Followers

Thursday 24 November 2011

ജീവിതത്തില്‍ നിന്നും ഒരു പേജ്

ജീവിതത്തില്‍  നിന്നും ഒരു പേജ് 
നീണ്ട ഇടവേളയ്ക്കു ശേഷം ഒരു എഴുത്ത് എഴുതണം എന്നു വിചാരിച്ചപ്പോള്‍  മനസ്സില്‍ ഓടിയെത്തിയ കുറെ കാര്യങ്ങള്‍ ഉണ്ട്.  ആദ്യം ഓരോന്നും തരം തിരിച്ചു  ഓരോ അദ്ധ്യായം തിരിച്ചു എഴുതാം. അല്ല.. ഇനി എഴുത്തിനു ശേലില്ല  എന്നൊക്കെ പറഞ്ഞു കളിയാക്കെണ്ടാ കെട്ടോ.. ജീവിതത്തിന്റെ ഓരോ ഏടുകളും മറിക്കുമ്പോള്‍ ചുവന്ന വരയിട്ട വരികള്‍  ഉണ്ടോ എന്നു  നോക്കാനുള്ള ഒരു ശ്രമമാണ്. പക്ഷേ  കൂടുതല്‍ ആഴത്തില്‍  മറിച്ചു നോക്കിയപ്പോള്‍  ചുവന്ന വരികള്‍ക്ക് എന്ത് സ്ഥാനം..!  "എന്റെ ജീവിതം" എന്നൊരു പൊരുള്  എന്നില്‍ തേടി എത്തിയപ്പോള്‍ ശരി തെറ്റ് തിരുത്തല്‍ എങ്ങിനെ..? നിന്റെ ശരി എന്റ തെറ്റ് ആകുമ്പോള്‍, എന്റെ തെറ്റ്   നിന്റെ ശരി ആകുമല്ലോ.. ഓരോ മനസ്സും മോചനം  തേടി പറക്കുമ്പോള്‍ അത് പറ്റാത്തവര്‍  അവരെ പറ്റി അപവാദം പറഞ്ഞു അതില്‍ സുഖം മെനയുന്നു.  ഒരുമാതിരി  വിഡ്ഢികളുടെ ലോകം. കുറിപ്പിലെ പേജുകളില്‍ പലപ്പോഴും  പല കഥാപാത്രങ്ങളും പരിചിതം എന്നു പലര്‍ക്കും തോന്നുന്നു എങ്കില്‍ പേടിക്കേണ്ട കെട്ടോ..! ഇതില്‍ കാതുകളില്‍, കണ്ണുകളില്‍ കടന്നു വന്ന പലതും  ഭാരം ഒഴിവാക്കി വെയ്ക്കാന്‍ ആയി    ശ്രമിച്ചിടുകയാണു..


പേജ് ഒന്ന്:-

ഈ  പേജ്  കാണാന്‍ അത്രയ്ക്ക് പോര, കാരണം ഇതില്‍ ഏറെ ഭൂതകാലം ആണല്ലോ. ഹേ അങ്ങിനെ അങ്ങട്  മുഴുവന്‍ തീരുമാനിക്കാന്‍ വരട്ടെ.  ഈ  പേജിലും ചില വരികളില്‍  ചിത്രപ്പണികള്‍  ഉണ്ട് കേട്ടോ. തുന്നിച്ചേര്‍ത്ത ബാല്യത്തിന്റെ നിറകുപ്പായം പോലെ. മഴവില്ലിന്‍ വര്‍ണ്ണങ്ങൾ. അടുക്കുതോറും അഴിക്കാന്‍ പറ്റാത്ത അത്രയും അലിഞ്ഞു ചേർന്ന മജ്ജയും മാംസവും കൂടിയൊരു പരുവം. ഇടക്കിടെ കോറിയിട്ട പോലെ.  നീ അങ്ങിനെ എങ്കില്‍ അവള് അങ്ങിനെ. അവളുടെ കവിളിണ ഇങ്ങിനെ...എങ്കില്‍ നിന്റെ ചുണ്ടുകള്‍  ഇങ്ങിനെയല്ല, അങ്ങിനെയായിരുന്നു വേണ്ടിയിരുന്നത്..! ഇങ്ങിനെ മൊത്തം ഗുണിക്കലും  കൂട്ടികിഴിക്കലുമായി..  അവസാനം  ചേരുംപടി ചേര്‍ക്കാന്‍  ശുദ്ധമായ  പാലില്‍  പനീര്‍ദളങ്ങള്‍ ചേര്‍ത്തു  ഒരു നീരാട്ടു  നടത്തിച്ച് അങ്ങട്  മുന്പില്‍ നിര്‍ത്തി  ഒരു ഹരണം നടത്തിയതിന്റെ  ഫലം പോലെ..! എന്നിലെ ഞാന്‍ ആരാണ് എന്നൊരു ചോദ്യവുമായി  ഞാന്‍ മുന്നോട്ടു നടന്നു.  നീണ്ട കാലുകളും.. മുടിയും ഏറി തോളില്‍  മാറാപ്പും ഏറ്റി വിദ്യാലയത്തിന്റെ പടിക്കല്‍ ചെന്ന് നിന്ന നേരം .ചാക്യാര്‍കൂത്തിന്റെ  പ്രയോഗം പോലെ കുറുമ്പ്  ഏറിയ  നാളുകള്‍.. അമ്പഴങ്ങ, അരിനെല്ലിക്ക ഉപ്പിലിട്ടത്‌ ഒക്കെ അഞ്ചു പൈസക്ക് കിട്ടിയ കാലം.. നീല നാടക്കുരുക്കില്‍  മുടിയെ പിന്നികെട്ടി നമ്മള് എന്തോ സംഭവം എന്ന മട്ടില്‍ നെല്ലിക്കക്കുരു വായിലിട്ടു കഷ്ടപ്പെട്ടു  കടിച്ചു  തുപ്പി നടന്ന നിമിഷം....



കിണറിന്‍ വക്കത്തു  ,ജിമ്മുക്കി ജിമ്മുക്കി ജാനകി  വെള്ളം കോരുമ്പോള്‍  ചോറ്റു പാത്രങ്ങള്‍ താഴെ കലപില കൂട്ടുമ്പോള്‍ ഉയരത്തില്‍ കൈകള്‍ ഉയര്‍ത്തി വെള്ളം താഴേക്ക്‌ ഒഴിക്കും. കിട്ടുന്നത് പാതി, കിട്ടാത്തതും പാതി എന്നമട്ടില്‍ പാത്രങ്ങള്‍ക്കു സായുജ്യം. മതിലിനു അപ്പുറത്ത് റോഡിനു അരികിലെ  പാരലല്‍  കോളേജില്‍ നിന്നും  വക്കു പൊട്ടാതെ ചൂടോടെ എത്തുന്ന നോട്ടങ്ങള്‍ ഇങ്ങ് കിണറിന്‍ വക്കത്തെ ചില ഹൃദയങ്ങള്‍ തേടി എത്തുമ്പോള്‍, ഞാനും എന്റെ തട്ടം ഇട്ട കൂട്ടുകാരിയും ചേര്‍ന്ന് കാവ്യാ ഭാവനകള്‍  ചേര്‍ത്തു   കൂടാരം ഉണ്ടാക്കും..!  ബസിലെ കിളിയും, കിളിയുടെ ഏട്ടനും  അമ്മാമനും ഒക്കെ ഹീറോ പരിവേഷം കെട്ടുന്ന കാലം ആണത്.  ചില്ലറക്കുളില്‍ ആണ് ലോ മമ ഹൃദയം. ഈ മാതിരി  കാര്യങ്ങള്‍ കണ്ടുപിടിക്കാന്‍  സീ ഐ ഡി  പണി നടത്തുക ആയിരുന്നു  ജോലി. ഓരോ അവളുമാര്  ഇതിങ്ങിനെ നട്ടു  വളര്‍ത്തി വളവും  വെള്ളവും ഒഴിച്ച് പടരാന്‍ പാകത്തില്‍  നില്‍കുമ്പോള്‍  അവർകിട്ടു പാര പണിയാന്‍ എന്റെ അമ്മയാണേ ശ്  ശ് അസൂയ ആണേ. നീല പാവാട മുഴു നീളം ആകുമ്പോഴേക്കും  പ്രേമലേഖനം  കൈ പറ്റിയ മഹതികളോട് അസൂയ  ഇല്ലാതില്ല  പൊടിപ്പും, തൊങ്ങലും വച്ചു കേള്‍ക്കുന്ന കഥകള്‍ അതെല്ലാം അന്നത്തെ  സന്തോഷങ്ങള്‍. പ്രിയ മിത്രം ഒരുനാളൊരു പരീക്ഷ ദിവസം ഓടി വന്നു എന്നെ ബദാം മരത്തിന്റെ  ചുവട്ടില്‍  നിർത്തി വിറയ്ക്കുന്ന കൈകളോടെ തനിക്ക് കിട്ടിയ പ്രണയ ലേഖനം എനിക്ക് കാണിച്ചു തന്നപ്പോള്‍  ദേഷ്യം കൊണ്ട്  ഞാന്‍ വിറച്ചത്, സത്യത്തില്‍ എനിക്ക് ആരും തന്നില്ലലോ, എന്ന അസൂയ ആണോ? അതോ നിനക്ക് എന്തെങ്കിലും സംഭവിക്കും എന്ന പേടിയോ. അതെന്തുകൊണ്ടായിരുന്നുവെന്ന് ഇന്ന്നും ഉത്തരം കിട്ടാതെ ഇരിക്കുകയാണ്.  പ്രേമം പൂത്തു വിടര്‍ന്ന കുട്ടികളെ  ഒരുമിച്ചു ചെന്ന് ആരാ? എന്തിനാ വെറുതേ? പഠിച്ചുടെ നിനക്ക്.. ടീച്ചെറോട് പറഞ്ഞു കൊടുക്കും എന്നൊക്കെ ഭീക്ഷണിപ്പെടുത്തി  ഒരുമാതിരി കിരാത വേഷം കെട്ടി ആടി നമ്മള്‍ നില്‍ക്കുമ്പോള്‍ സ്വപ്നത്തിൽ  പോലും എന്റെ പ്രിയ മിത്രം  തന്നെ അവിടെത്തും എന്നു കരുതിയില്ല. നീല പാവാട ഇട്ടു നടക്കുന്ന നേരത്ത് കേട്ട ചില തവള കഥകള്‍ - ഇന്നിപ്പോൾ  ഇത്രയും വലുതായപ്പോഴാണാ  അർത്ഥം പോലും പിടികിട്ടയത് - അപ്പോഴേ എല്ലാറ്റിലും ഉസ്താദും സകലകല വിജ്ഞാനകോശവും ആയ കൂട്ടുകാരികളേ നിങ്ങളോട് ഒക്കെ ഒടുക്കത്തു ആരാധനയായിരുന്നു ഇന്നും  എനിക്ക്!!



കഥയുടെ  കഥാപാത്രങ്ങള്‍ ജീവന്‍ വച്ചു എന്നു പറയുന്ന പോലെ; ഉള്ളില്‍ അണഞ്ഞു കിടന്നിരുന്ന ,തെയ്യവും, നാടകവും എല്ലാം പുറത്തു തല വെട്ടം കാണിച്ചത്‌  ഈ പേജില്‍  ആണ്.  നീല പാവാടയും ഏന്തി  സദസ്സിനു മുന്പില്‍ നിറഞ്ഞ കൈ അടികള്‍ ഏറ്റു വാങ്ങി  പുറത്തു വന്ന നിമിഷങ്ങളില്‍  പലപ്പോഴും കണ്ണുകൾ ഈറന്‍ അണിഞ്ഞിരുന്നു. കലയും  കലയുടെ ജീവനും എന്നില്‍ ഉറപ്പിക്കാന്‍.. ചൂളക്ക് അകത്തു  കടത്തി  ഊതി മിനുക്കി പുറത്തു എടുത്തു  തിളങ്ങുന്ന ഓട്ടുപാത്രം പോലെ.. എന്നിലെ ഞാന്‍ എന്നാ കഥാപാത്രം  ആദ്യമായി  തിരിച്ചറിഞ്ഞ നിമിഷങ്ങള്‍..  എല്ലാം ആ നീല പാവാട ഏകി..



മാങ്ങാ ഇഞ്ചി കൊണ്ടൊരു കറി, ഒപ്പം ബൈബിളിലെ  കുറേ വാക്യങ്ങളും കുറെ ഉപദേശങ്ങളുമായി  ഒരു കൂട്ടം..  നോട്ടുബൂക്കിലെ പേജ് കീറി തുന്നി കെട്ടിയ  ലേഖനങ്ങൾ.. വാവയ്ക്ക് എന്നൊരു സംബോധനയുമായി.. ആ തുടുത്ത കവിളുള്ള റോസാപ്പൂ നിറമുള്ള എന്നിലെ  എന്നെ  "സൌഹൃദം  തിരിച്ചൊന്നും പ്രതീക്ഷിക്കാതെ നല്‍കണം' എന്നു പഠിപ്പിച്ച  നീല പാവാടക്കാരി  ഓര്‍ക്കുന്നു..  ഞാന്‍  ഇന്നും.. എവിടെ നീ എന്നെനിക്കറിയില്ല എങ്കിലും  മനസ്സിന്റെ  നീല കുപ്പായം ഓടിയെത്തുമ്പോൾ നീ എന്നും എന്നില്‍ ഉണ്ട്..

ഇംഗ്ലീഷ് ക്ലാസ്സ്നു ശേഷം കടലമിട്ടായി എന്ന് വിളിച്ചു കൂവിയിരുന്ന പ്രിയപ്പെട്ട  സിസ്റെര്നെ  ഓര്‍കുകയാണ്.അതുപോലെ  ഭക്ഷണം കഴിക്കും മുന്ബുള്ള  പ്രാര്‍ത്ഥന  പലപ്പോഴും  ചോറ്റു പാത്രത്തില്‍  ഉള്ള കറികളുടെ ലോകത്ത് ആയിരിക്കും ,ടീച്ചറുടെ സാരീ എണ്ണം പിടിക്കവേ ,ടീച്ചറുടെ നോട്ടപുള്ളിയാതും  ഓര്‍ക്കാന്‍ രസം തന്നെ ,പലപ്പോഴും  സിനിമ കഥ കേട്ട്  കൂട്ടം കുടി ഇരിക്കുന്ന ക്ലാസ്സ്നെ മൊത്തം പിടിച്ചു പുറത്താക്കിയ  നിമിഷം  അതും സന്തോഷപൂരവം ആഘോഷമാക്കിയ  നിമിഷങ്ങള്‍ .... 


നീളന്‍ പാവാട അണിയും മുന്പ്  പറന്നു അകന്ന  ഒരു പ്രിയ കൂട്ടുകാരി നിന്നെയും മറന്നിട്ടില്ല. കള്ളപ്പവും, മാങ്ങയും തരുമ്പോള്‍  അടുത്ത തവന്ന എന്നേക്കാൾ മാര്‍ക്ക്‌ നിനക്ക്  വാങ്ങണം എന്നു  മനസ്സില്‍ പറഞ്ഞു നടന്ന  നിന്നെ എനിക്കറിയാമായിരുന്നുഅവസാനം  മുട്ടോളം  എത്തുന്ന  പാവാട  മുഴുനീളം  ആകും മുന്പ്  നീ ഞങ്ങളെ  വിട്ടു പിരിഞ്ഞപ്പോള്‍ .....നിന്റെ വീട്ടില്‍  ഞാന്‍ എത്തിയ നിമിഷം  നിന്റെ അമ്മ പറഞ്ഞ വാക്കുകള്‍ ഇന്നും എന്റെ ഉള്ളില്‍  അലയടികുകയാണ് .." മോളെ  കണ്ണ് തുറകെട.... നിന്റെ കൂട്ടുകാരി  വന്നിരിക്കുന്നു  നീ അല്ലെ അവളെ നിന്റെ വീട്ടില്‍ വിളിക്കണം  എന്ന്  പറയാറുള്ളത്  ..അവള് വന്നപ്പോള്‍  നീ  എന്താ മിണ്ടാതെ  കിടക്കുന്നത്   ..കണ്ണ് തുറകെട .അമ്മടെ  മോള് കണ്ണ് തുറകെട ....ഇന്നും  ഓരോ  ഡിസംബര്‍  മാസം   വരുമ്പോളും  എന്റെ ഓര്‍മയില്‍  നീ നിറഞ്ഞു നില്‍കുകയാണ്‌ .

.വാക്ക് ചാതുര്യം  എന്നും കുറവായിരുന്നു. കലപിലകൂടുമ്പോള്‍ കുറെ ഏറെ പറയും  എന്നാല്‍ ഒപ്പം അകമ്പടിക്കായി  കണ്ണുനീര്‍ ധാരയും  ഉണ്ടാകും.  ഹൃദയം നിങ്ങള്‍ക്കില്ലേ  എന്നാ ചോദ്യത്തിനു  അത് എന്താ ചെമ്പരത്തിപ്പൂ ആണോ; എന്നൊക്കെ ചോദിച്ചു കളിയാക്കി എന്നിലെ സെന്റിമെന്റല്‍  റോള്‍ വളരെ മോശം എന്നു മനസ്സിലാക്കി തന്നതും  ഈ നീല പാവാടയുടെ കാലഘട്ടം തന്നെ..!സൌഹൃദം  ആഴത്തില്‍ പതിഞ്ഞ കുറെ നിമിഷങ്ങള്‍ ..അവസാനം  ഈ പേജ്  മറികേണ്ട സമയം ആകാറായപ്പോള്‍  ആണ്  ഈ പേജ്  ഞാന്‍ എത്ര മാത്രം അലിഞ്ഞു ചേര്‍ന്നിരുന്നു എന്ന് അറിഞ്ഞത്. .ബാല്യത്തിന്റെ   കുസൃതികള്‍ ഏറെ നിറഞ്ഞ  ഈ പേജില്‍ ആത്മാര്‍ത്ഥത  ഏറെ ഉണ്ടായിരുന്നു ..ഒപ്പനയും ,നാടകവും  താളത്തില്‍ എനിക്ക് ചുറ്റും കറങ്ങി  നടന്നപ്പോള്‍ 
  ഞാന്‍  അറിഞ്ഞിരുന്നില്ല എന്റെ കലയുടെ ഭാവി അടുത്ത പേജുകളില്‍  എന്താകും എന്ന് ..അവസാനം വര്‍ഷത്തേ
സെന്‍റ് ഓഫ്‌  ദിവസം  ..തന്ന ഐസ്ക്രീം ആര്‍ക്കും  കഴിക്കാന്‍ ആകാതെ  അലിഞ്ഞു പോയപ്പോള്‍ ...അതിന്റെ കൂടെ
പലതും  അലിഞ്ഞു പോകുകയായിരുന്നു ..ഈ  പേജില്‍  ആണ് അധികവും  ഞാന്‍ എന്നാ വ്യക്തിയുടെ  കഴിവുകള്‍  പുറത്തു വന്നത് .
 ഈ പേജ്  ഇനി അങ്ങോട്ട്‌ മറിക്കാം  അല്ലെ


Tuesday 27 September 2011

തറവാട്


ഒരു വാക്ക് പോലും പറയാന്‍ ആകാതെ എന്തിനോ ആര്‍ക്കോ എന്നോ അറിയാതെ നിശബ്ദതയുടെ ആഴം തേടി  പതുക്കെ നീന്തുമ്പോള്‍ നെഞ്ചിനകത്ത്  വല്ലാത്തൊരു വിങ്ങല്‍ മുഴങ്ങുന്നുണ്ടായിരുന്നു.  പാടത്തിനരികിലെ കുളത്തിന്റെ ഓരത്ത് കൂടെ  നടന്നു വരുമ്പോള്‍  പതിവില്ലാതെ  ഓളങ്ങള്‍ തമ്മില്‍ ഇമ വെട്ടാതെ  എന്നെ തന്നെ നോക്കി നില്‍ക്കുന്ന പോലെ. വല്ലാത്തൊരു   വശ്യത  ഉണ്ടെന്നൊരു തോന്നല്‍. കറുകപുല്ലുകള്‍ നീണ്ടു വളര്‍ന്നു കുളത്തിന്റെ  കരയാകെ പച്ചപട്ടു വിരിച്ചപോലെ കിടക്കുന്നതു കാണുമ്പോള്‍ തന്നെ മനസ്സില്‍ സൌന്ദര്യം നിറഞ്ഞു  തുളുമ്പുന്നു. പ്രാണന്‍ പിടയുന്ന സങ്കടം വാക്കുകള്‍  ആയി  പ്രവഹികുമ്പോള്‍ വിശിഷ്ടമായ  കവിതകളോ സൃഷ്ടികള്‍ ഒക്കെ ആയി മാറുന്നു  എന്ന് പറഞ്ഞു കേട്ടത്  സത്യം തന്നെ. അല്ലെങ്കിലും അന്യന്റെ  പ്രാണവേദന  ക്യാമറക്ക് അകത്തു പകര്‍ത്താന്‍  ഉത്സാഹം  കാണിക്കുന്ന ഈ കാലത്ത് ഇതിലേറെ എന്ത് പ്രതീക്ഷിക്കാന്‍! കുളത്തിന്റെ  കടവുകളില്‍ മെല്ലേ പോയി ഇരുന്നു ഓളങ്ങളെ നോക്കി സംസാരിക്കാന്‍ വെറുതേ ഒരു ശ്രമം നടത്തി. പാടത്തു  ആരുമില്ല, കാറ്റു മാത്രം ഇടയ്ക്കിടക്ക്  ശബ്ദം ഉണ്ടാക്കാന്‍ ശ്രമിച്ചു നടക്കുന്നുണ്ട്.




വെറുതേ തിരിഞ്ഞൊന്ന്  ജീവിതത്തിലേക്ക്  നോക്കുമ്പോള്‍ എന്തുവാ പറയുക, ഒരുമാതിരി  മറ്റുള്ളവര്‍ക്ക് വേണ്ടി  ഷോ  നടത്തുന്ന പോലെ. സര്‍ക്കസ്സു കളിക്കുന്ന കളിക്കാര്‍ ഇതിലും ഭേദം  എന്ന് പലപ്പോഴും തോന്നി.  കോമാളികളുടെ ജീവിതം മറ്റുള്ള ആളുകള്‍ക്ക് സന്തോഷം പകരാന്‍ സാധിക്കും, എങ്കില്‍ ഇവിടെ നാടകമല്ലാത്ത യഥാര്‍ത്ഥ ജീവിതത്തില്‍ ആട്ടങ്ങള്‍ പലപ്പോഴും കഥ അറിയാതെ ആകുമ്പോള്‍  കാണിക്കള്‍ക്ക് ഹരം കൂടും.. ആര്‍പ്പും വിളിയും.. മസാലയും കൂടും.. എന്തിനും ഏതിനും  കുറവ് ഇല്ലാതെ, ഒരു സാള്‍ട്ട് ആന്‍ഡ്‌  പെപ്പെര്‍ പടംകണ്ടിരിക്കുന്നതു   പോലെ! അന്യന്റെ ജീവിതം കണ്ടു രസിക്കാന്‍ ആളുകള്‍ ഏറെയുള്ള  കാലം.  അടുത്ത് കണ്ട ചെറിയ ഒരു  കല്ല്‌ എടുത്തു  കുളത്തിലേക്ക്‌ എറിഞ്ഞു. ശബ്ദം അത്ര വന്നില്ല എങ്കിലും ഓളം ഉണ്ടാക്കാന്‍ സാധിച്ചു. ശരിക്കും ജീവിതം പോലെ തന്നെ.  നിസ്സാരം എന്ന്  കരുതുന്ന  കാര്യങ്ങള്‍  പോലും കുളത്തില്‍ ചെറിയ കല്ല്‌ കൊണ്ട് ഉണ്ടാക്കിയ  ഓളങ്ങള്‍  പോലെ പര്‍വ്വതീകരിക്കപ്പെടുന്നു.  ഗീതു നെടുവീര്‍പിട്ടു. ശ്വാസത്തിനു പോലും  ഒരു ഏറ്റകുറച്ചില്‍. ഓര്‍മ്മകള്‍  പതിയെ പിന്നോട്ട്  നീങ്ങിയപ്പോള്‍  പാടത്തിന്‍ വരമ്പത്ത്  വന്നു നിന്നു. പാടത്ത്  പണ്ട് കതിര്  കിളികള്‍ തിന്നാതെ ഇരിക്കാന്‍ എത്ര തവണ  പാട്ടയും കൊട്ടി  കുളത്തിനു അടുത്ത് വന്നു നിന്നിരിക്കുന്നു. അമ്മൂമ്മയുടെ  കൈയും പിടിച്ചു  കുളത്തിനു അടുത്തെ  പാടത്തിന്റെ വരമ്പത്ത്  വന്നു നില്‍ക്കും. കൊട്ടി കൊട്ടി  കൈ കടയുമ്പോള്‍  കതിര് വരും മുന്‍പുള്ള  പൊട്ടല്  പൊട്ടിച്ചു കടിക്കും. നല്ല മധുരംആണ് അതിനു. അതോര്‍ത്തപ്പോള്‍ തന്നെ ചുണ്ടില്‍ ചെറിയൊരു പുഞ്ചിരി വിരിഞ്ഞു. എത്രനാളായി  ഇതുപോലൊരു  പുഞ്ചിരി മുഖം നിറയ്ക്കാന്‍ വന്നിട്ട്. ഒരു മാതിരി തൃശ്ശൂ ഭാഷയില്‍  പറയുകയാണെങ്കില്‍  ഈ ഒറിജിനല്‍  ഘടി(പുഞ്ചിരി)  നമ്മുടെ അടുത്ത് റോള്‍ കാട്ടാന്‍ തുടങ്ങിയിട്ട്  നാളുകള്‍ ഏറെയായിരിക്കുന്നു. പാടത്ത്   വരമ്പിന്‍  പൊത്തില്‍ നിന്നും  പുറത്തേക്കു വരുന്ന ഞണ്ടിന്‍കുട്ടികള്‍  മുന്നോട്ടാണോ പിറകോട്ടാണോ നടക്കുന്നത്  എന്ന് നോക്കി ഇരിക്കുന്ന നേരത്ത്, അമ്മൂമ്മ അടുത്തുള്ള വീടുകളില്‍ അനേഷണം ആയി  പോയിരിക്കും.  ഞാന്‍ അപ്പോഴെല്ലാം ഈ കിളികളും കുളവും കതിരുകളും ഒക്കെയായി  സംസാരിച്ചിരിക്കും. ഇന്നിപ്പോള്‍  വീണ്ടും  ഈ  കുളംകടവില്‍. കുളം  ആകെ പൊട്ടി നാശമായി തുടങ്ങിയെങ്കിലും  അതിലെ വെള്ളവും  ഓളവും എന്നെ കണ്ടതും തിരിച്ചു അറിഞ്ഞു.  ഭാഗ്യം!  ഗീതു മനസ്സില്‍ പറഞ്ഞു. ഒക്കെ മുഖം മുടി അണിഞ്ഞ  ഈ കാലത്ത്  ഇവരെങ്കിലും  അറിഞ്ഞ ഭാവം  കാണിച്ചല്ലോ. പാടം ഒക്കെ നികത്തി വീടുകള്‍ ഉണ്ടാക്കി കൊണ്ടിരിക്കുന്നു. ദൂരെ നിന്നാല്‍ കാണുന്ന തോടും അമ്പലവും എല്ലാം കോണ്‍ക്രീറ്റ്  വീടുകളുടെ  നിറപ്പൊലിമയില്‍  മറഞ്ഞു ഇരിക്കുന്നു. എന്താണ്ട് എല്ലാറ്റിനും ഒരു  വശപ്പിശക്‌ പോലെ അതോ എന്റെ ഈ നോട്ടത്തിനു ആണോ പ്രശ്നം..! ഗീതു  ഒന്നുകൂടി  തിരിഞ്ഞു നോക്കി. എല്ലാം മാറിയിരിക്കുന്നു.  ഇനി അങ്ങട് പഴയ കാലത്തേക്ക്  ഒരു  മാറ്റം  പ്രതീക്ഷിക്കാന്‍  പറ്റുമൊ? ഇല്ല, അതാണ് സത്യം. മെല്ലേ  തിരിഞ്ഞു നടക്കാന്‍ ശ്രമിച്ചു. ഈ നിമിഷങ്ങള്‍ ഇന്നിപ്പോള്‍  കിട്ടിയത്  ഇനി അടുത്ത തവണ വരുമ്പോഴേക്കും  മുഴുവന്‍  മറഞ്ഞിരിക്കും.  അപ്പചെടികള്‍ നിറഞ്ഞ ഇടവഴികള്‍  ഒക്കെ കൊച്ചു കൊച്ചു ടാര്‍ ഇട്ട  റോഡുകള്‍ ആയിരിക്കുന്നു. തറവാടിന്റെ  പിറകിലെ  വഴിയിലുടെ ഉള്ള യാത്ര മതിയാക്കി  തറവാടിന്റെ വളപ്പിലേക്ക് കയറി. വളപ്പ് മുഴുവന്‍  തൊട്ടാവാടികള്‍ കൊണ്ട് നിറഞ്ഞിരിക്കുന്നു.  സ്വത്തിന്റെ  ഭാഗം പ്രശ്നം കാരണം ആരുമില്ല  വളപ്പ്  നേരെയാക്കാന്‍. കൂട്ടുകൂടിയിരുന്ന് ഒരുമിച്ചു കളിച്ചു വളര്‍ന്ന സഹോദരങ്ങള്‍ പോലും  അങ്ങോട്ട്‌ ഇങ്ങോട്ടും തിരിഞ്ഞാല്‍ കുറ്റം പറയുന്ന അവസ്ഥയാണ്. പണ്ട്  തറവാട്ടു  വീട്ടിലേക്കുള്ള  ഇടവഴി വഴി വളപ്പില്‍ കേറുമ്പോള്‍,  ചെറിയമ്മമാര്‍   കൂക്ക് വിളികള്‍ കൊണ്ട് ശ്രദ്ധയെ ആകര്‍ഷിച്ച് എന്നാ വന്നേ, എങ്ങോട്ടാ എന്നൊക്കെ ഉറക്കെ വിളിച്ചു ചോദിക്കുമായിരുന്നു. തറവാട്ടില്‍  വിരുന്നുക്കാര്‍ വന്നാല്‍  അപ്പുറത്തും  ഇപ്പുറത്തും  ഉള്ള  ചെറിയമ്മമാര്‍  കറികള്‍ കൊണ്ട് ഓടിയെത്തിയിരുന്നു. ഇന്നിപ്പോള്‍ അവരുടെ വീടുകളിലും  മക്കള്‍  പലരും പലയിടത്തായി. അമ്മൂമ്മ മകന്റെ കൂടെ വളപ്പിന്റെ അങ്ങേ തലക്കല്‍  പുതുതായി  പണിത വീട്ടിലും. തറവാട്ടുവീട്  ഒരു അനാഥ പ്രേതം പോലെ, തലയുയര്‍ത്തിപ്പിടിച്ചു നില്‍ക്കുന്നു! മുത്തച്ഛന്റെ  ആത്മാവ് അവിടെ എവിടെയൊക്കെയോ കിടന്നു വിതുമ്പുന്നതു പോലെ. മക്കള്‍ ഒക്കെ  തരംകിട്ടിയാല്‍  അടുത്ത ആളെ ഇടിച്ചു  താഴ്ത്തി കാണിക്കാന്‍ ശ്രമിക്കുമ്പോള്‍  ആ ആത്മാവ് എങ്ങിനെ അത് സഹിക്കും?! നീതിക്കും യുക്തിക്കും അനുയോജ്യമായി മാത്രമേ കാര്യങ്ങള്‍ ചെയ്യാവൂ എന്ന്  മക്കള്‍ക്കെല്ലാവര്‍ക്കും മുത്തച്ഛന്‍  പറഞ്ഞു  കൊടുത്തിരുന്നത് ആണല്ലോ. എന്നിട്ടും..  ഉള്ളില്‍ നിന്ന് ഒരു വട്ടം കൂടി ദീര്‍ഘമായൊരു നെടുവീര്‍പ്പുയര്‍ന്നു. അമ്മൂമ്മ തറവാട്ടു വീട് പൂട്ടി പോയപ്പോള്‍ ആര്‍ക്കാര്‍ക്കും ഇല്ലാതെ അത് അടഞ്ഞു കിടന്നപ്പോള്‍, ഒരിറ്റു വെള്ളം പോലും കിട്ടാതെ  മച്ചിനകത്തെ  ദൈവങ്ങള്‍  നിലവിളി കൂട്ടുക ആയിരുന്നിരിക്കണം..!

കുട്ടികളും പേരമക്കളും ആയി ഓടി നടന്ന  തറവാടിന്റെ മുറ്റത്തു  കാല്മുട്ടോളം  വലുപ്പത്തില്‍  പുല്ലു വളര്‍ന്നിരിക്കുന്നു. അപ്പുറത്തെ വീട്ടില്‍ അമ്മൂമ്മയും  ഇപ്പുറത്ത്   ചെറിയമ്മ വലിയമ്മമാരും  ഒക്കെയുണ്ട്. എല്ലാവരുംമുണ്ട് എന്നാല്‍ ആരുമില്ല എന്ന അവസ്ഥ. തറവാട്ടു വീട് മാത്രം ആരോടും പരാതി ഇല്ലാതെ  തലയുയര്‍ത്തി തന്നെ നില്‍ക്കുന്നു. കിഴക്ക് ഭാഗത്ത്  കൊട്ടിലില്‍  മണല്‍  കൂട്ടിയിടുമ്പോള്‍  കുഴിയാനയെ  പിടിക്കാന്‍ എത്രയോ  നടന്നിരിക്കുന്നു. അതെല്ലാം തകര്‍ന്നു  കിടക്കുന്നു. ഉത്തരവും കഴുക്കോലും എല്ലാം. പരസ്പരം ഉത്തരം  ഇല്ലാത്ത ചോദ്യങ്ങള്‍ക്ക്  മുന്പില്‍ പല്ല് ഇളിച്ചു  കിടക്കുന്നു അവയെല്ലാം. കൊയ്തു കഴിഞ്ഞു  വൈക്കോല്‍ കൂനകള്‍ നിരത്തി  വെയ്ക്കുന്നത്  കാണാന്‍ തന്നെ നല്ല ചന്തം ആയിരുന്നു. ഓര്‍മ്മകള്‍ കാടു കേറിത്തുടങ്ങി..



അപ്പോഴേക്കും  മോന്‍ ഓടി വന്നു.   അമ്മേ.. അമ്മേ എന്താ മൊബൈല്‍  എടുക്കാത്തത്?  എത്ര നേരം ആയി  അച്ഛന്‍ വിളിക്കുന്നു. അവന്റെ  ആ വിളി  ഓര്‍മകളില്‍ നിന്നും ഉണര്‍ത്തി. മോന്‍ അവിടെ നില്‍ക്ക്,  ഇവിടെ നിറയെ കാടുപിടിച്ച് കിടക്കുകയാ. അമ്മേ ഇതെന്താ ഇവിടെ  ഈ പിങ്ക് പൂക്കള്‍ ഉള്ള ചെടി,  ഇല തൊടുമ്പോള്‍  വാടി പോകുന്നു!! അവനു ആകെയൊരു  സന്തോഷം.  അത് തൊട്ടാവാടിയാ മോനെ. അങ്ങിനെ  പറഞ്ഞാല്‍ ??
ടച്ച്‌ മി നോട്ട്..
ഓഹോഹോ  മനസ്സിലായി. അവന്‍ തലകുലുക്കി താല്പര്യത്തോടെ നോക്കിക്കൊണ്ടിരുന്നു. അവന്റെ കൈയുംപിടിച്ചു  മുന്‍പോട്ടു നടന്നു. മുന്‍പൊക്കെ ഈ വളപ്പില്‍ കേറുമ്പോള്‍ അത്യാവശ്യം   ഭക്ഷണം ഒക്കെ കിട്ടുമായിരുന്നു.  അരിനെല്ലിക്ക, ചാമ്പക്ക, കണ്ണി മാങ്ങാ.. അങ്ങിനെ അങ്ങിനെ ... മാതളച്ചെടിയുടെ  പൂവും, കാപ്പിച്ചെടിയുടെ പൂവും ഏറെ ഇഷ്ടമായിരുന്നല്ലോ. വീടിന്റെ പിറകു വശത്തെ അലക്ക് കല്ലിനടുത്ത്  നിറയെ കാപ്പി പൂക്കള്‍  ഉണ്ടായിരുന്നതോര്‍ത്തു.. വെള്ളനിറത്തില്‍.. എന്തൊരു മണമായിരിക്കുമെന്നോ. മോനെ അത് കാണിക്കാം എന്ന്  കരുതി   പതുക്കെ വീടിനു പിന്നിലേക്ക്‌ നടന്നു.  അവിടെ പക്ഷേ  എല്ലാം കരിഞ്ഞു ഉണങ്ങി നില്‍കുന്നത് കണ്ടപ്പോള്‍ ആകെ സങ്കടമായി. എന്താ അമ്മേ.. ഇവിടെ? ഒന്നുമില്ലെടാ  കുട്ടാ.. മനസ്സില്‍ ചെറിയ നൊമ്പരം പൊട്ടിത്തുടങ്ങിയിരുന്നു. അപ്പോഴേക്കും അവന്റെ അടുത്ത  ചോദ്യം;  ഇതെന്താ അമ്മേ ഈ വീട് പൂട്ടി ഇട്ടിരിക്കുന്നത് ? ഇതിന്റെ താക്കോല് കളഞ്ഞു പോയോ? ഹ്മം.. പോയി മോനെ; ഈ വീടിന്റെ സന്തോഷവും, സ്നേഹവും എല്ലാം നിറഞ്ഞ താക്കോല് പോയി.. ഒക്കെ തുരുമ്പ് എടുത്തു  പോയി.. ഇത്തിരി വിതുമ്പിയോ..
ഈ അമ്മക്ക് എന്താ!!  എന്ന മട്ടില്‍ എന്നെ നോക്കുന്നത്  കണ്ടില്ല എന്നു വച്ചു.  ഈ വീട്ടില്‍ ഒരിക്കല്‍ക്കൂടി വിളക്ക്  ഒന്ന് കത്തിച്ചു  വെച്ച്   ദീപം പറഞ്ഞു  ഉമ്മറത്ത്‌ വരാന്‍ പറ്റിയെങ്കില്‍..! പുറകിലെ അമ്മിക്കല്ലില്‍  മാങ്ങായും മുളകും ഉപ്പും കൂട്ടി ചതച്ചു എന്റെ  ചെറിയമ്മമാര്‍  വീണ്ടും എനിക്കും തന്നിരുന്നുവെങ്കില്‍..! അമ്മൂമ്മയുടെ  അടുത്ത് കിടത്തി  ഒരു കഥ കൂടി പറഞ്ഞു തന്നിരുന്നുവെങ്കില്‍... ഇന്നിപ്പോള്‍ ഏതു  ചെറിയമ്മ ഏതു വലിയമ്മ. അമ്മൂമയുടെ അടുത്ത് പോയാലും കുറെ  സങ്കടക്കഥകള്‍ മാത്രം.. അതുകൊണ്ട് തന്നെ അടുത്ത  തവണ  ഓണത്തിനു  ആരുടെയും വീട്ടിലും പോകുന്നില്ല. നാട്ടിലും വരുന്നില്ല. ഉള്ള പാടവും കുളവും കൂടി എന്നെ അങ്ങട്  മറക്കും മുന്‍പ് ഒന്ന് കാണാനെങ്കിലും പറ്റിയല്ലോ. ഇടിഞ്ഞു പൊളിയും മുന്പ് ഈ തറവാട്ടില്‍ പരിസരത്ത് മോനെ കൊണ്ട് വന്നു കാണിക്കുവാന്‍ പറ്റിയല്ലോ. അതുമതി!!  നിറഞ്ഞു വന്ന കണ്ണുകള്‍ കൈയ്യിലിരുന്ന കൈലേസുകള്‍ക്കൊണ്ടൊപ്പി ഗീതു കാറിനുള്ളില്‍ കയറി ഇരുന്നു. ഉള്ളില്‍ ഒരു തീരുമാനം  അപ്പൊഴേക്കും എടുത്തിരുന്നു.  എന്തിനാ ഒരുപാടു പാടവും ,ഭൂമിയും ഒക്കെ? ഭാഗവും പ്രശ്നങ്ങളും ആയി  ഉള്ള മനസമാധാനം  കളയണോ?  മക്കള്‍ രണ്ടു പേരുള്ളത്  കലഹിച്ചു  നില്‍ക്കുന്നത്  കാണാന്‍ വയ്യേവയ്യ ... ഞാന്‍ ഇല്ല ഒരു പക്ഷ ഭേദവും കാണിക്കാന്‍.. ഏട്ടന്റെ തോളില്‍  പതിയെ ചാരി ഇരുന്നു.. അപ്പോഴും ചെറിയ മോന്‍ എന്തൊക്കെയോ  ചോദിക്കുന്നുണ്ടായിരുന്നു..

Saturday 27 August 2011

ചില ഭ്രാന്തന്‍ ചിന്തകള്‍


നീട്ടിവരച്ച  വരയുടെ അറ്റം തേടിഒരു യാത്ര . അതിര്‍ വരബുക്കള്‍ക്ക് ഇടയില്‍  ഞാണിന്‍മേല്‍ കളി പോലെ .ഒന്ന് കൈ വിട്ടാല്‍ തകരുന്ന ജീവിതം .പക്ഷേ  തകരാതെ  നീര്ജീവമായി കിടക്കേണ്ടി  വന്നാല്‍ ???
ഞാന്‍ അവളോട്‌  പറഞ്ഞിടുണ്ട്  ആ നിമിഷം എന്നെ അതില്‍ നിന്നു മോചിതയക്കാന്‍ ..

മെല്ലെ എന്നില്‍ അണഞ്ഞ നിശ്വാസത്തിന്‍  പൊരുളുകള്‍, ചുരുളുകളായി അഴിയുമ്പോള്‍ ..കരിന്തിരി കത്താതെ  ഇരിക്കാന്‍ നീട്ടിയ കൈകളുടെ  തുമ്പത്ത്  തന്നുപ്പു ...ഒരുതരം നീര്ജീവമായ  തണുപ്പ് ...മരണത്തിന്റെ  ഭീതി എന്നില്‍ നിറയുന്നുണ്ടോ ??പകലിന്റെ രോദനം  കേട്ടപാതി കേള്‍ക്കാത്ത പാതി സത്യവും മിഥ്യയും തേടി  ഒരു യാത്ര ...കറുത്ത നീണ്ട പുതപ്പിന്റെ  ആലിംഗനം  എന്നെ ഒട്ടും ശ്വാസം  മുട്ടിച്ചില്ല ...കുളിര് കോരിയിട്ട പോലെ  രോമകൂപങ്ങളില്‍    മധുരമായ അനൂഭൂതി..വല്ലാത്തൊരു സുഗന്ധം ...ചന്ദനത്തിരിയുടെ  മണം ,കര്‍പ്പൂരം എന്നിലേക്ക്‌ നിറയുന്നപോലെ.വെട്ടിയിട്ട തേങ്ങ മൂത്ത കാരണം വെന്ത വെളിച്ചെണ്ണയുടെ  മണം മൂക്കിന്റെ അകത്തു  നിറഞ്ഞു ഇരിക്കുന്നു ..പുതിയ മുണ്ടിന്റെ ശീലയില്‍ ചുവന്നപ്ട്ടും ചുറ്റി നെറ്റി നിറയെ സിന്ദൂരം അണിയിച്ചു,
വിളക്കു കത്തുന്നതിന്റെ വെളിച്ചം  മുഖംത്തു  പതിയുമ്പോള്‍  വല്ലാത്തൊരു  വശ്യ സൌന്ദര്യം ..ഇത്ര ഏറെ സൌന്ദര്യം എന്നില്‍ ഞാന്‍ ഇതുവരെ കണ്ടിട്ടില്ല ..കണ്ണാടിക്കു മുന്പില്‍ ചെരിഞ്ഞും താണും എത്ര നോക്കി യിരിക്കുന്നു  .,ഇടയ്ക്കു ഒന്ന് കുസൃതി കാട്ടിയ കാറ്റില്‍  ചുര്ണ്ട മുടി കണ്ണില്‍ ഉമ്മ വച്ചു ചുണ്ടുകളില്‍ സ്പര്‍ശിച്ച നേരം ..ഇക്കിളി പൂണ്ടു കിടന്നു ഞാന്‍ .. ഇതുവരെ കിട്ടാത്ത ഒരു ശാന്തത  എല്ലാം സൌന്ദര്യത്തിന്‍  നിറകുട്മായി  നിറഞ്ഞു ഇരിക്കുന്നു .ഒട്ടും ഭാരം തോന്നാതെ ..ആരോടും പരാതികള്‍ ഇല്ലാതെ ..പറന്നു  ആ മുറിക്കു  മുന്പില്‍ ....കാതുകളില്‍  അരുടെയോക്കീയോ  കരച്ചില്‍ പോലെ...പക്ഷേ എനിക്ക് ചിരിക്കാന തോന്നിയത് ..ഞാന്‍ ഇത്ര സുഖം ആയിപറക്കുമ്പോള്‍ എന്തിനാ ഇത്രക്കും സങ്കടം .പതുക്കെ എന്നെ ആരോ വലിച്ചു കൊണ്ട് പോകുന്നപോലെ ..ഞാന്‍  പോകുകയാണ് ..ഇനിയില്ല  ഒരു മടക്കം .....ഭൂമിതന്‍ മാറില്‍  പുണര്‍ന്നു കിടക്കാന്‍ എന്നെ കൊണ്ടുപോകുകയണോ ?

ചിലമുഖങ്ങള്‍  അന്നേരം തെളിഞ്ഞപ്പോള്‍ ... മിഴികള്‍ മെല്ലേ ഞാന്‍ തുറന്നു ...എന്താ ഇപ്പൊ ഉണ്ടായേ ??കണ്ണുകള്‍ അമര്‍ത്തി തിരുമ്മി ... ,,ഇപ്പൊ ഒരു മണവുമില്ല ....തലയ്ക്കു അകത്തു   ഭാരം നിറയുന്നു ,ശാന്തമായ  മനസ്സ്  കലുഷിതമായിരിക്കുന്നു ..അപ്പോള്‍   ഇവിടെ  ഇനിയും ഉണ്ടല്ലേ  എന്റെ ദിവസങ്ങള്‍ ....

യാന്ത്രികമായ കളിപാവപ്പോലെ  മുന്നോട്ട് നീങ്ങുന്നു .കൈവിട്ട കാറ്റിന്റെ കുസൃതി  പോലെ കളിവഞ്ചി ആടിയാടി ഉലഞ്ഞു പോകുമ്പോള്‍ തീരം കിട്ടിയാലോ എന്നൊരു പ്രതീക്ഷ മാത്രം ..അതാണ് മുന്നോട്ടുള്ള  ഒഴുക്കിന്റെ ഏക ആശ്രയം .തീരത്ത് അണഞ്ഞ  കടലാസ്സു തോണി ഏറെകുറെ നനഞ്ഞു  ഇരിക്കുന്നു .എന്നിട്ടും അതിനെ എടുത്തു പള്‍പ്പ്ന്റെ  മായാവിലാസം എന്നപോലെ പുതിയ രൂപങ്ങള്‍ മെനഞ്ഞു   എടുക്കുന്നു .അറിയാം  വെള്ളം ഇനിയും അതിനെ തേടി എത്തും ,വീണ്ടും അന്നേരം അത് തകരും എന്നും ,.വീണ്ടും പുനര്‍ജന്മം അതിനെകും .എന്നും,.ഇങ്ങിനെ വീണ്ടും  കുറെ ജനമ്ങ്ങള്‍   കാത്തിരിക്കുന്നു  ഇനിയും ...

Monday 18 July 2011

പരാതിക്കാരി


അന്നും അവള്‍ക്കു പരാതികള്‍ ആയിരുന്നു. ഈ പരാതികള്‍ക്കിടയില്‍  എപ്പോഴോ ഞാനവളെ  സ്നേഹിച്ചിരുന്നു.   അതെപ്പോഴാണെന്ന്  എനിക്കോര്‍മ്മ കിട്ടുന്നില്ല. പരാധീനതകള്‍ക്ക് ഇടയിലെ പരാതിക്കാരിയെന്നൊരിക്കലുമന്ന് തോന്നിയിട്ടില്ല. നീണ്ട ആ മിഴികള്‍ മിന്നുന്നത് നോക്കിയിരിക്കുമ്പോള്‍  എല്ലാം മറന്നു പോകുമായിരുന്നു.  കസവുമുണ്ടും നേരിയതും  ഉടുത്തവള്‍  മുന്നിലെത്തുമ്പോള്‍ ഏറെ പണിപ്പെട്ടു നിര്‍ത്തിയെന്നെത്തന്നെ.  ഇങ്ങിനെയൊക്കെയിരിക്കേ  എപ്പോഴാണ്  ഞാനുമവളും തമ്മില്‍ ഇത്രയ്ക്കകന്നത്. നേര്‍ത്ത മൂടുപടം പോലെ ഓര്‍മ്മകളില്‍ മങ്ങലേറ്റിരിക്കുന്നു..

എത്ര  നാള്‍ കാത്തിരുന്നു അവള്‍ക്കായി.  ഇനിയൊരു തിരിച്ചു വരവ് പ്രതീക്ഷിക്കാമെന്ന് തോന്നുന്നില്ല.  നിമിഷങ്ങള്‍ ആഴത്തില്‍ പതിയുന്ന നേരം കാലൊച്ച  മാത്രം കേട്ടില്ല.  ഇടവഴിയുടെ അരികുകളില്‍ നിന്നിരുന്ന അപ്പച്ചെടിയുടെ ഇല പൊട്ടിച്ചു അവളുടെ കൈയ്ക്ക് മുകളില്‍ വച്ചു പോട്ടിക്കുമ്പോള്‍;  അവളെനിക്കു മാത്രം സ്വന്തമാകണം എന്നൊരു  മോഹം ആയിരുന്നു. ഇന്നിപ്പോള്‍ കൈ പിടിച്ചൊന്നു എഴുന്നേല്‍ക്കാന്‍ പോലും വയ്യ.  പക്ഷേ; എന്തേ ഇന്നിത്ര  ഓര്‍മ്മ.. അവളുടെ പരാതികള്‍ തന്റെ ജീവന്‍ ആയിരുന്നു. എല്ലാം മനസ്സിലാക്കാന്‍ വൈകിയോ? വിളിക്കണം അവളെ എത്രയും വേഗം.. വയ്യ ഇനിയും..  നമ്പര്‍ തപ്പി എടുത്തു  ഡയല്‍  ചെയ്യുമ്പോള്‍ മനസ്സിനു എന്തെന്നില്ലാത്ത  ഉത്സാഹം.  ‘നിങ്ങള്‍ വിളിച്ച നമ്പര്‍ ശരിയല്ല.. ദയവായി  പരിശോധികുക‘  വീണ്ടും എണ്ണി നോക്കി..  യ്യോ!  ഒരു അക്കം ഇല്ലല്ലോ..  എങ്ങിനെ  അറിയും.. അലമാരയിലിരുന്ന മുഴുവന്‍ പേപ്പെറുകളും ധൃതിയില്‍ വലിച്ചിട്ടു പരതാന്‍ തുടങ്ങി. അല്ലെങ്കിലും അത് അങ്ങിനെയാ....ഒരു കാര്യം ചെയണം എന്നു മനസ്സില്‍  തോന്നിയാല്‍ അത് മാറ്റി വെയ്ക്ക  പിന്നത്തേക്ക് എന്നൊരു ശീലം  മുന്പും ഇല്ലാലോ . അന്ന് ആദ്യമായി വിരഹവേദനയാല്‍ നെഞ്ചില്‍ കൈ വച്ചു  ഓര്‍ത്തവളെ.  പെട്ടന്ന്  ഉമ്മറത്തെ മണി ആരോ അടിച്ച് മുഴങ്ങിയ ശബ്ദം..  ആരാണെന്ന് നോക്കുവാന്‍ പുറത്തേക്ക് വന്ന നേരം.. കണ്ടവളെ  തന്റെ  പരാതിക്കാരിയെ.. ..ഒരു കൂട്ടം  പരാതികളുമായി  പറയാന്‍ വെമ്പി നില്‍കുന്ന അവളെ  അപ്രതീക്ഷിതമായ ആ കൂടിക്കാഴ്ചയില്‍ സാകൂതം ഞാനവളെ നോക്കിനിന്നു.. കയറി ഇരിക്കുവാന്‍ പോലും ക്ഷണിക്കാതെ.. ആ നീല മിഴികള്‍ അപ്പോഴും മിന്നിത്തിളങ്ങിയിരുന്നു.അപ്പോഴും  ആമിഴികളില്‍  പരാതികള്‍ ഉണ്ടായിരുന്നു.
അത് അങ്ങിനെയാവും അല്ലേ..  ആത്മാര്‍ത്ഥമായി ആഗ്രഹിച്ചാല്‍  സ്വപ്നകരമായ മുഹൂര്‍ത്തങ്ങള്‍ നടന്നേക്കും അല്ലേ..

Monday 20 June 2011

ഞങ്ങള്‍ കണ്ട ബാങ്കോക്ക്‌


ഒരു പാട് ദിവസത്തെ അല്ല മാസങ്ങളുടെ ഇടവേളയ്ക്കു ശേഷം വീണ്ടും ഒരു പോസ്റ്റ്‌.  എന്നാലത് ഒരു യാത്ര വിവരണം ആകട്ടെ എന്ന് വിചാരിച്ചു.  ബാച്ചികളുടെ  ലോകം എന്ന് പുകള്‍പെറ്റ തായ്‌ലാന്‍ഡിലെയും ശ്രീലങ്കയിലെയും സന്ദര്‍ശനവിശേഷങ്ങള്‍ പങ്കുവെയ്ക്കാം. മുന്‍പൊരിക്കല്‍ സന്ദര്‍ശിച്ചിട്ടുള്ളൊരു സ്ഥലമായിരുന്നു തായ്ലാന്‍ഡിന്റെ തലസ്ഥാനമായ ബാങ്കോക്ക്.  അന്നത് ഒരു കപ്പല്‍ യാത്രയിലൂടെയായിരുന്നു.  ഇതുവരെയും  കപ്പല്‍  യാത്രയില്‍ ആയിരുന്നു അധികവും സ്ഥലങ്ങളും  സന്ദര്‍ശിച്ചിരുന്നത്.   ടൂര്‍  പ്രോഗ്രാം അറെഞ്ച് ചെയ്തു പോയ  ആദ്യ യാത്രയായിരുന്നു  ഇത്തവണ.  ടൂര്‍ പാക്കേജ് വഴി ഉള്ള  യാത്രാനുഭവം ആദ്യം എന്നിരിക്കേ  വ്യത്യസ്തവും ഉല്ലാസഭരിതവുമായിരുന്നു. 



കൊച്ചിയില്‍  നിന്നും ശ്രീലങ്ക വഴിയാണ് തായ്‌ ലാന്‍ഡ്‌ലേക്ക്  യാത്രതിരിച്ചത്.  ശ്രീലങ്കയില്‍ കിട്ടിയ ഒരു ദിവസം അവിടുള്ള  കുറച്ചു സ്ഥലങ്ങള്‍ കാണാമെന്നു വിചാരിച്ചു. അങ്ങിനെ  ബുദ്ധന്റെ ഒരു അമ്പലവും, ബീച്ചും പിന്നെ കുറച്ച് ഷോപ്പിംങ്ങും നടത്തി.   യാത്രയിലെനിക്ക് ഒഴിവാക്കാനാകാത്തൊരു കാര്യമാണ്  ..ഷോപ്പിങ്ങ് !! എവിടെയൊക്കെ പോയാലും അവിടെയൊക്കെ ലഭിക്കാവുന്ന ആകര്‍ഷകമായ ഐറ്റെംസ് വാങ്ങിക്കൂട്ടി കാശു പാഴാക്കിക്കളയുമ്പോഴാണു മനസ്സിനൊരു ഉന്മേഷവും  യാത്രക്കൊരു സുഖവും കിട്ടാറുള്ളത്..!
ശ്രീലങ്കയില്‍  കണ്ട ബുദ്ധന്റെ  അമ്പലം വളരെ ഏറെ പഴക്കം ചെന്നത് ആയിരുന്നു.  ഉറങ്ങുന്ന ഒരു ഭീമാകാരനായ ബുദ്ധന്‍ ആയിരുന്നു  അവിടത്തെ  പ്രധാന  ആകര്‍ഷണം.





ബുദ്ധന്റെ അമ്പലത്തിനോട്  ചേര്‍ന്ന് തന്നെയുള്ള ഒരു ആശ്രമത്തില്‍  കുറച്ചു  അകൊസേട്ടന്മാരെ  കണ്ടു.  നമ്മുടെ യോദ്ധ സിനിമയിലെ ഉണ്ണികുട്ടനേ പോലുള്ള കുട്ടികളെ അവിടെ ഇവിടെയായി കാണാമായിരുന്നു. അമ്പലം മുഴുവന്‍ ചുറ്റി നടന്ന് കണ്ട ശേഷം തൊട്ടടുത്തുള്ള ബീച്ചില്‍  പോയി.  ഒരുപാടു  സന്ദര്‍ശകരും നാട്ടുകാരും അവിടെ  ഉണ്ടായിരുന്നു.  കുളിയും കളിയും ആയി അവരങ്ങിനെ അടിച്ചുപൊളിച്ചിരുന്നു  എന്ന് തന്നെ പറയാം.   കുറച്ചു നേരം എല്ലാവരെയും വായ നോക്കി നിന്ന് പതുക്കെ അടുത്തുള്ള  ചെറിയൊരു പാര്‍ക്കിലേക്ക് നടന്നു. ഏറെക്കുറെ നമ്മുടെ നാട്ടുകാരെപ്പോലെ തന്നെ ആണല്ലോ ശ്രീലങ്കന്‍സ്.  പാര്‍ക്കില്‍ കുട്ടികള്‍  കളിക്കുന്നതും നോക്കി ആസ്വദിച്ചിരുന്നു ഇരുന്നു കുറെനേരം. അപ്പോഴേക്കും  വാനം നിറഞ്ഞ് മഴക്കാര്‍  കയറി വന്നുതുടങ്ങിയിരുന്നു. ആയതിനാല്‍ ഒരുപാട് സമയം അവിടെ ചിലവഴിക്കതെ തിരിച്ച് റിസോര്‍ട്ടിലെക്ക് നടന്നു. റിസോര്‍ട്ടിലേക്ക് തിരിച്ചു പോകുന്ന വഴി  തമിഴ്നാട്‌  സ്റ്റൈലില്‍  ഒരു ശവയാത്ര കണ്ടു കൊട്ടും പാട്ടുമൊക്കെയായി. അധികവും  പാവാടയും ബ്ലൌസും ആണ് അവിടുള്ളവര്‍ സ്ത്രീകള്‍ ധരിച്ചിരുന്നത്.  അമ്മമാരും അമ്മൂമ്മമാരും ഒക്കെ  മുട്ടിനു താഴെ ഇറക്കം ഉള്ള  പാവാട അണിഞ്ഞു  നടക്കുന്നത് കണ്ടപ്പോള്‍; ഒരു നിമിഷം ഞാന്‍, നമ്മുടെ നാട്ടിലെ സ്ഥിതി ആലോചിച്ചു.  മുഴുവന്‍ മൂടിയിട്ടു പോലും ഇപ്പോള്‍ നില്‍ക്കക്കള്ളിയില്ലാത്ത അവസ്ഥയണു നാട്ടില്..!!



ശ്രീലങ്കയില്‍ നിന്നും  രാത്രിയില്‍ ആയിരുന്നു തായ്ലാന്‍ഡിലേക്കുള്ള ഫ്ലൈറ്റ്.  വലിയൊരു  എയര്‍പോര്‍ട്ട് ആയിരുന്നു ബാങ്കോക്കിലേത്.  അവിടം മുഴുവന്‍ അവരുടെ  ടൂറിസം പ്രൊമോഷന്‍  ചിത്രങ്ങള്‍ കൊണ്ട്  നിറഞ്ഞിരുന്നു.  എങ്കിലും; ആദ്യമായി ടൂര്‍ പോഗ്രാം അറെഞ്ച് ചെയ്തു വരുന്നവര്‍ക്ക്  നിറയേ സംശയങ്ങള്‍ ആയിരുന്നു. ഷിപ്പില്‍ പോകുമ്പോള്‍; എയര്‍പോര്‍ട്ടില്‍ ഏജെന്റ്  വരും. അവരാണു വിസയൊക്കെ അറെഞ്ച് ചെയ്തു തന്നിരുന്നത്. ആയതിനാല്‍  ഈ വക ബുദ്ധിമുട്ട് ഒന്നും അറിഞ്ഞിരുന്നില്ല. കുറെ നേരം വരിയില്‍ കാത്ത് നിന്ന് എമിഗ്രേഷന്‍ കൌണ്ടറിന്റെ അടുത്ത് എത്തിയപ്പോള്‍  അവിടെയുള്ള ഉദ്യോഗസ്ഥന്റെ വകയായി  ‘ഈ വരി അല്ല.. അകത്ത് വേറെ വരി ഉണ്ട്..  അവിടെ പോയി ക്യൂ നിന്ന് വിസെടുക്കണം‘  എന്ന്..! ഉദ്യോഗസ്ഥന്‍ പറഞ്ഞ വരിയിലേക്ക് മാറി അവിടെ ക്യൂ നിന്ന്; അതിന്റെ കൌണ്ടറില്‍ എത്തിയപ്പോള്‍  അവിടെയുള്ള അങ്ങേര്‍ക്കു ഞങ്ങളുടെ  ഫോട്ടോയ്ക്ക് ഗ്ലാമര്‍ പോര എന്ന് വിഷമം..!  വീണ്ടും പുതിയ ഫോട്ടോ എടുക്കുവാനുള്ള ഓട്ടപ്പാച്ചില്‍..!  അങ്ങിനെ ഒരുവിധം വിസ അടിച്ചു കിട്ടി.  ഇങ്ങനെ ഇട്ട് വട്ടം ചുറ്റിയ സമയത്ത്  തിരിച്ചു നാട്ടിലേക്കു വണ്ടി കയറിയാലോ എന്നു പോലും തോന്നി. ഏതായാലും എല്ലാ നൂലാമാലകളെയും തരണം ചെയ്ത് ഞങ്ങള്‍ വെളിയില്‍ എത്തി. അവിടെനിന്ന് വേറെയും കുറെ ആളുകളെയും  കൂട്ടി  വലിയൊരു ബസില്‍  പട്ടയ എന്ന സ്ഥലത്തേക്ക് പുറപ്പെട്ടു. കുറെ നേരം ഉണ്ട് ആ യാത്ര.  എല്ലാവരും മയക്കത്തിലായി.  അങ്ങിനെ താമസിക്കേണ്ട നിര്‍ദ്ദിഷ്ട ഹോട്ടലില്‍ എത്തിച്ചേര്‍ന്നു.  റൂമില്‍ എത്തിയപ്പോഴാണു ശ്വാസം ഒന്നു നേരെ വീണത്..!



അന്നേ ദിവസം  എല്ലാവര്‍ക്കും  വിശ്രമദിവസമാണെന്ന്  ഗൈഡ് പറഞ്ഞതിനാല്‍  ഞങ്ങള്‍  പട്ടയ  ടൌണ്‍ ചുറ്റി കാണാന്‍  പുറപ്പെട്ടു.  പട്ടായ ബീച്ചിലൂടെ മെല്ലേ നടന്നു.  കാഴ്ചകള്‍ അതി മനോഹരം.  കണ്ണിനും മനസ്സിനും..  എന്താ പറയുക..  സന്തോഷം തരുന്ന കാഴ്ചകള്‍.. ബാച്ചികളുടെ ലോകം എന്ന് പറയുന്നതിന്റെ അര്‍ത്ഥം ശരിവയ്ക്കുന്നവിധമായിരുന്നു  ചുറ്റുപാടും ഉള്ള കാഴ്ചകളൊക്കെ..!  വസ്ത്രങ്ങളുടെ ഭാരം ലഘൂകരിച്ച്  അവയില്‍ ലാളിത്യം പുലര്‍ത്തിയ  കുറെ പേര്‍..!  വഴിയരികില്‍  നിറയെ ചെറിയ കടകള്‍ ഉണ്ട്. വസ്ത്രങ്ങള്‍ അധികവും കടും നിറവും പൂക്കളും നിറഞ്ഞതായിരുന്നു.  ബോംബെയിലെ പോലെ  കൊച്ചു കടകള്‍.  വിലപേശി വാങ്ങണം എന്നുമാത്രം.  വിലയൊക്കെ പേശി അന്തസ്സായി ഷോപ്പിംഗ്‌ നടത്തി.  അല്ലെങ്കിലും നമ്മുടെ നാട് വിട്ടാല്‍ എന്തോന്ന്..!!  പട്ടയ  ബീച്ച്നു  അടുത്ത് തന്നെ  വലിയൊരു  ഷോപ്പിംഗ്‌ മാള്‍  ഉണ്ട്.  അതിനു മുകളില്‍  ഒരു വാക്സ് മ്യൂസിയവും സ്ഥിതിചെയ്യുന്നു.   മഹാത്മഗാന്ധി മുതല്‍ ജാക്കിച്ചാന്‍ വരെയുണ്ടവിടെ.  കുറച്ചു നേരം അവിടെയൊക്കെ ഫോട്ടോ എടുത്തു  നടന്നു.  ഇവരെയൊന്നും നേരെകണ്ട് ഒപ്പമിരുന്ന് ഫോട്ടോ എടുക്കല്‍ എന്തായാലും  നടക്കില്ല.  അപ്പോള്‍  പിന്നെ കിട്ടുന്ന അവസരം എന്തിനു കളയണം.  വാക്സ് പ്രതിമയെങ്കില്‍  വാക്സ്.  ഓരോപ്രതിമകളെയും പ്രതിനിധാനം ചെയ്യുന്ന പ്രശസ്തരുടെ കൂടെ നിന്ന് ഫോട്ടോ എടുത്തു.  ചില പ്രതിമകള്‍ അത്രക്കും  പെര്‍ഫെക്റ്റ്‌  ആയി തോന്നിയില്ല. 








 എങ്കിലും ചുരുങ്ങിയകാലം കൊണ്ട്  ടൂറിസം എങ്ങിനെ  ഒരു രാജ്യത്തിന്റെ  വളര്‍ച്ചക്ക്  കാരണം ആകാം എന്നതിന്റെ  നല്ലൊരു ഉദാഹരണം  തന്നെയാണ് തായ്‌ലാന്‍ഡ്‌.  ബാച്ചികള്‍ക്ക്  മാത്രം  എന്നൊരു തെറ്റായ  പ്രചാരം ഉണ്ട് അവിടെ.  എന്നാല്‍ അവിടെ എനിക്ക് എഴുപതുവയസ്സായ  അപ്പൂപ്പന്മാര്‍ തൊട്ടു  കൊച്ചു കുട്ടികളുടെ  സംഘത്തെ വരെ കാണുവാന്‍  സാധിച്ചു.  നമുക്ക്  തിരിച്ചു  വാക്സ് മ്യൂസിയത്തില്‍ തന്നെ എത്താം. മ്യൂസിയം  കണ്ടശേഷം ഞങ്ങള്‍ അതിനടുത്തുള്ള ഗ്ലാസ്‌ റൂമിലേക്ക്‌  കടന്നു.   പറയാതെ വയ്യ..!  ഇത്രയും മനോഹരമായ കാഴ്ച..!  ശരിക്കും വ്യത്യസ്തമായൊരു അനുഭവം ആയിരുന്നു അത്.  ഗ്ലാസ്‌ റൂമില്‍  പോകുമ്പോള്‍ വൈറ്റ് ഷൂസും  കയ്യില്‍ വൈറ്റ് ഗ്ലൌസും ധരിക്കണംറൂമിന് അകത്തെത്തുമ്പോള്‍  ഇരുട്ട് കം  പസ്സില്‍ കളി പോലെ നമ്മള്‍ പരതി നടന്നു ഒരു മുറിയില്‍ നിന്നും അടുത്ത  മുറിയില്‍  പോകാന്‍ ഉള്ള വഴി കണ്ടെത്തണം. വൈറ്റ് നിറം കാരണം ഇരുട്ടില്‍ കൈകാലുകള്‍ തിരിച്ചറിയാന്‍ സാധിച്ചിരുന്നു.  ഒരു മുറിയില്‍ നിന്നും അടുത്ത്  മുറി എന്ന മട്ടില്‍   ചില ഗ്ലാസ്സ്മുറികളില്‍  ചെല്ലുമ്പോള്‍  പെട്ടന്ന്  ലൈറ്റുകള്‍ തെളിയും.  അത് തികച്ചും മനോഹരമായിരുന്നു..!
ഗ്ലാസ്സുകളില്‍  മനോഹരമായി  വെളിച്ചം  പലനിറത്തില്‍ പ്രതിഫലിച്ചു  കാണുമ്പോള്‍   അതൊരു  മായക്കാഴ്ച  പോലെ തോന്നി.  കയ്യിലിരുന്ന ക്യാമറയെടുത്ത് ഫോട്ടോ എടുക്കണം എന്നുണ്ടായിരുന്നെങ്കിലും കാഴ്ച കാണുന്ന സമയം നഷ്ടപ്പെടുത്തുവാന്‍ തോന്നിയില്ല.   കുറെ നീണ്ട ഇടനാഴികളും  ഇരുട്ടുമുറികളും.  ചിലയിടത്ത് സംഗീതം  ഉണ്ടായിരുന്നു.  സംഗീതത്തിനൊപ്പം ഡിസ്കോ ലൈറ്റ്. അറിയാതെ കൈകാലുകള്‍  നൃത്തം വെച്ചു.  ഗ്ലാസ്സ് റൂമിനെ ഉപേക്ഷിച്ച് പുറത്തേക്ക് വന്നപ്പോള്‍  വീണ്ടും ഉള്ളിലേക്ക് തന്നെ പോയാലോ  എന്നൊരു ആഗ്രഹമായിരുന്നു.  പിന്നീട് ഞങ്ങള്‍  സയന്‍സ്  മ്യൂസിയം കാണുവാന്‍ കയറി.  വളരെ വ്യത്യസ്തമാര്‍ന്ന കാഴ്ചകളായിരുന്നു അവിടെയും ഞങ്ങളെ കാത്തിരുന്നത്.   കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരുപോലെ  അറിവ് നല്‍കുന്ന കാര്യങ്ങളും പിന്നെ ഇടക്കിടക്ക് ചില തമാശകളും അടങ്ങിയതായിരുന്നു മ്യൂസിയം കാഴ്ചകള്‍. 







അവയില്‍ ഒന്ന്; ഒരു ചിത്രം നാക്ക്‌ വളച്ച്‌  മൂക്ക് തൊടുന്നത് ആയിരുന്നു.  അവിടെ ഒരു  കണ്ണാടി ഒപ്പം ഒരു ബോര്‍ഡ്‌.  ഇതുപോലെ ചെയ്യാന്‍ അങ്ങിനെ ആര്‍ക്കും പറ്റില്ല.   ചെയ്താല്‍ ചിലപ്പോള്‍ മുഖം  വികൃതമാകും  എന്നൊക്കെ. ഞാനും പോയി കുറച്ചു നേരം കണ്ണാടിക്കു മുന്പില്‍ നിന്നുകൊണ്ട് നാക്ക്‌ മൂക്കില്‍ തൊടുവിക്കാന്‍ നോക്കി.  വലിയ നാവാണവള്‍ക്ക്, എന്ന് അമ്മ പറഞ്ഞത് കേട്ട് നോക്കിയതാ.  എവിടുന്നു എത്താന്‍..  പറ്റിയല്ല.  അങ്ങിനെ  അവിടെ നിന്നും നടന്ന് അടുത്ത ഇടനഴിയില്‍ എത്തി. അവിടെ ചെന്നപ്പോള്‍  കണ്ട കാഴ്ച  കണ്ട് ചിരിയടക്കാനായില്ല.  ഒരു ചൈനാക്കാരി അവരുടെ നാവ് മൂക്കില് തൊടാനുള്ള  ഗുസ്തി ആയിരുന്നു. അതുകണ്ട് മതിമറന്ന് ചിരിച്ചപ്പോള്‍ ആണ് എനിക്ക് ബോധോധയം വന്നത്; കുറച്ചു  മുന്പ്  ഞാന്‍ കാണിച്ച  കോമാളിത്തരം ഏതു നാട്ടുകാരാണവോ കാണേണ്ടിവന്നത്. എന്തായാലും  ഒത്തിരി ചിരിക്കാന്‍ സാധിച്ച  സന്തോഷത്തില്‍ അവിടെ നിന്നും പുറത്തു കടന്നു. പെട്ടന്നൊരു നിലവിളി ശബ്ദം കേട്ട് അടുത്ത മുറികളിലും ചുറ്റുപാടും നിന്നിരുന്നവര്‍ പേടിച്ചരണ്ട് നിന്നിരുന്ന എന്റടുത്തേക്ക് ഓടി വന്നു.  ഞാന്‍ നിന്നിരുന്ന അടുത്ത മുറിയില്‍ നിറയെ പേടിപ്പെടുത്തുന്ന കാഴ്ചകളായിരുന്നു. എന്തായാലും പേടിക്കാന്‍ പോകേണ്ട എന്ന് തന്നെ വിചാരിച്ച്  അടുത്തുള്ള കടകളിലേക്ക് പതിയെ നടന്നു. അപ്പോഴേക്കും കുട്ടികള്‍ വാശിയും തുടങ്ങിയിരുന്നു.  തൊട്ടടുടുത്തുള്ള  ബര്‍ഗര്‍ ഷോപ്പിലേക്ക്  നടന്നു.  ബീച്ചിനു അഭിമുഖമായിരുന്നു  ആ കട.  ബീച്ചിലെ മണല്‍പ്പുറത്ത് വിദേശികളും  സ്വദേശികളും നീണ്ട് മലര്‍ന്നു കിടക്കുന്നുണ്ടായിരുന്നു.  അടുത്തുള്ള ബസ്സ്സ്റ്റോപ്പില്‍ ചെറിയ ഉടുപ്പും നീണ്ട സ്ടോക്ക്കിങ്ങ്സും ഇട്ടു  കുറച്ച് സുന്ദരികള്‍ നില്‍ക്കുന്നുണ്ടായിരുന്നു.  ഉദ്ദേശം പകല്‍പോലെ വ്യക്തം. ജീവിക്കാന്‍ വേണ്ടി വ്യഭിചാരത്തിലേര്‍പ്പെടുന്നവരുടെ കൂട്ടം. എയിഡ്സ്  ബോധാവല്‍ക്കരണം  നടത്തിയിട്ടുള്ളതിനാല്‍  ഇപ്പോള്‍ അവിടുള്ള സ്ത്രീകള്‍  വളരെ സൂക്ഷിച്ചാണ് പെരുമാറുന്നത്.  ആണുങ്ങള്‍  അധികവും വീട്ടിലും സ്ത്രീകള്‍ അധികം ജോലിക്കായി പുറത്തുമാണ്. ഇതാണ് അവിടത്തെ  രീതി.  ഒരുപാടു  ബിയര്‍ ഷോപ്പുകള്‍ ഉണ്ടവിടെ. വൈവിധ്യമേറിയ കടല്‍ വിഭവങ്ങളാല്‍ സമൃദ്ധമാണിവിടം.  ചെറിയ ഡാന്‍സ്  ക്ലബ്ബുകള്‍, മസ്സാജ്  പാര്‍ലരുകള്‍, സോനാ ബാത്ത് തുടങ്ങിയയൊക്കെ  ഇവിടത്തെ   പ്രത്യേകതകളാണു.  മസ്സാജ് പര്‍ലൌരുകള്‍  എല്ലാം  ഗ്ലാസ്‌ ഡോര്‍സിനാല്‍ സുതാര്യമാണ്. പുറമേ നടന്നു പോകുന്നവര്‍ക്ക് കാണാം,  അകത്ത്  മസ്സാജിങ്ങ് നടക്കുന്നതൊക്കെ.  ചില പ്രത്യേക ഭാഗങ്ങള്‍ ചെയ്യുമ്പോല്‍ മാത്രമവര്‍ കര്‍ട്ടനിട്ട് മറച്ചിടും. 
എന്നിരുന്നാലും പട്ടായ ചെറിയ സ്ഥലമാണെങ്കിലും കുറച്ച്കുടി ഗ്രാമഭംഗിയാല്‍ അനുഗ്രഹിച്ചിരുന്നു. കാഴ്ചകള്‍ക്കവസാനം പതുക്കെ  ഹോട്ടലിലേക്ക്  തിരിച്ചു .  പിറ്റേന്ന്  കാലത്ത് കോറല്‍ ഐ ലാന്‍ഡ്‌ കാണാന്‍  പോകേണ്ടതാണ്. കാലത്തേ പുറപ്പെടണമെന്ന് ഗൈഡ് നിഷ്കര്‍ഷിച്ചിരുന്നു.



കാലത്തേ  റെഡി ആയി വേഗം ഹോട്ടല്‍ ലോബിയില്‍ എത്തി. അവിടെ ഇന്ത്യക്കാരുടെ  ഒരു മഹാ സമ്മേളനം  നടക്കുണ്ട് . ഇതിന്ത്യക്ക് പുറത്തോ അകത്തോ ! ചെറിയ മോന്റെ സംശയങ്ങള്‍. ഇതെന്തു ഭാഷാ? ഇവരൊക്കെ സംസരിക്കുന്നത് ഹിന്ദി ആണോ? ചൈനീസ് ആണോ ? അവന്റെ ചോദ്യങ്ങള്‍ക്ക്  മറുപടി പറയല്‍ തന്നെ ഒരു ശ്രമകരമായ  അദ്ധ്വാനമാണ്.  ബ്രേക്ക്‌ ഫാസ്റ്റ്  ഹോട്ടലില്‍ നിന്നും കഴിച്ചു.  അതിനുമുണ്ട്  തൃശൂര്‍ പൂരത്തിന്റെ തിരക്ക്. വിഭവങ്ങള്‍ക്ക് വലിയ ബാഹുല്യമുണ്ടായിരുന്നു. ഒരു വിധം ആഹാരം കഴിച്ചിറങ്ങി. ലോബിയില്‍ ഓരോരോ സെക്ഷനായി ആളുകളെ  തരം തിരിച്ചു  കൊണ്ടുപോകുന്നുണ്ട്‌.  അവരുടെ കൂടെ ഓരോ ഗൈഡും.  ഞങ്ങളുടെ  ഗൈഡിനെ നോക്കി നില്‍ക്കുമ്പോള്‍ ആണ്  ഒരു ചെറിയ ലഹള കേട്ടത്. പ്രായം ചെന്നൊരു സ്ത്രീയായിരുന്നു ആയിരുന്നു അത്, അവരുടെ കുളിമുറിയില്‍ കപ്പ്‌ ഇല്ല പോലും!  അതുകൊണ്ട് തുണി കഴുകാന്‍ ഒന്നും പറ്റുന്നില്ല എന്ന് പരാതിപ്പെടുകയാണ്.  വിദേശ യാത്രയില്‍  ഇന്ത്യക്കാര്‍ക്ക് പ്രത്യേകിച്ച് സൌത്ത് ഇന്ത്യന്‍സിനു  ബുദ്ധിമുട്ട് അനുഭവപ്പെടുക  ഈ കാര്യത്തിലാണ്.  അതായത്  കുളിയും  തുണി അലക്കലും  വേണമല്ലോ.  കുളിമുറിയില്‍ കപ്പ്‌  ഉണ്ടാകില്ല  ,എന്നൊക്കെ  എജെന്റ്     പറഞ്ഞു മനസ്സിലാക്കി കൊടുക്കാന്‍  ശ്രമിച്ചിരുന്നു  എങ്കിലും  അവര്‍ക്ക്  അതൊന്നും സമ്മതം  ആയില്ല  എന്ന്  അവരുടെ  തുടര്‍  സംഭാഷണങ്ങളില്‍      നിന്നും  മന്സ്സ്സിലക്കാന്‍  സാധിച്ചിരുന്നു ഇതെല്ലാം കേട്ട് നില്‍ക്കുമ്പോള്‍ ഞങ്ങള്‍ക്ക് പോകാനുള്ള കൊച്ചു  വണ്ടി   എത്തിച്ചേര്‍ന്നു. ഞങ്ങളുടെ കൂടെ ഒരു ബോംബെ മറാത്തി  ഫാമിലി ഉണ്ടായിരുന്നു.  അങ്ങിനെ  ഹോട്ടല്‍ നിന്നും ആദ്യം  പട്ടയ  ബീച്ചിനടുത്തെത്തി  വണ്ടിയില്‍ നിന്നും  ഇറങ്ങുമ്പോഴേക്കും,   വഴിയോര കച്ചവടക്കാര്‍  അടുത്ത് എത്തി.  അവരുടെ കൈവശം  തൊപ്പികള്‍, സ്ലിപ്പെര്‍ ചെരുപ്പുകള്‍,  ബര്‍മുഡകള്‍ എന്നിവയൊക്കെ ഉണ്ടായിരുന്നു.  കോറല്‍  ദീപിലേക്ക് അടുത്തു  ബോട്ട്  എത്തില്ല. അപ്പോള്‍  വെള്ളത്തിലിറങ്ങി  നടക്കേണ്ടി വരും.  അപ്പോള്‍ നനയാതിരിക്കുന്നതിനാണു ബര്‍മുഡയും മറ്റും.  മണലില്‍  സുഗമമായി  നടക്കുവാനാണു  സ്ലിപ്പെര്‍ ചെരുപ്പുകള്‍. വെയിലിനെ പ്രതിരോധിക്കുവാന്‍  തൊപ്പികള്‍, സണ്‍ ഗ്ലാസ്സ് ഒക്കെ.  ഒപ്പം ഉണ്ടായിരുന്ന ഫാമിലിയിലെ  ആന്റിമാര്‍ ബെര്‍ന്മുഡകളൊക്കെ വാങ്ങി. ഞങ്ങള്‍ ചെരുപ്പുകളും,തൊപ്പിയും ഗ്ലാസ്സും! 




  അങ്ങിനെ  വെള്ളത്തിലേക്ക്‌  ഇറങ്ങി  നടന്നു തുടങ്ങി.  വേലിയേറ്റ  പ്രശ്നങ്ങള്‍ കാരണം കരക്കടുത്തേക്ക്  ബോട്ട് അടുപ്പിക്കില്ല.  ആയതിനാല്‍ കടല്‍ ജലത്തിലൂടെ ഞങ്ങള്‍ നടന്ന് ബോട്ടിനരുകിലെത്തി.   ഹാഫ് സ്ലിപ്പേര്‍ ഇട്ടു  കേറുക ഇത്തിരി  കടുപ്പം ആയിരുന്നു .  അങ്ങിനെ ബോട്ട് യാത്ര തുടങ്ങി . നല്ല വെയില്‍  ഉണ്ടായിരുന്നു.  സണ്‍ ഗ്ലാസ്സ്  ഒക്കെ എടുത്തു വച്ചു   സ്റ്റൈല്‍  ആയി ഇരുന്നു.  





 ഇടയ്ക്കു അവര്  ഒരു പ്ലാറ്റ് ഫോമിനു അടുത്തു  ബോട്ട് നിര്‍ത്തി. (വെളത്തില്‍  ഇടയ്ക്കു  ഉയരത്തില്‍  മരം കൊണ്ട്  കെട്ടി ഉണ്ടാക്കിയത് )  അവിടെയാണ്  "പാര സൈയിലിംഗ്“.  ആകാശയാത്ര.  അവിടെ   കുട്ടികള്‍  മുതല്‍ മുതിര്‍ന്ന ആളുകള്‍  വരെ ഉണ്ട് .  എന്നോട്  അതില്‍ കയറിക്കൊള്ളാന്‍  ഏട്ടന്‍  പറഞ്ഞു .  പക്ഷേ ധൈര്യം  പോര.   ജീവിതം ഒന്നല്ലെ ഉള്ളു..  ഒന്ന്  കയറി നോക്കാം  എന്നവസാനം  വിചാരിച്ച്  അവിടെ  വരിയില്‍ പോയി  നിന്നു .  (ടിക്കറ്റ്‌ എടുക്കണം  കേട്ടോ )  നേരത്തേ കൂടെ ഉണ്ടായിരുന്ന  ആന്റി  ബര്‍മുഡ  ഒക്കെ ഇട്ടു സ്റ്റൈല്‍ ആയി എന്റെ  മുന്പില്‍  ഉണ്ടായിരുന്നു.  ആതോടെ ഞാനും പേടി മറച്ചു നിന്നു . എനിക്ക്  മുന്പ്  അപ്പു (മോന്‍ ) പോയി.  ഏട്ടനും  ചെറിയ മോനും  അവിടെ തന്നെ നിന്നു.  മന:പ്പൂര്‍വം  എന്നെ കേറ്റി  വിട്ടതാണോ  എന്തോ?  മനസ്സില്‍ സംശയത്തിന്റെ മുളകള്‍ പൊട്ടി!  അങ്ങേരെ നോക്കി.  പേടിക്കേണ്ട എന്നൊക്കെ അങ്ങേരു അവിടെ നിന്നുംകൊണ്ട് ആംഗ്യം കാണിക്കുന്നുണ്ട്.   (ഒവ്വ!   എന്റെ പേടി എനിക്കല്ലേ  അറിയൂ ) അങ്ങിനെ എന്റെ ഊഴം എത്തി.  അവിടത്തെ സ്റ്റാഫ് ലൈഫ്  ജാക്കറ്റ്  ഇടുവിച്ചു തന്നു.  അതും ഒരു സംഭവം തന്നെ!   അതിന്റെ ലോക്കുകള്‍  ഇരുമ്പിന്റെ..   ഇട്ടപ്പോള്‍ നല്ല ഭാരം തോന്നി.. ഉള്ളിലൊരു പേടി പിന്നേം .. ഈ കൊളുത്ത്  എങ്ങാനും  വിട്ടു പോയാലോ ???!!!  അവരന്നെ  മുന്പില്‍ നിര്‍ത്തി  മുകളില്‍നിന്നു വരുന്ന  പാരചൂട്ടില്‍ എന്റെ ലൈഫ് ജാക്കെറ്റ്‌ കൊളുത്തുകള്‍  ഇടുവിച്ചു.  വളരെ ഫാസ്റ്റ് ആയിയാണതവര്‍ ചെയ്യുന്നത്.   എന്നോടവര്‍ ഓടാന്‍  പറഞ്ഞു.  ഓടിയോടി  പ്ലാറ്റ് ഫോമ്മിനു അവസനം എത്തി..  ഇനി കടലാണ്.. പൊങ്ങിയില്ലെങ്കില്‍..   അപ്പോഴേക്കും  ബോട്ട് സ്പീഡ് കൂട്ടി..   ഞാനും  പതുക്കെ പൊങ്ങി.. എന്റെ ഭാരം ഞാന്‍ അറിയുന്ന  നിമിഷം  കണ്ണുകള്‍ ആദ്യം ഇറുക്കെ  അടച്ചു..  പിന്നെ മെല്ലേ തുറന്നപ്പോള്‍  ഞാന്‍ ആകാശത്ത്..








 താഴെ മനോഹരമായ   കടല്‍..
മുകളില്‍ പഞ്ഞികെട്ടുകള്‍  പോലെ  മേഘങ്ങള്‍ ..  താഴെ  ചെറിയ ബോട്ടുകള്‍.. കുറച്ചുനേരം ചുറ്റിയ ശേഷം താഴേക്ക്.. തിരിച്ചിറങ്ങുമ്പോള്‍  നല്ലപോലെ ശ്രദ്ധിക്കണം...  കാല് മടങ്ങാതെ  നോക്കണം.. താഴെ വന്നു കാലുകുത്തുമ്പോള്‍   തന്നെ നമ്മളെ പിടിച്ചു നിര്‍ത്താന്‍ മൂന്നു നാലു പേരുണ്ടാകും.. അത്രക്കും  ഫോഴ്സിലാണു ഇതിന്റെ ലാന്‍ഡിങ്ങ്!  അങ്ങിനെ ഒരുവിധം താഴെ ലാന്‍ഡ്‌ ചെയ്തു.



അവിടെനിന്നും വീണ്ടും ബോട്ടില്‍  കോറല്‍ ഐലന്‍ഡ്‌  കാണാന്‍ തിരിച്ചു .  ബോട്ട് കുറച്ചു ദൂരം കൊണ്ട് പോയി വേറെ ഒരു നിര്‍ത്തിയിട്ട ബോട്ടിന് അടുത്ത്  നിര്‍ത്തി .  അവിടേക്ക് ഞങ്ങളെ മാറ്റി.  അവിടെയാണ്  കടലിനടിയിലൂടെ നടക്കലും,  പവിഴപുറ്റു കാണലുമൊക്കെ. ഞാനില്ല എന്നു മുന്പേ ജാമ്യമെടുത്തു.  ഏട്ടനും അപ്പുവും  കൂടി  പോകാന്‍ റെഡി ആയി .  അതിന്റെ ഹെല്‍മെറ്റ്‌ പോലുള്ള മാസ്ക് ഒക്കെ  ഇടുമ്പോള്‍ തന്നെ ചിലര് ഇല്ല എന്നു നിരസിച്ച് തിരിച്ചു കയറി.  അവരങ്ങിനെ കടലിനു  അടിയിലോട്ട്  യാത്രയായി, പുറ്റുകളുടെ ഭംഗി നുകരാന്‍.  ഞാനും ചെറിയ മോനും ബോട്ടില്‍ തന്നെ ഇരുന്നു.  ബോട്ടില്‍ തന്നെ ചെറിയ ഒരു കടയുണ്ട്.  പേരക്ക  നല്ലപോലെ മുറിച്ചു മുളക് പൊടി ഒക്കെ ഇട്ടു  തന്നു.  അതും  കഴിച്ചു ഇരുന്നു ഞങ്ങള്‍ രണ്ടും.  കടല് വളരെ  ക്ലിയര്‍ ആയിരുന്നു.  അടിത്തട്ടു നമ്മുക്ക് ബോട്ടില്‍ ഇരുന്നും കാണാമായിരുന്നു.   കുറെ മീനുകള്‍ അപ്പോള്‍ കൂട്ടം കൂടി എത്തി.






  അവയുടെ കളികളും നോക്കി ആസ്വദിച്ചിരുന്നു.  ഇരുന്നു .  അതിനിടയില്‍ കടലില്‍ നടക്കാന്‍ പോകുന്ന കുറച്ചു പേരെ കണ്ടു.  അധികവും വിദേശികള്‍ ആണ്






.  വലിയ നീളന്‍ കാലുകള്‍ സഞ്ചരിക്കാന്‍ എളുപ്പത്തിനാകും.   അവര് അങ്ങിനെ നടക്കുന്നു..  ചിലര് മീന്‍ പിടിക്കുവാന്‍ക്കാന്‍ ശ്രമിക്കുന്നു.  എല്ലാം വീക്ഷിച്ചിരിക്കെ  അടിയില്‍ പവിഴപുറ്റു കാണുവാന്‍ പോയവര്‍ തിരിച്ചെത്തിത്തുടങ്ങി. പിന്നീട് ഞങ്ങള്‍  സ്പീഡ് ബോട്ടില്‍ കയറി  കോറല്‍ ബീച്ചിനു  അടുത്തേക്ക്,  അവിടെ  കരക്ക്‌ ദൂരെ ബോട്ട് നിര്‍ത്തി.  മനോഹരമായ കാഴ്ച. 





 നിറയെ  പച്ചപ്പും.  കൊച്ചു കുടകള്‍..  അവയ്ക്ക് അടിയില്‍  മലര്‍ന്നു കിടക്കുന്ന  സൌന്ദര്യധാമങ്ങള്‍..  കറുപ്പും വെളുപ്പുമായി..!  പേരിനു മാത്രം തുണി ഉടുത്ത് കുറപേര്‍ വെയില് കൊള്ളാന്‍ കിടക്കുന്നുണ്ടായിരുന്നു അവിടെ.   സ്പീഡ് ബോട്ടില്‍ കേറി  ഒരു യാത്ര നടത്തി.





  പിന്നെ അടുത്തുള്ള ബീച്ചില്‍  കുളിക്കാനിറങ്ങി.  കുട്ടികള്‍ കളിച്ചു തിമിര്‍ക്കുകയായിരുന്നു .   വെള്ളത്തില്‍ മുഴുവനായും മുങ്ങാന്‍ മനസ്സ് അനുവദിച്ചില്ല.  ഉപ്പു വെള്ളമായതിനാല്‍  വേണ്ടാ എന്ന്  വച്ചു.  പിന്നിട്  അവിടെ തന്നെയുള്ള   ഇന്ത്യന്‍ ഹോട്ടലില്‍ നിന്നും  ഭക്ഷണം.  അതു കഴിഞ്ഞു വീണ്ടും ബോട്ടില്‍ തിരിച്ചു  പട്ടയയിലെക്ക്.  ബോട്ട്  നല്ല സ്പീഡില്‍  ആയിരുന്നു.  തിരിച്ചു വരുമ്പോള്‍ എന്തോ ഒരു വിഷമം.  കടല്‍ അങ്ങിനെയാണ്  നമ്മളെ വല്ലാതെ മോഹിപ്പിക്കും.  അങ്ങിനെ ബോട്ടില്‍നിന്നും ഇറങ്ങി കരക്ക്‌ നടന്നു.  ഇടക്ക് ഒപ്പമുണ്ടായിരുന്ന കുട്ടികള്‍ക്ക് മീന്‍ പിടിക്കാന്‍ പറ്റി. (അതിനെ തിരിച്ചു വിട്ടു കേട്ടോ)  ഞങ്ങള്‍ കരക്ക്‌ എത്തിയ നേരം  അവിടെ  പാര സൈലിംഗ് നടത്തിയ  ഫോട്ടോ, ബോട്ടില്‍ കയറുമ്പോള്‍ എടുത്ത ഫോട്ടൊ
 ഒക്കെ ഒരു പ്ലാസ്റ്റിക്‌ പ്ലേറ്റില്‍ ലാമിനേറ്റ്  ചെയ്തു തന്നിരുന്നു .  അതെല്ലാം വാങ്ങി തിരിച്ചു ഹോട്ടെലിലേക്ക്.  അന്ന് രാത്രിയില്‍ ഞങ്ങള്‍ അവിടെ അടുത്തുള്ള റോഡുകളില്‍ നടക്കാന്‍ പോയി.  തെരുവില്‍ നിറയെ മാമ്പഴക്കച്ചവടക്കാര്‍ ഉണ്ടായിരുന്നു.. എന്തു ഭംഗിയിലാണെന്നോ അവരു മുറിച്ചു തരിക..  പിന്നെ പാക്കിങ്ങും വളരെ മനോഹരമായി..  എനിക്കത് വളരെ ഇഷ്ടമായി.  അവിടെയും നിറയെ മസ്സാജ് പാര്‍ലറുകള്‍  ഉണ്ടായിരുന്നു . സന്ദര്‍ശിച്ചാലോ എന്നു നിനച്ചെങ്കിലും കുട്ടികളെ എന്ത് ചെയ്യും എന്നായി.  എന്തായാലും തായ്ലന്‍ഡില്‍ നിന്നും പോരും മുന്‍പ്   മസ്സാജ് ചെയ്യണമെന്ന് മനസ്സിലുറപ്പിച്ച് ഹോട്ടെലിലേക്ക് തിരിച്ചു നടന്നു.  നാളെ രാവിലെ ബാങ്കോക്ക്‌  പോകുയാണ്.  അവിടെ വേറെ ഹോട്ടല്‍..



പിറ്റേന്ന് രാവിലെ ഞങ്ങള്‍  ബാങ്കോക്കിലേക്ക് യാത്ര തിരിച്ചു.  അവിടെ  എന്റെ മസ്സാജ് മോഹം  ഒരു സംഭവം ആക്കി തീര്‍ത്തു..!!  അത് ഇനി അടുത്ത പോസ്റ്റില്‍ 

Saturday 11 June 2011

നിശബ്ദത..


നിശബ്ദത..
എത്ര നേരമായി ഒന്ന്  മിണ്ടാതിരിക്കാന്‍ പറയുന്നു  ഈ പിള്ളാരോട്.  പറഞ്ഞാല്‍ ആരു കേള്‍ക്കാന്‍. സമാധാനമായി ഒന്ന് ഒരിടത്തിരിക്കാന്‍  പോലും സമ്മതിക്കുന്നില്ല. ടി വീ ഓണാക്കിയാലോ  അതില് മൊത്തം  കരച്ചിലും ലഹളയും  മാത്രം!  ഇന്‍റര്‍നെറ്റില്‍ വന്നിരുന്നാല്‍, ഫേസ് ബുക്ക്‌ മൊത്തം പൊളിറ്റിക്സ് ലഹളകള്‍. സമരങ്ങളും അവയേക്കുറിച്ചുള്ള അഭിപ്രായങ്ങളും ..പിന്നെ  തൊട്ടതും പിടിച്ചതിനും  ഒക്കെ  ഗ്രൂപ്പ്‌ ഉണ്ടാക്കലും .മാത്രം. അങ്ങിനെ അവിടെയും ഒരു സമാധാനം തരില്ല. എന്നാല്‍   കുറച്ച് നടന്നേക്കാം എന്നും നിനച്ച് റോഡില്‍ ഇറങ്ങി. അപ്പോ  നെഞ്ഞത്തോട്ടു  കയറാന്‍  പാഞ്ഞു വരുന്ന ടിപ്പരുകള്‍.  എവിടയും ഇല്ല നിശബ്ദത. വീട് തന്നെ ഭേദം എന്നും നിനച്ച് വീട്ടിലോട്ട് തിരിച്ചു നടന്നു. വീട്ടില്‍ എത്തി ഉമ്മറത്ത്‌ ചാരു പടിയില്‍  ചാരി കിടന്നു.  എത്ര നാളായി  സമാധാനമായി  ഒരു സ്വപ്നം കണ്ടിട്ട്.  പതിയെ മയക്കത്തിലേക്ക് പതിക്കുമ്പോള്‍ . ക്രിണിം..ക്രിണിം..  ഫോണ്‍ ബെല്ലടിച്ചു.  ഹലോ.. മാലിനിയുടെ അമ്മയാണ് ..! അങ്ങേപ്പുറത്തു നിന്നും കേട്ട വാക്കുകള്‍ മനസ്സിനെ ഒരു നിമിഷം സ്തബ്ധമാക്കി. കാര്‍ പോര്‍ച്ചില്‍  കിടക്കുന്ന കാറിന്റെ ഡ്രൈവിങ്ങ് സീറ്റില്‍ യാന്ത്രികമായി നിരങ്ങിക്കയറി, വെളിയിലേക്ക് വേഗത്തില്‍ ഓടിച്ചു പോയി..


മാലിനിയുടെ വീട്ടില്‍ എത്തിയ  നേരം ആളുകളുടെ കൂട്ടം.. പെരുവിരലില്‍ നിന്നൊരു പിരുപിരുപ്പു ഉയര്‍ന്നു. അകത്തേക്ക് കയറിയ  നേരം, വെളള പുതപ്പി  ല്‍ പൊതിഞ്ഞ  ഒരു കൊച്ചു രൂപം. തലയ്ക്കല്‍ കത്തിച്ചു വെച്ചിരിക്കുന്ന നിലവിളക്ക്.  ഒന്നും മിണ്ടാനാകാതെ  നിശബ്ദമായി  നിന്നു.  മാലിനിയുടെ അലമുറയിട്ട കരച്ചില്‍  കാതില്‍  പ്രതിധ്വനിച്ചു. മോനുട്ടാ.. അമ്മയുടെ കുട്ടന്‍  ഒന്ന് മിണ്ടെടാ.. എത്ര നേരായിള്ള കിടപ്പാ.. ഓടി നടന്നു അമ്മയുടെ ചുറ്റും ലഹള ഉണ്ടാക്കുമ്പോള്‍  എത്ര തവണ അമ്മ വഴക്കു പറഞ്ഞു; ഒന്ന് പോയി തരാന്‍. മടുത്തു ;  ഒരു നേരം എങ്കിലും സമാധാനത്തോടെ  നിശബ്ദതയോടെ ഇരിക്കാന്‍ സാധിച്ചെങ്കില്‍ എന്നു കരുതിയിട്ട്.. ഇപ്പോള്‍..  എല്ലാം  നിശബ്ദമായി..  എനിക്ക് ചുറ്റും..  എല്ലാം..







മാലിനിയുടെ അലറികരച്ചില്‍  തന്നിലേക്കും നിശബ്ദതയുടെ  ആഴം പകര്‍ന്നു  നല്‍കിയ  പോലെ..  കണ്ണുകള്‍ ഇറുക്കി അടച്ചു.. ഉള്ളില്‍  അതുവരെ  ചോദിച്ചിരുന്ന എല്ലാ ചോദ്യത്തിനും  ഉത്തരം  കിട്ടിയവള്‍ക്ക്  ആ നിമിഷം..

Saturday 12 February 2011

നടനം

എത്ര  ശ്രമിച്ചിട്ടും കണ്ണുനീര്‍ പ്രവാഹത്തിന്റെ കുത്തൊഴുക്കിനു തടയിണയിടാൻ നിമ്മിക്കായില്ല. ജിത്തുവിന്റെ മാറില്‍ ആ ചുടുകണ്ണുനീർ പതിച്ചിട്ട് അവനൊട്ടും അറിഞ്ഞതുമില്ല.  ഉറക്കം ഇത്രക്കും അനുഗ്രഹിച്ച  ആളുകള്‍ ലോകത്ത് ഉണ്ടാകുമോ? ഒരു വേള അവൾക്കത്ഭുതം തോന്നി !  പിന്നെ നിസ്സംഗതയോടേ അവള്‍ തിരിഞ്ഞു കിടന്നു. സങ്കടം അടക്കാന്‍ ശ്രമിക്കുമ്പോള്‍  തൊണ്ടയിൽ കെട്ടി നിൽക്കുമ്പോളൂണ്ടാകുന്ന വിമ്മിഷ്ടം അസഹനീയമായിരുന്നു. കടന്നു പോകുന്ന ഓരോ രാവുകളും തന്റെ സ്ത്രീത്വം നിഷേധിക്കപ്പെട്ടതിന്റെ നാളുകളായി മാറിക്കൊണ്ടിരിക്കുന്നു. ഓരോ രാത്രിയും ഉടയാതെ സൂക്ഷിക്കുന്ന പട്ടുകുപ്പായം ഉപയോഗിക്കാതെ എടുത്തുവെച്ചു  മടക്കുകളില്‍  കീറലുകള്‍  കണ്ടു തുടങ്ങിയിരിക്കുന്നു. ഒലിച്ചിറങ്ങിയ കണ്ണുനീര് ചുണ്ടുകളില്‍ സ്പര്‍ശിച്ച നേരം ഉപ്പുരസം മെല്ലേ നുണഞ്ഞിറക്കി. സങ്കടത്തിന്റെ രുചി..!! വല്ലാത്തൊരു അഭിനിവേശമാണ് ആ രുചിയോട്..! അരികത്ത് ചേർന്ന് കിടക്കുന്ന ജീവന്റെ സ്പന്ദനം പോലും മൈൻഡ് ചെയ്യാതെ സുഖമായി ഉറങ്ങുന്ന അയാളോടവൾക്ക് ഈർഷ വർദ്ധിച്ചു വർദ്ധിച്ചു വന്നു. അല്ലാ; ഇതിലിപ്പോ വലിയ പുതുമയൊന്നുമില്ല. എന്നാലും അവഗണന  അതാണ് സഹിക്കാന്‍ വയ്യാത്തത്. നിമ്മി സ്വയം പിറുപിറുത്തു.  മനസ്സും ശരീരവും  ഒരുപോലെ വേദനിക്കുന്ന നിമിഷങ്ങൾ. പതിവു പോലെ, മുകളിൽ കറങ്ങുന്ന ഫാനിന്റെ  ഇലകളെ എണ്ണിത്തിട്ടപ്പെടുത്തുവാൻ ശ്രമിച്ചവൾ മുകളിലോട്ട് ദൃഷ്ടികൾ അയച്ച് വെറുതേ കിടന്നു.



നിമ്മിയുടെയും ജിത്തുവിന്റെയും കല്യാണം കഴിഞ്ഞ് ഏഴു വര്‍ഷത്തോളമായി. സ്ത്രീ-പുരുഷത്വം തെളിയിക്കാനെന്നവണ്ണം അഞ്ചു വയസ്സുകാരി ഒരു മോളുണ്ട്‌ അവർക്ക്. അതെ, ഒരു യോഗ്യതാ പരീക്ഷയുടെ ഫലം !   മറ്റുള്ളവരുടെ മുനവെച്ചുള്ള ചോദ്യങ്ങളെ അവഗണിക്കാന്‍ വേണ്ടി എന്നോ എങ്ങിനെയോ സംഭവിച്ച ഒരു ഭാഗ്യം. പുറമേ നിന്നു നിരീക്ഷിക്കുന്നവർക്ക് തോന്നുമായിരിക്കും എന്തിന്റെ കുറവാണിവർക്കെന്ന്? നിമ്മി മെല്ലേ നെടുവീർപ്പിട്ടു.  കട്ടിലിൻ തലയ്ക്കലിരുന്ന ടൈംപീസ് എടുത്തു നോക്കി.  സമയം  ആറുമണി  ആയിരിക്കുന്നു. അവള്‍ വേഗം എഴുന്നേറ്റു ഫ്രഷായി  അടുക്കളയിലേക്കോടി.  വീണ്ടും വീണ്ടും ഒരേ പാതയിലുടെ യാത്ര. മോളെ  സ്കൂളിലയക്കണം. പിന്നെ ജിത്തുവും ഓഫീസിൽ പോകും.  പിന്നെയുള്ള സമയം മുഴുവന്‍ നിമ്മിയുടെ സ്വന്തം.  ഇടക്കിടെ വരുന്ന കൂട്ടുകാരികളുടെ ഫോണുകളും കളിയാക്കലും; ജീത്തുവും അവളും തമ്മില്‍ അടിച്ചു പൊളിക്കുകുയാകും  എന്ന മട്ടിലുള്ള  സ്ഥിരം പല്ലവികളും അവളീൽ മടുപ്പും അസ്വസ്ഥതയും നിറച്ചു.  അല്ലെങ്കിലും  ആരോട് തന്റെ സങ്കടങ്ങൾ പങ്കുവെക്കാനാ. ആരു വിശ്വസിക്കും. രാത്രികൾ,  കുറച്ചു വര്‍ഷങ്ങളായി  ശുന്യമാണ്.  നരച്ചു തുടങ്ങിയ കമ്പിളിപ്പുതപ്പിനെന്ന പോലെ  ഇഴകള്‍ക്ക് അടുപ്പം കുറഞ്ഞിരിക്കുന്നു.  യൌവനം കരിമ്പന്‍ പിടിച്ചപോലെ ...,വല്ലാത്തൊരു  പുഴുക്ക വാസന. പലപ്പോഴും  ഒരുമിച്ചു ചേര്‍ന്ന് പോകേണ്ട ആഘോഷങ്ങളില്‍  മറ്റുള്ളവരുടെ മുൻപിൽ  വേഷംകെട്ടി  ആടുമ്പോള്‍ അണിയുന്ന അടയാഭരണങ്ങള്‍ക്ക്  പോലും  പരിഹാസത്തിന്റെ ഒരു വേഷപകര്‍ച്ച.  നെഞ്ച് പൊട്ടി കരഞ്ഞിട്ടും കരച്ചിലിന്‍ ഉറവിടം ആരെന്നോ എന്തിനെന്നോ അറിയാതെ   കട്ടിമീശക്കുള്ളില്‍  പല്ല് അമര്‍ത്തിയടക്കിയ ഭാവം..!




വീടിനു വെളിയിലേക്കുള്ള യാത്രകളിൽ പലപ്പോഴും അതിക്രമിച്ചു കടന്നുവരുന്ന അജ്ഞാതമാം കണ്ണുകള്‍ അവളിൽ തട്ടിത്തടഞ്ഞ് നിൽക്കുമ്പോഴൊക്കെ നിമ്മിയുടെ ഉള്ളില്‍ ഉയര്‍ന്നുവന്നിരുന്ന ചോദ്യം എപ്പോഴും ഒന്നായിരുന്നു; എന്നിതുപോലെയൊന്ന്  ജിത്തു തന്നെ നോക്കുമെന്നത്.  സ്നേഹത്തോടെ ഒരു നോട്ടം, ഒരു വാക്ക് ഇതെല്ലാം അവൾ അവനിൽ ആഗ്രഹിച്ചു; പലപ്പോഴും കിട്ടില്ല എന്നറിഞ്ഞിട്ടും. സ്നേഹം ഉള്ളില്‍ ഏപ്പോഴും വെച്ചിരുന്നാല്‍  പുറത്തേക്ക്  കിട്ടാതെ  പിടയുന്നവരുടെ രോദനം  ഇരുട്ടറക്കുള്ളിലെ  അലകള്‍ മാത്രമായി അവശേഷിച്ചു.  കാലുകളില്‍  ചായം പുരട്ടിയും  ശരീരമാസകലം നേരിയതോതില്‍ സുഗന്ധവും പൂശി  നേർത്ത നിശാവസ്ത്രത്തിന്റെ  ഇളം ചേലില്‍  ഓരോ രാത്രിയിലും  കിടക്കയെ പുൽകുമ്പോൾ  ജീവനില്ലാത്ത ഒരു  തലയിണയെ  മാറില്‍ ചേര്‍ത്തു കിടത്തുന്ന  ഭാവത്തോടെ ജിത്തു അവളെ കൈകളില്‍ കിടത്തി  ഉറങ്ങും.  ഭാര്യ തന്റെ കൈകളില്‍  സുരക്ഷിതമാണെന്ന  വിചാരമാണോ  ഈ ഉറക്കത്തിന്റെ പിന്നില്‍ എന്നവൾ സംശയിച്ചു നിന്നിട്ടുണ്ട്. നിമ്മിയുടെ ചുടുനിശ്വാസത്തിന്റെ  ഉയര്‍ച്ച താഴ്ചകള്‍ അവന്‍ ഒരിക്കലും അറിഞ്ഞില്ല. അതോ അറിയാന്‍ ജിത്തു ശ്രമിച്ചില്ല. അതോ അറിഞ്ഞിട്ടും അറിയാതെ പോലെ..  നേര്‍ത്ത നിശാവസ്ത്രത്തിലുരുമ്മി അരികിലേക്കെത്താൻ കൊതിച്ച് കട്ടിമീശയെ ആവാഹിക്കാൻ ശ്രമിക്കും നേരം  മണ്ടരി പിടിച്ച തെങ്ങിന്‍  മണ്ടപോലെ  രോമം  കൊഴിഞ്ഞു വീണപോലെയവൾക്കു തോന്നി. വീണ്ടും പരാജിത ആയപോലെ. എത്ര നാളായി  ജീത്തു  തന്നെ ഒന്ന് മനസ്സിലാക്കിയിട്ട്.  എത്ര നല്ല മണ്ണെങ്കിലും  ഇളക്കിയിട്ടില്ലേൽ  വരണ്ടുണങ്ങി  പോകും. നിമ്മിയുടെ കണ്ണുനീരുകൾ കൊണ്ട് ആലിംഗനം  ചെയ്യുന്ന  തലയിണപോലും ഒരു വേള  നെടുവീർപ്പിട്ടുവെന്നുതോന്നിയവൾക്ക്..!  



രാത്രികള്‍  മിഴിനീരുകള്‍ക്ക്  വറുതിയില്ലാത്ത ആഘോഷമായി.  അങ്ങിനിരിക്കേ  ഒരു ദിവസമവൾ  ജീത്തു ഓഫീസിൽ പോയശേഷം  മുകളിൽ അവരുടെ മുറി വൃത്തിയാക്കുവാൻ തുടങ്ങുന്നതിനിടയിൽ; ഓരോരോ വസ്തുക്കളും  എടുത്തു വൃത്തിയാക്കുന്ന വേളയില്‍  അവളുടെ മുമ്പിലേക്ക് പൊടുന്നനേ  പൊഴിഞ്ഞു വീണ നാദത്തെയവള്‍ കയ്യിലെടുത്തു മെല്ലേ തലോടി.  തുടർന്നാ ചിലങ്കകള്‍  കാലുകളിലണിഞ്ഞു.  അത് വരെ തോന്നാത്ത ഒരു ഉന്മാദം അവളൂടേ സിരകളിലുടനീളം അരിച്ചുകയറി.  നൃത്തത്തിന്റെ ചുവടുകള്‍ അവളെ തേടിയെത്തി. മതിമറന്നാടിയവൾ.  ഓര്‍മകളില്‍ നിരർത്ഥ്കമായ രാത്രികളെ  ആവാഹിച്ചു  മനസ്സു മറന്നൊരു വല്ലാത്തൊരു ആട്ടം.  ലയിച്ചിറങ്ങിയവളാ ചുവടുകളിൽ, താളഭേദങ്ങളിൽ.  ചുറ്റും നടക്കുന്നത് എന്തെന്നവൾ  അറിഞ്ഞില്ല. യാതൊന്നും ശ്രദ്ധിക്കാനവളുടെ മനസ്സ് ആഗ്രഹിച്ചതുമില്ല. അവളൂടേ മനസ്സു മുഴുവനും രാത്രികളിൽ തന്റെ സ്ത്രീത്വം അപമാനിക്കപ്പെട്ട ഓർമ്മകളിലും നൃത്തച്ചുവടുകളിലും മാത്രമായിരുന്നു.  രാത്രികളുടെ  ഓര്‍മ്മകളുടെ അരുചി നിറഞ്ഞ തികട്ടലുകൾ അവളുടെ കവിളിണകളെ  നനച്ചു തുടങ്ങിയിരുന്നു.  ഭ്രാന്തമായ ആവേശത്തോടെ അവളാടി. അല്ല്ല അത് ശരിക്കും ഒരു നടനം തന്നെ ആയിരുന്നു.  അമര്‍ത്തി അമര്‍ത്തി ചവിട്ടി നൃത്തം വെക്കുകയായിരുന്നു.  ഉള്ളിലെ വികാരങ്ങളുടെ വേലിയേറ്റത്തിന്റെ കയറ്റിറക്കങ്ങള്‍ പലപ്പോഴും അടിച്ചമർത്തപ്പെട്ടതിന്റെ വാശിയവൾ ആടിയാടി തീർക്കുകയായിരുന്നു.!



അന്ന് ഓഫിസിലേക്ക്  കൊണ്ടുപോകേണ്ട ഫയല്‍ എടുക്കാന്‍ മറന്നതിനാല്‍ തിരിച്ചു വീട്ടിൽ വന്ന ജിത്തു ഉമ്മറവാതിലിൽ കുറേ മുട്ടി വിളിച്ചു.  കുറേ വിളികൾക്കു ശേഷവും നിമ്മിയെ കാണാതിരുന്ന ജിത്തു തുറന്നു കിടന്നിരുന്ന പിൻവശ വാതിലിലൂടെ അകത്തു കടന്നപ്പോൾ തുടർച്ചയായ ചിലങ്കയുടെ നാദം അവനെ മുകളിലെ നിലയിലെ റൂമിലേക്ക് കൂട്ടിക്കൊണ്ട് പോയി.  അവിടെ നൃത്തത്തിൽ ലയിച്ചു നിൽക്കുന്ന നിമ്മിയെ കണ്ടവൻ പകച്ചു നിന്നു.
നിമ്മീ.. നിമ്മി..

അവന്‍ ഉറക്കെ വിളിച്ചു.  ജിത്തുവിന്റെ  വിളികള്‍ അവളുടെ കാതുകളില്‍ എത്തിയില്ല. എങ്ങിനെ എത്താന്‍?  അവള്‍  സ്വയം മറന്നു ആടുകയല്ലേ. വല്ലാത്തൊരു ഭാവമായിരുന്നു ആ നൃത്തത്തിന്.  കണങ്കാലുകളിൽ ചേർന്നൊഴുകിക്കിടക്കുന്ന സ്വർണ്ണപ്പാദസ്വത്തിൽ നിന്നും അവന്റെ നോട്ടം അവളൂടേ മേനിയിലേക്ക്മു ഒഴുകി.  ഒട്ടിച്ചേര്‍ന്നു കിടക്കുന്ന പാദസ്വരം വിയര്‍പ്പു തുള്ളികള്‍  കൊണ്ട് മൂടിയിരുന്നു. മുഖം  ചുവന്നു തുടുത്തിരിക്കുന്നു.  അന്ന് ആദ്യമായി അവളെ  ഈ പ്രത്യേകതയിൽ ജിത്തു കാണുകയായിരുന്നു.  ഇത്രനാളും കാണാതെ  ഇരുന്നത് ജിത്തുവിന്റെ കണ്ണുകളില്‍ തെളിയുകയായിരുന്നു.  അവളുടെ ഓരോ ചലനവും അവനില്‍  കുറ്റബോധം സൃഷ്ടിച്ചു.  ശരീരത്തിന്റെ ഓരോ ഭാഷയും മനസ്സിന്റെ കൂടി ഭാഷയാണെന്നവൻ മനസ്സിലാക്കി.  ഇത്രനാളും  നഷ്ടപ്പെടുത്തിയിരുന്നത് എന്താണ് എന്നു തിരിച്ചറിഞ്ഞ ആ നിമിഷം, അവളുടെ ആ നൃത്തത്തിന്റെ വേഗത അവന്റെ  കണ്ണുകളെ  ഈറന്‍ അണിയിപ്പിച്ചു.  ഉള്ളില്‍ അടങ്ങിയ  കോപവും സങ്കടവും  പുറത്തേക്കു ഒഴുകുകയായിരുന്നു  നിമ്മിക്ക്. മനസ്സിനെ വിസ്മൃതിയിൽ മറച്ച് തകർത്താടുമ്പോള്‍  അവളുടെ സ്വപ്ങ്ങളെ സ്വയം ചവിട്ടിയരക്കുകയായിരുന്നു. ജിത്തു മെല്ലെ നിമ്മിക്കു അരികിലെത്തി.  മെല്ലേ അവളെ തന്നിലേക്ക് അടുപ്പിച്ച് തന്റെ വലം കൈ അവളൂടേ അരക്കെട്ടിനെ ചുറ്റി.  തുടർന്ന് നൃത്തം മോഹനരാഗമായി മാറുകയായിരുന്നു.. പതിയെപ്പതിയേ അവരുടെ ജീവിതം വീണ്ടും തില്ലാനകള്‍ പാടുവാനാരംഭിച്ചു..!

Tuesday 11 January 2011

നന്ദനം

കാച്ചെണ്ണയുടേയും, കാട്ടുചെമ്പകത്തിന്റെയും സുഗന്ധം നുകർന്ന് മുത്തശ്ശി കഥകകളുടെ ഇടനാഴിയിലൂടെ ചെറിയൊരു യാത്ര. വിശ്വാസങ്ങളും അന്ധവിശ്വാസങ്ങളും ഒത്തു ചേര്‍ന്ന് പുണരുമ്പോള്‍ ഉണ്ടായൊരു കഥയാണിത്. മുത്തശ്ശിക്കാവും മുത്തശ്ശിയാരും ചേര്‍ന്നൊരു കഥ.  കൈതപ്പൂക്കൾ പടർന്നു പന്തലിച്ച തോട്ടിന്‍ വക്കത്ത് കൈതപ്പൂക്കളെ തൊട്ടുരുമ്മി ഓടി നടക്കുമ്പോള്‍ കഥാനായികയുടെ  കണങ്കാലുകളില്‍  കൊലുസ്സ് ഉരഞ്ഞു.  മുത്തശ്ശിക്കഥകള്‍ കേട്ട് വളര്‍ന്ന യൌവ്വനമാണ് അവളുടെത്. ഗ്രാമത്തിന്റെ നൈർമല്യം നഷ്ടപ്പെടാതെ വളർന്നു വന്ന ബാല്യ കൌമാരങ്ങൾ. അപ്പച്ചെടിയുടെ ഇല കൈകളില്‍  വെച്ച് അടിച്ചുപൊട്ടിച്ച് ശബ്ദമുണ്ടാക്കിക്കളിക്കുക ഉമകുട്ടിക്കു ഏറെ ഇഷ്ടമായിരുന്നു. അമ്പലവും ആൽത്തറയും അമ്പലത്തിലെ ഉണ്ണിക്കണ്ണനേയും ജീവനു തുല്യം സ്നേഹിച്ചിരുന്നുവവൾ.പുലര്‍ച്ചേ തന്നെ അണിഞ്ഞൊരുങ്ങി വാകച്ചാര്‍ത്ത്  കാണാന്‍  ചെല്ലാന്‍  അവൾക്കേറെ ഇഷ്ടമായിരുന്നു. 
മുത്തശ്ശിയുടെ കൂടെ കിടന്നുറങ്ങുന്ന രാത്രികളിൽ പഞ്ഞിക്കെട്ടുപോലുള്ള വെള്ളിമുടിയിഴകളില്‍ കൈകോര്‍ത്തു കെട്ടിപ്പിടിച്ചു കേട്ട കഥകളെല്ലാം കണ്ണന്റെയായിരുന്നു.  അതുകൊണ്ട് തന്നെ എന്നെങ്കിലും അവളെ കാണാന്‍  കണ്ണനെത്തുമെന്ന് തന്നെയവൾ വിശ്വസിച്ചിരുന്നു. 
 



പെട്ടി  തുറന്ന് ദാവണിയുടെ മേൽ വിതറിയിരുന്ന ചെമ്പകത്തിന്റെ വാടിയ ഇതളുകള്‍ നീക്കം ചെയ്തു. മെല്ലെ ദാവണിയെടുത്ത് എടുത്തു മൂക്കിനോട് അടുപ്പിച്ചു  നോക്കി. ഹ്മം.. നല്ല വാസനയുണ്ട് !!  നാളെ ഇതുടുത്തു വേണം അമ്പലത്തില്‍ പോകാന്‍ എന്നാത്മഗതം ചെയ്തുകൊണ്ടവൾ; അമ്പലപ്പറമ്പിനു തെക്കേപ്പുറത്ത് നിൽക്കുന്ന ചെമ്പകത്തില്‍  നിന്നും പറിച്ചെടുത്ത പുതിയ പൂക്കള്‍ പെട്ടിക്കുള്ളിൽ വാരി വിതറിയിട്ട് പെട്ടി അടച്ചു കട്ടിലിനടിയിലേക്ക് തള്ളി  വെച്ചു. ഉറക്കം കണ്ണുകളെ  മെല്ലേ തഴുകുമ്പോഴും  പീലികെട്ടുകളും മഞ്ഞയുടയാടകളും  ചന്ദനത്തിന്റെ ഗന്ധവും ആയിരുന്നു അവളുടെ മനസ്സില്‍.   



നേരം വെളുക്കും മുന്പേ ഉമകുട്ടി കുളിച്ച്; തൊഴുവാനായി അമ്പലത്തിലേക്ക് നടന്നു . വയ്യായ്മ കാരണം മുത്തശ്ശി  അമ്പലത്തിലേക്ക്  വരാറില്ല ഇപ്പോൾ. നഗ്നപാദയായി     നടപ്പാതകള്‍ക്ക്  സ്പര്‍ശനസുഖമേകി മന്ദം നടക്കുമ്പോള്‍  മുഴുവനും അവളുടെ മനസ്സില്‍ ഉണ്ണിക്കണ്ണന്റെ  രൂപം ആയിരുന്നു. നടയ്ക്കു  മുന്പില്‍ കണ്ണിമ വെട്ടാതെ കണ്ണനെ തന്നെ നോക്കി നിന്നു. കള്ളച്ചിരിയുമായി കണ്ണന്‍ അവളുടെ നേരെ ഓടിയടുക്കുന്നത്  ശ്വാസമടക്കിപ്പിടിച്ചവൾ നോക്കി നിന്നു.  അടുത്തേക്ക് എത്തിയ കണ്ണനെ തൊടുവാനായി കൈകള്‍  നീട്ടിയ  നേരം കൈകളില്‍ നനുത്ത സ്പർശ്ശമായി വീണ തീർത്ഥത്തുള്ളികൾ  സ്വപ്നലോകത്തില്‍  നിന്നും യാഥാര്‍ത്ഥ്യത്തിലേക്ക്  അവളെ ഉണര്‍ത്തി വിട്ടു.  അവളെ നോക്കി മന്ദഹസ്സിച്ചു തിരുനടക്കുള്ളിൽ തന്നെ നിൽക്കുന്ന കണ്ണനെ കണ്ടവള്‍ പരിഭവിച്ചു. വേണ്ട, ഇത്തവണയും എന്നെ പറ്റിച്ചു അല്ലേ എന്ന് മനസ്സിൽ മൂളി ചന്ദനം നെറ്റിയില്‍ തൊടവേ ഭഗവാന്റെ സ്പര്‍ശനമേറ്റിട്ടെന്ന വണ്ണം  കുളിരേകി !

      


അമ്പലത്തിന്റെ പുറത്ത് നടപ്പാതയില്‍  പ്രദക്ഷിണം വെച്ചു നടക്കവേ അവളെ തഴുകാന്‍ മത്സരിച്ചു  ഓടിയെത്തിയിരുന്ന തെന്നലിന്റെ കുസൃതിയില്‍  പുഞ്ചിരി  തൂകി കൊണ്ടവള്‍ പതിയെ നടന്നു. പുറത്തു കടന്ന് തെക്ക് ഭാഗത്തുള്ള  പാമ്പിന്‍കാവിലേക്ക്  തന്റെ കാലടികളെയവൾ നയിച്ചു.  അതിന്റെ അടുത്താണ് കാട്ടു ചെമ്പകം നിൽക്കുന്നത്.  കാവില്‍ തൊഴുതു കഴിഞ്ഞതിനു ശേഷമവൾ  പതിയെ ചെമ്പകച്ചുവട്ടിലേക്ക് നടന്നു. ചെമ്പകമരം അതിന്റെ സിമന്റ് തറയിൽ നിറയെ പൂ വിതറി  മെത്ത ഒരുക്കി കാത്തു നിന്നിരുന്നു. അവളാ ചെമ്പകത്തറയില്‍  മിഴികൾ പൂട്ടി കണ്ണനെയും പ്രതീക്ഷിച്ച് ഇരുന്നു.  ഉതിര്‍ന്നു വീഴുന്ന പൂക്കള്‍ അവളെ ആലിംഗനം ചെയ്യവേ ചന്ധനഗന്ധവും  കള്ളച്ചിരിയുമായി  അവളെ കാണുവാൻ വരുന്ന കണ്ണനെ ധ്യാനിച്ചവളിരുന്നു. മുത്തശ്ശി പറഞ്ഞത് സത്യമാകുമോ..?  ഒറ്റയ്ക്ക് ഇരികുമ്പോള്‍ കണ്ണന്‍ കാണാന്‍ വരുമെന്ന്.  അങ്ങനെയെങ്കിൽ  ഉണ്ണിക്കണ്ണനെ  ഏറെയിഷ്ടമുള്ള  എന്നെ കാണാന്‍ എന്തായാലും വരുംന്ന് എനിക്ക് നല്ല നിശ്ചയംണ്ട്.


ഇതാണ്  ഉമകുട്ടി.  അമ്പലവും  കണ്ണന്റെയും ലോകത്ത് ജീവിക്കുന്ന ഒരു പാവം ബ്രാഹ്മണയുവതി. പോകുന്ന വഴിയിലുടനീളം പൂത്തു നിൽക്കും പൂക്കളോടും വാനിൽ പാറിപ്പറന്നു നടക്കും കിളികളോടുമൊക്കെ കിന്നാരം ചൊല്ലിയാണ് വീടുപറ്റുക.  വീട്ടിലെത്തിയാല്‍ പിന്നെ മുത്തശ്ശിയുടെ അടുത്തിരുന്നു  നാട്ടുകാര്യങ്ങളും അമ്പലവിശേഷങ്ങളും മറ്റും  ഇടതടവില്ലാതേ  പറഞ്ഞു   കൊണ്ടേയിരിക്കും. മുത്തശ്ശിയുടെ  വലിയ കാതുകളിലവള്‍ കമ്മലുപോലെ  തെച്ചിപ്പൂവ് ചാർത്തി കൊടുക്കും. മിക്കവാറും ഒരു ഞെട്ട് പൂ മൊത്തം വേണം ആ കാതൊന്നു നിറഞ്ഞിരിക്കാൻ!  മൂക്കുത്തിക്കല്ലില്‍ തട്ടി വിതറുന്ന പ്രകാശം പോലെ  മുത്തശ്ശിയുടെ പൊട്ടിച്ചിരികള്‍ അവള്‍ക്കും ചുറ്റും അലയടിക്കും.  കണ്ണന്‍ ഇന്നും വന്നിലെന്നു പരിഭവം പങ്കുവെയ്ക്കുമ്പോൾ, അകത്തുനിന്നും ആത്തോലമ്മയുടെ പരിഹാസം കേള്‍ക്കാം. “അമ്മ  ഒന്ന് നിർത്തണുണ്ടോ.. ആ കുട്ടി ഒക്കെ അങ്ങട്  വിശ്വസിക്കും.. കോലോത്തേ  കുട്ടികള്‍ക്ക്  ഇത്തിരി അച്ചടക്കം ഒക്കെ വേണം.. ഇതിപ്പോ അങ്ങട് പറയുന്നത് ഒന്നും കേക്കാന്‍ വെയ്യാലോ.. ശിവ ശിവ..”ഉപദേശപ്പെട്ടി തുറന്നു വെക്കുമ്പോഴേക്കും ഓടിച്ചെല്ലും ഉമക്കുട്ടി,  അല്ലെങ്കില്‍ രാമയണം തൊട്ടു മഹാഭാരതം വരെ ആത്തോലമ്മ  കേള്‍പ്പിക്കും.  കുട്ടിയെ ചീത്ത പറയണ്ട  എന്നു പറഞ്ഞു മുത്തശ്ശിയും തുടങ്ങും “ഹയ്, കലികാലം.. പ്രായം ചെന്ന  പെണ്‌കുട്ടിയല്ലേ   ഇത്രയ്ക്കു അങ്ങട്  അതിനോട് ഒച്ച ഉയര്‍ത്താമോ..??” ഇതാകും പിന്നീട് ഇല്ലത്തെ സ്ഥിതി !



ഇതിനിടക്ക് ഉമക്കുട്ടിയുടെ ഏടത്തി ഡല്‍ഹി നിന്നും തിരികെ വന്ന്  അമ്പലത്തിനടുത്തു  വീട് വാങ്ങി താമസം തുടങ്ങിയിരുന്നു. ഇടക്ക് ഏടത്തിയേയും  കുട്ടിയേയും കാണാന്‍ അവരുടെ വീട്ടിൽ പോകുന്ന പതിവുണ്ട് ഉമക്കുട്ടിക്ക്.  കുഞ്ഞുട്ടന്‍ എന്നാണ് എടത്തീടെ കുട്ടിയുടെ പേര്.  ഏട്ടന്‍ ഡല്‍ഹിയില്‍ തന്നെയാണ്.  കല്യാണം സമയത്ത് കണ്ടതാ; കഴിഞ്ഞതും  എടത്തിയേയും ജോലിസ്ഥലത്തേക്ക് ഒപ്പം കൊണ്ടുപോയി. പിന്നീടിപ്പോളാണു നാട്ടിലേക്ക് വരുന്നത്; അതും ഏടത്തിയും കുട്ടിയും തനിയെ. ഉമക്കുട്ടി സമയലഭ്യത പോലെ  കുഞ്ഞുട്ടനെ കാണാന്‍ പോകാറുണ്ടായിരുന്നു. ഇതിനിടക്ക് ഏട്ടന്‍ നാട്ടിലേക്ക്  ലീവില്‍  വരണുണ്ടത്രേ..! മുത്തശ്ശിയെ ഈ സന്തോഷവർത്തമാനം അറിയിക്കാനവൾ ഇല്ലത്തേക്ക് പാഞ്ഞു. ഒറ്റ ശ്വാസത്തില്‍  എല്ലാം പറഞ്ഞു കഴിഞ്ഞപ്പോള്‍ അവള്‍ക്കു സമാധനമായി.  ഏട്ടനെത്തിയതിൽ പിന്നെ അവള്‍ക്കു  ഏടത്തീടെ  വീട്ടില്‍  പോകാന്‍  മടിയായിത്തുടങ്ങി.  അമ്പലവും ചെമ്പകച്ചോടുമായി ദിവസങ്ങൾ തള്ളി നീക്കി.  സഹധർമിണിയിൽ നിന്നും  ഉമക്കുട്ടിയുടെ  വിശേഷങ്ങൾ കേട്ടറിഞ്ഞ നാരായണനു അവളെയൊന്നു കാണുവാനുള്ള ആകാംക്ഷയുണ്ടായിരുന്നു.  ഉമക്കുട്ടിയുടെ കണ്ണനേയും ചന്ദനമണത്തേയുമൊക്കെ പറ്റി ഒട്ടേറേ അതിശയോക്തിയോടെയാണു കുഞ്ഞൂട്ടനും അച്ഛനെ ധരിപ്പിച്ചു വെച്ചിരുന്നത്.  




പതിവുപോലെ അന്നും ഉമക്കുട്ടി അമ്പലത്തില്‍ പോയി  ചെമ്പകമരച്ചുവട്ടില്‍  കണ്ണടച്ച്  ഇരുപ്പു തുടങ്ങി. ധ്യാനനിമഗ്നയായനേരം  ആരോ അവളുടെ കണ്ണുകള്‍ പിന്നില്‍ നിന്നും  അമര്‍ത്തി പിടിച്ചു.  ചന്ദനഗന്ധം അന്തരീക്ഷത്തിൽ ഒഴുകിയെത്തി.  ആരാ..?? പരിഭ്രമത്തോടെ അവള്‍ വിളിച്ചു ചോദിച്ചു. മിണ്ടാട്ടമില്ല!  വീണ്ടും ചോദ്യം ആവർത്തിക്കവേ  ‘കണ്ണന്‍‘  എന്നായി  മറുപടി.  കണ്ണ് തുറക്കണ്ട എന്നൊരു ഉപദേശവും!  അവസാനം കണ്ണൻ തന്നെ തേടിയെത്തിയിരിക്കുന്നു.  അവള്‍ മിണ്ടാതെ കണ്ണുകള്‍ ഇറുക്കി അടച്ചു അനുസരിച്ചു നിന്നു.  എങ്ങാനും കണ്ണ് തുറന്നാല്‍ കണ്ണനിഷ്ടപ്പെടാതെ ഇരുന്നാലോ. അവളൂടെ കണ്ണുകളിലമർത്തപ്പെട്ട കൈകളിലൊരെണ്ണം അയഞ്ഞു അവളിലേക്ക്‌ മെല്ലേ തഴുകി അരിച്ചു കയറവേ ഉമക്കുട്ടിക്കു വല്ലാത്തൊരു വല്ലായ്മ തോന്നി.  “വേണ്ടാട്ടോ  എനിക്ക്  അങ്ങട് വയ്യായ്മ തോന്നുന്നു, ഞാന്‍ കണ്ണ് തുറക്കാന്‍ പോക്വാ”  എന്നു പറയുമ്പോഴേക്കും ആ കൈകള്‍ അവളില്‍ നിന്നും  അകന്നു.  കണ്ണ് തുറന്നു നോക്കുമ്പോള്‍  ആരോ ഓടി മറയുന്ന ശബ്ദം മാത്രം കേട്ടു. അന്നവൾ വീട്ടില്‍ എത്തിയപ്പോള്‍  പതിവിനു വിപരീതമായി മൂകയും വിഷണ്ണയുമായിരുന്നു.  മുത്തശ്ശിയുടെ ചോദ്യങ്ങള്‍ക്ക് ഉത്തരം കൊടുക്കാതെയവള്‍  അകത്ത് പോയി കിടന്നു.  അപ്പോഴേക്കും ആത്തോലമ്മ പുറകെയെത്തി. “എന്താ കുട്ടിയെ  നേരം വെളിച്ചാവുമ്പോള്‍ തന്നെ കിടപ്പാ? കുട്ടി ഇന്നു അങ്ങട്  പോണംട്ടോ,  എടത്തീടെ വീട്ടിലേ.. അവിടെ കുഞ്ഞുട്ടന്‍ കുട്ടിയെ കാണാണ്ട് ശാഠ്യം തുടങ്ങീരിക്കണ്.”   ഒന്നും അവള്‍ മിണ്ടിയില്ല.  ഉള്ളില്‍ മുഴുവന്‍ ചന്ദനഗന്ധം ആയിരുന്നു.  എണീക്കു കുട്ട്യേ.. ആത്തോലമ്മയുടെ  വിളി  കൂടിക്കൂടി വന്നു. മനസ്സില്ലാമനസ്സോടെ ഏടത്തീടെ അവിടം വരെ പോവാന്‍ തന്നെ അവള് അവസാനം തീരുമാനിച്ചു.  





മുറ്റത്തെത്തിയപ്പോഴേക്കും കുഞ്ഞൂട്ടന്‍ ഓടിയെത്തി കൈയ്യിൽ തൂങ്ങി.  പിന്നെ അച്ഛന്‍ കൊണ്ട് വന്ന സാധങ്ങളൊക്കെ  കാണിച്ചുകൊടുക്കാന്‍ അകത്തേക്ക് കൂട്ടിക്കൊണ്ടുപോയി.  അച്ഛന്റെ മുറി കാണിക്കാൻ മുകളിലേക്ക് കൊണ്ടുപോയി.  മുറിയില്‍ കേറിയ നിമിഷം അവള്‍ ഒന്നമ്പരന്നു.  ചന്ദനത്തിന്റെ ഗന്ധം..!  അപ്പോൾ “ആരാ ഇത്..!! ഉമക്കുട്ടിയോ.. വലിയ കുട്ടിയായീലോ.. എത്രനാളായി കണ്ടിട്ട്..??  ഇങ്ങ്ട്  പോര്വാ..” ഏട്ടന്റെ വാക്കുകൾ ശ്രവിച്ച് ഉമ മടിച്ചു നിന്ന നേരം; നാരായണന്‍ വീണ്ടും പറഞ്ഞു  “മടിക്കണ്ട കുട്ട്യേ..  ശരി; ഞാന്‍ അങ്ങട് പോയേക്കാം.. നിങ്ങളു രണ്ടാളുമിവിടെ നിന്നു കളിച്ചോളീൻ” അവളെ കടന്നയാൾ പുറത്തേക്കു നടന്ന നേരം, ചന്ദനഗന്ധം അവളുടെ നാസാരന്ധ്രങ്ങളിലേക്ക് തുളച്ചു കയറി..! 
അസ്തപ്രജ്ഞയായി നിന്ന അവളെ കുഞ്ഞൂട്ടന്‍ മെല്ലെ തട്ടിയുണര്‍ത്തി. “ഇതു നോക്ക് അച്ഛന്റെ മണമാ യീ കുപ്പിക്ക്‌ ഓപ്പോളേ..”
അവളത് വാങ്ങി മണത്തു നോക്കി. ശരിയാ നല്ല മണം. ചന്ദനത്തിന്റെ സുഗന്ധം. ഇതിപ്പോ ഈ കുപ്പിക്ക്‌ അകത്തു എങ്ങിനെയാണാവോ..?? കണ്ണന്റെ മണം.. നിഷ്കളങ്കമായ ചോദ്യവുമായി അവള്‍ നിന്നു..