശബ്ദം ഉണ്ടാക്കരുത്.  ഓര്‍മകളില്‍ മേയുമ്പോള്‍ ചെറിയൊരു ശബ്ദം കേട്ടാൽ മതി; ഒഴുക്ക്  നഷട്പെടും. ഹ്മം.. കളിയാക്കേണ്ട  പറഞ്ഞത് സത്യമാ.. ചിറകു ഉച്ചത്തില്‍ അടിച്ചുയര്‍ത്താതെ  കാമ്പസ്സിന്റെ മുറ്റത്തുള്ള  വലിയ ആല്‍മരത്തിന്റെ  മുകളില്‍  ഇരുപ്പുറപ്പിച്ചു.




അമ്മാമന്റെ കൂടെയാണ് ആദ്യ ദിവസം കോളേജില്‍ എത്തിയത്. നീണ്ട കണ്ണുകളുള്ള  മെലിഞ്ഞു  നീണ്ട ഒരു സുന്ദരി   . അവളുടെ കണ്ണുകള്‍ക്കായിരുന്നു ഏറ്റവും  ഭംഗി.  വിടര്‍ന്ന കണ്ണുകള്‍ കൊണ്ട്  പരിഭ്രമത്തോടെ അവള്‍  നാലു പാടും നോക്കുന്നുണ്ടായിരുന്നു. ഓഫീസ്സിനടുത്ത് സ്ഥിതി ചെയ്യുന്ന  ജെ  ബാച്ച്  അതായിരുന്നു അവളുടെ ക്ലാസ്സ്‌ , അവിടേക്ക്   അമ്മാമന്‍  കൊണ്ട് ചെന്നാക്കി. ‘അതേയ്,  മാമന്‍  പോകരുത്ട്ടോ‘   എന്നൊക്കെ ശട്ടം കെട്ടിക്കൊണ്ടവൾ  അകത്തേക്ക് കയറി ഏറ്റവും പിൻ ബെഞ്ചിനു  തൊട്ടു മുൻപുള്ള ബെഞ്ചിലെ ഒഴിഞ്ഞ സീറ്റിലവൾ  മെല്ലെ ഇരുന്നു .  അപ്പോഴാണ് കുറെ ചേട്ടന്മാര്‍ റൂമിനുള്ളിലേക്ക് കയറി വന്നത്. പരിചയപ്പെടല്‍ എന്നാ ചടങ്ങാണത്രേ.

* * *
ചിറകു മെല്ലേ ഉയര്‍ത്തി  ജനാലിനു അരികുള്ള  കൊമ്പിലേക്ക്  നീങ്ങിയീരുന്നു. ഇപ്പോളവളെ ശരിക്കും കാണാം.  പാവം  നല്ല പേടിയുണ്ടെന്ന് തോന്നുന്നു. ഇടക്കിടെ ജനലിനുള്ളിലൂടെ പുറത്തേക്കു  അക്ഷമയോടെ നോക്കുന്നുണ്ട്. അതാ  രണ്ടു ആൺകുട്ടികൾ  അവള്‍ക്കു  അരികിലേക്ക്....മം .. നോക്കാം !!
* * *

പേര്  എന്താ?  അവരില്‍  ഒരുവന്‍ അവളോടായി.  അവള്‍ ദയനീയമായി അവനെ നോക്കി. ഡോ; തനിക്ക് പേരില്ലേ?? അവന്റെ ശബ്ദം ഇത്തിരി ഉച്ചത്തിലായി. ഒക്കെ വരുമ്പോള്‍  പേടിയോടെയിക്കും. പിന്നെ കാണാം കറങ്ങിക്കൊണ്ട്  വല്ല  മരത്തിനുമിടയില്‍.
‘ഹേയ്,ഇല്ല..’
‘പേര്  ദിവ്യ..‘
ഹ്മം.. കൊള്ളാം ഇനി നിനക്ക് ഞങ്ങളുടെ പേരറിയേണ്ടേ ?? ‘വേണ്ട..‘
അതെന്താ?? ഇത് എവിടത്തെ  മര്യാദ?  ചോദിക്കെടോ ?
അവൻ അവളൂടെ നേറെ ഇത്തിരി കൂടി നീങ്ങിയിരുന്നു ആജ്ഞാപിച്ചുകൊണ്ടിരുന്നു. 
                                                                        
 * * *
ഹ്മ്മം.. ചിറകു വിടർത്തി ഒരെണ്ണം കൊടുക്കാന്‍ തോന്നി. ഇല്ല; മിണ്ടാതെ ഇരിക്കാം.. നോക്കാം എന്താകും എന്ന്..                                                                          
* * *
കുമ്പിട്ടിരുന്ന തലയുയർത്തി;  ‘എന്താ പേര്‘ അവരോടായി. ഒരുത്തന്‍; എന്റെ പേര് ഷാജഹാന്‍.  മറ്റവന്‍ ജയവർധനന്‍..  കേട്ടിട്ടുണ്ടോ താനീ  ഈ പേരുകളൊക്കെ..‘ഹ്മം.. താജ് മഹല്‍ പണിയിപ്പിച്ച  ചക്രവര്‍ത്തി‘ എന്നായി  അവള്‍..ആഹ !!  കൊള്ളാമല്ലോ നീ അപ്പോള്‍ എന്റെയോ ?   ‘വര്‍ദ്ധമാന മഹാവീരന്‍ എന്നു കേട്ടിടുണ്ട്..’ഹഹഹ.. അവര്‍ ചിരി തുടങ്ങി.അപ്പോള്‍ നീ ആളു കൊള്ളാമല്ലോ !!  കണ്ടാല്‍ പച്ച പാവം !!  മര്യാദക്ക് പഠിച്ചു  നടന്നോണം കെട്ടോ..‘മ്മ്..‘ അവള്‍ തലയാട്ടി. കണ്ടിട്ട്  നല്ലൊരു കുട്ടി എന്നു വിചാരിച്ചാണ്.. എങ്ങാനും ചുറ്റി അടിച്ചു നടക്കണ കണ്ടാൽ..ഒരുതരം അജ്ഞാപനത്തോടെ അവളൂടെ മുഖത്തേക്ക് നോക്കിക്കൊണ്ട് അവൻ പറഞ്ഞു.അപ്പോഴേക്കും ഫസ്റ്റ് ബെല്‍ അടിച്ചു.  അവർ രണ്ട് പേരും എവിടെക്കോ ഓടി മറഞ്ഞു.




സർ; ക്ലാസിൽ വന്നു  എന്തൊക്കെയോ  പറഞ്ഞു.  ഒന്നും മനസ്സിലായില്ല.  പിന്നെ കുറെ ഉപദേശങ്ങൾ‍.   എല്ലാംകേട്ടിരുന്നു. ഇടയക്കു ഇന്റെർവെൽ ടൈമിൽ പതിയെ പുറത്തേക്കു നടന്നു. അപ്പോള്‍ അതാ ഒരുത്തന്‍  'കൊടുങ്ങലുരുപ്പ!! ഗുരുവായൂര്‍ അമ്മെ!! ' എന്നൊക്കെ വിളിക്കുന്നു.  ഒപ്പം ഒരു പെൺകുട്ടിയോട് അവന്റെ കൈയില്‍ മോതിരം ഇട്ടുകൊടുക്കാന്‍..  യ്യോ ഇതെന്താ; ഇവിടെ നടക്കുന്നേ.. അവള്‍ വേഗം അകത്തേക്ക് കയറി  ഇരുന്നു.  അന്ന് നേരത്തേ  കോളേജ് വിട്ടു.  മാമന്‍ അവളെ നടത്തിച്ചു കൊണ്ടാണു കൊണ്ടുപോയത്.  ബസ്‌ കയറാനും മറ്റും അവള്‍ക്കു കാണിച്ചു കൊടുത്തു.  നാളെ മുതല്‍ അവള്‍ ഒറ്റയ്ക്ക് കയറണം.  ബസില്‍ കയറി മുന്‍പിലെ പെട്ടിപ്പുറത്തു  കൺസക്ഷൻക്കാര്‍ക്കുള്ള ഇരിപ്പിടത്തില്‍ മെല്ലേ ഇരുന്നു.  അടുത്ത ദിവസങ്ങളിലേക്കുള്ള പരീശീലനം പോലെ..

* * *
അവള്‍ക്കൊപ്പം പറന്നുയരാന്‍  ഒരുപാടു ശ്രമിച്ചു.. ആ മുഖം ഒന്നു കൂടി  കാണണമെന്നുണ്ട്.. പക്ഷേ പൂമരച്ചുവട്ടിൽ‍;  പോലെ അവള്‍ മുഖം തരാതെ ഇരുന്നു
.* * *



ദിവസങ്ങളോരോന്നായി  നീങ്ങവേ  കോണ്‍വെന്റ് സ്കൂള്‍  അന്തക്ഷീരത്തില്‍ നിന്നുമവള്‍  മിക്സെഡ്  ക്യാമ്പസ്‌ എന്ന യാഥാര്‍ത്ഥ്യത്തിലേക്ക്  അലിഞ്ഞു ചേര്‍ന്നു.  കൂട്ടുകാരികളുടെ കൂടെ ചേര്‍ന്ന്  ഒരുമിച്ചു ബസ്‌ കയറാന്‍ പോകും.   പിന്നീട് അവനവന്റെ  ബസില്‍ കയറിപിരിയും.  അന്ന്; ഒരു തിങ്കളാഴ്ച ദിവസം അവള്‍  പതിവുപോലെ ബസ്‌ സ്റ്റോപ്പിലേയ്ക്ക്  നടന്നു. ബസ്‌  പുറപ്പെടുമ്പോഴേ കയറാന്‍ പറ്റു. അതാണു അലിഖിത നിയമം.  ബസ്സു നോക്കി  നിന്നു കിളിയുടെ കടാക്ഷം ലഭിക്കാന്‍. അപ്പോഴാണ് ബസ്സിൽ  അവളുടെ ഏട്ടന്‍ അതായത് വെല്ല്യമ്മേടെ മോന്‍ ബാക്ക് സീറ്റിൽ  ഇരിക്കുന്നത് കണ്ടത്.  അപ്പോഴേക്കും കിളി എന്നാ മഹാത്മാവ്;  പടിവാതില്‍ തുറന്നു അകത്തേയ്ക്കു കയറാൻ അനുമതി നല്‍കി.  അങ്ങിനെ ഒരുവിധം ബസ്സ് ശകടത്തിൽ  കയറിപറ്റി; പെട്ടിപ്പുറത്തു ഇരുപ്പുറപ്പിച്ചു.  ഒരു മണിക്കൂര്‍ യാത്ര ആണ് വീട്ടിലേയ്ക്ക്. തിരിഞ്ഞു ഏട്ടനെ നോക്കിയപ്പോള്‍, പുള്ളി കണ്ണ് ഇറുക്കി കാണിക്കുന്നു.  യ്യോ!! ആരെങ്കിലും കണ്ടാല്‍ ഈശ്വരാ .. എട്ടനിതെന്തിന്റെ കേടാ??   അവള്‍ കണ്ണുരുട്ടി കാണിച്ചു.   മുന്‍പിലെ പെട്ടിപുറത്തു ഇരുന്നു കാണിക്കുന്നത്  മറ്റുള്ളവര്‍ കാണും എന്നാ വിചാരം അവള്‍ക്കുണ്ടായിരുന്നില്ല . കണ്ണുകള്‍ കൊണ്ടുള്ളവളുടെ സംസാരം ; വേറെ രണ്ടു കണ്ണുകള്‍ അവളെ വീക്ഷീക്കുന്നുണ്ടായിരുന്നു.    ഇടയ്ക്ക്; പെട്ടന്നാണവളാ കണ്ണുകള്‍ കണ്ടത്.  കാന്തശക്തിയുള്ള  കണ്ണുകള്‍.  പലപ്പോഴും രണ്ടുപേരുടെയും നോട്ടം തമ്മിൽ കൂട്ടിമുട്ടി.  കണ്ണുകൾക്ക്  ഇത്രേം ശക്തിയുണ്ടെന്നു  മനസ്സിലാക്കിയ ആ  നിമിഷം..  അവന്റെ കണ്ണുകളെ മറയ്ക്കാന്‍ കണ്ണടയുണ്ടായിരുന്നുവെങ്കിലും, അതൊന്നും  ആ നോട്ടത്തിനു തടസ്സം ആയിരുന്നില്ല ,  കാന്തശക്തി അവനിലേക്ക്‌ വലിച്ചെടുക്കുന്നപോലെ.  ഈശ്വര  എല്ലാവരും എന്നെ കാണുമല്ലോ   ഇവിടെ ഈ പെട്ടിപുറത്തു ഇരുന്നു അല്ലെ കണ്ണുകള്‍ കൊണ്ടുള്ള  കുസൃതികള്‍  ഒപ്പിച്ചത്  ,മറ്റുള്ളവര്‍  എന്ത് വിചാരിക്കുംമോ എന്തോ ? ഇനി ഇപ്പോള്‍  ഏട്ടന്‍ കണ്ടിരിക്കുംമോ   ? എന്നൊക്കെയവള്‍ മനസ്സില്‍ കരുതി ടെൻഷനടിച്ചിരുന്നു.   ഇടക്ക്  വഴിക്കുനിന്നുള്ള  ‘വ്യാസ‘ കോളേജിലെ കുട്ടികള്‍ കയറും.  അവരില്‍ പലരുമവളുടെ കൂട്ടുകാരികളായിരുന്നു.  ദേ ദിവ്യ മുന്പില്‍ !!  എന്നൊക്കെയവർ ആഹ്ലാദത്തോടെ അൽ‌പ്പം അമ്പരപ്പോടെ മൊഴിയും.  എന്നിട്ടവര്‍ കൈ കൊണ്ടും തിരിച്ചു;  അവള്‍ കണ്ണ് കൊണ്ട് തിരിച്ചവര്‍ക്ക്   മറുപടി കൊടുത്തു കൊണ്ടിരിക്കും.



അങ്ങിനെയിരിക്കേ ഒരു ദിവസം അവള്‍ രാവിലെ കോളേജ് കാമ്പസിലെത്തിയയുടനെ  ആൽ ചുവട്ടില്‍; ആ കണ്ണടക്കാരനെ  വീണ്ടും കാണാനിടയായി. ശെടാ!!  ഇവന്‍ എന്താ ഇവിടെ ? പേടിച്ചു  പോയിരുന്നു  അവൾ‍..!!

* * *
മരത്തിന്റെ  ഇടയിലേക്ക്  ചിറകു വിരിച്ചു മാറി ഇരുന്നു.  അതേയ് ഇപ്പോള്‍ കാണാമവവളൂടെ  മുഖം ശരിക്കും. വിയര്‍പ്പുതുള്ളികള്‍  കൊണ്ട് നിറഞ്ഞിരിക്കുന്നു.  തലോടാന്‍  ഇളം കാറ്റു മത്സരിക്കുന്നുണ്ടെങ്കിലും  അവള്‍ പരിഭ്രമത്തില്‍ തന്നെ ആയിരുന്നു..
* * *

ആലിന്‍ ചുവട്ടിലേക്ക്‌  മുഖം കൊടുക്കാതെ കൂട്ടുകാരി  സുജാതയോട് സംസാരിച്ചവള്‍ നടന്നു.  ശ്ശ്ശ്.. അതാ  പിന്നിൽ നിന്നാരോ വിളിക്കുന്ന പോലെയൊരു  ശബ്ദം.  തന്റെ നടത്തത്തിന്റെ വേഗത കൂട്ടി അവൾ നടന്നു. എന്നാല്‍ സുജാത തിരിഞ്ഞു നോക്കിക്കൊണ്ടെയിരുന്നു.  ഇയാളെ അല്ലാട്ടൊ..  മറ്റേയാളെ..  അവന്‍  പറഞ്ഞു ..  അത് പാതി കേട്ടതും; കേള്‍ക്കാത്ത പോലെ  ദിവ്യ ക്ലാസ്സിലേക്കോടി.  സുജാത പിന്നാലെ;   നീ എന്തിനാ ഓടിയേ ?  ആ പയ്യന്‍ നിന്നെ  വിളിച്ചിരുന്നു!!  നീ കേട്ടില്ലെ??  ഇല്ലെടാ..;  ഞാൻ ശ്രദ്ധിച്ചിരുന്നില്ല..  എന്നു പറഞ്ഞവൾ കാലടികൾ മുൻപോട്ട് വെച്ചു..

* * *
അപ്പോൾ; അസ്തമയ സുര്യനെ വെല്ലുംവിധം  അവളുടെ കവിളിണകളില്‍ ചുവപ്പ് രാശി  പടർന്നിരുന്നു.  ചില്ലകള്‍ക്ക്  ഇടയിലുടെ  അവളെ  കാണാന്‍ എന്തൊരു ഭംഗി ...ചിറകുവിരിച്ചു  ഏക്‌ ലട്കി കോ ദേഖാ തോ ഐസാ ലഗാ...!!  പാടുവാന്‍ തോന്നി..
* * *
അന്നവർക്കാദ്യ ഹൌർ ഹിന്ദി ആയിരുന്നു. അവര്‍ വേഗം ക്ലാസ്സിലേക്ക് നടന്നു.  ക്ലാസ്സില്‍ അവള്‍ക്കു മുന്പില്‍ ഇരുന്ന ജിഷ തിരിഞ്ഞിരുന്നു ചോദിച്ചു;  ഡോ; ഇന്ന് തന്നെ അനേഷിച്ചു  ഒരാളിവിടെ വന്നിരുന്നു. ‘എന്നെയോ??!!‘ അത്ഭുതപൂർവ്വം മുഖമുയർത്തി..  അതേയ്.. ജെ  ബാച്ചിൽ  പഠിക്കുന്ന നീണ്ട മുടിയുള്ള  സ്ലിം ആയ  നല്ല ഭംഗി ഉള്ള ദിവ്യ അറിയുമോ ? എന്നാണയാൾ ചോദിച്ചത്..!!‘യ്യോ.. ഇതാരാ വല്ല ചുള്ളൻസുമാണോ..!!‘ഹ്മം.. അതേയ്  ആരാണെന്നു ചോദിച്ചപ്പോൾ; പറഞ്ഞത് നിന്റെ കസിന്‍ ആണെന്നാണ്..  ‘പേരെന്താ കുസിന്റെ??‘  അവള്‍  ചോദിച്ചു.അയ്യോ മറന്നു.. പ്രകാശ്‌ എന്നോ പ്രസാദ് എന്നോ..  എന്തോ ആണ്..ഒരു  ‘പ്ര’ ആണ്..   ഒരു കണ്ണടയൊക്കെ വെച്ച പയ്യനാണ്.അവള്‍ക്കു വേഗം കാര്യം പിടി കിട്ടി. ഓഹോ  ഇത് അവന്‍ തന്നെ. വേഗം അവള്‍ തന്റെ പരിഭ്രമം  മാറ്റി പറഞ്ഞു.‘അതേയ് കസിന്‍ ആണ്.’ഉള്ളില്‍ വല്ലാത്തൊരു ദേഷ്യം ഉറഞ്ഞുകൂടിയിരുന്നു.  ആരാണാവോ; എന്തിനു വന്നു; എന്നൊക്കെയുള്ള ചോദ്യങ്ങൾ‍;  ഉത്തരമില്ലാതെ അവ അവളെ നോക്കി പരിഹസിച്ചു. വൈകീട്ട്  ബസ്‌ കയറാന്‍ സ്റ്റോപ്പിൽ നിൽക്കുമ്പോള്‍; അവള്‍ അറിയാതെ,  ആ അജ്ഞാതമാം കണ്ണുകളെ തിരഞ്ഞുപക്ഷേ  എന്താണാവോ; അന്ന് കണ്ടില്ല.  മനസ്സിന്റെ ഉള്ളിൽ വല്ലാത്തൊരു വിഷമം നിറയും പോലെ അവള്‍ക്കു തോന്നി.  രാത്രിയില്‍;കണ്ണുകള്‍ അവളെ തേടി വന്നു..  പലവട്ടം!! പുതപ്പു എടുത്തു ആസകലം മൂടിയിട്ടും അയാളൂടെ  കണ്ണുകളുടെ മാസ്മരികത അവളെ  വലം ചുറ്റിക്കൊണ്ടിരുന്നു !!




പിന്നീടുള്ള ദിവസങ്ങളിൽ ആ കണ്ണുകളെ തേടിയായി യാത്ര!!   പലപ്പോഴും;  ആ കണ്ണുകള്‍ ആരുടേതാവാമ്മെന്നു വെറുതേ തിരഞ്ഞുകൊണ്ടിരുന്നു. പീ ജീ  സെന്ററിലെ ഒരു കുട്ടിയാണെന്ന് ആണെന്ന് അവസാനം മനസ്സിലയി.  ബാക്കി ഒന്നുമില്ല ഒരു 'പ്ര 'മാത്രം.  അവന്‍ ഒരിക്കലും അവളുടെ അടുത്തേക്ക്  വന്നില്ല.  എന്നാല്‍ അവളുടെ കണ്ണുകളെ അവനില്‍ തന്നെ നിര്‍ത്തിയിടാന്‍ അവനു സാധിച്ചു.  കണ്ണുകള്‍ തമ്മില്‍ ഒരേ നിമിഷം കൂട്ടിമുട്ടുമ്പോള്‍ ഉണ്ടാകുന്ന ഫീലിംഗ്..!! വിവരിക്കാന്‍ വാക്കുകള്‍ കിട്ടുന്നില്ല..  മനസ്സിന്റെ ചെപ്പില്‍  ആരും അറിയാതെ ആ കണ്ണുകളും ‘പ്ര’ എന്ന ആദ്യാക്ഷരവും  അലിഞ്ഞിറങ്ങുകയായിരുന്നു.  പ്രണയമാണോ; അതോ വെറുമൊരു ആകർഷണമോ?? കുറെ നാളൂകൾക്കുശേഷം; അവനെ കാണാൻ കിട്ടാതെയായി.  ഇടയ്ക്കു  ഒരുനാള്‍ സ്റ്റഡി ലീവ്  സമയത്ത്  ഉമ്മറത്തെ ചാരുപടിയില്‍  ഇരുന്നു  വായിച്ചു പഠിച്ചു കൊണ്ടിരിക്കുമ്പോള്‍ 'കിണിം.കിണിം '  സൈക്കിള്‍ നാദം..!!   അവള്‍ തിരിഞ്ഞു നോക്കി.  അതവൻ തന്നെയല്ലേ !!  ആ കണ്ണുകള്‍ അവളെ തന്നെ പുണരുന്നപോലെ തോന്നി..  വന്നപോലെ തന്നെ അവന്‍ തിരിച്ചു പോയി. എന്താണ് സംഭവിച്ചത് ? അവള്‍ മുറ്റത്തേക്ക് ഓടിയിറങ്ങി.  അത്  അവന്‍ തന്നെ !! ആ കണ്ണുകള്‍ !! അവളുടെ പഠനം അപഹരിച്ചുകൊണ്ട്  വീണ്ടും പോയി.  ആരാണ്??  എവിടെ നിന്ന്??   എന്നൊന്നും അറിയാൻ കഴിയാതെ .. അവള്‍ നെടുവീർപ്പിട്ടു !! പിന്നിട് ഒരു തവണ കൂടി അവള്‍ അവനെ കണ്ടു യാത്രക്കിടയിൽ.  പലവട്ടം അവള്‍ പ്രതീക്ഷിച്ചിരുന്നു  ആ കണ്ണുകളോട് കൂട്ടുകൂടുവാൻ.. ഇടക്കിടെ കാതുകളില്‍ സൈക്കിളിന്റെ മണി നാദം മുഴങ്ങി.  പക്ഷേ  അവള്‍ അറിയുവാൻ കഴിഞ്ഞില്ല; അവനാരെന്ന്.. ആകാംക്ഷാപൂർവ്വമുള്ള തിരച്ചിലുകൾക്കൊടുവിൽ; തന്റെ കൂട്ടുകാരിയുടെ ചേട്ടന്റെ കൂട്ടുകാരന്‍ എന്നു മാത്രം അറിഞ്ഞു.  അവിടെയും അയാളൂടെ നാമമെന്തെന്ന് വെറും ‘പ്ര’യില്‍ ഒതുങ്ങി. അവളെ കുറിച്ച്..  പേര്; വീട്.. എല്ലാമവനുമറിയാമായിരുന്നു. എന്നാൽ അവന്‍ അറിയാതെ പോയത്;  അവളുടെ കണ്ണുകള്‍ എന്താണ് അവനോടു   പറയാൻ തുനിഞ്ഞത് എന്നാണ് !!  അറിയുമെങ്കിൽ‍..!!  എന്ത്യേ അവനവൾക്കു മുന്പില്‍ വന്നില്ല ??!!


* * *
കാന്തശക്തിയുള്ള കൺകളും ചുണ്ടിൽ വിരിയുന്ന പുഞ്ചിരിയുമായി  അവന്‍ ഒരുനാൾ അവളെ തേടി വരുമെന്നവളോർത്തുവോ??   ചിറകിന്റെ  ഇടയിലുടെ നോക്കിയപ്പോഴിപ്പോഴും കാണാനാകുന്നുണ്ട് അവളുടെ മുഖം.. നീണ്ടു വിടർന്ന കണ്ണുകള്‍!!  അതേയ്.. അതിപ്പോഴും എന്തോ പറയുന്നുണ്ടല്ല്ലോ..!!
* * *

കണങ്കാലില്‍ ചുംബിച്ചു കിടന്നിരുന്നൊരു പൂ എടുത്തവൾ മാറോടു ചേര്‍ത്തു പിടിച്ച്  മെല്ലെ മുകളിലേക്ക്  നോക്കി. ചുണ്ടുകളിൽ ഗദ്ഗദം വിമ്മിപ്പൊട്ടുന്നുവോ..!!

* * *
അവനെ പറ്റി പറയാനാണോ?  ക്ഷമയില്ലാതെ  ചിറകുകൾ  ഉറക്കെ  കുടഞ്ഞ്;  അവള്‍ക് അരികിലേയ്ക്ക് പറന്ന്ചെന്ന ആ നിമിഷം.. ഞെട്ടിത്തിരിഞ്ഞു  നോക്കിയവൾ; നൊടിയിടെപിൻതിരിഞ്ഞു ഓടി; എങ്ങോട്ടോ.. ഓര്‍മയുടെ ഇടനാഴിയില്‍ നിന്നും.. എന്നെന്നേയ്ക്കുമായി..ചിറകു  കുഴയുന്നപോലെ..  കഷ്ടം അവളിൽ അയവിറക്കിയിരുന്ന ഓര്‍മ്മകളെ അടർത്തിയല്ലോ.. ചിറക് ആഞ്ഞമര്‍ത്തി അടിച്ചു തൊട്ടടുത്ത കൊമ്പിൽ‍..!!എന്തായിരിക്കും അവള്‍ പറയാന്‍ വന്നത് ??  അവനെ കുറിച്ച് അറിഞ്ഞിരിക്കുമോ ??  അവര്‍ കണ്ടുമുട്ടിയിരിക്കുമോ??അജ്ഞാതമായ നൂറുകുട്ടം ചോദ്യങ്ങൾ ഒരുമിച്ചൊന്നായി മനസ്സിലേക്കുയർന്നു വന്നു കൊണ്ടിരുന്നു.. പക്ഷേ; എല്ലാം ചിറകടിയുടെ ഒച്ചയില്‍  മാഞ്ഞു പോയി..!!                                               
 * * *

Thursday 7 October 2010

മരണമില്ലാത്ത നൊമ്പരങ്ങൾ

മിഴിനീരൊഴുകിയ കണ്ണുകള്‍  ശാന്തം
പോളകൾ‍; ഇടറി ഇടറി അടഞ്ഞിടുന്നു..
പീലികള്‍ക്ക്‌  എന്തേ ഇന്നിത്ര സ്നേഹം
എല്ലാമൊട്ടിച്ചേർന്നിരിപ്പൂ കഞ്ഞിപശമുക്കിയ പോല്‍ !!


കവിളിണകളില്‍ നേര്‍ത്ത രേഖയായി മാറിയ പാടുകള്‍
ഉണങ്ങി വറ്റി വരണ്ട ഭാരതപ്പുഴ പോല്‍ ശാന്തം !!
ശബ്ദങ്ങള്‍ ഇല്ലാതെ ശുന്യമാമെന്‍ മനം..
ഓളങ്ങള്‍ ഇല്ലാത്ത കടൽ പോലെ ശാന്തം !!
ഒന്നുമേയില്ല സ്വപ്‌നങ്ങൾ‍; എല്ലാമൊഴുകിയിറങ്ങിപ്പോയപോല്‍ 
മനസ്സും പടിയിറങ്ങി; എന്നില്‍ നിന്നകലേക്ക്..
നോക്കെത്താ തീരം തേടി; യാത്രാമൊഴി ചൊല്ലാതെ അകന്നുപോയ്..


നേര്‍ത്ത നാഡീമിടിപ്പുകൾ; പോലുമിപ്പോള്‍ നിലയ്ക്കുമെന്നായ്..
നിറമാര്‍ന്ന പ്രപഞ്ചം മാഞ്ഞു  പോം വേളയിൽ‍..
വാക്കുക്കള്‍ പരതവേ;  ഉമീനീർ പോലും വറ്റി വരണ്ടുപോയ് !!


നനുത്ത സ്പര്‍ശനം തേടി അലയവേ..
ഒഴുകി വന്ന കാറ്റിൻ ശീല്‍ക്കാരം.. 
എന്നിലുണര്‍ത്തിയത് പരിഹാസ്സമോ?
എല്ലാറ്റിനുമൊരൊറ്റ നിറം മാത്രം..
പച്ചയുമില്ല മഞ്ഞയുമില്ല.. 
നിറമേതെന്നറിയീലെനിക്ക്..
എല്ലാമൊരൊറ്റ നിറം മാത്രം !!
നേര്‍ത്ത നാദമായി വന്നൊരു  ശബ്ദം..
ശ്രവിച്ച നേരം;  അതുപോലുമെന്തെന്ന്..
പറയുവാന്‍ അറിയുന്നീലെനിക്ക്..


പൊങ്ങിയും താണും  ഒഴുകുകയാണ്..
ഒഴുകി ഒഴുകി അലയുകയാണ്.. 
ആത്മാവിന്‍  നൊമ്പരം മാത്രം,വിട്ടുമാറിയില്ല എന്നത് സത്യം !!
ശരീരം ദഹിപ്പിച്ച വേളയിൽ നിനച്ചെൻ..
നൊമ്പരവുമഗ്നിക്ക്  പ്രിയമായീടുമെന്ന്..
തിരസ്കരിച്ചെൻ നൊമ്പരങ്ങളഗ്നിയും..
വീണ്ടും വീണ്ടും ഒരേ ഭാവം..
നിന്ദയും  പുച്ഛവും..
എന്നിട്ടും വൃഥാ..
ഇന്നുമലയുന്നു പൊങ്ങുതടി പോൽ‍..


കരയ്ക്കടിയുന്ന വേളയിലെങ്കിലും മുക്തമാകേണമീ നൊമ്പരം..
ആരുമേയില്ലെൻ നൊമ്പരമേറ്റുവാങ്ങുവാന്‍..
എന്നിരിക്കേ; വൃഥാ തിരയുന്നു  ഒരു തരി കച്ചിത്തുരുമ്പിനായ് വീണ്ടും..!!

Monday 4 October 2010

എന്തൊരു ഭീകരത ! !!!

എന്നാലും  ഇത്രയ്ക്കു  മോശമായി ആരെങ്കിലും ചെയ്യുമോ? 
ഇന്ന് കൂടി ഞാന്‍ കണ്ടില്ലായിരുന്നുവെങ്കിൽ‍..  
ഓര്‍ക്കാന്‍ കൂടി വയ്യ ..!  ആകെ നശിച്ചു വികൃതമായി തീർന്നെനെ..
എന്തായാലും  ഒറ്റക്കല്ല്ല  കൂട്ടമായുള്ളൊരു അക്രമം തന്നെ..  ഉറപ്പാണെനിക്ക്.
എന്തിന്; ആരുടെ ഇഷ്ടത്തിന് എന്നൊന്നും ഇവിടെ ചോദിക്കാന്‍ പറ്റില്ല..
കാരണം ഒരു പ്രസക്തിയുമില്ല.. ആരോടും പരാതി പറഞ്ഞിട്ടും ഒരു കാര്യവുമില്ല..
ഇന്നലെ;  താങ്ങി  പിടിച്ചു  ഞാന്‍ താഴെ ഇറക്കുവാന്‍  ശ്രമിക്കുമ്പോൾ  മുള്ള്  വേലി കൊണ്ട്  കൈ നീറിയത്‌..
സാരമില്ല; ബാക്കിയുള്ള ജീവന്റെ കണികയെയെങ്കിലും രക്ഷിക്കണം എന്നുള്ള ഒരു ആഗ്രഹമായിരുന്നു..
പാതി ജീവനോടെയാണു എങ്കിലും;  രക്ഷപെടുത്തി  ഞാന്‍..
ഒറ്റയ്ക്ക്  പൊക്കുവാന്‍ സാധിക്കാതെ  വന്നപ്പോള്‍..
 അപ്പുറത്തെ സഞ്ജൂട്ടനെയാണു കൂടെ കൂടിയത്..
അവനും; എങ്ങനെയെങ്കിലും രക്ഷിക്കുക എന്നൊരു വാശി കേറി  എന്ന് തോന്നുന്നു ..
അത്രയും ഉയരത്തില്‍ നിന്നും  അമ്മയും,ഞാനും, സഞ്ജുവും കൂടി അടങ്ങിയ പട്ടാളം..
ഇറക്കി  താഴെ വെച്ചപ്പോള്‍;  നെഞ്ച് തകര്‍ന്നു പോയി..
അത്രയ്ക്കും മോശമായിരുന്നു അവസ്ഥ..!!
മുഴുവന്‍ കൊത്തി പറിച്ചു വെച്ചിരിക്കുന്നു..
ഒരു ഭാഗം മാത്രം രക്ഷപ്പെട്ടു..
താഴെ വെച്ച ശേഷം;  തുടയ്ക്കാന്‍  തുണിയുമായി ഞാനെത്തുമ്പോള്‍..
ഓ.. വയ്യ വീണ്ടും ഒരു കൂട്ടം ഒത്തു ചേര്‍ന്നു ആക്രമിക്കുന്നു..
ഇറ്റിറ്റു വീഴുന്ന തുള്ളികൾ..;  ചുവപ്പിന് പകരം വെള്ള നിറമായോ?
അപ്പോഴാണു അമ്മയുടെ ഉപദേശം;  വേണ്ട മാറി നിൽക്കൂ,  കറയാകും..
എന്റെ മനസ്സാക്ഷി; കറയ്ക്കൊന്നും  ഒരു പ്രാധാന്യവും കൊടുത്തില്ല..
അരികിലേക്ക് ചേര്‍ന്ന് നിന്ന്  ഓരോ മുറിവിലെയും; ചെളിയും കറയും നീക്കാന്‍ നോക്കി..
പക്ഷേ പലതും പൊട്ടിപൊളിഞ്ഞ്; അകാലചരമമടഞ്ഞിരുന്നു..
എന്തൊരു ഭീകരത !
നിങ്ങൾക്ക്  കാണണമെന്നുണ്ടോ  ആ രൂപം??  എങ്കില്‍ ഇതാ..