Followers

Friday 12 November 2010

ഓർമ്മകളും സ്വപ്നങ്ങളും

.

ഓർമ്മകളും സ്വപ്നങ്ങളും  ഒഴുകിയൊഴുകി നടക്കുകയാണ്.  ജീവന്റെയോരോ താളവും  ഓര്‍മകളിലുടക്കി കൊണ്ടാണ് പലപ്പോഴും മുന്നോട്ട് പോകുന്നത്.  പഴയ മോശം  കാര്യങ്ങളൊക്കെ മറക്കൂ; എന്നൊക്കെ പലരും പറയുന്നത് കേള്‍ക്കാറുണ്ട്.  എന്നാല്‍;  എത്രത്തോളം നീതിപുലർത്താനാവുന്നുണ്ട് അതിൽ ?  നാണയത്തിന്റെ ഒരു വശം പോലെ, ഒരു ഭാഗം മറക്കണം; എന്നാലതേ സമയം  മറു ഭാഗം ഓർക്കുകയും ചെയ്യണം എന്നു തന്നെയാണ് വ്യക്തിപരമായ അഭിപ്രായം. ഓരോ കഷ്ടപ്പാടുകളിലേയ്ക്കും പിന്നീട് പിന്തിരിഞ്ഞു നോക്കുമ്പോള്‍; അതെല്ലാം നമ്മള്‍ സ്വയമല്ലേ  നേരിട്ടത് എന്നൊരു ഓർമ്മ വരുമ്പോള്‍  മനസ്സിന്റെ ശക്തി കൂടും. എന്താകുമോ?? എന്തോ.. എന്നു  ഭയന്നു പേടിച്ച പലകാര്യങ്ങളും; ഇത്രക്കേ ഉള്ളു അല്ലെങ്കിൽ ഉണ്ടായിരുന്നുള്ളു എന്നു തോന്നാറില്ലേ.  വീണ്ടുമാ പഴയ ദുരിത കാലം ഓര്‍ക്കുമ്പോള്‍; അന്ന് അനുഭവിച്ച അത്രയും ടെന്‍ഷന്‍  നമ്മുക്ക് ഒരിക്കലും ഫീൽ ചെയ്യാറില്ല അല്ലെ!! എന്ത് കൊണ്ടാണിങ്ങനെ എന്നു ആരെങ്കിലും ചിന്തിച്ചിടുണ്ടോ?? നമ്മുക്ക് താങ്ങാവുന്നതേ  ദൈവം തരാറുള്ളൂ എന്നാണ് പറഞ്ഞു കേട്ടിട്ടുള്ളത്.  പലപ്പോഴും നമ്മളറിയുന്നില്ല;  നമ്മുടെ ജീവിതത്തിന്റെ നല്ലൊരു  ഭാഗം തന്നെ ടെന്‍ഷനടിച്ചു കളയുകയാണെന്നത്. അവരെന്ത് വിചാരിക്കും, ഇവരെന്ത്  പറയും എന്നുള്ള അനാവശ്യചിന്തകൾ കാരണം ജീവിക്കാന്‍ തന്നെ മറക്കുന്നു.



പ്രശ്നങ്ങള്‍ ഇല്ലാത്തവര്‍ ആരും തന്നെയില്ല.  അതിനെ നമ്മളെങ്ങിനെ  അഭിമുഖീകരിക്കുന്നു എന്നുള്ളതാണ് മുഖ്യം. നിറഞ്ഞമിഴികള്‍  തുളുമ്പി വരവേ, ആരെങ്കിലും ഒന്ന് തലോടി  തുടച്ചു തന്നുവെങ്കില്‍ എന്ന് കൊതിക്കുന്ന നേരം; സ്വയം തുടച്ചു മാറ്റുവാന്‍ സാധിക്കണം.  അവിടുന്നാണ് ആദ്യ വിജയം. പറയാന്‍ എളുപ്പം എന്നു  പറയും; എല്ലാവരും.  പക്ഷേ തിരിഞ്ഞു നോക്കുമ്പോള്‍ നമ്മുടെ സങ്കടങ്ങള്‍, സത്യത്തില്‍  നമ്മുടെതു മാത്രം ആയിരുന്നു എന്നത് മനസ്സിലാക്കേണ്ടി വരും. വേദന പോലും ആര്‍ക്കും ആരോടും  പങ്കു വെയ്ക്കാനാകില്ല. നമ്മുടെ വേദനയുടെ ആഴം നമുക്ക് മാത്രമേ അറിയൂ.  പിന്നെയും എന്തിനു നമ്മള്‍  ആഗ്രഹിക്കുന്നു??  ഒരു വാക്ക് അല്ലെങ്കില്‍ ഒരു നോട്ടം, തലോടല്‍ എല്ലാം നമ്മുടെ സ്വന്തം കഴിവിനെ മറച്ചു മറ്റുള്ളവരെ  ആശ്രയിച്ചു  ജീവിക്കുന്ന  ഒരാളായി നമ്മെ മാറ്റും.  എന്നിട്ടോ അവരുടെ സഹായം കൊണ്ടാണ് നമ്മള്‍ ജീവിക്കുന്നത് എന്നൊരു പേരും കിട്ടും.  എന്തിനാ ഇങ്ങിനെ ഒരു ചീത്തപ്പേരു വാങ്ങിക്കൂട്ടുന്നത് അല്ലേ?  ഉണരുക..  മനസ്സിനെ സ്വയം നിയന്ത്രിക്കാന്‍ നമുക്ക് സാധിക്കണം.  ചായാന്‍ ചുമരുണ്ടെങ്കിലേ ചായൂ;  ഇല്ലെങ്കില്‍ അവിടെ തന്നെ നിലയുറപ്പിക്കും എന്നല്ലേ !!  ഓര്‍മ്മകള്‍ എന്നെ വളരെയധികം വേട്ടയാടുന്നു എന്നു പറയുന്നവരുണ്ട്.  ടീ വീ കാണുമ്പോള്‍  ഇഷ്ടമില്ലാത്ത ചാനെല്‍ നമുക്ക് മാറ്റി മാറ്റി കാണാമല്ലോ. അതുപോലെ ഓര്‍മ്മകള്‍; ഇഷ്ടമില്ലാത്തത് റിമോട്ട് എന്ന മനസ്സു കൊണ്ട് മാറ്റിയേ പറ്റു.  ഓർമ്മയുടെ ആഴങ്ങളില്‍ പലപ്പോഴും ബാല്യകാല സ്മരണകള്‍  ഉണരാരില്ലേ?? വീണ്ടും ആ കാലം കൈവന്നിരുന്നുവെങ്കിലെന്നു ചിലർ കരുതുമ്പോള്‍, ഓര്‍ക്കാന്‍ നല്ലൊരു ബാല്യം പോലുമില്ലാത്തവരുമുണ്ട്.  അവരുമായി നമ്മളെ താരതമ്യം ചെയ്താല്‍ തന്നെ എത്രയോ മന:സമാധാനം കിട്ടും.  എന്നാല്‍ ചിലപ്പോള്‍ മുകളിലേക്ക് ഉയരന്മെങ്കില്‍ മുകളിലുള്ളവരെ കണ്ടു തന്നെ പറക്കണം അല്ലെ.  അപ്പോള്‍ രണ്ടു വശവും വന്നില്ലേ.  ഒരാളുടെ തെറ്റും ശരിയും പലപ്പോഴും അവരുടെ കാഴ്ചപ്പാടിൽ കുടി കൊണ്ടിരിക്കുന്നു. .നിന്റെ തെറ്റ് എന്റെ ശരി, എന്റെ തെറ്റ്  നിന്റെ ശരി എന്നപോലെ.. ഓരോരുത്തരുടെയും കാഴ്ചപ്പാട് വ്യത്യസ്തമാണ് ഓര്‍മകളുടെ ആഴം പലപ്പോഴും വ്യത്യസ്തമാണ് അപ്പോള്‍ ഇനി നമ്മുക്ക് മോശം ഓര്‍മകളെയും അനുചിതമായ ഓര്‍മകളൂടെ കൂടെ നിർത്താം അല്ലെ.  നല്ലത്, ചീത്ത എന്നു വേർതിരിവില്ലാതെ  ഓര്‍മ്മകള്‍ ഇനി നമ്മുടെ വിജയത്തിലേക്കുള്ള  ചവിട്ടുപടികള്‍ ആയിത്തീരട്ടെ. ഓര്‍മ്മകള്‍ പേറി കൊണ്ട് വഞ്ചി മെല്ലെ സ്വപ്നങ്ങളുടെ തീരം തേടി  യാത്രയാവുകയാണ് .



ജീവിതത്തിന്റെ  നിലനിൽ‌പ്പിനും, സന്തോഷത്തിനും  സ്വപ്നങ്ങള്‍ ഒരുപാടു സഹായിക്കുന്നു.  വർണ്ണങ്ങളൊഴിഞ്ഞ ആകാശത്തില്‍ പാറിപ്പറന്നു അനുസൂതം യാത്ര ചെയ്യാൻ സ്വപ്നങ്ങൾക്കേ കഴിയു. പൊങ്ങിയും താണും യാത്ര തിരിക്കുമ്പോള്‍ പലപ്പോഴും കരയ്ക്ക് എത്താറുണ്ട്.  മഴവില്ലിന്‍ കൂടാരം..!! സ്വപ്നങ്ങള്‍; അതെന്നും പ്രിയങ്കരം. വരാന്‍പോകുന്ന കാര്യങ്ങള്‍ പലപ്പോഴും സ്വപ്നങ്ങള്‍ കാണിച്ചു തരുമ്പോൾ; പലതും  അത്ഭുതത്തോടെ നോക്കി കണ്ടിടുണ്ട്. 'നോൺ ടാക്സബിൾ 'ആണല്ലോ;  ആയതിനാല്‍ എങ്ങിനെയും കാണാം. കാണുമ്പോളിനി എന്തിനാ കുറയ്കുന്നെ !!     നമുക്ക് അടിപൊളിയായി കാണാം എന്ന രീതിയാണ്‌ എതായാലും എന്റേത്.  സ്വപ്നങ്ങളുടെ എഴുവര്‍ണ്ണങ്ങളില്‍  മഴവില്ലിന്‍ ചാരുത വിടര്‍ത്തുമ്പോള്‍ പൊഴിയുന്ന ശ്രുതിസാന്ദ്രമായൊരു സംഗീതം പോൽ..!!  തംബുരു തന്ത്രികളില്‍ മീട്ടിയ മോഹന രാഗം പോലെ സ്വപ്നങ്ങൾ നിറഞ്ഞിടുന്നു. സ്വപ്നങ്ങള്‍  ചിലപ്പോള്‍ വരാന്‍ പോകുന്ന പ്രശ്നങ്ങളുടെ മുന്നോടിയായി വരുമ്പോള്‍.. അത് തന്നെ പിന്നീട് സംഭവിക്കുമ്പോൾ.. അതെല്ലാം  പറഞ്ഞു അറിയിക്കാന്‍ പറ്റാത്ത ഫീലിംഗ് ആണ് .   പകല്‍കിനാവു കാണുന്നതിന്റെ  ഉസ്താദാണ്!!  അങ്ങിനെ കണ്ട ഒരു പാട്  കാര്യങ്ങള്‍ നടന്നിട്ടുമുണ്ട്. എന്താഗ്രഹിച്ചാലും നടക്കുന്നതു സ്വപ്നത്തില്‍ മാത്രമല്ലെ?? യാതൊരു തടസ്സവുമില്ലാതെ,  കേടുപാടുകള്‍  സംഭവിക്കാതെ, അംഗഭംഗങ്ങൾ വരാതെ  നിയന്ത്രണം വിട്ട പട്ടം പോല്‍ പാറി നടക്കാന്‍ സ്വപ്നത്തിനാകും.  ‘സ്വപ്നങ്ങളെ നിങ്ങള്‍ സ്വര്‍ഗ്ഗകുമാരികള്‍ അല്ലോ..’ അതേ..  എന്നു തന്നെ എന്റെയും അഭിപ്രായം.  സ്വപ്നങ്ങളുടെ  ലോകത്ത് ജീവിക്കുമ്പോള്‍ ഒരു ടെന്‍ഷനുമില്ല. എന്ന് വിചാരിച്ചു യാഥാര്‍ത്ഥ്യങ്ങളുടെ നേരെ  മുഖം തിരിക്കുകയുമരുത് കെട്ടോ. ഭാവിയെക്കുറിച്ചു നല്ലപോലെ സ്വപ്നം കണ്ടാലെ അതിനനുസരിച്ച്  ഉന്നതികളിലെയ്ക്ക് ഉയരാന്‍ സാധിക്കൂ.  ഒരുപാടു കാണുമ്പോള്‍ കുറച്ചെങ്കിലും നടക്കും. നിരാശ ഇല്ലാതെ ആക്കുവാന്‍ ഒരുപരിധി വരെ സഹായകമാകാറുണ്ട്.  സ്വപ്നത്തില്‍ പലകാര്യങ്ങളും നടന്നു കാണുമ്പോള്‍ അത് ഇങ്ങിനെയെങ്കിലും നടന്നു കണ്ടുവല്ലോ എന്നുള്ളൊരു സന്തോഷം; കുറച്ചു നേരത്തെക്കെങ്കിലും മനസ്സിനു ഉന്മേഷവും ഉണർവ്വും തരാറില്ലെ. ഐശ്വര്യ തൊട്ടു  എല്‍സമ്മ വരെ ആയി സ്വയം മാറുന്നത്  സ്വപ്നത്തിൽ കാണാമല്ലോ. അപ്പോള്‍ എന്തിനു കുറക്കണം.  കാണുന്നവരുടെ മനോധര്‍മ്മം   അനുസരിച്ച്  കാണുക.  സ്വപ്നം തരംതിരിച്ചു നോക്കിയ ശേഷം നടത്താന്‍ സാധിക്കുന്നതും ,അസ്വദിക്കാൻ ഉള്ളതും  മനസ്സിലാക്കി പ്രവര്‍ത്തികുക.  വർണ്ണക്കൂട്ടുകൾ കൊണ്ട് അലക്ഷ്യമായി തൂവിയിട്ട ഒരു ചിത്രം പോലെ..  നേര്‍ത്ത സംഗീത്തിൽ അലിഞ്ഞു ചേര്‍ന്ന് സ്വപ്നം എന്നാ മാന്ത്രിക കൂടില്‍ വിഹരിച്ചു പറക്കാം..!!