Followers

Monday, 20 December 2010

അമ്മ മഴക്കാറിനു കണ്‍ നിറഞ്ഞൂ.. ആ കണ്ണീരില്‍ ഞാന്‍ നനഞ്ഞു..!!

അമ്മ മഴക്കാറിനു കണ്‍ നിറഞ്ഞൂ..  ആ കണ്ണീരില്‍ ഞാന്‍ നനഞ്ഞു..!!

കയ്യോ കാലോ ആദ്യം വളരുന്നത്‌ എന്നു ആറ്റുനോക്കി വളര്‍ത്തിയവസാനം;  വൃദ്ധസദനത്തില്‍  കഴിയുന്ന അമ്മമാർക്കു വേണ്ടിയാണീ പോസ്റ്റ്‌.  കഴിഞ്ഞ ദിവസം msw  ക്ലാസ്സിന്റെ  ഫീല്‍ഡ് വര്‍ക്ക് ആവശ്യത്തിനായി പോയപ്പോള്‍ നേരിട്ട് കാണുവാൻ സാധിച്ച; മനസ്സിനെ മുറിവേൽ‌പ്പിക്കുന്ന ചില നിശ്ചലദൃശ്യങ്ങൾ എല്ലാവരോടുമായി പങ്കു വെയ്ക്കണമെന്നു തോന്നി..



പെയ്തൊഴിയാൻ വെമ്പി നിൽക്കുന്ന മഴയുടെ ആരവം പോലെ സങ്കടങ്ങളുടെ, പരാതികളുടെ ലോകം ആകും എന്നു കരുതിയ നേരം; പിടിച്ചു നിര്‍ത്തി പെയ്യുന്ന ചാറ്റൽ മഴയുടെ അനുഭവം പലപ്പോഴും നെഞ്ചില്‍  തട്ടി.  അടുക്കുംതോറും വറ്റാത്ത  ഉറവകള്‍ പലരിലും ഒഴുകാന്‍ വിങ്ങി നിൽക്കുകയാണ് എന്നറിഞ്ഞ നേരം..  നീട്ടിയ കൈകളില്‍ ഉതിര്‍ന്നുവീണ  മിഴീനീർത്തുള്ളികൾ,  ആര്‍ക്കു ഞാന്‍ സമര്‍പ്പിക്കും.  മുറിക്കു വെളിയിലായി മെല്ലെ വീശിയടിച്ച മന്ദമാരുതതൻ പോലും അവര്‍ക്കരികിലൂടെ  വീശാന്‍ മടിച്ച് അകന്നു നിന്ന പോലെ.  മനസ്സിന്റെ നിയന്ത്രണത്തെ കുരുക്കിട്ടു പൂട്ടിയ അഴികള്‍ക്കിടയിലൂടെ  പരതി    നടക്കുകയാണ് പലരും..!  ആരാണ് ശരി? എന്താണു തെറ്റ്? എന്ന ചോദ്യവുമായി..!  യൌവനകാലം മുതൽക്കേ കുടിയേറി പാർക്കേണ്ടിവന്ന ചിലർ.  അവരുടെ മുഖത്തു ഒരു തരം നിസ്നംഗത ഭാവമാണ്.  ചെന്ന് കേറിയപ്പോഴേ ഒരാള് വന്ന് കൈ തന്നു. ഒരു തമിഴത്തി. കുറേ ദിവസങ്ങളായി അവർ വെള്ളം കണ്ടിട്ട് എന്നു തോന്നി.  സൌഖ്യമാ..??  ഇതില്‍ കൂടുതല്‍ തമിഴ് എനിക്കും അറിയില്ല; അതിനാല്‍ തന്നെ അവരെ ഉപേക്ഷിച്ച് മറ്റു മുറികളുടെ നേർക്ക് നടന്നു.  സദനത്തിലെ പുറംഭാഗം മനോഹരമായ പുന്തോട്ടങ്ങള്‍ കൊണ്ട് അലങ്കരിച്ചുവെങ്കില്‍; നേർവീപരിതമാണ് അകവശങ്ങൾ.  സ്വയം വൃത്തിയാകാനും, സ്വന്തം കിടക്കവിരി മാറ്റുവാന്‍ പോലും പലര്‍ക്കും മടിയാണെന്നു തോന്നി. മടിയല്ല..;  അവർക്ക് അവരോടു തന്നെതോന്നുന്ന ഒരു തരം വെറുപ്പ്‌.  അതിങ്ങനെ പ്രകടിപ്പിച്ച്; മനസ്സിലുള്ള അടക്കാനാവാത്ത രോഷത്തിനോ,  വിരക്തിക്കോ സ്വയം സമാധാനം കണ്ടെത്തുന്നു അവർ.  അതിനു പല മുടന്തന്‍ ന്യായങ്ങളും അവരു നിരത്തുന്നുമുണ്ട്.  കുറെയൊക്കെ സത്യവുമുണ്ട് കേട്ടോ.  പലര്‍ക്കും തുണി മാറ്റാന്‍ പോലും പേടിയാണ്. അവരുടെ തുണികൾ അലക്കിയിട്ടാല്‍  മറ്റുള്ളവര്‍ കൊണ്ടുപോകുമത്രേ..!  അതിനവർ കണ്ടുപിടിച്ച എളുപ്പ മാർഗ്ഗമാണ്; ധരിച്ചിരിക്കുന്ന വസ്ത്രങ്ങൾ  മാറാതെയിരിക്കുക..!  ഇടയ്ക്കിടയ്ക്ക് കിടക്ക വെയിലത്തിട്ട് ഈർപ്പം കുറയ്ക്കാനോ; ആഴ്ചയിലൊരിക്കലെങ്കിലും ബെഡ്ഷീറ്റ്  മാറ്റുവാനോ ഒന്നും തന്നെ അവര്‍ ശ്രമിക്കുന്നേയില്ല.  വിയർപ്പിന്റെ മനം മടുപ്പിക്കുന്ന കൂറ മണം കൊണ്ട് അത്രയ്ക്ക് വൃത്തിഹീനമായിട്ടുണ്ട് ചില മുറികൾ.



വർണ്ണാഭമായവസന്തത്തില്‍  പൂമ്പാറ്റകളേപ്പോലെ പാറി നടന്നു  മറ്റുള്ളവര്‍ക്കുവേണ്ടി സ്വയം മെഴുകുതിരിയായിയെരിഞ്ഞ്  പ്രകാശം നല്‍കി; അവസാനം സ്വയം ഉരുകിയൊലിച്ചു പോയ അവസ്ഥയിൽ  ചിലർ.  സംരക്ഷിക്കാൻ കഴിയാതെയാകുമ്പോള്‍  വൃദ്ധസദനത്തിലെങ്കിലും എത്തിച്ചല്ലോ എന്ന മനോഭാവത്തോടേ മറ്റുചിലർ.   അത് പോലും ചെയ്യാതെ  വീടിനു വെളിയിൽ അടിച്ചിറക്കപ്പെട്ടനിലയിൽ ഇവിടെ എത്തിച്ചേർന്ന ചിലർ , ഇന്നിപ്പോള്‍ .അമ്മമാരെ വീടിനു  പുറത്തു ചായപ്പു കെട്ടി  പുഴുകള്‍ക്കും  ഉറുമ്പിനും ഭക്ഷണം ഒരുക്കിയ മക്കളുടെ വാര്‍ത്തകള്‍ കേള്‍ക്കുന്ന സമയം ആണല്ലോ ...

  വാർദ്ധക്യം  പ്രകൃതിനിയമം; എല്ലാവരുമൊരിക്കൽ അനുഭവിക്കപ്പെടെണ്ട സ്ഥിതിവിശേഷം എന്നിരിക്കെ എന്തുകൊണ്ട്, ഇങ്ങിനെ ചില മക്കൾ കാട്ടിക്കൂട്ടുന്നുവെന്നത് അത്ഭുതകരം തന്നെ..!   അവിടെ ചെന്നപ്പോളാദ്യം കണ്ട അമ്മമ്മ  മുപ്പത് വയസ്സില്‍ അവിടെ എത്തിയതായിരുന്നു.  അവരുടെ രോഗങ്ങള്‍ മൂലമവര്‍ ഇങ്ങോട്ട് വന്നതാണ് എന്നു പറഞ്ഞു.  അവരോടു സംസാരിച്ചിരിക്കുമ്പോളാണൊരു നിലവിളി ഉയർന്നു കേട്ടത്.   ഓടി അടുത്ത് ചെന്നപ്പോള്‍ മറ്റൊരു അമ്മമ്മ  ഇരിക്കാന്‍ പോയ കസേര വേറെ ഒരു വിരുതത്തി ഒരൊറ്റ വലി!  അവരതാ മൂക്കും തല്ലി താഴെ !  ഇവടെ ഞാന്‍ പറയാന്‍ ഉദേശിച്ചതെന്തെന്നാൽ  വയസ്സാകുന്തോറും കുട്ടികളെ പോലെയാകുകയാണ് മിക്ക പ്രായമുള്ളവരും. എപ്പോഴും പരാതികളും പരിഭവങ്ങളും മാത്രം.  എത്രപ്രാവശ്യം  ഓരൊന്ന് പറഞ്ഞ് അല്ലെങ്കിൽ ഉപദേശിച്ചു തരണമെന്ന് ക്ഷമനശിച്ച്  അവരോടു കയര്‍ത്തു പറയും മുൻപേ  ഒന്നോർക്കൂ;  കുട്ടിക്കാലങ്ങളിൽ എത്ര തവണ നമ്മുടെ അമ്മമാരോട്  ഒരേ കഥ തന്നെ തന്നേം പിന്നേം നമ്മൾ വാശിപിടിച്ച്  പറയിപ്പിച്ചിരിക്കുന്നു.  അന്നവവര്‍ നമ്മളോട്  കാണിച്ച ക്ഷമ! ;  എന്ത്യേ നമുക്കിന്ന് തിരിച്ചു നല്കാന്‍  ആവുന്നില്ല??  വിരൽത്തുമ്പു മുറുകനെ പിടിച്ചു നമ്മളെ നടത്തിയ  മാതാപിതാക്കളെ, തിരിച്ചു കൈപിടിച്ച് നടത്താന്‍ എന്ത് കൊണ്ട് നമുക്കാവുന്നില്ല?? ഇവിടെ അഭയാർത്ഥികളായി കുടിയേറിയ പലരും ടീച്ചേഴ്സായിരുന്നു.  പലരുടെയും അനുഭവങ്ങള്‍ കേട്ടറിഞ്ഞപ്പോളറിയാതെതന്നെ കണ്ണുകൾ നിറഞ്ഞ് തൂവിപ്പോയി. ഒരുകാലത്ത് അറിവ് പകര്‍ന്നു കൊടുത്ത അവരുടെ പലരുടെയും  മാനസ്സികാവസ്ഥ  മറ്റുള്ളവരെ അപേക്ഷിച്ച്  വളരെ മോശമായിരുന്നു.  അറിവിന്റെ ഗുരുനാഥയ്ക്കു തിരിച്ചറിവ് പകർന്നു കൊടുക്കേണ്ട സ്ഥിതി വിശേഷം !  ഇടക്കൊരാൾ വന്ന് മരുന്നു വാങ്ങുവാൻ പണം വേണ്മെന്നു പറഞ്ഞ് പത്തു രൂപക്കായി കൈ നീട്ടി. അവരൊരു പ്രത്യേക സ്വഭാവക്കാരിയാണെന്ന് ഒറ്റ നോട്ടത്തില്‍ തന്നെ മനസ്സിലായി. വീട്ടുപണിക്ക് പോകുന്നൊരാളിന്റെ സ്വഭാവം അവരിൽ പ്രകടമായിരുന്നു. ശരിക്കുമൊരു അഞ്ചു വയസ്സുകാരിയുടെ കള്ളത്തരം പറയുന്ന മുഖഭാവം. അവരുടെ വക എന്നോട് കുറച്ചു  ഉപദേശം..! ഗോള്‍ഡ്‌  ഇടരുത്;  പിന്നെ അവർ അബുദാബിക്കൊക്കെ പുറംപണിക്ക് പോയിടുണ്ട് എന്നൊക്കെ. പ്ലെയിനില്‍  പോകുമ്പോള്‍ വണ്ടികള്‍ ഒക്കെ വന്നു വീഴും;  ഈശ്വരന്മാരേ..എന്നൊരു വിളിയുമുണ്ടൊപ്പം !!  വാചാല/വായാടിയായ അവർ എന്നോട്  ഭര്‍ത്താവെവിടേ?  എന്നായി..   കപ്പലില്‍ എന്നു  മറുപടി കൊടുത്തപ്പോൾ;  വീണ്ടും  ഈശ്വരന് വിളി !  കപ്പലു മുങ്ങും; നാട്ടില്‍ വേഗം വന്നു കൊള്ളാൻ പറയ് എന്നായി..  സമാനസ്ഥിതിയിലുള്ള; എന്റെ കൂടെ അനുഗമിച്ച ചേച്ചിയോടും ഇതു പോലെ തന്നെ ആവർത്തിച്ചു.  ഇങ്ങിനെ  മാനസ്സികമായി  തളർത്തുന്ന ഇല്ലെങ്കിൽ തകർന്ന മനസ്സുകളിൽ നിന്നുള്ള വാക്കുകളായിരുന്നു പലരുടെയും. ചിലയിടത്ത് ചിലര്‍ വഴക്കും വാക്കാണവുമായി  നടക്കുന്നുണ്ട്.  എന്തൊരു  വാശിയാണെന്നോ. കുറ്റങ്ങൾ;  ഉള്ളതും ഇല്ലാത്തതുമൊക്കെ വിളിച്ചു കൂവുന്നവരുമുണ്ട് കൂട്ടത്തിൽ.  ഒരുപക്ഷേ അത് പോലുള്ള  ആളുകളുമുണ്ടാകാം  ഇതിനിടയിൽ; അതാകാം ഇവിടെ എത്തിപ്പെടുവാനുള്ള ചിലരുടെയെങ്കിലും കാരണവും.


ഇതിനടിയിലാണു ഞാൻ രണ്ടു സഹോദരിമാരെ കണ്ടത്. പ്രസിദ്ധമായ ഒരു സ്കൂളിലെ അദ്ധ്യാപകരായിരുന്നു അവർ. അവരുടെ അവസ്ഥയേപറ്റി ഓർമിക്കാനേ  വയ്യ !  മൂട്ടകള്‍ നിറഞ്ഞ ഒരു മുറി.  ടീച്ചേർസായിരുന്നിട്ടു പോലും..; ഉടുത്തിരുന്ന തുണി മാറി ഉപയോഗിച്ചിട്ട് രണ്ടു ദിവസമായിട്ടുണ്ടായിരുന്നു.  ആദ്യമൊന്നും യാതൊന്നും ഉരിയാടാനേ അവർ തയ്യാറായതേയില്ല.   ഒരുതരം നിസംഗത ആയിരുന്നു അവരിൽ.  നിർബന്ധിച്ച് നിർബന്ധിച്ച്  അവസാനം  അവർ വായ് തുറന്നു.  അങ്ങിനെയറിഞ്ഞ കാര്യങ്ങളാണീ പോസ്റ്റിന്റെ പ്രചോദനം !  മൂന്നു സഹോദരിമാരും അവർക്കൊരു  മൂത്ത സഹോദരനുമടങ്ങിയ കുടുംബം.  മൂത്തചേച്ചി വിവാഹിതയായി.  ഭര്‍ത്താവ്  വൈദ്യുതവകുപ്പിൽ എഞ്ചിനീയര്‍.  ഇളയ സഹോദരിമാരായ ഇവർ രണ്ടും ടീച്ചര്‍മാരും അവിവിഹാഹിതകളുമാണ്. മൂത്ത സഹോദരൻ സിനിമാക്കാരനും.  എല്ലാവരും  വെവ്വേറെയായിരുന്നു താമസം.  ട്രഷറിയിൽ നിന്നും ഇവരുടെ പെൻഷൻ പണം വാങ്ങുന്നത്  ചേച്ചിയുടെ ഭര്‍ത്താവ്.  ഇവര്‍ക്ക് സുഖമില്ല എന്നാരോപിച്ച്  ഇവർ രണ്ട്പേരെയും ഇവിടെ കൊണ്ട് വന്നാക്കിയത്രേ. അങ്ങിനെ സ്വന്തം വീടും ചിലവിനും പണമുണ്ടായിട്ടും അവര്‍ ഇവിടെയെത്തപ്പെട്ടു.  ചേച്ചിടെ ഭർത്താവിനെ ഇവര്‍ക്ക് പേടിയാണത്രേ. കണ്ടമാനം ഉപദ്രവിക്കും. അവരുടെ പേരിലുള്ള വീട്ടില്‍ താമസിക്കാന്‍ പോലുമവരെ സമ്മതിക്കാതെ ഇവിടെ കൊണ്ട് വന്നു തള്ളി.  ആരോടുമിതൊന്നും പരാതിപ്പെടാനാകാതെ  മൂട്ടകളുമായി മല്ലിടുകയാണ്; കണക്കും സംസ്കൃതവും  പഠിപ്പിച്ചിരുന്ന ഈ രണ്ട് നിസ്സഹായരായ അദ്ധ്യാപകമാർ.  വിവരവും വിദ്യാഭ്യാസവുമുണ്ടായിട്ട് ഈ അവസ്ഥ !  അപ്പോള്‍ ഇല്ലാത്തവരോ ??  പരാതി കൊടുക്കാന്‍ ഒരുപാടു പറഞ്ഞു.  പക്ഷേ അവര്‍ക്ക് എല്ലാവരോടും എല്ലാത്തിനൊടും ദ്വേഷ്യമായിക്കഴിഞ്ഞിരുന്നു മനസ്സിൽ.  ഇനി എന്തിനെന്നാണെന്നാണു തിരിച്ചുള്ള ചോദ്യവും.അവരുടെ  മാനസ്സിക നില ശരിക്കും തകരാറിലായിരുന്നു  എന്നത് അവരുടെ  പെരുമാറ്റവും  സംസാരവും  കൊണ്ട് തന്നെ  മനസ്സിലാക്കാമായിരുന്നു .  മരുന്ന് നല്‍കുന്നത് ബീപീയ്ക്കാണോ അതോ അവരുടെ  മാനസ്സികനില  തകരാറിലാക്കാനാണോ എന്നറിയണമവർക്ക്. കഴിച്ചുകൊണ്ടിരിക്കുന്ന മരുന്നിന്റെ കുറിപ്പടി കാണണമെന്നാവശ്യപ്പെട്ടു അവർ. അവരില്‍  മൂത്തസഹോദരി  മിതഭാഷിണി  ആയിരുന്നു.  അനിയത്തിയാണ് അധികവും സംസാരിച്ചത്.  ഇടയ്ക്കിടെ;  വീട്ടില്‍ നിറയെ  പണമുണ്ട് എന്നു പറഞ്ഞ് പിറുപിറുക്കുന്നുണ്ടായിരുന്നുവവർ.  നല്ലൊരു  കിടക്ക വാങ്ങിക്കൂടെ എന്നാരാഞ്ഞപ്പോൾ; വേണ്ട  ആരെങ്കിലും മോഷ്ഠിച്ച് കൊണ്ട് പോകും, എന്നായി.  ഈ പേടി കൊണ്ടാകാം ഇട്ടിരിക്കുന്ന ഡ്രെസ്സ്‌ പോലും  മാറ്റുവാനവർ ശ്രമിക്കാത്തതും. അവരു ചെയ്ത നെറികേടിനു ദൈവം ചോദിച്ചോളും എന്നിടയ്ക്കിടയ്ക്ക് പിറുപിറുത്തു കൊണ്ടിരുന്നുവവർ .  മൂട്ടകള്‍ നിറയെയുണ്ട് കുട്ടി; അതിനൊരു പരിഹാരം നിർദ്ദേശിക്കൂ എന്നായി..   മെഴുകുതിരി കത്തിച്ചു  ഉരുക്കിയൊഴിക്കുക നാലു പുറവും; എന്നു പറഞ്ഞു കൊടുത്തു.  എതായാലും എല്ലാവർക്കും  കുറച്ച് വസ്ത്രങ്ങള്‍ വാങ്ങി കൊടുക്കാം;   അങ്ങിനെയെങ്കിലും ഒന്ന് കുളിക്കുമല്ലോ എന്നു  വിചാരിച്ചു നടന്നു നീങ്ങവേ,  മൂട്ടകളുടെ ലോകത്ത് പരാതിപ്പെടാനുള്ള ആർജ്ജവം പോലും നഷ്ടപ്പെട്ടുഴറുന്ന നിസ്സഹായരായ കുറച്ച് മനുഷ്യാത്മാക്കളായിരുന്നു മനം നിറയെ.  സ്വന്തം അമ്മ, അച്ഛന്‍, അനിയത്തി ഇവരെ ഒന്നും സംരക്ഷിക്കാതെ; അവസാനം അവരെ അകറ്റി നിര്‍ത്തി നരകക്കുഴിയിലാക്കി നേടുന്ന ലാഭത്തിന്റെ ബാലന്‍സ് ഷീറ്റ്  എന്താകും..??!! കിട്ടാ കടം  എത്ര   ഇട്ടു   കൊടുത്തിട്ടും   ബാലന്‍സ് ഷീറ്റ്  ടാലി    ആയില്ല    മനസ്സിലിട്ടു എത്ര കൂട്ടിക്കിഴിച്ചു ചിന്തിച്ചു പരിശ്രമിച്ചിട്ടും ടാലി ആകുന്നുണ്ടായിരുന്നില്ല . വിരലുകള്‍ നിവര്‍ത്തിയും മടക്കിയും  ഞാന്‍ നിർവികാരയായി അകലെയ്ക്കു മിഴികൾ നട്ട് വെറുതേ നടന്നു..



ഒരുപാടു തവന്ന മക്കൾക്ക്  വേണ്ടി പറഞ്ഞ കഥ തന്നെ പറയുന്നൊരു അമ്മയാണ് ഞാനും.  കുഞ്ഞിളം കയ്യില്‍ പിടിച്ചു മെല്ലേ നടത്തുമ്പോള്‍;  നാളെ അവരന്നെ നടത്തും എന്ന ഒരു പ്രതീക്ഷയും ഒരു അമ്മയ്ക്കുമിപ്പോൾ ഉണ്ടാകില്ല എന്നാണു തോന്നുന്നത്. അല്ലെങ്കിലും മക്കളെ വളർത്തേണ്ടത്  അമിതമായി ഒന്നും പ്രതീക്ഷ വെയ്ക്കാതെ എന്നാണു പറയുക.  മക്കളുടെ കടമയാണല്ലോ മാതാപിതാക്കളെ  ശുശ്രൂഷിക്കുക എന്നത്.  സൂഷ്മമായി ശ്രദ്ധിച്ചാല്‍ മനസ്സിലാകും  ബാല്യത്തിലൊരു കൊച്ചു കുഞ്ഞു കാണിക്കുന്ന കുഞ്ഞുകുഞ്ഞു ശാഠ്യങ്ങളും പിടിവാശികളും തന്നെയാണ്  വാർദ്ധക്യത്തില്‍  പ്രായമായവരും  കാണിക്കുന്നത്. ഭക്ഷണശേഷം പൊതിച്ചോറിന്റെയില  കളയുന്ന ലാഘവത്തോടെ   മാതാപിതാക്കളെ വലിച്ചെറിയുന്ന മക്കളോട്  ഒരു വാക്ക്.. ഇന്ന് ഞാന്‍ നാളെ നീ..!!  (പഴുക്ക പ്ലാവില വീഴുന്നത് കണ്ടു പച്ച പ്ലാവില ചിരിക്കേണ്ട കേട്ടോ)

Thursday, 9 December 2010

കിളിത്തൂവലുകൾ

തട്ടിയും മുട്ടിയും ഏറെ ഞാന്‍ നോക്കിയെങ്കിലും;
    കണ്ടില്ല ഒന്നുമേ എന്നിരിക്കെ
    നിനയ്ക്കുന്നു വീണ്ടുമാ കിളിത്തൂവലുകൾ തൻ ഭംഗിയെ..

  
   പറഞ്ഞില്ല, കേട്ടില്ല എന്ന പരാതികൾ; 
  . ചാരെ വന്നു നിന്നു നീയോതിടുമ്പോള്‍
   നനഞ്ഞു ഉതിര്‍ന്നൊരു  മിഴിതന്‍  സൌന്ദര്യം
   എന്നില്‍ നിന്നും നീ ആവാഹിക്കവേ
   കാതോര്‍ത്തു  എന്‍മിടിപ്പുകള്‍ക്കായി നിന്‍ നെഞ്ചകത്തിൽ..


   ഉദിച്ചുയരും വേളയിൽ; 
   ദൃഷ്ടിയൂന്നി തിരുമിഴിയില്‍
   നിര്‍ന്നിമേഷമായി നോക്കി നിൽക്കേ
   ആളുന്ന ബിംബം തന്നിലെന്‍ പ്രതിരൂപം ദർശിക്കവേ
   പൊള്ളുന്ന ചൂടുപോലും ഒരു വേള ക്ഷണികമായി..


   ഓളിയിട്ട് എന്നിലലയടിച്ച നിശ്വാസങ്ങൾ;
   കുമിള  കൂട്ടി  പറന്നു പോയി
   തൊട്ടാല്‍ തകരുമെന്നമട്ടിൽ..
   തിരിഞ്ഞും മറഞ്ഞും നീ എന്നില്‍ നിന്നകന്നു പോകുമ്പോൾ
   വീണുടഞ്ഞ ചില്ല് ജാലകത്തിൽ കോറി വരഞ്ഞിട്ടത്
   നീഗൂഢമാമൊരു അനുഭൂതിയോ !!