Followers
Friday, 30 July 2010
രാധിയുടെ സ്വപ്നങ്ങള്‍
ശരിയാ.. എത്ര കണ്ടിട്ടും മതിവരാത്ത പോലെ. മഴ കഴിഞ്ഞു ഓരോ ഇലതുമ്പിലും മഴയുടെ സ്നേഹം പോലെ ഇറ്റിറ്റുവീഴുന്ന തുള്ളികള്‍. രാധി ആത്മഗതം ചെയ്തു. വെളിച്ചം വീശുമ്പോള്‍ തുള്ളികളില്‍ മഴവില്ലിന്‍ ചാരുത. ഹയ്യട, എന്തൊരു നാണം മഴതുള്ളികള്‍ക്ക്. അവള്‍ അത് പറഞ്ഞു പതുക്കെ ചിരിച്ചു. പക്ഷേ അത് അറിയാതെ ഉറക്കെ ആയിപ്പോയി.
'അമ്മേ.. അമ്മേ..’
രാധി പെട്ടന്ന് തിരിഞ്ഞു നോക്കി.
ശോ... മാളൂട്ടി ഉണര്‍ന്നോ? എപ്പോഴാടാ കുട്ടാ. അവള്‍ മാളൂട്ടിയെ ചേര്‍ത്ത് പിടിച്ചു. മാളൂട്ടി പതുക്കെ അമ്മയെ തള്ളിമാറ്റി; ഒരു ചോദ്യം. ‘അതേയ് അമ്മക്ക് എന്താ പറ്റിയേ? രാവിലെ തന്നെ അമ്മ ജനാലക്കു അരികില്‍ ആരോടാ ചിരിച്ചു സംസാരിക്കുന്നത്? അമ്മക്ക് ശരിക്കും വട്ടാണോ? അച്ഛന്‍ പറയുന്നപോലെ ആണോ; അമ്മേ? രാധി പെട്ടന്ന് ഷോക്ക് അടിച്ചത് പോലെയായി. അഞ്ചുവയസ്സുകാരിയുടെ ചോദ്യം അവളില്‍, തമാശക്ക് പകരം ആ നീണ്ട മിഴികളില്‍ നനവ് പടര്‍ത്തി. മെല്ലെ സെറ്റ് മുണ്ടിന്റെ തുമ്പ് കൊണ്ട് മുഖം തുടച്ചു. ഒന്നുമില്ല മോളെ; അമ്മ മഴത്തുള്ളികളെ കണ്ടു ചിരിച്ചതാ. മാളൂട്ടി അന്തം വിട്ടു അമ്മയെ നോക്കി !! ഈ അമ്മക്കെന്താ ?
എന്തോ ആകട്ടെ അവള്‍ നൃത്തം ചവിട്ടി കൊണ്ട് അമ്മയുടെ പിന്നാലെ അടുക്കളയിലേക്കു നടന്നു. ഈ അടുക്കള മഹാരാജ്യത്തെ റാണി ആണലോ ഞാന്‍, എന്നാണാവോ ഈ അടുപ്പും എന്നോട് ചോദിക്കുക; വട്ടാണോ എന്നു ? മാളുട്ടി അടക്കം പറയാന്‍ തുടങ്ങിയിരിക്കുന്നു. രാധി പിറുപിറുത്തു.. കഷ്ടം, എല്ലാവര്‍ക്കും മുന്പില്‍ ഞാന്‍ ഭ്രാന്തി ആകുമോ? ഇതിനു ഇപ്പോള്‍ ഞാന്‍ എന്താ ചെയ്തേ, മഴതുള്ളികളെ കണ്ടു ചിരിച്ചതോ ? പണ്ടും ജനാലക്കു അപ്പുറത്തെ കാഴ്ചകള്‍ എന്റെ ജീവന്‍ ആയിരുന്നല്ലോ. ഇതൊക്കെ പറഞ്ഞാല്‍ ആര്‍ക്കു മനസ്സിലാകാന്‍ . നീണ്ടമുടിയിൽ തുളസികതിരും ചൂടി കോളേജില്‍ പോകുന്ന സമയത്തും, സ്വപ്നലോകത്തായിരിക്കും പലപ്പോഴും. എത്ര തവണ കൂട്ടുകാരികള്‍ പിണങ്ങിയിരിക്കുന്നു. പകല്‍കിനാവുകള്‍ എന്നും എന്റെ കൂട്ടായിരുന്നല്ലോ. ബാല്യത്തിലെ ഏകാന്തക്ക് ഒരു കൂട്ട്. രാധി നെടുവീര്‍പ്പിട്ടു . പ്രണയം; അതിനൊന്നും നേരം കളഞ്ഞിട്ടില്ല. അമ്മയ്ക്ക് മോളെ വിശ്വാസമാ എന്ന അമ്മയുടെ വാക്കായിരുന്നു മനസ്സില്‍ നിറയെ. ഇടയ്ക്ക് ആ അമ്മ തന്നെ പറയും, പോകുകയാണ് എങ്കില്‍ പുളികൊമ്പ് നോക്കി തന്നെ പോകണേ എന്ന്. സത്യത്തില്‍ അതല്ല, അച്ഛന്‍ പുറത്തു ജോലി ചെയുമ്പോള്‍ അമ്മക്ക് ഒറ്റയ്ക്ക് മക്കളെ നോക്കേണ്ടി വരുമ്പോള്‍ ഉണ്ടാകുന്ന പ്രയാസം. അതു മൂലമാകാം തന്നെ പ്രണയത്തില്‍ നിന്നും അകറ്റി നിര്‍ത്തി. പിന്നെ കൂട്ടുക്കാര്‍ , ഉള്ള സൌഹൃദം പോകുമോ എന്ന ഭയം കാരണമാകാം അവര്‍ ആരും പ്രണയാഭ്യര്‍ത്ഥനയുമായി വന്നതുമില്ല. ഒത്തിരി സംസാരിക്കാനും സ്നേഹിക്കാനും ഒരുപാടു മോഹിച്ചിരുന്നു. എങ്കിലും ഇനി പറഞ്ഞിട്ട് എന്താ കാര്യം..
രാധി വേഗം അടുക്കളയിലേക്ക് ഓടി. ഇനി ദോശ ചുടണം. വേഗം ദോശ ചട്ടി എടുത്തു വെച്ചു.. ദോശ മൊരിയണം ഇല്ലെങ്കില്‍ മാളൂട്ടിയ്ക്കതു മതി പിണങ്ങാന്‍. മാളൂട്ട്യേ; കുട്ടാ കഴിഞ്ഞുവോ നിന്റെ ഒരുക്കം, വേഗം വാ ദോശകഴിക്കാം. ദോശയും പൊടിയും രാധി വേഗം പ്ലേറ്റില്‍ ആക്കി കൊടുത്തു. മാളൂട്ടി ദോശ എടുത്തു പരിശോധന തുടങ്ങി. മുഖം ചുമന്നു തുടുത്തു കണ്ടപ്പോഴേ രാധിക്ക് മനസ്സിലായി അവള്‍ക്കു ദോശടെ ഭംഗി പിടിച്ചില്ല എന്ന്. മൊരിഞ്ഞ ദോശ വേണം അവള്‍ക്ക്. അതില്‍ ഏറ്റകുറച്ചിലുകള്‍ പാടില്ല. ഹൂം, രാധി വേഗം പുതിയ ദോശ ഉണ്ടാക്കി കൊടുത്തു. ഇനി സ്കൂളില്‍ പോകണം. എന്നാലേ സമാധാനം ആകൂ. ഒരുവിധം ദോശ പരിപാടി തീര്‍ത്തു. ഇനി മുടി കെട്ടണം. സ്പീഡില്‍ രാധി മാളുട്ടിയുടെ മുടി കെട്ടി കൊടുത്തു. ഓട്ടോയുടെ ഹോണ്‍ കേട്ടു വേഗം മാളുനെ കൊണ്ട് പുറത്തിറങ്ങി. ഗേറ്റ് തുറന്നു മാളു പോകുന്നത് നോക്കി രാധി നിന്നു.
ഒരു യുദ്ധം കഴിഞ്ഞ പോലെ. ഊം, ഇതും ഒരു രസം. ഇതുകൂടി ഇല്ലേല്‍ ഓര്‍ക്കാന്‍ വയ്യ. രാധി അകത്തേക്ക് നടന്നു. കിടപ്പുമുറിയുടെ അടുത്ത് എത്തിയപ്പോള്‍ വെറുതേ അവള്‍ ജനാലക്കു അരികെ ചെന്ന് നിന്നു. എന്തോ മിഴികള്‍ പെട്ടന്ന് നിറഞ്ഞുവരുന്ന പോലെ. അവള്‍ വേഗം തിരിഞ്ഞു നടന്നു. വയ്യ, എന്തൊരു ജീവിതം. നിയമങ്ങളും കുരുക്കളും മാത്രം. ഒന്നു സംസാരിക്കാന്‍ പോലും ആരുമില്ലാത്ത അവസ്ഥ. ഏകാന്തത തന്നെ ശരിക്കും ഞെരിക്കുന്നുണ്ട്. എന്തൊക്കെ മോഹങ്ങളായിരുന്നു. എല്ലാം നീര്‍കുമിളകള്‍ പോലെ. എല്ലാവരും അഭിനയിക്കുകയാണ്. ജീവിതം ശരിക്കും ഒരു നാടകം തന്നെ. ഏറ്റവും നന്നായി അഭിനയിക്കുന്നവര്‍ മാതൃകാ ദമ്പതികള്‍ പെട്ടന്ന് ഫോണ്‍ ബെല്‍ റിങ്ങ് ചെയ്തു. അങ്ങേത്തലയ്ക്കലെ ശബ്ദം.. അവള്‍ ഫോണ്‍ വേഗം താഴെ വെച്ചു. വേണ്ട ഇനിയും അടികൂടാന്‍ ആണ്. എട്ടന് അതാണിപ്പോഴുള്ള പ്രധാന പണി. എന്തിനും ഏതിനും സംശയം. വയ്യ, എനിക്ക് ഇനി. മനസ്സ് തുറക്കാന്‍ ഒരു സൌഹൃദം ഉണ്ടായിരുന്നെങ്കില്‍ ??? അതൊരു ഭാഗ്യം തന്നെ. പക്ഷേ സൌഹൃദം എത്രക്ക് നില നില്‍ക്കുമോ. അതല്ലേ എവിടെയും പ്രശ്നം. സ്വന്തം സ്വാര്‍ത്ഥത മാത്രം എവിടെയും. രാധി പിറുപിറുത്തു. എല്ലാവരും തിരക്കിലാണ്. എവിടേക്ക്, എന്തിനെന്നോ ആര്‍ക്കും അറിയില്ല. ചെറുനാളം കാണ്‍കെ പറന്നു അടുക്കുന്ന പാറ്റകള്‍ പോലെ. പലരും എരിഞ്ഞു തീരുന്നു. ചിത്രശലഭങ്ങള്‍ ! അതെന്നും എന്നെ മോഹിപ്പിച്ചിരുന്നു. വശ്യതയാര്‍ന്ന സൗന്ദര്യം നിറഞ്ഞ ശലഭങ്ങള്‍ .. ആയുസ്സുമായി മല്‍പിടിത്തം നടത്താതെ ജീവിതം മധുനുകര്‍ന്ന് നടക്കുമ്പോള്‍ അതിന് അതിന്റെ ആയുസ്സ് പ്രശനം ആകുന്നില്ലല്ലോ. നമ്മള്‍ മാത്രം എന്തിനാ ഇങ്ങിനെ എല്ലാറ്റിനും ടെന്‍ഷന്‍ അടിക്കുന്നത്; എന്നു എത്ര തവണ പ്രിയയോട് പറഞ്ഞിടുണ്ട്. കുറച്ചു നേരം എങ്കിലും സന്തോഷത്തോടെ ജീവിക്കാന്‍ സാധിക്കുന്ന പാറ്റകള്‍ .. അപ്പോളേക്കും; യ്യോ ഈ പെണ്ണിന് വട്ടായി എന്നു പറഞ്ഞു തല്ലാറുണ്ട് അവള്‍. ഹും;നെടുവീര്‍പ്പിട്ടു അവള്‍ എന്തു പറ്റിഎനിക്ക്; ഇന്ന് എന്തേ കോളേജ് ഓര്‍മകളില്‍ മനസ്സു കിടന്നു തിരിയുന്നത്. ആരെങ്കിലും ഓര്‍ക്കുന്നുണ്ടാവുംമോ എന്നെ ? എവിടുന്നു അല്ലെ ? ആര്‍ക്കാ നേരം എന്നെയോര്‍ക്കാന്‍ എല്ലാവരും മാറിപോയി. ഞാന്‍ ഇന്നും ആ പഴയ രാധി.
വീണ്ടും ഫോണ്‍ ബെല്‍ രാധി വന്നു നമ്പര്‍ നോക്കി. ഓ ഇത് മഹിയേട്ടന്‍ തന്നെ. അവള്‍ ഫോണ്‍ എടുത്തില്ല. എന്താ എട്ടന് പറ്റിയത് ? കുറെയായി എന്നും വഴക്കാണ്. എനിക്ക് ഭ്രാന്താണ് എന്നാണ് പുതിയ കണ്ടുപിടിത്തം. എനിക്ക് വയ്യ സംസാരിക്കാന്‍. എത്ര സ്വപ്നങ്ങള്‍ കണ്ടു കൊണ്ടാണ് ഒരു പെണ്‍കുട്ടി വിവാഹജീവിതത്തിലേക്ക് പ്രവേശിക്കുന്നത്. ഇപ്പൊ ഒക്കെ കാറ്റില്‍ പറക്കുന്ന അപ്പൂപ്പന്‍താടികള്‍ പോലെയായി. കണ്ണുനീര്‍ ഒഴുകിയിറങ്ങി, തുടുത്ത കവിളിണകളില്‍ ചുംബിച്ചു കൊണ്ട് നീണ്ട് മനോഹരമാര്‍ന്ന അവളുടെ കഴുത്തിനെ പുണര്‍ന്ന നേരം.. രാധി തുടച്ചുമാറ്റി. ഈ തുള്ളികള്‍ വീഴാതെ അതിനെ താങ്ങി നിര്‍ത്താന്‍, ഒരാളുണ്ടാവാന്‍.. എത്ര മോഹിച്ചു. ങ്ഹാ.... മോഹിക്കാന്‍.. അതല്ലേ എനിക്കാവൂ എനിക്കിപ്പോ എന്താ പ്രശ്നം. എല്ലാം കൊണ്ടു സുഖം. അതല്ലേ അമ്മയുടെ പറച്ചില്‍ എട്ടന് നല്ല ജോലി. നല്ലൊരു സുന്ദരിക്കുട്ടി മോള്. കൊട്ടാരംപോലൊരു വീട്. പിന്നെ എന്താ? ഇതല്ലേ സത്യത്തില്‍ ഏല്ലാരും ആഗ്രഹിക്കുക. കാത്തിരുപ്പാണ് എന്റെ ജീവിതം. ബാല്യത്തില്‍ അച്ഛനെ; ഇപ്പോള്‍ ഏട്ടനെ.. കാത്തിരുന്ന് കണ്ണുകഴച്ചു അവസാനം വന്നാലോ..? ലഹളകള്‍ മാത്രം ബാക്കി !
ശരിക്കും ഒറ്റപ്പെടല്‍; വല്ലാതേ ശരീരത്തെ തളര്‍ത്തുന്നു. നീരാളിതന്‍ കയ്യില്‍ പിടയുന്നപോലെ. എവിടെയും ആരും മനസ്സിലാക്കാനില്ലാത്ത അവസ്ഥ. ഒറ്റയ്ക്ക് സംസാരിക്കല്‍ ഇപ്പോള്‍ ഒരുശീലമായി മാറി. അതുകൂടി ഇല്ലേല്‍ ഞാന്‍ തകര്‍ന്നുപോയേനെ; രാധി സ്വയം പറഞ്ഞു. ജീവിതം ഇപ്പോള്‍ ഒരേ ദിശയില്‍ മാത്രം. രാവിലെയാകുന്നു.. യുദ്ധം തുടങ്ങി.. വീണ്ടും രാത്രിയാകുന്നു.. പത്രകെട്ടു നോക്കാന്‍ പോലും നേരം ഇല്ല. അല്ലാ; ഇപ്പൊ നോക്കീട്ടു എന്തു കിട്ടാന്‍ ! ഉള്ള മനസമാധാനം കൂടി പോകാനോ. പഠിച്ചത് എന്തിനാ എന്നു വെറുതേ തോന്നുന്ന നിമിഷങ്ങള്‍. ജോലിയ്ക്ക് പോകുന്നത് എട്ടന് ഇഷ്ടമല്ല. അങ്ങേരു കഷ്ടപ്പെടുണ്ടല്ലോ. പിന്നെ എന്താണെന്നു..! പണം അല്ല മനസ്സിന്റെ സന്തോഷം. ജോലി ഒരു തുരുത്തായേനെ എനിക്ക്. എന്റെ മനസ്സിനതൊരു മാറ്റവും ആയേനെ. ആ; പറഞ്ഞിട്ട് എന്തു കാര്യം. ഇതൊന്നും ആര്‍ക്കും മനസ്സിലാകില്ല. മോഹങ്ങള്‍ എല്ലാം അടച്ചു പൂട്ടി വെക്കണംത്രേ പെണ്‍കുട്ടികള്‍. പെണ്‍കുട്ടികള്‍ മാത്രം. ..!
നിറയെ മഞ്ഞപ്പൂക്കള്‍ നിറഞ്ഞ പുഴയുടെ തീരം.. അവിടെ മരച്ചുവട്ടില്‍ കാറ്റിന്റെ കിന്നാരവും, പുഴയുടെ സംഗീതവും കേട്ടു ആ മണ്ണില്‍ കിടക്കണം. ആരും ശല്യം ചെയ്യാതേ. കണ്ണുമടച്ചു സ്വസ്ഥമായി.. അതൊരു മോഹമാണ്.. ഇതെന്റെ മോഹം മാത്രം.. എനിക്കെന്താ അതിനു പോലും അര്‍ഹത ഇല്ലേ..? മഹിയേട്ടന്റെ ചിരിയാണ് കാതില്‍ മുഴങ്ങുന്നത് . വട്ടാണ്..വട്ടാണ് അവള്‍ക്ക് എന്ന്. ഇത്തിരി സന്തോഷിക്കാന്‍ പോലും എനിക്ക് പാടില്ലേ.. രാധി പിറു പിറുത്തു.. പറയൂ ആരെങ്കിലും പറയു ? ഏകാന്തതയിലെങ്കിലും എനിക്കിഷ്ടമുള്ളയിടത്തിരിക്കാന്‍ പോലും പാടില്ലേ?വണ്ടി എടുത്തു പോയി വല്ല പുഴയുടെ തീരത്ത് ഒരു പുരുഷന് ആണ് ഇരുന്നത് എങ്കില്‍ ആര്‍ക്കും ഇല്ല പ്രശ്നം, പെണ്ണായതുകൊണ്ട് പാടില്ല അല്ലേ ? വിലങ്ങുകള്‍ തലങ്ങും വിലങ്ങും അവള്‍ക്കു നേരെ.. .മൃദുലമായ മേനിയില്‍ കുത്തിയിറക്കാന്‍ ആയിരം നാവുകള്‍ പെണ്ണ് ! എങ്കില്‍ സ്വപ്നം പാടില്ലേ?? അവള്‍ക്കില്ലേ സ്വാതത്ര്യം ?? പരാതിയില്ലാതെ രാവും പകലും മിണ്ടാതെ ഇരിക്കണോ ?? പറയൂ.. ആരെങ്കിലും.. ആരോട് പറയാന്‍ അല്ലേ ?? രാധി മെല്ലെ തന്റെ ബാര്‍ബിഡോളിനെ ചേര്‍ത്തു പിടിച്ചു; മെല്ലെ ചോദിച്ചു പറയൂ.. എനിക്ക് വട്ടാണോ ..????
വാല്‍കഷ്ണം ;-
കഥ എഴുതി പരിചയം കുറവാണ്. ഒരു കഥ പരീക്ഷണം മുന്‍പ് നടത്തിയത് ആരും വായിച്ചിട്ടുമില്ല. കുറച്ചു മുന്‍പുള്ള പോസ്റ്റ് ആണ് അത്. അപ്പോള്‍ വായിച്ചു അഭിപ്രായം അറിയിക്കുക. ഇനി കഥയിലേക്ക്.. സ്വപ്നങ്ങളുടെ രാജകുമാരി ആണ് രാധി. പരിഭവങ്ങള്‍, പരാതികള്‍ എല്ലാം അവള്‍ക്കു മാത്രം.. പാത്രങ്ങള്‍ അവളുടെ കളിതോഴികള്.. ആരോടും സംസാരിക്കാന്‍ ആകാതെ, സ്വന്തം മോഹങ്ങള്‍ക്കുള്ളില്‍ സ്വയം ഹോമിച്ചു കഴിയേണ്ടി വരുമ്പോള്‍ ഉണ്ടാകുന്ന ഡിപ്രഷന്‍..! അതാന്നു ഇവിടത്തെ പ്രശ്നം.. പഠിച്ചു ജോലി വാങ്ങി സ്വന്തം വ്യക്തിത്വം ഉണ്ടാകണം.. എന്ന് ആഗ്രഹിക്കുന്നവര്‍.. അവസാനം സ്വന്തം പഠിപ്പ് അടുക്കളയില്‍ മാത്രം ആക്കേണ്ടി വരുമ്പോള്‍ ഉണ്ടാകുന്ന അവരുടെ സങ്കടം ആരും അറിയുന്നില്ല. എപ്പോഴെങ്കിലും അവരുടെ സ്വപ്നങ്ങളും തിരിച്ചറിയാന്‍; അവരുടെ ഏകാന്തതയില്‍ അവര്‍ക്ക് കൂട്ടായി ആരെങ്കിലും അവര്‍ പ്രതീക്ഷിക്കുന്നു. മഞ്ഞപ്പൂക്കളും പുഴയുടെ ഓരവും അവരെ മാടി വിളിക്കുന്നു.. (വിദേശത്തു ജോലി ചെയുന്നവര്‍ അറിയേണ്ട ഒരു കാര്യം; നിങ്ങള്‍ നിങ്ങളുടെ ജോലിതിരക്കില്‍ മറക്കുന്ന ഒരു കാര്യം.. ഭാര്യയുടെ.. വ്യക്തിത്വം നിങ്ങള്‍ അംഗീകരിക്കാന്‍ മറക്കുന്നു. ജോലി തിരക്ക് നിങ്ങളുടെ വിഷമം ഒരുപാടു കുറക്കുന്നില്ലെ..?? പലപ്പോഴും കുടുംബം വിട്ടുപോകുമ്പോള്‍, സഹപ്രവര്‍ത്തകരെ കാണുമ്പോള്‍.. ഒരു ആശ്വാസം കിട്ടാറില്ലേ? അപ്പോള്‍ ആലോചിക്കാറുണ്ടോ.. ആരെങ്കിലും ഒറ്റക് താമസിക്കുന്ന ഭാര്യയേ പറ്റി.. അവരുടെ മോഹങ്ങളെ പറ്റി.. കുട്ടികള്‍ വളര്‍ന്നു സ്കൂളില്‍ പോകുമ്പോള്‍ അവര്‍ക്ക് ആരാ കൂട്ട്? ഒരു ജോലി ഉണ്ടെങ്കില്‍ അവള്‍ ആ ലോകത്ത് വിഹരിച്ചു നടന്നേനെ.. ഏകാന്തക്ക് ഒരു വിരാമം.. അത് നല്‍കിക്കൂടേ..?? )
Subscribe to:
Post Comments (Atom)
26 comments:
കഥയിലൂടെ ഉള്ള ഈ കാര്യം പറച്ചില്‍ ആരോടാ.. ഹസിനോട് തന്നെയാണോ?.. കഥ ഇഷ്ട്ടായി
ഞാനിതാ രാധിയുടെ മനസ്സു മനസ്സിലാക്കുന്നു.അവളുടെവ്യക്തിത്വത്തെ അംഗീകരിക്കുന്നൂ.
ഇനി ദോശ ചുടണം.... ഇനി സ്കൂളില്‍ പോകണം.... ഇനി മുടി കെട്ടണം....
ഉം..............................
ആ വാല്ക്കഷണം ഇഷ്ട്ടപ്പെട്ടു.
അതെ,വാല്കഷ്ണത്തില്‍ പറഞ്ഞ പോലെ എല്ലാ വിദേശ ജോലിക്കാരുടെയും ഭാര്യമാര്‍ ഒതുങ്ങി കഴിയുന്നവര്‍ അല്ലാട്ടോ.ചേട്ടന്റെ വിദേശ പണം കൊണ്ട് അടിച്ചു പൊളി ആയി നടക്കുന്ന ഒത്തിരി society ladiesനെ കണ്ടിട്ടുണ്ട്.
സ്വപ്നങ്ങളുടെ രാജകുമാരി ആണ് രാധി. പരിഭവങ്ങള്‍, പരാതികള്‍ എല്ലാം അവള്‍ക്കു മാത്രം.. പാത്രങ്ങള്‍ അവളുടെ കളിതോഴികള്.. ആരോടും സംസാരിക്കാന്‍ ആകാതെ, സ്വന്തം മോഹങ്ങള്‍ക്കുള്ളില്‍ സ്വയം ഹോമിച്ചു കഴിയേണ്ടി വരുമ്പോള്‍ ഉണ്ടാകുന്ന ഡിപ്രഷന്‍..
രാധിയുടെ അവസ്ഥ ഇന്ന് സമൂഹത്തില്‍ സര്‍വ്വസാധാരണമാണ്.എത്ര പഠിച്ചാലും ഇന്നൊരു ജോലി കിട്ടാന്‍ ലക്ഷങ്ങള്‍ കൊടുക്കണം.പിന്നെ അത്രയും luck വേണം.അല്ലാത്ത ഒത്തിരി രാധിമാര്‍ ജീവിതം അടുക്കളയില്‍ ഹോമിച്ചു കൂട്ടുന്നുണ്ട്.
പിന്നെ ഒരു സംശയം ഉണ്ട്.ഈ രാധി പൌര്‍ണമി തന്നെ അല്ലെ? ചേട്ടന്‍ വിദേശത്ത് എവിടെയാ?
കഥ നന്നായിട്ടുണ്ട്. ഒരുപാട് പേരുടെ പ്രധിനിധി ആണ് രാധി. പ്രവാസികളുടെ ഭാര്യമാര്‍ എപ്പോളെങ്കിലും ഒക്കെ ഇ അവസ്ഥയിലുടെ കടന്നു പോയിട്ടുണ്ടാകും.
ഇനിയും കഥകള്‍ പ്രതീക്ഷിക്കുന്നു.
(താന്തോന്നിയുടെ ഭാര്യ)
ആരെങ്കിലും ഓര്‍ക്കുന്നുണ്ടാവുംമോ എന്നെ ? എവിടുന്നു അല്ലെ ? ആര്‍ക്കാ നേരം എന്നെയോര്‍ക്കാന്‍ എല്ലാവരും മാറിപോയി. ..
പാറൂട്ടി ..ഞാന്‍ ഉണ്ടാവും ട്ടോ എന്നും ഓര്‍ക്കാന്‍ ..
പക്ഷേ നോവിച്ചു വിടരുത് എന്ന് മാത്രം ..കാരണം അപ്പോളേക്കും; യ്യോ ഈ പെണ്ണിന് വട്ടായി എന്നു പറഞ്ഞു തല്ലരുത് . .
ഇനി പോസ്റ്റ്‌നെ കുറിച്ച് പറയാം വളരെ തുറന്ന ഒരു പരിഭവം ....ഇതൊക്കെ എല്ലാവര്ക്കും സാധിക്കില്ല ... ഇനിയും ഇതുപോലെ എഴുതുവാനും കഴിയട്ടേ ........
'വെറുമൊരു ഭാര്യ' പദവി കൊണ്ട്
തൃപ്ത്തയാവാത്ത രാധു ഇന്നിന്റെ
സ്ത്രീത്വത്തിന്റെ പ്രതീകമാണ് !!!!!
അസംതൃപ്ത വ്യക്തിത്വം .......
പാവം പ്രവാസിയും പാവം പ്രവാസി ഭാര്യമാരും..
എല്ലാവര്ക്കും കയറി നിരങ്ങാന്‍ രാധികമാര്‍ ഉണ്ടല്ലോ.
(നല്ല ചിന്ത കേട്ടോ)
എല്ലാവരും അഭിനയിക്കുകയാണ്. ജീവിതം ശരിക്കും ഒരു നാടകം തന്നെ. ഏറ്റവും നന്നായി അഭിനയിക്കുന്നവര്‍ മാതൃകാ ദമ്പതികള്‍
ചെറുനാളം കാണ്‍കെ പറന്നു അടുക്കുന്ന പാറ്റകള്‍ പോലെ. പലരും എരിഞ്ഞു തീരുന്നു. ചിത്രശലഭങ്ങള്‍ ! അതെന്നും എന്നെ മോഹിപ്പിച്ചിരുന്നു. വശ്യതയാര്‍ന്ന സൗന്ദര്യം നിറഞ്ഞ ശലഭങ്ങള്‍ ..
കാത്തിരുപ്പാണ് എല്ലാരും ആഗ്രഹിക്കുക
ഒരു ത്രിശൂര്‍ക്കാരന്‍ ആയതു കൊണ്ടാണ് ഈ വഴി വന്നത്.. പ്രവാസി കളുടെ ഭാര്യമാരുടെ ദുഃഖം ആരും ശ്രദ്ധിക്കാറില്ല എന്നത് ശരിയാണ്.. അവളുടെ ഓരോ നീക്കവും നോട്ടവും ശ്രദ്ധിക്കുന്നവര്‍, അവളെ മനസ്സിലാക്കാന്‍ ശ്രമിക്കുന്നില്ല എന്ന് തോന്നുന്നു. കേരളം പോലെ ഒരു സംസ്ഥാനത്ത് ഇത് കൂടുതലാണ്, മറ്റിടങ്ങളില്‍ ഇത് പോലെ പുറത്തു പോയി ജോലി ചെയ്യുന്ന ഭര്‍ത്താക്കന്മാര്‍ കുറവാണല്ലോ.
( ഇനി പോയി ഈ ത്രിശൂര്‍ക്കാരന്റെ ബ്ലോഗും വായിക്കുക )
ekaanthathaye positivayi marikadakkunnavar oru padundallloo
as d best
'ഏറ്റവും നന്നായി അഭിനയിക്കുന്നവര്‍ മാതൃകാ ദമ്പതികള്‍' -ഉഗ്രന്‍ വാചകം.
പ്രവാസ ഭൂമിയിലാകട്ടെ, സ്വന്തം നാട്ടില്‍ തന്നെയാകട്ടെ, പിരിഞ്ഞിരിക്കുന്നത് സങ്കീര്‍ണ്ണങ്ങളായ ഒത്തിരി മാനസികപ്രശ്നങ്ങള്‍ ഉണ്ടാക്കും, പക്ഷേ, ചിലപ്പോള്‍ അനിവാര്യമായിരിക്കുമത്. ഒറ്റപ്പെടുന്നവളുടെ ആധിയും അരക്ഷിതത്വവും പൗര്‍ണ്ണമി നന്നായി ആവിഷ്ക്കരിച്ചിരിക്കുന്നു, (കഥയുടെ പൂര്‍ണ്ണത കൈവരിച്ചില്ലെങ്കിലും). അഭിനന്ദനങ്ങള്‍! പൗര്‍ണ്ണമി കുത്തല്‍പ്പം കുറച്ചു, ബാക്കിക്കുത്ത് സിയ കുത്തിയിട്ടുണ്ട്!
സ്മിത, കഥയിൽ പറഞ്ഞ പ്രമേയംശക്തം ഒരു ഒറ്റക്ക് ജീവിക്കേണ്ടി വരുന്ന ഭാര്യയുടെ മാനസീക വ്യാപാരങ്ങൾ നന്നായി തന്നെ പറഞ്ഞു. ആ വാൽകഷണം അത് വേണമെന്നില്ലായിരുന്നു. വായനക്കാരന്റെ മനസ്സിൽ തോന്നുന്ന, അല്ലെങ്കിൽ തോന്നേണ്ട കുറേ ചോദ്യങ്ങൾ കഥാകാരി തന്നെ മുൻകൂട്ടി ഇട്ട് കൊടുക്കേണ്ടിയിരുന്നില്ല. ഏതായാലും കഥ പറച്ചിൽ കൊള്ളാം. കുത്തുകളുടെ അമിത ഉപയോഗം അത് ഞാൻ ഒത്തിരി പറഞ്ഞതാണ്.വീണ്ടും ആവർത്തിക്കുന്നു. കഥയെഴുതാൻ അറിയില്ല എന്ന് സ്വയം തീരുമാനിക്കണ്ട കേട്ടോ..
കഥയും വായിച്ച് വാല്‍കഷണവും വായിച്ചു പറയാന്‍ വേണ്ടി മനസ്സില്‍ കരുതിയ കാര്യം ദാ മനോരാജ് പറഞ്ഞ് കഴിഞ്ഞു.
കഥ നല്ല ഒഴുക്കോടെ എഴുതി . വിരഹം അനുഭവിക്കുന്ന ഒരു പെണ്ണിന്‍റെ മനസ്സ് നന്നായി തന്നെ പകര്‍ത്തി. വാല്‍കഷ്ണത്തില്‍ പറഞ്ഞ പോലെ അകന്ന് താമസിക്കുന്ന ഭര്‍ത്താക്കന്മാര്‍ ജോലിതിരക്കിനിടയില്‍ വിരഹം മറക്കുകയും തന്‍റെ സ്നേഹം മാത്രം കൊതിച്ച് കഴിയുന്ന ഭാര്യമാരെ കുറ്റപ്പെടുത്താന്‍ ശ്രമിക്കുകയും ചെയ്യുന്നു.
kadha ezhuthi parichayam kuravanel enna. ugranayittundu.
പാറൂ പറഞ്ഞത് വളരെ ശരിയാണ്. പലയാളുകളും കരുതുന്നത് ഭക്ഷണവും, വസ്ത്രവും, ആഭരണങ്ങളും കിട്ടിയാല്‍ സ്ത്രീ സംതൃപ്തയായി എന്നാണ്. പക്ഷെ ഇതിനേക്കാള്‍ ഒക്കെ വലുത് സ്നേഹവും,സ്വാതന്ത്ര്യവും, പരിഗണനയും, അംഗീകാരവും ആണ് എന്ന സത്യം അവര്‍ മറക്കുന്നു. ഇവ ലഭിക്കാത്ത സ്ത്രീകള്‍ എത്ര സുഖസൗകര്യങ്ങളുടെ മധ്യത്തില്‍ കഴിഞ്ഞാലും അസംതൃപ്തയായിരിക്കും.
പിന്നെ സ്ത്രീകള്‍ ജോലിക്കു പോകാതെ വീട്ടിനുള്ളില്‍ ഒതുങ്ങിക്കൂടണം എന്ന് കരുതുന്നവര്‍ ഇപ്പോഴും പഴയ പുരുഷമേധാവിത്വത്തിന്റെ യുഗത്തിലാണ് ജീവിക്കുന്നത്. അവരുടെ വിശ്വാസങ്ങള്‍ സ്വാതന്ത്ര്യം കൊതിക്കുന്ന സ്ത്രീകളുടെ മേല്‍ അടിച്ചമര്‍ത്താന്‍ ശ്രമിക്കുമ്പോള്‍ സ്ത്രീകള്‍ക്ക് ഏകാന്തയും, ഡിപ്രഷനും ഉണ്ടാകുന്നെങ്കില്‍ അതില്‍ എന്തല്‍ഭുതം? ഇവിടെ മാറ്റം വരേണ്ടത് പുരുഷന്റെ ചിന്താഗതികള്‍ക്കാണ്.
നല്ല പോസ്റ്റ്. കഥ എഴുതാന്‍ അറിയില്ലെന്നു മാത്രം പറയരുത്. അറിയുംകേട്ടോ. :)
കൊള്ളാം.
വളരെ നന്നായെഴുതി.
വാൽക്കഷണത്തിന്റെ ആവശ്യമില്ല. അല്ലാതെ തന്നെ സ്പഷ്ടമാണ് ആശയം.
അഭിനന്ദനങ്ങൾ!
കഥ നന്നായിട്ടുണ്ട്.
ഹഹഹ.. ചേച്ചീ... പറഞ്ഞത് എല്ലാം എത്ര സത്യം. ഞാന്‍ വൈഫ് വന്ന ദിവസങ്ങളില്‍ എല്ലാം ജോലി കഴിഞ്ഞു വരുമ്പോള്‍ അകെ ടെന്‍ഷന്‍ പിടിച്ചോ അതോ തളര്‍ന്നോ ആകും വരിക വന്നു കുളിച്ചു ഫ്രഷ് ആയി കഴിഞ്ഞാല്‍ ഒരു കിടത്തം അല്ലേല്‍ സിസ്റ്റം പിടിച്ചു ഒരു ഇരിപ്പ്, അവളതു കുറെ ക്ഷമിച്ചു ഒരിക്കല്‍ സങ്കടം പറഞ്ഞു , ഞാന്‍ ഇവിടെ രാവിലെ മുതല്‍ ഒറ്റക്കിരുന്നു ബോറടിച്ചു ഇക്കാ വന്നലെങ്ങിലും ഒന്ന് സംസാരിച്ചിരിക്കാം ഏന് കരുതിയാലോ ചുമ്മാ ഉറക്കം അല്ലേല്‍ കമ്പ്യൂട്ടര്‍, അത് കേട്ടപോള്‍ എനിക്ക് സങ്കടം ആയി, കാരണം വീട് നിറയെ ആളുകളുണ്ടായിരുന്ന സ്ഥലത്ത് നിന്ന് ഇവിടെ ഒരു വീട്ടില്‍ ഒറ്റക് മിണ്ടാനും ആരുമില്ലാതെ ഇരിക്കുന്ന ബുദ്ധിമുട്ട് ശരിക്കും ആരായാലും ശാസം മുട്ടും.അത് കൊണ്ട് തന്നെ ഈയിടെ ആയി അവള്‍ക്കായി ഞാന്‍ 2 മണികൂര്‍ മാടിവെച്ചു തുടങ്ങി. അത് അവള്‍ക്ക് ഒരു ആശ്വാസം ആണ്.
അസ്വസ്ഥജനകമാം മനസ്സിന്റെ വിങ്ങലുകൾ നല്ലവണ്ണം പകർത്തിവെച്ചിരിക്കുന്നു..
സ്വയ ഒറ്റപ്പെടുന്നു എന്നു തോന്നുമ്പോൾ ഉണ്ടാകുന്ന മാനസികാസ്വാസ്ഥ്യം മനസ്സിലുണ്ടാക്കുന്ന പിറുപിറുക്കലുകൾ മറ്റുള്ളവർ തെറ്റിദ്ധരിച്ചേക്കാം..
അതാണിവിടെ രാധിയുടെ കാര്യത്തിലും സംഭവിച്ചതെന്നു മനസ്സിലാക്കുന്നു..
ആശംസകളോടെ..
കപ്പിത്താനോട് ജോലിമതിയാക്കി ഉടനെ തിരിച്ചുവരാന്‍ പറയൂ !! തീവണ്ടി പാളം തെറ്റിയാല് പിന്നെ പറയണ്ട.
ഹൃദ്യമായി അവതരിപ്പിച്ചിരിക്കുന്നു. അഭിനന്ദനങ്ങള്‍ .
ellavarodum thanks..orupadu puthiya allukal vannitundallo..
thanthonni barya sametham alle thanks
alu manassialyi ketto hih
thanks to all
എന്ത് പറയാനാ ഞാന്‍..ഇതിലെരാധി
യെ ഞാന്‍ എന്നും കാണുന്നു,
എന്നും മിണ്ടുന്നു.."എല്ലാവരും അഭിനയിക്കുകയാണ്.
ജീവിതം ശരിക്കും ഒരു നാടകം തന്നെ".
ഏറെ ഇഷ്ടമായി.. ഇനിയും എഴുതൂ..
വായിച്ചു, ട്ടോ.
കഥ നന്നായി.ഗള്‍ഫ്‌കാരന്റെ ഭാര്യയായി കുറെ നാട്ടില്‍ കിടന്നു വീര്‍പ്പുമുട്ടിയതാ.അതുകൊണ്ട്,ഈ വിഷയം നന്നായി മനസ്സിലാവും.പിന്നെ,ഞാന്‍ പെട്ടിയും,കിടക്കയും എടുത്തു ഇങ്ങോട്ട് പോന്നു.മൂപ്പര് അങ്ങനിപ്പം ഒറ്റയ്ക്ക് സുഖിക്കണ്ട.ഇവിടെ വന്നപ്പം മനസ്സിലായി നാടായിരുന്നു നല്ലതെന്ന്..നിന്ന് തിരിയാന്‍ സമയമില്ലാത്ത ജീവിതം.
ഏത്? അത് തന്നെ...ആ അക്കരെ നില്‍ക്കുമ്പോള്‍ ഇക്കരെ തോന്നുന്ന ആ പച്ച..എല്ലായിടത്തും അത് ഒരുപോലെ തന്നെ.
thanks captain,
smitha thanks..kadha ishtamayi ennu arinajhtil santhosham
Post a Comment