അരികിലേക്ക് ചേര്‍ത്തു കിടത്തി ഓമനകുട്ടന്റെ നെറുകയിലും കുഞ്ഞിളം കൈകളിലുമവള്‍ മാറി മാറി ഉമ്മ വെച്ചു. എന്തൊരു ചന്തമാ! അല്ലെ; വാവയെ കാണാന്‍. ഏട്ടത്തീടെ മോള്‍ അമ്മുക്കുട്ടി മൊഴിഞ്ഞു. അമ്മുക്കുട്ടി വാവയുടെ കൈകളിലും പിടിച്ച് വാത്സല്യപൂർവ്വം നോക്കിയിരുപ്പാണ്. ഇവന്‍ തനി അച്ഛന്റെ പോലെയാ; കണ്ടോ അവന്റെ മൂക്കും താടിയും ഒക്കെ രാജീവിന്റെ പോലെ തന്നെ. അമ്മുമ്മ ഇടയ്ക്കു കേറി പറഞ്ഞു. പക്ഷേ, രേണുമോള്‍ടെ കണ്ണുകള്‍ തന്നെയാണു കുട്ടിയ്ക്ക് കിട്ടിയിരിക്കുന്നത്; അപ്പുറത്തെ സരസ്സുചേച്ചിയുടെ കണ്ടുപിടിത്തം. എത്രനാൾ കാത്തിരുന്നു നമ്മുടെ രേണുമോള്. പാവം.. അവസാനം നല്ലൊരു തങ്കക്കുടത്തിനെ തന്നെ കിട്ടി. എത്ര നോക്കിയിരുന്നിട്ടും മതിവരുന്നില്ല. എല്ലാം കേട്ട് രേണു മന്ദഹസ്സിച്ചു എന്നു വരുത്തിയെങ്കിലും അവളുടെ കണ്ണുകള്‍ നിറഞ്ഞു ഒഴുകിയിരുന്നു. ഈ ഒരു നിമിഷം എത്ര നാളായി കൊതിക്കുന്നു. എത്ര ശാപവാക്കുകള്‍ കേട്ടിരിക്കുന്നു. എല്ലാം സഹിച്ചത് ഇതുപോലൊരു നിമിഷത്തിനു വേണ്ടിയാണ്. ഏട്ടന്റെ അമ്മ ഇനിയും വന്നിട്ടില്ല. എവിടാണാവോ? എന്നു വിചാരിച്ചവൾ പതുക്കെ തലതിരിക്കാന്‍ നോക്കിയാ നിമിഷം..
“എടീ..“ എന്നുള്ള അലര്‍ച്ച കേട്ട് ഞെട്ടി. ഒരുമ്പെട്ടോളേ; രാവിലെ തന്നെ കിടപ്പാണല്ലേ. ഹോ.. ഒരു കെട്ടിലമ്മ; സ്വപ്നം കണ്ടു കിടക്കുകയാകും. എന്താടീ ഇത്ര ക്ഷീണം. നിനക്കെന്താ വയറ്റില്‍ ഉണ്ടോടി?? അല്ലാ!! എവിടന്ന് അല്ലേ; മച്ചി അല്ലെ മച്ചി.. നിന്റെ വയറൊരിക്കലും നിറയില്ലെടി.. വെറുതേ അവളുടെ ഒരു കിടപ്പ്.. എന്റെ മകന്റെ ജീവിതം തകര്‍ക്കാന്‍ വന്ന യക്ഷിയല്ലേ നീ.. വേഗമെണീറ്റുപോയി അടുക്കളയിലെ കാര്യങ്ങള്‍ നോക്കെടീ.. രേണു കണ്ണുകള്‍ മെല്ലെ തുറന്നു. ഈശ്വരാ! ഇന്നും സ്വപ്നമാണൊ കണ്ടത്. നേരം ഒരുപാടായല്ലോ. കുറച്ചു ദിവസങ്ങളായി വല്ലാത്ത ക്ഷീണം പോലെ. ഇന്നിനി അമ്മയ്ക്ക് ഇത് മതി ചീത്ത പറഞ്ഞ് കാതു പൊട്ടിയ്ക്കാൻ. രേണു മെല്ലെ കിടക്കയില്‍ എഴുന്നേറ്റിരുന്നു. പതിയെ കാലുകള്‍ നിലത്തു വെച്ച് എഴുന്നേറ്റ നിമിഷം.. തല കറങ്ങുന്ന പോലെ.. അമ്മേ..; എന്നു ഉറക്കെ വിളിച്ചവള്‍ കിടക്കയിലേക്ക് തന്നെ വീണു. ആ നിമിഷം; അവള്‍ അറിയുന്നുണ്ടായിരുന്നില്ല,
അവളുടെ വയറ്റില്‍ ഒന്നിന് പകരം രണ്ടു ജീവന്‍ നാമ്പെടുത്ത കാര്യം.