Followers

Saturday, 12 February 2011

നടനം

എത്ര  ശ്രമിച്ചിട്ടും കണ്ണുനീര്‍ പ്രവാഹത്തിന്റെ കുത്തൊഴുക്കിനു തടയിണയിടാൻ നിമ്മിക്കായില്ല. ജിത്തുവിന്റെ മാറില്‍ ആ ചുടുകണ്ണുനീർ പതിച്ചിട്ട് അവനൊട്ടും അറിഞ്ഞതുമില്ല.  ഉറക്കം ഇത്രക്കും അനുഗ്രഹിച്ച  ആളുകള്‍ ലോകത്ത് ഉണ്ടാകുമോ? ഒരു വേള അവൾക്കത്ഭുതം തോന്നി !  പിന്നെ നിസ്സംഗതയോടേ അവള്‍ തിരിഞ്ഞു കിടന്നു. സങ്കടം അടക്കാന്‍ ശ്രമിക്കുമ്പോള്‍  തൊണ്ടയിൽ കെട്ടി നിൽക്കുമ്പോളൂണ്ടാകുന്ന വിമ്മിഷ്ടം അസഹനീയമായിരുന്നു. കടന്നു പോകുന്ന ഓരോ രാവുകളും തന്റെ സ്ത്രീത്വം നിഷേധിക്കപ്പെട്ടതിന്റെ നാളുകളായി മാറിക്കൊണ്ടിരിക്കുന്നു. ഓരോ രാത്രിയും ഉടയാതെ സൂക്ഷിക്കുന്ന പട്ടുകുപ്പായം ഉപയോഗിക്കാതെ എടുത്തുവെച്ചു  മടക്കുകളില്‍  കീറലുകള്‍  കണ്ടു തുടങ്ങിയിരിക്കുന്നു. ഒലിച്ചിറങ്ങിയ കണ്ണുനീര് ചുണ്ടുകളില്‍ സ്പര്‍ശിച്ച നേരം ഉപ്പുരസം മെല്ലേ നുണഞ്ഞിറക്കി. സങ്കടത്തിന്റെ രുചി..!! വല്ലാത്തൊരു അഭിനിവേശമാണ് ആ രുചിയോട്..! അരികത്ത് ചേർന്ന് കിടക്കുന്ന ജീവന്റെ സ്പന്ദനം പോലും മൈൻഡ് ചെയ്യാതെ സുഖമായി ഉറങ്ങുന്ന അയാളോടവൾക്ക് ഈർഷ വർദ്ധിച്ചു വർദ്ധിച്ചു വന്നു. അല്ലാ; ഇതിലിപ്പോ വലിയ പുതുമയൊന്നുമില്ല. എന്നാലും അവഗണന  അതാണ് സഹിക്കാന്‍ വയ്യാത്തത്. നിമ്മി സ്വയം പിറുപിറുത്തു.  മനസ്സും ശരീരവും  ഒരുപോലെ വേദനിക്കുന്ന നിമിഷങ്ങൾ. പതിവു പോലെ, മുകളിൽ കറങ്ങുന്ന ഫാനിന്റെ  ഇലകളെ എണ്ണിത്തിട്ടപ്പെടുത്തുവാൻ ശ്രമിച്ചവൾ മുകളിലോട്ട് ദൃഷ്ടികൾ അയച്ച് വെറുതേ കിടന്നു.നിമ്മിയുടെയും ജിത്തുവിന്റെയും കല്യാണം കഴിഞ്ഞ് ഏഴു വര്‍ഷത്തോളമായി. സ്ത്രീ-പുരുഷത്വം തെളിയിക്കാനെന്നവണ്ണം അഞ്ചു വയസ്സുകാരി ഒരു മോളുണ്ട്‌ അവർക്ക്. അതെ, ഒരു യോഗ്യതാ പരീക്ഷയുടെ ഫലം !   മറ്റുള്ളവരുടെ മുനവെച്ചുള്ള ചോദ്യങ്ങളെ അവഗണിക്കാന്‍ വേണ്ടി എന്നോ എങ്ങിനെയോ സംഭവിച്ച ഒരു ഭാഗ്യം. പുറമേ നിന്നു നിരീക്ഷിക്കുന്നവർക്ക് തോന്നുമായിരിക്കും എന്തിന്റെ കുറവാണിവർക്കെന്ന്? നിമ്മി മെല്ലേ നെടുവീർപ്പിട്ടു.  കട്ടിലിൻ തലയ്ക്കലിരുന്ന ടൈംപീസ് എടുത്തു നോക്കി.  സമയം  ആറുമണി  ആയിരിക്കുന്നു. അവള്‍ വേഗം എഴുന്നേറ്റു ഫ്രഷായി  അടുക്കളയിലേക്കോടി.  വീണ്ടും വീണ്ടും ഒരേ പാതയിലുടെ യാത്ര. മോളെ  സ്കൂളിലയക്കണം. പിന്നെ ജിത്തുവും ഓഫീസിൽ പോകും.  പിന്നെയുള്ള സമയം മുഴുവന്‍ നിമ്മിയുടെ സ്വന്തം.  ഇടക്കിടെ വരുന്ന കൂട്ടുകാരികളുടെ ഫോണുകളും കളിയാക്കലും; ജീത്തുവും അവളും തമ്മില്‍ അടിച്ചു പൊളിക്കുകുയാകും  എന്ന മട്ടിലുള്ള  സ്ഥിരം പല്ലവികളും അവളീൽ മടുപ്പും അസ്വസ്ഥതയും നിറച്ചു.  അല്ലെങ്കിലും  ആരോട് തന്റെ സങ്കടങ്ങൾ പങ്കുവെക്കാനാ. ആരു വിശ്വസിക്കും. രാത്രികൾ,  കുറച്ചു വര്‍ഷങ്ങളായി  ശുന്യമാണ്.  നരച്ചു തുടങ്ങിയ കമ്പിളിപ്പുതപ്പിനെന്ന പോലെ  ഇഴകള്‍ക്ക് അടുപ്പം കുറഞ്ഞിരിക്കുന്നു.  യൌവനം കരിമ്പന്‍ പിടിച്ചപോലെ ...,വല്ലാത്തൊരു  പുഴുക്ക വാസന. പലപ്പോഴും  ഒരുമിച്ചു ചേര്‍ന്ന് പോകേണ്ട ആഘോഷങ്ങളില്‍  മറ്റുള്ളവരുടെ മുൻപിൽ  വേഷംകെട്ടി  ആടുമ്പോള്‍ അണിയുന്ന അടയാഭരണങ്ങള്‍ക്ക്  പോലും  പരിഹാസത്തിന്റെ ഒരു വേഷപകര്‍ച്ച.  നെഞ്ച് പൊട്ടി കരഞ്ഞിട്ടും കരച്ചിലിന്‍ ഉറവിടം ആരെന്നോ എന്തിനെന്നോ അറിയാതെ   കട്ടിമീശക്കുള്ളില്‍  പല്ല് അമര്‍ത്തിയടക്കിയ ഭാവം..!
വീടിനു വെളിയിലേക്കുള്ള യാത്രകളിൽ പലപ്പോഴും അതിക്രമിച്ചു കടന്നുവരുന്ന അജ്ഞാതമാം കണ്ണുകള്‍ അവളിൽ തട്ടിത്തടഞ്ഞ് നിൽക്കുമ്പോഴൊക്കെ നിമ്മിയുടെ ഉള്ളില്‍ ഉയര്‍ന്നുവന്നിരുന്ന ചോദ്യം എപ്പോഴും ഒന്നായിരുന്നു; എന്നിതുപോലെയൊന്ന്  ജിത്തു തന്നെ നോക്കുമെന്നത്.  സ്നേഹത്തോടെ ഒരു നോട്ടം, ഒരു വാക്ക് ഇതെല്ലാം അവൾ അവനിൽ ആഗ്രഹിച്ചു; പലപ്പോഴും കിട്ടില്ല എന്നറിഞ്ഞിട്ടും. സ്നേഹം ഉള്ളില്‍ ഏപ്പോഴും വെച്ചിരുന്നാല്‍  പുറത്തേക്ക്  കിട്ടാതെ  പിടയുന്നവരുടെ രോദനം  ഇരുട്ടറക്കുള്ളിലെ  അലകള്‍ മാത്രമായി അവശേഷിച്ചു.  കാലുകളില്‍  ചായം പുരട്ടിയും  ശരീരമാസകലം നേരിയതോതില്‍ സുഗന്ധവും പൂശി  നേർത്ത നിശാവസ്ത്രത്തിന്റെ  ഇളം ചേലില്‍  ഓരോ രാത്രിയിലും  കിടക്കയെ പുൽകുമ്പോൾ  ജീവനില്ലാത്ത ഒരു  തലയിണയെ  മാറില്‍ ചേര്‍ത്തു കിടത്തുന്ന  ഭാവത്തോടെ ജിത്തു അവളെ കൈകളില്‍ കിടത്തി  ഉറങ്ങും.  ഭാര്യ തന്റെ കൈകളില്‍  സുരക്ഷിതമാണെന്ന  വിചാരമാണോ  ഈ ഉറക്കത്തിന്റെ പിന്നില്‍ എന്നവൾ സംശയിച്ചു നിന്നിട്ടുണ്ട്. നിമ്മിയുടെ ചുടുനിശ്വാസത്തിന്റെ  ഉയര്‍ച്ച താഴ്ചകള്‍ അവന്‍ ഒരിക്കലും അറിഞ്ഞില്ല. അതോ അറിയാന്‍ ജിത്തു ശ്രമിച്ചില്ല. അതോ അറിഞ്ഞിട്ടും അറിയാതെ പോലെ..  നേര്‍ത്ത നിശാവസ്ത്രത്തിലുരുമ്മി അരികിലേക്കെത്താൻ കൊതിച്ച് കട്ടിമീശയെ ആവാഹിക്കാൻ ശ്രമിക്കും നേരം  മണ്ടരി പിടിച്ച തെങ്ങിന്‍  മണ്ടപോലെ  രോമം  കൊഴിഞ്ഞു വീണപോലെയവൾക്കു തോന്നി. വീണ്ടും പരാജിത ആയപോലെ. എത്ര നാളായി  ജീത്തു  തന്നെ ഒന്ന് മനസ്സിലാക്കിയിട്ട്.  എത്ര നല്ല മണ്ണെങ്കിലും  ഇളക്കിയിട്ടില്ലേൽ  വരണ്ടുണങ്ങി  പോകും. നിമ്മിയുടെ കണ്ണുനീരുകൾ കൊണ്ട് ആലിംഗനം  ചെയ്യുന്ന  തലയിണപോലും ഒരു വേള  നെടുവീർപ്പിട്ടുവെന്നുതോന്നിയവൾക്ക്..!  രാത്രികള്‍  മിഴിനീരുകള്‍ക്ക്  വറുതിയില്ലാത്ത ആഘോഷമായി.  അങ്ങിനിരിക്കേ  ഒരു ദിവസമവൾ  ജീത്തു ഓഫീസിൽ പോയശേഷം  മുകളിൽ അവരുടെ മുറി വൃത്തിയാക്കുവാൻ തുടങ്ങുന്നതിനിടയിൽ; ഓരോരോ വസ്തുക്കളും  എടുത്തു വൃത്തിയാക്കുന്ന വേളയില്‍  അവളുടെ മുമ്പിലേക്ക് പൊടുന്നനേ  പൊഴിഞ്ഞു വീണ നാദത്തെയവള്‍ കയ്യിലെടുത്തു മെല്ലേ തലോടി.  തുടർന്നാ ചിലങ്കകള്‍  കാലുകളിലണിഞ്ഞു.  അത് വരെ തോന്നാത്ത ഒരു ഉന്മാദം അവളൂടേ സിരകളിലുടനീളം അരിച്ചുകയറി.  നൃത്തത്തിന്റെ ചുവടുകള്‍ അവളെ തേടിയെത്തി. മതിമറന്നാടിയവൾ.  ഓര്‍മകളില്‍ നിരർത്ഥ്കമായ രാത്രികളെ  ആവാഹിച്ചു  മനസ്സു മറന്നൊരു വല്ലാത്തൊരു ആട്ടം.  ലയിച്ചിറങ്ങിയവളാ ചുവടുകളിൽ, താളഭേദങ്ങളിൽ.  ചുറ്റും നടക്കുന്നത് എന്തെന്നവൾ  അറിഞ്ഞില്ല. യാതൊന്നും ശ്രദ്ധിക്കാനവളുടെ മനസ്സ് ആഗ്രഹിച്ചതുമില്ല. അവളൂടേ മനസ്സു മുഴുവനും രാത്രികളിൽ തന്റെ സ്ത്രീത്വം അപമാനിക്കപ്പെട്ട ഓർമ്മകളിലും നൃത്തച്ചുവടുകളിലും മാത്രമായിരുന്നു.  രാത്രികളുടെ  ഓര്‍മ്മകളുടെ അരുചി നിറഞ്ഞ തികട്ടലുകൾ അവളുടെ കവിളിണകളെ  നനച്ചു തുടങ്ങിയിരുന്നു.  ഭ്രാന്തമായ ആവേശത്തോടെ അവളാടി. അല്ല്ല അത് ശരിക്കും ഒരു നടനം തന്നെ ആയിരുന്നു.  അമര്‍ത്തി അമര്‍ത്തി ചവിട്ടി നൃത്തം വെക്കുകയായിരുന്നു.  ഉള്ളിലെ വികാരങ്ങളുടെ വേലിയേറ്റത്തിന്റെ കയറ്റിറക്കങ്ങള്‍ പലപ്പോഴും അടിച്ചമർത്തപ്പെട്ടതിന്റെ വാശിയവൾ ആടിയാടി തീർക്കുകയായിരുന്നു.!അന്ന് ഓഫിസിലേക്ക്  കൊണ്ടുപോകേണ്ട ഫയല്‍ എടുക്കാന്‍ മറന്നതിനാല്‍ തിരിച്ചു വീട്ടിൽ വന്ന ജിത്തു ഉമ്മറവാതിലിൽ കുറേ മുട്ടി വിളിച്ചു.  കുറേ വിളികൾക്കു ശേഷവും നിമ്മിയെ കാണാതിരുന്ന ജിത്തു തുറന്നു കിടന്നിരുന്ന പിൻവശ വാതിലിലൂടെ അകത്തു കടന്നപ്പോൾ തുടർച്ചയായ ചിലങ്കയുടെ നാദം അവനെ മുകളിലെ നിലയിലെ റൂമിലേക്ക് കൂട്ടിക്കൊണ്ട് പോയി.  അവിടെ നൃത്തത്തിൽ ലയിച്ചു നിൽക്കുന്ന നിമ്മിയെ കണ്ടവൻ പകച്ചു നിന്നു.
നിമ്മീ.. നിമ്മി..

അവന്‍ ഉറക്കെ വിളിച്ചു.  ജിത്തുവിന്റെ  വിളികള്‍ അവളുടെ കാതുകളില്‍ എത്തിയില്ല. എങ്ങിനെ എത്താന്‍?  അവള്‍  സ്വയം മറന്നു ആടുകയല്ലേ. വല്ലാത്തൊരു ഭാവമായിരുന്നു ആ നൃത്തത്തിന്.  കണങ്കാലുകളിൽ ചേർന്നൊഴുകിക്കിടക്കുന്ന സ്വർണ്ണപ്പാദസ്വത്തിൽ നിന്നും അവന്റെ നോട്ടം അവളൂടേ മേനിയിലേക്ക്മു ഒഴുകി.  ഒട്ടിച്ചേര്‍ന്നു കിടക്കുന്ന പാദസ്വരം വിയര്‍പ്പു തുള്ളികള്‍  കൊണ്ട് മൂടിയിരുന്നു. മുഖം  ചുവന്നു തുടുത്തിരിക്കുന്നു.  അന്ന് ആദ്യമായി അവളെ  ഈ പ്രത്യേകതയിൽ ജിത്തു കാണുകയായിരുന്നു.  ഇത്രനാളും കാണാതെ  ഇരുന്നത് ജിത്തുവിന്റെ കണ്ണുകളില്‍ തെളിയുകയായിരുന്നു.  അവളുടെ ഓരോ ചലനവും അവനില്‍  കുറ്റബോധം സൃഷ്ടിച്ചു.  ശരീരത്തിന്റെ ഓരോ ഭാഷയും മനസ്സിന്റെ കൂടി ഭാഷയാണെന്നവൻ മനസ്സിലാക്കി.  ഇത്രനാളും  നഷ്ടപ്പെടുത്തിയിരുന്നത് എന്താണ് എന്നു തിരിച്ചറിഞ്ഞ ആ നിമിഷം, അവളുടെ ആ നൃത്തത്തിന്റെ വേഗത അവന്റെ  കണ്ണുകളെ  ഈറന്‍ അണിയിപ്പിച്ചു.  ഉള്ളില്‍ അടങ്ങിയ  കോപവും സങ്കടവും  പുറത്തേക്കു ഒഴുകുകയായിരുന്നു  നിമ്മിക്ക്. മനസ്സിനെ വിസ്മൃതിയിൽ മറച്ച് തകർത്താടുമ്പോള്‍  അവളുടെ സ്വപ്ങ്ങളെ സ്വയം ചവിട്ടിയരക്കുകയായിരുന്നു. ജിത്തു മെല്ലെ നിമ്മിക്കു അരികിലെത്തി.  മെല്ലേ അവളെ തന്നിലേക്ക് അടുപ്പിച്ച് തന്റെ വലം കൈ അവളൂടേ അരക്കെട്ടിനെ ചുറ്റി.  തുടർന്ന് നൃത്തം മോഹനരാഗമായി മാറുകയായിരുന്നു.. പതിയെപ്പതിയേ അവരുടെ ജീവിതം വീണ്ടും തില്ലാനകള്‍ പാടുവാനാരംഭിച്ചു..!