Followers

Sunday, 22 August 2010

.ഇത്തവണയും ഓണം നമ്മുക്ക് വേണ്ടി സ്പോണ്‍സര്‍ ചെയുന്നത് തമിഴ് നാട് തന്നെ

ഓണം കുട്ടികളെ  സംബന്ധിച്ചു പരീക്ഷ കഴിഞ്ഞുള്ള  ദിവസങ്ങളായതിനാല്‍ അവരാണ് ശരിക്കും  ഓണത്തിന്റെ വരവിൽ  സന്തോഷിക്കുന്നത്.  മുക്കുറ്റിയും തുമ്പപ്പൂവും തേടി നടന്ന ബാല്യം ഇന്ന് ഓര്‍മ്മകളില്‍ മാത്രം.
ഓണം  ഇപ്പോഴും  എല്ലാവര്‍ക്കും പ്രിയങ്കരമാണ്. ഒത്തിരി കച്ചവടീകരിച്ചു മട്ടിലും ഭാവത്തിലും  ലാളിത്യം മാറിയാണ്  ഓണം നമുക്ക് മുൻപിൽ ഇപ്പോൾ എത്തുന്നത്.  എന്നാലും  ഓണത്തിന്റെ   പത്തു ദിവസം പോകുന്നത്  അറിയില്ല.  ഒഴിവു ദിവസങ്ങള്‍ മൊത്തം ഉത്സവം പോലെ കൊണ്ടാടാന്‍ സാധിക്കുന്നത് ഓണത്തിന് മാത്രം സ്വന്തം. വള്ളംകളി, തുമ്പി തുള്ളല്‍ , തിരുവാതിരകളി, കുമ്മാട്ടി, പുലിക്കളി, ഓണത്തല്ല്, തലമപ്പപന്ത് കളി  എന്നിങ്ങനെ പലതരം കളികളും കലകളുമായി ബന്ധപ്പെട്ടൊരു  ആഘോഷം വേറെയില്ല.  പൂക്കളും, തുമ്പികളും, കൊയ്ത്ത് കഴിഞ്ഞ നെല്‍ പാടങ്ങളും എല്ലാം ഓണത്തിന്റെ മാത്രം പ്രത്യേകത.  വീട്ടുമുറ്റത്ത്‌ വയ്ക്കോല്‍ കൂനകള്‍ നിറയുമ്പോള്‍ അവയ്ക്ക് മുകളിലുടെ പറക്കുന്ന തുമ്പികളെ  പിടിക്കാന്‍  ഞാനും എന്റെ അനിയനും  തമ്മില്‍ ഒരു  മത്സരമാണ്‌.  തുമ്പിയെ പടിച്ചു കല്ലെടുക്കല്‍, വാലിൽ നൂലു കെട്ടി പറപ്പിക്കൽ അങ്ങിനെ ഓരോ..  ഇന്നിപ്പോള്‍  തുമ്പിയുമില്ല; മണ്ണും ഇല്ല എന്ന മട്ടാണ്. തറവാട്ടില്‍ എല്ലാവരും   ഓണത്തിന് എത്തുമ്പോള്‍ ഞങ്ങള്‍ കുട്ടിപട്ടാളം ‘തലമ പന്ത്‘  കളിക്കാന്‍ പുറപ്പെടും. വീട്ടില്‍  മുഴുവനുംആണ്‍കുട്ടികള്‍  ആണ്. അപ്പോള്‍ അവരുടെ കൂടെ കൂട്ടണം എങ്കില്‍ പന്ത് കളിയ്ക്കാന്‍ ചെല്ലണം. തലമ  തൃശൂര്‍ ജില്ലയില്‍  ചേലക്കരയില്‍  മാത്രമുള്ള കളിയാണ്‌.  ഇപ്പോള്‍ ചിലയിടത് ഒക്കെ  ഉണ്ടെങ്കിലും  ഞങ്ങളുടെ  നാട്ടില്‍  ഉള്ള കളിയില്‍  നിന്നും വ്യത്യസ്തമാണ് മറ്റിടങ്ങളിൽ.  കൈ കൊണ്ടും കാൽ കൊണ്ടുമാണ് ഈ കളി കളിക്കുക. തോല്‍ പന്താണ്  ഉപയോഗിക്കുന്നത്.  ചോറ് നിക്കീയ ചകിരി മൃഗത്തോലില്‍  പൊതിഞ്ഞാണ്  പന്ത് ഉണ്ടാക്കുന്നത്. ഏഴു പേരുള്ള ടീം ആണ്  കളിയ്ക്കാന്‍ ഇറങ്ങുക.  തലമ, ഒറ്റ , എരട, തോടമ, പിടിചാന്‍, കാക്കൂടി,  ഒടി തുടങ്ങിയ  ഏഴു ഘട്ടങ്ങള്‍  കടന്നാണു കളി നടക്കുക. കൊച്ചിരാജാവ്  വഴിയാണ് ഈ കളി ഇവിടെ എത്തിയത് എന്നാണു പഴമക്കാര്‍ പറയുന്നത്. വാശിയേറിയ കളിയായതോടെ ഇപ്പോള്‍ ട്രോഫി  ഒക്കെ കൊടുക്കുന്നുണ്ട്.  ഓണം; ഇതുപോലുള്ള  പലതരം കളികളും കൂടേ ചേര്‍ന്നത് ആണല്ലോ. കുട്ടികളില്‍  ഓണത്തിന്റെ  മഹത്വം എത്രത്തോളം എത്തുന്നുണ്ട്  എന്ന് അറിയില്ല.  എന്നാലും പഴയ ആചാരങ്ങളും, അനുഷ്ഠാനങ്ങളും പകര്‍ന്നു നല്‍കേണ്ടത്  നമ്മള്‍ മുതിർന്നവർ തന്നെ.


ഇന്നിപ്പോള്‍തമിഴ് നാട്ടില്‍  നിന്നും പൂക്കള്‍ വരുന്നതിനാലാണല്ലോ നമ്മുടെ നാട്ടില്‍ ഓണം ആഘോഷിക്കാന്‍ സാധിക്കുന്നത്‌. കേരളത്തിന്റെ ഈ ദേശിയ ഉത്സവം  സ്പോണ്‍സര്‍ ചെയുന്നത് തമിഴ്നാടാണിപ്പോൾ.  ഈ പരിപാടി നിങ്ങള്‍ക്കായി സമര്‍പ്പിക്കുന്നത്  ഈ കമ്പനി, ആ കമ്പനി എന്നൊക്കെ പറയുന്നതു പോലെ  പച്ചക്കറികളും പൂക്കളും;  ഇനി ഇപ്പൊ കോഴി വേണമെങ്കില്‍, (കണ്ണൂര്‍ സൈഡിലൊക്കേ  ഓണത്തിന് കോഴിക്കറി വേണമല്ലോ!!)  അതു നമുക്ക് നിർലോഭം വിതരണം ചെയ്യുന്ന തമിഴ്നാടിനാണു ഇത്തവണയും  ഓണം നമുക്ക് വേണ്ടി സ്പോണ്‍സര്‍ ചെയ്യുവനുള്ള ഭാഗ്യം കിട്ടിയിരിക്കുന്നത് !!  ഒരു കിറ്റ്‌ പൂ കിട്ടണമെങ്കില്‍ അമ്പതു രൂപ  കൊടുക്കണം.  അതില്‍ അധികവും  ചെണ്ടുമല്ലി,  വാടാമല്ലി ഒക്കെയാണ്.  നാടന്‍ പൂക്കളൊക്കെ  ദുബായിക്ക്  പോയോ?? അതോ അമേരിക്കയിലേയ്ക്കോ??  അവിടൊക്കെയല്ലെ ഇപ്പോൾ ഓണം തകൃതിയായി   നടക്കുന്നത്.

ഇവിടെ തൃശ്ശൂരിലെ ഓണം പറയാം..
KTDC  ഓണം ഈ കൊല്ലവും ഉണ്ട് കേട്ടോ.  പായസമേള    റെഡിയായി.(ചിത്രങ്ങള്‍  ഫോട്ടോ ബ്ലോഗിലുണ്ട്  ഓണത്തിരക്കും,പായസ  മേളയും )  തേക്കിന്‍കാട്‌  മൊത്തം  പൂകച്ചവടക്കാര്‍  ഏറ്റെടുത്തു.  (ഇന്ത്യാവിഷന്‍  നികേഷ് കുമാർ പറയുന്നപോലെ) മാവേലി സ്റ്റോറുകൾ, സപ്ലൈകോകൾ ഇത്യാദി എല്ലാ വിഭാഗക്കാരും ന്യായവിലയിൽ പലചരക്കുകൾ വിതരണത്തിനു സജ്ജമായി മത്സരിച്ച് ഓണവിപണിയിൽ ഒരുങ്ങിഎത്തിയിട്ടുണ്ട്.  സ്ഥലം ഗവണ്മെന്റ്  മോഡല്‍ ഗേള്‍സ്‌  സ്കൂൾ.  സത്യത്തില്‍ ഇപ്പോൾ ഇതുപോലുള്ള  വിപണികള്‍ കാണുമ്പോളാണ് ഓണംദിനങ്ങൾ ആഗതമായിയെന്നത്  ശരിക്കും ഫീല്‍ ചെയുന്നത്.  തൃക്കാക്കരപ്പനെ ഒന്നു കാണേണ്ടതു തന്നെ!!  ഓടിലും ,മരത്തിലുമൊക്കെയുള്ള ഓണത്തപ്പന്മാർ  വിപണിയില്‍ സുലഭമായി എത്തിയിട്ടുണ്ട്.  ഒട്ടുമിക്ക തൃശൂരിലെ ഹോട്ടലുകളും വിപുലമായ ഓണസദ്യ വാഗ്ദാനം ചെയ്ത് തയ്യാറായിട്ടുണ്ട്.  പിന്നെ വസ്ത്രവ്യാപാരസ്ഥാപനങ്ങൾ;  മനം കവരുന്ന ഇളവുകളും   കൊതിപ്പിക്കുന്ന പരസ്യങ്ങളുമായി ജനഹൃദയങ്ങളെ ആകർഷകമാക്കുന്നു.  പുരുഷജനങ്ങളുടെ പോക്കറ്റ്‌ ഭാരം കുറക്കാന്‍  ഭാര്യമാരുടെ സഹായിയായി ഇത്തരം വമ്പിച്ച റിഡക്ഷൻ സെയിലിൽ വിതരണം ചെയ്യുന്നത്; പലപ്പോഴും ഒട്ടും നിലവാരമില്ലാത്ത വസ്ത്രങ്ങള്‍  ആയിരിക്കും.  ഇനി അപ്പോള്‍ പത്രങ്ങളിലൂടെ  നോക്കിയാലോ?  പരസ്യങ്ങളുടെ മറ്റൊരു മായാലോകം.  വീട്ടില്‍ നന്നായി ഓടുന്ന ടീ വീ, ഫ്രിഡ്ജ്  തുടങ്ങിയ  ഉപകരണങ്ങള്‍; എന്തിനു അടുപ്പ് പോലും പോയി മാറ്റി വാങ്ങാന്‍ തോന്നും. അത്രയ്ക്ക് പരസ്യങ്ങള്‍  സ്വാധീനിക്കുന്നുണ്ട് ഓണക്കാലങ്ങളിൽ ജനങ്ങളെ..!!

പൂക്കള മത്സരങ്ങള്‍ അരങ്ങു തകര്‍ക്കുന്നുണ്ട്. ലുലുവില്‍ ഏറ്റവും വലിയ പൂക്കളം ഒരുക്കിയത് വാര്‍ത്തയില്‍ വന്നത്  കഴിഞ്ഞ ദിവസങ്ങളിലാണല്ലോ. സ്കൂളുകളിലും ഇപ്പോൾ വിപുലമായ രീതിയിൽ ഓണാഘോഷം നടത്തുന്നത് കൊണ്ട് കുട്ടികള്‍ക്ക് ഓണത്തിനെ കുറിച്ച് കൂടുതൽ അറിവ് ലഭിക്കുന്നുണ്ട്.  പല വിദ്യാലയങ്ങളും ഇപ്പോളിതൊരു  അഭിമാന പ്രശ്നം പോലെയാണു നടത്തുന്നത്.  മോന്റെ L KG  ക്ലാസ്സില്‍  പൂക്കളമത്സരം ആയിരുന്നു.  എല്ലാകുട്ടികളും ഒറ്റയ്ക്ക് പൂ ഇടണം. എന്തായാലും മോന് കിട്ടി ഒന്നാം സ്ഥാനം..!!  പൂക്കള്‍  വാങ്ങി  കൊടുത്തതില്‍  പകുതിയും അവന്‍ തിരിച്ചു കൊണ്ട് വന്നപ്പോള്‍;  എന്തു രൂപത്തിലായിരിക്കും പൂക്കളം (പൂക്കൊളം) എന്ന്  വിചാരിച്ചിരുന്നു.  ചെന്നപ്പോള്‍  സമ്മാനം കിട്ടിയിരിക്കുന്നു.  സന്തോഷമായി കെട്ടോ. എന്നാലും പിള്ളാര്‌ പാവം  ഒറ്റയ്ക് ഇട്ടതല്ലേ;  ഒരുകണക്കിന് എല്ലാവരും  വിജയികള്‍ തന്നെ.  മൂത്തവന്റെ സ്കൂളിൽ  ആഘോഷം  രക്ഷിതാക്കൾ കൂടി പങ്കെടുത്തു കൊണ്ടാണു. അവരുടെ കലാപരിപാടികളാണു  മക്കള്‍ക്ക്‌ വേണ്ടി. നാടകം, ഡാന്‍സ് എന്നൊക്കെ പറഞ്ഞു ഒന്നു രണ്ടു വർഷമൊക്കെ പങ്കെടുത്തു.  ഇപ്പോള്‍ പുതിയ ആളുകൾക്ക്  ഒഴിഞ്ഞു മാറി കൊടുത്തു.  പുലിക്കളി, കുമ്മാട്ടി ഒക്കെ സ്കൂളില്‍  ഉണ്ടാകാറുണ്ട്.  അതും ഒരു രസം !!

തൃശൂര്‍ പുലിക്കളി പ്രസിദ്ധം ആണല്ലോ.  പുലികള്‍ക്കു പ്രതിഫലം കൂട്ടണമെന്നും പറഞ്ഞു  നിലവിളിയാണ്.  എന്തായാലും ഇത്തവണ  സമ്മാന തുക കൂട്ടാം എന്ന് മേയര്‍  വാഗ്ദാനം ചെയ്തിരിക്കുന്നു.  അതുകൊണ്ട് തന്നെ പുലിക്കളിക്കാർ സന്തോഷത്തിലാണ്. പുലിക്കളി പിരിവും നടക്കുന്നു. എന്തൊക്കെ പറഞ്ഞാലും  നാലാം ഓണം തൃശൂര്‍ നിവാസികള്‍ക്ക്  അത്യന്തം സന്തോഷമേകുന്ന ദിവസമാണ്. അരമണി കുലുക്കി വരുന്ന പുലികളും, അവരുടെ അലര്‍ച്ചയും കൊണ്ട് മുഖരിതമായി ത്രിശ്ശൂർ നഗരവും നഗരവാസികളും ആഹ്ലാദതിമിർപ്പിൽ നിറയും.   ഓരോ തവണയും വീറും വാശിയുമുള്ള പുലിക്കൂട്ടങ്ങൾ ഇറങ്ങുന്നുണ്ട്.  ഇതൊക്കെയെങ്കിലും ഈ തവണത്തേ പ്രധാന വിശേഷം സദ്യയേക്കുറിച്ചുള്ളതാണ്. തൃശ്ശൂരില്‍ കണ്ണന്‍ സ്വാമി എന്നൊരു വിദ്വാൻ സദ്യക്കായി മാത്രം ഒരു “സൂപ്പര്‍ മാര്‍ക്കറ്റ്‌ " തുടങ്ങിയിരിക്കുന്നുവത്രെ !!  അപ്പോള്‍ ഓണത്തിനു തൃശൂര്‍ക്കാര്‍ക്ക് സദ്യയ്ക്ക് ഒരു ക്ഷാമവും ഉണ്ടാകില്ല എന്ന് ചുരുക്കം. പായസം,കാളന്‍, ഓലന്‍  തുടങ്ങി ഇത്യാദി എല്ലാ  വിഭവങ്ങളും സെലെക്ട് ചെയ്ത് വേണ്ടത് നമ്മുക്ക് വാങ്ങാം !!  നേരത്തേ  ബുക്ക്‌ ചെയ്തിട്ടില്ല എന്ന പ്രശ്നമൊന്നും വരുന്നില്ല.  എത്രയാവശ്യവും നിറവേറ്റി കൊടുക്കുമത്രേ !!  അപ്പോ ഇനി;  അതിഥി ദേവോ ഭവ: എന്ന വാചകം സത്യം ആക്കാം ഓരോ തൃശൂര്‍ക്കാരനും..:)

ഓണം; മഹാബലിത്തമ്പുരാൻ  ഭരിച്ച  ആ മനോഹരമായ നിമിഷങ്ങള്‍, അതെല്ലാം ഇനി സ്വപ്നങ്ങളിൽ മാത്രം.  ഹര്‍ത്താലും, ലഹളകളും  നിറഞ്ഞു  നമ്മുടെ നാട്ടില്‍ നല്ല ഒരു  വികസനം പോലും ഇല്ല.  ആകെ;  “ഓണത്തിന് ഇടയ്ക്കു പുട്ടുകച്ചവടം“  കാസറ്റ് മാത്രം മുടങ്ങാതെ എല്ലാ കൊല്ലവും വരുന്നുണ്ട്.  പൂക്കളും, പച്ചക്കറികളും എല്ലാം നമ്മുടെ നാട്ടില്‍ നിന്നു തന്നെ  കിട്ടുമോ?  അങ്ങിനൊരു ഓണം നമുക്ക് സ്വപ്നം  കാണാം.  മുല്ലപ്പൂവും  സെറ്റുമുണ്ടും പാലക്കാമാലയും അണിഞ്ഞു  അമ്പലത്തില്‍ പോയി വരുന്ന മലയാളീ മങ്കകള്‍  അവരാണ്  ഓണത്തിന്റെ ഒരു സൗന്ദര്യം.  അതെങ്കിലും അന്യം നിന്നു പോവാതെ നമുക്കു കാത്തുസൂക്ഷിക്കാം.  ഏല്ലാവര്‍ക്കും എന്റെയും കുടുംബാഗംങ്ങളൂടേയും  നന്മ നിറഞ്ഞൊരു ഓണം ആശംസിക്കുന്നു

14 comments:

പട്ടേപ്പാടം റാംജി said...

ചേലക്കരയില്‍ മാത്രമല്ല തലമ കളി ട്ടോ. ഞങ്ങളുടെ നാട്ടിലും അന്നത്തെ പ്രധാന കളി തലമ തന്നെ. പക്ഷെ ഞങ്ങള്‍ ഉപയോഗിച്ചിരുന്നത് തെന്ഗ്ന്റെ ഓല കൊണ്ട് നെയ്യുന്ന പന്തുകല്‍ക്കാണു മുന്‍ഗണന. റബര്‍ പന്തും ഉപയോഗിക്കും.
എന്തായാലും ഓര്‍മ്മകള്‍ കൂടുതല്‍ ഉണര്‍ത്തിയ പോസ്റ്റ്‌.

ഓണാശംസകള്‍.

jayanEvoor said...

തമിഴ് നാട് സഹായമില്ലാതെ പൂക്കളം ഇടുന്ന ധാരാളം ഗ്രാമീണർ ഇന്നുമുണ്ട് കേട്ടോ...!

ആ പടങ്ങൾ ഒത്താൽ സംഘടിപ്പിച്ച് ഇടാം.

ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ!

(എന്റെ ഓണം ഓർമ്മകൾ ഇവിടെയുണ്ട്.

http://www.jayandamodaran.blogspot.com/)

Jishad Cronic said...

ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ!

Manoraj said...

എന്തൂട്ടാടാ ഗഡീ ഇതൊക്കെയാ നമ്മടെ തൃശൂരത്തെ ഓണോട്ടാ.. കേട്ടോടാ കിടാവേ...

ഓണാശംസകള്‍ നേരുന്നു..

SAJAN S said...

ഓണാശംസകള്‍.....!

Vayady said...

എന്റെ ഹൃദയം നിറഞ്ഞ ഓണാശംസകള്‍.

ഹരീഷ് തൊടുപുഴ said...

അപ്പോൾ പൌർണ്ണമിയുടേയും കുടുംബാഗംങ്ങളൂടേയും ഇന്നത്തെ തിരുവോണം കണ്ണൻസ്വാമി അവർകളൂടെ സ്പെഷിയൽ ഐറ്റെംസ് രുചിച്ചു സംതൃപ്തിയടഞ്ഞുകൊണ്ടാകട്ടേയെന്നു ആത്മാർത്ഥമായി ആശംസിക്കുന്നു..

തിരുവോണാശംസകളോടേ..

siya said...

എന്‍റെയും ഓണാശംസകള്‍ ......

ആളവന്‍താന്‍ said...

എന്‍റെയും...!

സലീം ഇ.പി. said...

വിസ്തരിച്ചു വായിച്ചു. കൊള്ളം കേട്ടോ..ഓണാശംസകള്‍ !

Captain Haddock said...

ഓണാശംസകള്‍!!!

ശ്രീനാഥന്‍ said...

ഓണമൊക്കെ ഭംഗിയായി ആഘോഷിച്ചിരിക്കുമല്ലോ. പഴയ ഓണസ്മരണകളും, ഇപ്പോഴത്തെ ഓണകാഴ്ചകളുമൊക്കെ നന്നായി എഴുതിയിട്ടുണ്ട്! ആശംസകൾ!

നിയ ജിഷാദ് said...

aashamsakal

കുസുമം ആര്‍ പുന്നപ്ര said...

കപ്പിത്താനില്ലേ...