Followers

Thursday 7 October 2010

മരണമില്ലാത്ത നൊമ്പരങ്ങൾ

മിഴിനീരൊഴുകിയ കണ്ണുകള്‍  ശാന്തം
പോളകൾ‍; ഇടറി ഇടറി അടഞ്ഞിടുന്നു..
പീലികള്‍ക്ക്‌  എന്തേ ഇന്നിത്ര സ്നേഹം
എല്ലാമൊട്ടിച്ചേർന്നിരിപ്പൂ കഞ്ഞിപശമുക്കിയ പോല്‍ !!


കവിളിണകളില്‍ നേര്‍ത്ത രേഖയായി മാറിയ പാടുകള്‍
ഉണങ്ങി വറ്റി വരണ്ട ഭാരതപ്പുഴ പോല്‍ ശാന്തം !!
ശബ്ദങ്ങള്‍ ഇല്ലാതെ ശുന്യമാമെന്‍ മനം..
ഓളങ്ങള്‍ ഇല്ലാത്ത കടൽ പോലെ ശാന്തം !!
ഒന്നുമേയില്ല സ്വപ്‌നങ്ങൾ‍; എല്ലാമൊഴുകിയിറങ്ങിപ്പോയപോല്‍ 
മനസ്സും പടിയിറങ്ങി; എന്നില്‍ നിന്നകലേക്ക്..
നോക്കെത്താ തീരം തേടി; യാത്രാമൊഴി ചൊല്ലാതെ അകന്നുപോയ്..


നേര്‍ത്ത നാഡീമിടിപ്പുകൾ; പോലുമിപ്പോള്‍ നിലയ്ക്കുമെന്നായ്..
നിറമാര്‍ന്ന പ്രപഞ്ചം മാഞ്ഞു  പോം വേളയിൽ‍..
വാക്കുക്കള്‍ പരതവേ;  ഉമീനീർ പോലും വറ്റി വരണ്ടുപോയ് !!


നനുത്ത സ്പര്‍ശനം തേടി അലയവേ..
ഒഴുകി വന്ന കാറ്റിൻ ശീല്‍ക്കാരം.. 
എന്നിലുണര്‍ത്തിയത് പരിഹാസ്സമോ?
എല്ലാറ്റിനുമൊരൊറ്റ നിറം മാത്രം..
പച്ചയുമില്ല മഞ്ഞയുമില്ല.. 
നിറമേതെന്നറിയീലെനിക്ക്..
എല്ലാമൊരൊറ്റ നിറം മാത്രം !!
നേര്‍ത്ത നാദമായി വന്നൊരു  ശബ്ദം..
ശ്രവിച്ച നേരം;  അതുപോലുമെന്തെന്ന്..
പറയുവാന്‍ അറിയുന്നീലെനിക്ക്..


പൊങ്ങിയും താണും  ഒഴുകുകയാണ്..
ഒഴുകി ഒഴുകി അലയുകയാണ്.. 
ആത്മാവിന്‍  നൊമ്പരം മാത്രം,വിട്ടുമാറിയില്ല എന്നത് സത്യം !!
ശരീരം ദഹിപ്പിച്ച വേളയിൽ നിനച്ചെൻ..
നൊമ്പരവുമഗ്നിക്ക്  പ്രിയമായീടുമെന്ന്..
തിരസ്കരിച്ചെൻ നൊമ്പരങ്ങളഗ്നിയും..
വീണ്ടും വീണ്ടും ഒരേ ഭാവം..
നിന്ദയും  പുച്ഛവും..
എന്നിട്ടും വൃഥാ..
ഇന്നുമലയുന്നു പൊങ്ങുതടി പോൽ‍..


കരയ്ക്കടിയുന്ന വേളയിലെങ്കിലും മുക്തമാകേണമീ നൊമ്പരം..
ആരുമേയില്ലെൻ നൊമ്പരമേറ്റുവാങ്ങുവാന്‍..
എന്നിരിക്കേ; വൃഥാ തിരയുന്നു  ഒരു തരി കച്ചിത്തുരുമ്പിനായ് വീണ്ടും..!!