Followers

Tuesday, 27 September 2011

തറവാട്


ഒരു വാക്ക് പോലും പറയാന്‍ ആകാതെ എന്തിനോ ആര്‍ക്കോ എന്നോ അറിയാതെ നിശബ്ദതയുടെ ആഴം തേടി  പതുക്കെ നീന്തുമ്പോള്‍ നെഞ്ചിനകത്ത്  വല്ലാത്തൊരു വിങ്ങല്‍ മുഴങ്ങുന്നുണ്ടായിരുന്നു.  പാടത്തിനരികിലെ കുളത്തിന്റെ ഓരത്ത് കൂടെ  നടന്നു വരുമ്പോള്‍  പതിവില്ലാതെ  ഓളങ്ങള്‍ തമ്മില്‍ ഇമ വെട്ടാതെ  എന്നെ തന്നെ നോക്കി നില്‍ക്കുന്ന പോലെ. വല്ലാത്തൊരു   വശ്യത  ഉണ്ടെന്നൊരു തോന്നല്‍. കറുകപുല്ലുകള്‍ നീണ്ടു വളര്‍ന്നു കുളത്തിന്റെ  കരയാകെ പച്ചപട്ടു വിരിച്ചപോലെ കിടക്കുന്നതു കാണുമ്പോള്‍ തന്നെ മനസ്സില്‍ സൌന്ദര്യം നിറഞ്ഞു  തുളുമ്പുന്നു. പ്രാണന്‍ പിടയുന്ന സങ്കടം വാക്കുകള്‍  ആയി  പ്രവഹികുമ്പോള്‍ വിശിഷ്ടമായ  കവിതകളോ സൃഷ്ടികള്‍ ഒക്കെ ആയി മാറുന്നു  എന്ന് പറഞ്ഞു കേട്ടത്  സത്യം തന്നെ. അല്ലെങ്കിലും അന്യന്റെ  പ്രാണവേദന  ക്യാമറക്ക് അകത്തു പകര്‍ത്താന്‍  ഉത്സാഹം  കാണിക്കുന്ന ഈ കാലത്ത് ഇതിലേറെ എന്ത് പ്രതീക്ഷിക്കാന്‍! കുളത്തിന്റെ  കടവുകളില്‍ മെല്ലേ പോയി ഇരുന്നു ഓളങ്ങളെ നോക്കി സംസാരിക്കാന്‍ വെറുതേ ഒരു ശ്രമം നടത്തി. പാടത്തു  ആരുമില്ല, കാറ്റു മാത്രം ഇടയ്ക്കിടക്ക്  ശബ്ദം ഉണ്ടാക്കാന്‍ ശ്രമിച്ചു നടക്കുന്നുണ്ട്.




വെറുതേ തിരിഞ്ഞൊന്ന്  ജീവിതത്തിലേക്ക്  നോക്കുമ്പോള്‍ എന്തുവാ പറയുക, ഒരുമാതിരി  മറ്റുള്ളവര്‍ക്ക് വേണ്ടി  ഷോ  നടത്തുന്ന പോലെ. സര്‍ക്കസ്സു കളിക്കുന്ന കളിക്കാര്‍ ഇതിലും ഭേദം  എന്ന് പലപ്പോഴും തോന്നി.  കോമാളികളുടെ ജീവിതം മറ്റുള്ള ആളുകള്‍ക്ക് സന്തോഷം പകരാന്‍ സാധിക്കും, എങ്കില്‍ ഇവിടെ നാടകമല്ലാത്ത യഥാര്‍ത്ഥ ജീവിതത്തില്‍ ആട്ടങ്ങള്‍ പലപ്പോഴും കഥ അറിയാതെ ആകുമ്പോള്‍  കാണിക്കള്‍ക്ക് ഹരം കൂടും.. ആര്‍പ്പും വിളിയും.. മസാലയും കൂടും.. എന്തിനും ഏതിനും  കുറവ് ഇല്ലാതെ, ഒരു സാള്‍ട്ട് ആന്‍ഡ്‌  പെപ്പെര്‍ പടംകണ്ടിരിക്കുന്നതു   പോലെ! അന്യന്റെ ജീവിതം കണ്ടു രസിക്കാന്‍ ആളുകള്‍ ഏറെയുള്ള  കാലം.  അടുത്ത് കണ്ട ചെറിയ ഒരു  കല്ല്‌ എടുത്തു  കുളത്തിലേക്ക്‌ എറിഞ്ഞു. ശബ്ദം അത്ര വന്നില്ല എങ്കിലും ഓളം ഉണ്ടാക്കാന്‍ സാധിച്ചു. ശരിക്കും ജീവിതം പോലെ തന്നെ.  നിസ്സാരം എന്ന്  കരുതുന്ന  കാര്യങ്ങള്‍  പോലും കുളത്തില്‍ ചെറിയ കല്ല്‌ കൊണ്ട് ഉണ്ടാക്കിയ  ഓളങ്ങള്‍  പോലെ പര്‍വ്വതീകരിക്കപ്പെടുന്നു.  ഗീതു നെടുവീര്‍പിട്ടു. ശ്വാസത്തിനു പോലും  ഒരു ഏറ്റകുറച്ചില്‍. ഓര്‍മ്മകള്‍  പതിയെ പിന്നോട്ട്  നീങ്ങിയപ്പോള്‍  പാടത്തിന്‍ വരമ്പത്ത്  വന്നു നിന്നു. പാടത്ത്  പണ്ട് കതിര്  കിളികള്‍ തിന്നാതെ ഇരിക്കാന്‍ എത്ര തവണ  പാട്ടയും കൊട്ടി  കുളത്തിനു അടുത്ത് വന്നു നിന്നിരിക്കുന്നു. അമ്മൂമ്മയുടെ  കൈയും പിടിച്ചു  കുളത്തിനു അടുത്തെ  പാടത്തിന്റെ വരമ്പത്ത്  വന്നു നില്‍ക്കും. കൊട്ടി കൊട്ടി  കൈ കടയുമ്പോള്‍  കതിര് വരും മുന്‍പുള്ള  പൊട്ടല്  പൊട്ടിച്ചു കടിക്കും. നല്ല മധുരംആണ് അതിനു. അതോര്‍ത്തപ്പോള്‍ തന്നെ ചുണ്ടില്‍ ചെറിയൊരു പുഞ്ചിരി വിരിഞ്ഞു. എത്രനാളായി  ഇതുപോലൊരു  പുഞ്ചിരി മുഖം നിറയ്ക്കാന്‍ വന്നിട്ട്. ഒരു മാതിരി തൃശ്ശൂ ഭാഷയില്‍  പറയുകയാണെങ്കില്‍  ഈ ഒറിജിനല്‍  ഘടി(പുഞ്ചിരി)  നമ്മുടെ അടുത്ത് റോള്‍ കാട്ടാന്‍ തുടങ്ങിയിട്ട്  നാളുകള്‍ ഏറെയായിരിക്കുന്നു. പാടത്ത്   വരമ്പിന്‍  പൊത്തില്‍ നിന്നും  പുറത്തേക്കു വരുന്ന ഞണ്ടിന്‍കുട്ടികള്‍  മുന്നോട്ടാണോ പിറകോട്ടാണോ നടക്കുന്നത്  എന്ന് നോക്കി ഇരിക്കുന്ന നേരത്ത്, അമ്മൂമ്മ അടുത്തുള്ള വീടുകളില്‍ അനേഷണം ആയി  പോയിരിക്കും.  ഞാന്‍ അപ്പോഴെല്ലാം ഈ കിളികളും കുളവും കതിരുകളും ഒക്കെയായി  സംസാരിച്ചിരിക്കും. ഇന്നിപ്പോള്‍  വീണ്ടും  ഈ  കുളംകടവില്‍. കുളം  ആകെ പൊട്ടി നാശമായി തുടങ്ങിയെങ്കിലും  അതിലെ വെള്ളവും  ഓളവും എന്നെ കണ്ടതും തിരിച്ചു അറിഞ്ഞു.  ഭാഗ്യം!  ഗീതു മനസ്സില്‍ പറഞ്ഞു. ഒക്കെ മുഖം മുടി അണിഞ്ഞ  ഈ കാലത്ത്  ഇവരെങ്കിലും  അറിഞ്ഞ ഭാവം  കാണിച്ചല്ലോ. പാടം ഒക്കെ നികത്തി വീടുകള്‍ ഉണ്ടാക്കി കൊണ്ടിരിക്കുന്നു. ദൂരെ നിന്നാല്‍ കാണുന്ന തോടും അമ്പലവും എല്ലാം കോണ്‍ക്രീറ്റ്  വീടുകളുടെ  നിറപ്പൊലിമയില്‍  മറഞ്ഞു ഇരിക്കുന്നു. എന്താണ്ട് എല്ലാറ്റിനും ഒരു  വശപ്പിശക്‌ പോലെ അതോ എന്റെ ഈ നോട്ടത്തിനു ആണോ പ്രശ്നം..! ഗീതു  ഒന്നുകൂടി  തിരിഞ്ഞു നോക്കി. എല്ലാം മാറിയിരിക്കുന്നു.  ഇനി അങ്ങട് പഴയ കാലത്തേക്ക്  ഒരു  മാറ്റം  പ്രതീക്ഷിക്കാന്‍  പറ്റുമൊ? ഇല്ല, അതാണ് സത്യം. മെല്ലേ  തിരിഞ്ഞു നടക്കാന്‍ ശ്രമിച്ചു. ഈ നിമിഷങ്ങള്‍ ഇന്നിപ്പോള്‍  കിട്ടിയത്  ഇനി അടുത്ത തവണ വരുമ്പോഴേക്കും  മുഴുവന്‍  മറഞ്ഞിരിക്കും.  അപ്പചെടികള്‍ നിറഞ്ഞ ഇടവഴികള്‍  ഒക്കെ കൊച്ചു കൊച്ചു ടാര്‍ ഇട്ട  റോഡുകള്‍ ആയിരിക്കുന്നു. തറവാടിന്റെ  പിറകിലെ  വഴിയിലുടെ ഉള്ള യാത്ര മതിയാക്കി  തറവാടിന്റെ വളപ്പിലേക്ക് കയറി. വളപ്പ് മുഴുവന്‍  തൊട്ടാവാടികള്‍ കൊണ്ട് നിറഞ്ഞിരിക്കുന്നു.  സ്വത്തിന്റെ  ഭാഗം പ്രശ്നം കാരണം ആരുമില്ല  വളപ്പ്  നേരെയാക്കാന്‍. കൂട്ടുകൂടിയിരുന്ന് ഒരുമിച്ചു കളിച്ചു വളര്‍ന്ന സഹോദരങ്ങള്‍ പോലും  അങ്ങോട്ട്‌ ഇങ്ങോട്ടും തിരിഞ്ഞാല്‍ കുറ്റം പറയുന്ന അവസ്ഥയാണ്. പണ്ട്  തറവാട്ടു  വീട്ടിലേക്കുള്ള  ഇടവഴി വഴി വളപ്പില്‍ കേറുമ്പോള്‍,  ചെറിയമ്മമാര്‍   കൂക്ക് വിളികള്‍ കൊണ്ട് ശ്രദ്ധയെ ആകര്‍ഷിച്ച് എന്നാ വന്നേ, എങ്ങോട്ടാ എന്നൊക്കെ ഉറക്കെ വിളിച്ചു ചോദിക്കുമായിരുന്നു. തറവാട്ടില്‍  വിരുന്നുക്കാര്‍ വന്നാല്‍  അപ്പുറത്തും  ഇപ്പുറത്തും  ഉള്ള  ചെറിയമ്മമാര്‍  കറികള്‍ കൊണ്ട് ഓടിയെത്തിയിരുന്നു. ഇന്നിപ്പോള്‍ അവരുടെ വീടുകളിലും  മക്കള്‍  പലരും പലയിടത്തായി. അമ്മൂമ്മ മകന്റെ കൂടെ വളപ്പിന്റെ അങ്ങേ തലക്കല്‍  പുതുതായി  പണിത വീട്ടിലും. തറവാട്ടുവീട്  ഒരു അനാഥ പ്രേതം പോലെ, തലയുയര്‍ത്തിപ്പിടിച്ചു നില്‍ക്കുന്നു! മുത്തച്ഛന്റെ  ആത്മാവ് അവിടെ എവിടെയൊക്കെയോ കിടന്നു വിതുമ്പുന്നതു പോലെ. മക്കള്‍ ഒക്കെ  തരംകിട്ടിയാല്‍  അടുത്ത ആളെ ഇടിച്ചു  താഴ്ത്തി കാണിക്കാന്‍ ശ്രമിക്കുമ്പോള്‍  ആ ആത്മാവ് എങ്ങിനെ അത് സഹിക്കും?! നീതിക്കും യുക്തിക്കും അനുയോജ്യമായി മാത്രമേ കാര്യങ്ങള്‍ ചെയ്യാവൂ എന്ന്  മക്കള്‍ക്കെല്ലാവര്‍ക്കും മുത്തച്ഛന്‍  പറഞ്ഞു  കൊടുത്തിരുന്നത് ആണല്ലോ. എന്നിട്ടും..  ഉള്ളില്‍ നിന്ന് ഒരു വട്ടം കൂടി ദീര്‍ഘമായൊരു നെടുവീര്‍പ്പുയര്‍ന്നു. അമ്മൂമ്മ തറവാട്ടു വീട് പൂട്ടി പോയപ്പോള്‍ ആര്‍ക്കാര്‍ക്കും ഇല്ലാതെ അത് അടഞ്ഞു കിടന്നപ്പോള്‍, ഒരിറ്റു വെള്ളം പോലും കിട്ടാതെ  മച്ചിനകത്തെ  ദൈവങ്ങള്‍  നിലവിളി കൂട്ടുക ആയിരുന്നിരിക്കണം..!

കുട്ടികളും പേരമക്കളും ആയി ഓടി നടന്ന  തറവാടിന്റെ മുറ്റത്തു  കാല്മുട്ടോളം  വലുപ്പത്തില്‍  പുല്ലു വളര്‍ന്നിരിക്കുന്നു. അപ്പുറത്തെ വീട്ടില്‍ അമ്മൂമ്മയും  ഇപ്പുറത്ത്   ചെറിയമ്മ വലിയമ്മമാരും  ഒക്കെയുണ്ട്. എല്ലാവരുംമുണ്ട് എന്നാല്‍ ആരുമില്ല എന്ന അവസ്ഥ. തറവാട്ടു വീട് മാത്രം ആരോടും പരാതി ഇല്ലാതെ  തലയുയര്‍ത്തി തന്നെ നില്‍ക്കുന്നു. കിഴക്ക് ഭാഗത്ത്  കൊട്ടിലില്‍  മണല്‍  കൂട്ടിയിടുമ്പോള്‍  കുഴിയാനയെ  പിടിക്കാന്‍ എത്രയോ  നടന്നിരിക്കുന്നു. അതെല്ലാം തകര്‍ന്നു  കിടക്കുന്നു. ഉത്തരവും കഴുക്കോലും എല്ലാം. പരസ്പരം ഉത്തരം  ഇല്ലാത്ത ചോദ്യങ്ങള്‍ക്ക്  മുന്പില്‍ പല്ല് ഇളിച്ചു  കിടക്കുന്നു അവയെല്ലാം. കൊയ്തു കഴിഞ്ഞു  വൈക്കോല്‍ കൂനകള്‍ നിരത്തി  വെയ്ക്കുന്നത്  കാണാന്‍ തന്നെ നല്ല ചന്തം ആയിരുന്നു. ഓര്‍മ്മകള്‍ കാടു കേറിത്തുടങ്ങി..



അപ്പോഴേക്കും  മോന്‍ ഓടി വന്നു.   അമ്മേ.. അമ്മേ എന്താ മൊബൈല്‍  എടുക്കാത്തത്?  എത്ര നേരം ആയി  അച്ഛന്‍ വിളിക്കുന്നു. അവന്റെ  ആ വിളി  ഓര്‍മകളില്‍ നിന്നും ഉണര്‍ത്തി. മോന്‍ അവിടെ നില്‍ക്ക്,  ഇവിടെ നിറയെ കാടുപിടിച്ച് കിടക്കുകയാ. അമ്മേ ഇതെന്താ ഇവിടെ  ഈ പിങ്ക് പൂക്കള്‍ ഉള്ള ചെടി,  ഇല തൊടുമ്പോള്‍  വാടി പോകുന്നു!! അവനു ആകെയൊരു  സന്തോഷം.  അത് തൊട്ടാവാടിയാ മോനെ. അങ്ങിനെ  പറഞ്ഞാല്‍ ??
ടച്ച്‌ മി നോട്ട്..
ഓഹോഹോ  മനസ്സിലായി. അവന്‍ തലകുലുക്കി താല്പര്യത്തോടെ നോക്കിക്കൊണ്ടിരുന്നു. അവന്റെ കൈയുംപിടിച്ചു  മുന്‍പോട്ടു നടന്നു. മുന്‍പൊക്കെ ഈ വളപ്പില്‍ കേറുമ്പോള്‍ അത്യാവശ്യം   ഭക്ഷണം ഒക്കെ കിട്ടുമായിരുന്നു.  അരിനെല്ലിക്ക, ചാമ്പക്ക, കണ്ണി മാങ്ങാ.. അങ്ങിനെ അങ്ങിനെ ... മാതളച്ചെടിയുടെ  പൂവും, കാപ്പിച്ചെടിയുടെ പൂവും ഏറെ ഇഷ്ടമായിരുന്നല്ലോ. വീടിന്റെ പിറകു വശത്തെ അലക്ക് കല്ലിനടുത്ത്  നിറയെ കാപ്പി പൂക്കള്‍  ഉണ്ടായിരുന്നതോര്‍ത്തു.. വെള്ളനിറത്തില്‍.. എന്തൊരു മണമായിരിക്കുമെന്നോ. മോനെ അത് കാണിക്കാം എന്ന്  കരുതി   പതുക്കെ വീടിനു പിന്നിലേക്ക്‌ നടന്നു.  അവിടെ പക്ഷേ  എല്ലാം കരിഞ്ഞു ഉണങ്ങി നില്‍കുന്നത് കണ്ടപ്പോള്‍ ആകെ സങ്കടമായി. എന്താ അമ്മേ.. ഇവിടെ? ഒന്നുമില്ലെടാ  കുട്ടാ.. മനസ്സില്‍ ചെറിയ നൊമ്പരം പൊട്ടിത്തുടങ്ങിയിരുന്നു. അപ്പോഴേക്കും അവന്റെ അടുത്ത  ചോദ്യം;  ഇതെന്താ അമ്മേ ഈ വീട് പൂട്ടി ഇട്ടിരിക്കുന്നത് ? ഇതിന്റെ താക്കോല് കളഞ്ഞു പോയോ? ഹ്മം.. പോയി മോനെ; ഈ വീടിന്റെ സന്തോഷവും, സ്നേഹവും എല്ലാം നിറഞ്ഞ താക്കോല് പോയി.. ഒക്കെ തുരുമ്പ് എടുത്തു  പോയി.. ഇത്തിരി വിതുമ്പിയോ..
ഈ അമ്മക്ക് എന്താ!!  എന്ന മട്ടില്‍ എന്നെ നോക്കുന്നത്  കണ്ടില്ല എന്നു വച്ചു.  ഈ വീട്ടില്‍ ഒരിക്കല്‍ക്കൂടി വിളക്ക്  ഒന്ന് കത്തിച്ചു  വെച്ച്   ദീപം പറഞ്ഞു  ഉമ്മറത്ത്‌ വരാന്‍ പറ്റിയെങ്കില്‍..! പുറകിലെ അമ്മിക്കല്ലില്‍  മാങ്ങായും മുളകും ഉപ്പും കൂട്ടി ചതച്ചു എന്റെ  ചെറിയമ്മമാര്‍  വീണ്ടും എനിക്കും തന്നിരുന്നുവെങ്കില്‍..! അമ്മൂമ്മയുടെ  അടുത്ത് കിടത്തി  ഒരു കഥ കൂടി പറഞ്ഞു തന്നിരുന്നുവെങ്കില്‍... ഇന്നിപ്പോള്‍ ഏതു  ചെറിയമ്മ ഏതു വലിയമ്മ. അമ്മൂമയുടെ അടുത്ത് പോയാലും കുറെ  സങ്കടക്കഥകള്‍ മാത്രം.. അതുകൊണ്ട് തന്നെ അടുത്ത  തവണ  ഓണത്തിനു  ആരുടെയും വീട്ടിലും പോകുന്നില്ല. നാട്ടിലും വരുന്നില്ല. ഉള്ള പാടവും കുളവും കൂടി എന്നെ അങ്ങട്  മറക്കും മുന്‍പ് ഒന്ന് കാണാനെങ്കിലും പറ്റിയല്ലോ. ഇടിഞ്ഞു പൊളിയും മുന്പ് ഈ തറവാട്ടില്‍ പരിസരത്ത് മോനെ കൊണ്ട് വന്നു കാണിക്കുവാന്‍ പറ്റിയല്ലോ. അതുമതി!!  നിറഞ്ഞു വന്ന കണ്ണുകള്‍ കൈയ്യിലിരുന്ന കൈലേസുകള്‍ക്കൊണ്ടൊപ്പി ഗീതു കാറിനുള്ളില്‍ കയറി ഇരുന്നു. ഉള്ളില്‍ ഒരു തീരുമാനം  അപ്പൊഴേക്കും എടുത്തിരുന്നു.  എന്തിനാ ഒരുപാടു പാടവും ,ഭൂമിയും ഒക്കെ? ഭാഗവും പ്രശ്നങ്ങളും ആയി  ഉള്ള മനസമാധാനം  കളയണോ?  മക്കള്‍ രണ്ടു പേരുള്ളത്  കലഹിച്ചു  നില്‍ക്കുന്നത്  കാണാന്‍ വയ്യേവയ്യ ... ഞാന്‍ ഇല്ല ഒരു പക്ഷ ഭേദവും കാണിക്കാന്‍.. ഏട്ടന്റെ തോളില്‍  പതിയെ ചാരി ഇരുന്നു.. അപ്പോഴും ചെറിയ മോന്‍ എന്തൊക്കെയോ  ചോദിക്കുന്നുണ്ടായിരുന്നു..

17 comments:

ഫൈസല്‍ said...

ishtaai

എറക്കാടൻ / Erakkadan said...

ഇത് എഴുതാന്‍ മനസ്സില്‍ നിന്നും വന്നതല്ലെന്നു തോന്നുന്നു...എന്തോ ഇന്‍സ്പിരേഷന്‍ ഉണ്ട്...ഏതോ ഒരു എഴുത്ത് അല്ലെങ്കില്‍ രചന സ്വാധീനിച്ച പോലെ തോന്നി..ചിലപ്പോള്‍ എന്റെ തെറ്റാവും ...

pournami said...

erakkadan manssil ninnum vannthu thanneya...anyway thanks...ithellam ellayidathum ullakryam alle..

Manoraj said...

സ്മിതയുടെ എഴുത്ത് വല്ലാതെ ഇമ്പ്രൂവ്ഡ് ആയി. ഏറ്റവും നന്നായി തോന്നിയത് വെടിപ്പായും അടക്കോടെയും പറയാനുള്ളത് പറഞ്ഞു എന്നതാണ്. ധൃതി അല്പം കുറഞ്ഞിട്ടുണ്ട്. ഒരല്പം പക്വത എഴുത്തില്‍ വന്നത് പോലെ. പ്രമേയത്തിലേക്ക് വന്നാല്‍ പലപ്പോഴും ഒരു പഴയ കഥയുടെ പഴയ കാലത്തിന്റെ ശബ്ദം കാതുകളില്‍ മുഴക്കമായി നിലനിര്‍ത്തുവാന്‍ കഴിഞ്ഞ എഴുത്ത്. നഷ്ടപ്പെടുത്തുന്നവയെ ന്യായീകരിക്കുവാന്‍ ഉള്ള പുതുതലമുറയുടെ ശ്രമവും കൂടെ അതോട് കൂട്ടിചേര്‍ത്തിട്ടുണ്ട്.

ഓഫ് : ഏറക്കാടന്‍ ചോദിച്ചത് പോലെ എന്തേ വീട്ടിലെ ഭാഗം വെയ്പ്പൊക്കെ ആയോ.. ഏതെങ്കിലും ഭാഗത്ത് അധികമൊന്നും വേണ്ട ഒരു മൂന്ന് നാലേക്കര്‍ ഭൂമി എനിക്ക് പതിച്ച് തന്നേക്കണേ :):)

കുസുമം ആര്‍ പുന്നപ്ര said...

പഴയകാല ഓര്‍മ്മകളുടെ ഒരു കഥ. നന്നായിട്ടുണ്ട്. കുറേ നാളായി പൌര്‍ണ്ണമി നിലാവില്‍ എത്തിനോക്കിയിട്ട് .ക്ഷമിക്കുക

pournami said...

thanks mano and chechi

ശ്രീനാഥന്‍ said...

നല്ല സുഖകരമായ വായന തന്നു തറവാട്.

ഹരീഷ് തൊടുപുഴ said...

എന്തിനാ ഒരുപാടു പാടവും ,ഭൂമിയും ഒക്കെ? ഭാഗവും പ്രശ്നങ്ങളും ആയി ഉള്ള മനസമാധാനം കളയണോ? മക്കള്‍ രണ്ടു പേരുള്ളത് കലഹിച്ചു നില്‍ക്കുന്നത് കാണാന്‍ വയ്യേവയ്യ ...

നമുക്കവകാശപ്പെട്ടത് എന്തിനാ വേണ്ടാന്നു വെക്കുന്നേ??

jayanEvoor said...

ഗൃഹാതുരം!

Anil cheleri kumaran said...

നല്ല ഭാഷാ ചാതുരി.!

Rathi Menon said...

nannayi ezhuthundu ..all the very best...vallatha oru grihathurathwam ,THARAVDU ...

siya said...

പൌര്‍ണമി -എനിക്ക് ഇത് വായിച്ചു തീര്‍ന്നപ്പോള്‍ ഒരു വിഷമം ആണ് തോന്നിയത് ..തറവാട് ,അതിനും ചുറ്റും ഉള്ള കുറെ നല്ല ഓര്‍മ്മകള്‍ എനിക്കും ഉണ്ട് അതാവും കാരണം എന്ന് തോനുന്നു ..

ആളവന്‍താന്‍ said...

സ്മിത ചേച്ചീടെ എഴുത്ത് ഒരുപാട് മാറി. എന്നിട്ടും അക്ഷരത്തെറ്റുകള്‍ വിട്ടു പോകുന്നില്ല.
നല്ല പോസ്റ്റ്‌. എന്തോ മുന്നില്‍ കണ്ടു എഴുതിയ പോലുണ്ട്.

pournami said...

thks to all

മൻസൂർ അബ്ദു ചെറുവാടി said...

ഇഷ്ടപ്പെട്ടു .
ഭംഗിയുള്ള അവതരണം
നല്ല വായന
ആശംസകള്‍

prakashettante lokam said...

വളരെ വലിയ പോസ്റ്റാണല്ലോ> വരാം വീണ്ടും ഈ വഴിക്ക്.

Unni said...

gud one, It was gud reading nd took me back to my childhood days. keep it up Smitha.